LoginRegister

ആശ്വാസകരമായ ആര്‍ത്തവകാല അവധി

അമല്‍ ഹുദ

Feed Back


വിദ്യാര്‍ഥിനികള്‍ക്ക് അത്യധികം സന്തോഷം നല്‍കുന്ന രണ്ട് പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരിക്കുന്നത്. കൊച്ചി കുസാറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവകാല അവധി പ്രഖ്യാപിച്ച വാര്‍ത്തക്ക് പുറകെ, കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും 18 വയസ്സ് പൂര്‍ത്തിയായ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും പ്രസവ അവധിയും പ്രഖ്യാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും രംഗത്ത് വന്നിരിക്കുകയാണ്. വളരെ സ്വാഗതാര്‍ഹവും ആശ്വാസകരവുമായ പ്രഖ്യാപനമാണ് ഇത്. കുസാറ്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രതിനിധികള്‍ വൈസ്ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച പ്രൊപ്പോസല്‍ പരിഗണിച്ചാണ് അവധിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
ആര്‍ത്തവകാലം പൊതുവെ മാനസികവും ശാരീരികവുമായ വളരെയധികം പ്രയാസങ്ങള്‍ നിറഞ്ഞതാണ് മിക്ക ആളുകള്‍ക്കും. കടുത്ത വയര്‍വേദനയും മറ്റു അസ്വസ്ഥതകളും അനുഭവിക്കുന്നവരുണ്ട്. എഴുന്നേല്‍ക്കാനോ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ സാധിക്കാതെ പ്രയാസപ്പെടുന്നവരുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമെ, അങ്ങേയറ്റം ശുചിത്വവും സ്വാസ്ഥ്യവും ആവശ്യമുള്ള സമയം കൂടിയാണ് ആര്‍ത്തവകാലം. മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങള്‍പോലുമില്ലാതെ ഒരുപാട് കലാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാരണത്താലൊക്കെ പലര്‍ക്കും ആര്‍ത്തവകാലം ദുരിതകാലമാണ്. അതുകൊണ്ട് തന്നെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസ്സുകള്‍ നഷ്ടമാവുന്ന അവസ്ഥ കോളജുകളില്‍ സര്‍വസാധാരണമാണ്. നഷ്ടപ്പെട്ട ക്ലാസുകള്‍ പഠിച്ചെടുക്കുകയും നോട്ടുകളും അസൈന്‍മെന്റുകളും ചെയ്തുതീര്‍ക്കുകയും ചെയ്യുന്നതിനിടയിലും, മിനിമം ഹാജര്‍ നിലനിര്‍ത്താനാവാത്തതിനാല്‍ അവധി എടുക്കാനാവാത്ത അവസ്ഥയാണ് പലര്‍ക്കും. ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് തികച്ചും സ്വാഗതാര്‍ഹമാണെന്നു മാത്രമല്ല, മാനുഷികപരിഗണന കൂടുതല്‍ ആവശ്യമുള്ള ഒരു കൂട്ടം ആളുകളെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു സമൂഹമായി കേരളത്തിന് മാറാന്‍ കഴിഞ്ഞത് അഭിമാനകരമായ കാര്യം കൂടിയാണ്.
സ്ത്രീകളുടെ ആര്‍ത്തവ കാല പ്രശ്‌നങ്ങളെ കുറച്ചുകൂടെ മാനുഷികമായി പരിഗണിക്കാനുള്ള അവബോധം കൂടി സമൂഹത്തിന് ഈ അവധി പ്രഖ്യാപനത്തിലൂടെ ഉണ്ടായേക്കാമെന്നതും ഒരു ഗുണമാണ്. ആ സമയത്തെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെ മനസ്സിലാക്കാനും പരിഗണിക്കാനും മറ്റുള്ളവര്‍ക്ക് കൂടി കഴിയേണ്ടതുണ്ടല്ലോ.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു , എല്ലാ യൂണിവേഴ്‌സിറ്റികളിലേക്കും ഈ അവധി നിയമമാക്കുകയും ഒരുപടികൂടി കടന്ന് രണ്ട് മാസത്തെ മെറ്റേണിറ്റി (പ്രസവ അവധി) ലീവുകൂടി അനുവദിച്ചാണ് പ്രഖ്യാപനം നടത്തിയത്.
കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാല്‍ നേരത്തേ വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് തുടര്‍പഠനത്തിനുള്ള സാധ്യതകള്‍ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാവുന്ന സാമൂഹികസാഹചര്യമാണ് ഉള്ളത്. വിവാഹത്തിനുശേഷമുള്ള പഠനം തന്നെ പലര്‍ക്കും ഒരു സ്വപ്‌നം മാത്രമായി മാറുന്ന അവസ്ഥയില്‍, അമ്മയായതിനുശേഷമുള്ള പഠനം പലര്‍ക്കും പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരും, അല്ലെങ്കില്‍ ഹാജര്‍ കുറഞ്ഞതുകൊണ്ട് കോഴ്‌സ് തുടരാനാവാത്ത അവസ്ഥയാവും. ഇതിനൊരു പരിഹാരമാണ് 60 ദിവസത്തെ പ്രസവാവധി പ്രഖ്യാപനം. വളരെ പ്രതീക്ഷയോടും ആഹ്ലാദത്തോടും കൂടിയാണ് ഈ നിയമത്തെ പെണ്‍കുട്ടികള്‍ കാണുന്നത്.
സ്ത്രീ വിദ്യാഭ്യാസം സാമൂഹികമുന്നേറ്റത്തിന് ഏറ്റവും അഭികാമ്യമായ ഒന്നാണെന്നിരിക്കെ, അവരെയും കൂടെ തടസമില്ലാതെ ഉന്നത വിദ്യാഭ്യാസം ചെയ്യിപ്പിക്കാന്‍ അങ്ങേയറ്റം പ്രോത്സാഹനം നല്‍കുന്ന ഇത്തരം വിധികള്‍ കയ്യടിയര്‍ഹിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top