കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ ഏറെ സന്തോഷകരമാണ്. ഇതു പ്രകാരം ഇനി എല്ലാ സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവാവധി നല്‍കും. പ്രസവാവധി ഇനി മുതല്‍ 60 ദിവസം വരെ ലഭിക്കും. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയോ (ലിംഗനിഷ്പക്ഷത) ഇക്വാലിറ്റിയോ (സമത്വം) അല്ല സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ നടപ്പാക്കേണ്ടത്, മറിച്ച്, ലിംഗനീതിയാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞത് ഇതിനെപ്പറ്റിയാണ്. എല്ലാവരെയും ഒരുപോലെ കണക്കാക്കുന്ന ഇക്വാലിറ്റിയോ, സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസം ഒന്നുമില്ല എന്നു പറയുന്ന ന്യൂട്രാലിറ്റിയോ അല്ല, മറിച്ച്, ആവശ്യമുള്ളവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്ന നീതിയാണ് എപ്പോഴും ആവശ്യം.
സ്ത്രീ ആര്‍ത്തവം അനുഭവിക്കുന്നവളാണ്. ആര്‍ത്തവത്തിന്റെ ദിവസങ്ങളില്‍ അവള്‍ക്ക് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഉണ്ടാവും. ഒട്ടുമിക്ക സ്ത്രീകളും ഈ വേളയില്‍ മൂഡ് സ്വിങ്‌സ് അനുഭവിക്കുന്നു. അതുകൊണ്ട് അവര്‍ ന്യായമായും ഈ അവധി അര്‍ഹിക്കുന്നു.
‘സ്ത്രീക്കും പുരുഷനും ഒരേ സംവിധാനങ്ങള്‍ മതി. അവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല’ എന്നു പറഞ്ഞ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കാന്‍ തുനിഞ്ഞവര്‍ ഇനിയെങ്കിലും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീയും പുരുഷനും ഒന്നല്ല. ഇരുവരുടെയും മനസ്സോ ശരീരമോ സമാനമല്ല. സ്ത്രീയുടെ ഒരു ദിവസമോ ആഴ്ചയോ മാസമോ വര്‍ഷമോ ജീവിതചക്രം മുഴുവനുമോ പുരുഷന്റേതു പോലെയല്ല. അവള്‍ ഒത്തിരി ഇടങ്ങളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. അവള്‍ക്ക് അവ ലഭിക്കുന്നതിലൂടെ മാത്രമേ സ്ത്രീക്കും പുരുഷനും ഇടയില്‍ നീതി നടപ്പാവൂ.
പക്ഷേ, മിക്കപ്പോഴും ഇത്തരത്തില്‍ ന്യായമായും ലഭിക്കേണ്ട പരിഗണനകള്‍ ന്യൂട്രാലിറ്റി, ഇക്വാലിറ്റി പോലെയുള്ള പഞ്ചാരവാക്കുകളുടെ അകമ്പടിയില്‍ എടുത്ത് ഒഴിവാക്കുകയും ‘അതില്ലാതെയും നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും. അങ്ങനെ ജീവിക്കുന്നത് വിപ്ലവവും, ഇത്തരം പരിഗണനകള്‍ സ്വീകരിക്കുന്നത് കുറച്ചിലുമാണ്’ എന്ന ഒരു ചിന്ത സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ സ്ത്രീകളുടെ മനസ്സില്‍ ഇട്ടുകൊടുക്കുകയും ചെയ്യുന്നു.
അവകാശപ്പെട്ട പരിഗണനകള്‍ അവള്‍ക്ക് ലഭിക്കാന്‍ ആദ്യം വേണ്ടത് അവള്‍ക്ക് വ്യത്യാസങ്ങളുണ്ട് എന്ന് അംഗീകരിക്കലാണ്. അത് ഉള്‍ക്കൊള്ളാന്‍ സമൂഹത്തെയും സംവിധാനങ്ങളെയും പ്രാപ്തമാക്കലാണ്. സ്ത്രീയും പുരുഷനും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നു പഠിപ്പിക്കപ്പെടുന്ന തലമുറയില്‍ നിന്ന് എങ്ങനെയാണ് ഇത്തരം പരിഗണനകള്‍ പ്രതീക്ഷിക്കാനാവുക? മാത്രമല്ല, ഇത്തരം നീക്കങ്ങള്‍ അനീതിയല്ലേ എന്ന ചിന്തയും അവരില്‍ ജനിക്കും. വസ്ത്രം ഒന്ന്, ഇരിപ്പിടം ഒന്ന്, ഇടപഴകലും ഒരുപോലെ, വ്യത്യാസമില്ല എന്നു പഠിപ്പിക്കുകയും ചെയ്യുന്നു. പിന്നെ എന്തുകൊണ്ട് നിയമങ്ങള്‍ മാത്രം വ്യത്യസ്തം എന്ന പിള്ളമനസ്സിലെ ചോദ്യത്തെ എങ്ങനെയാണ് നേരിടുക?
ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന സര്‍ക്കാരിന്റെ നയവും, ആര്‍ത്തവാവധി നല്‍കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും വിരുദ്ധ ദിശയിലാണ്. അതില്‍ പ്രവര്‍ത്തനം നീതിയോട് ചേര്‍ന്നുനില്‍ക്കുന്നു. പക്ഷേ നയം ഇപ്പോഴും യാഥാര്‍ഥ്യത്തോട് കണ്ണടച്ചാണ് നിലകൊള്ളുന്നത്.
ആരാണ് സ്ത്രീ?
‘വിദ്യാര്‍ഥിനി’കള്‍ക്കാണ് ഈ ഇളവുകള്‍ ലഭിക്കുക എന്നാണ് ഉത്തരവ്. വിദ്യാര്‍ഥിനി എന്നു പറഞ്ഞാല്‍ ആ വിഭാഗത്തില്‍ ആരെല്ലാം ഉള്‍പ്പെടും?
നമ്മുടെ സംസ്ഥാനം ഇന്ന് ഔദ്യോഗികമായി പുല്‍കിക്കൊണ്ടിരിക്കുന്ന ജെന്‍ഡര്‍ തിയറി പ്രകാരം ‘സ്ത്രീ’ ആരാണ് എന്ന് വ്യാഖ്യാനിക്കല്‍ അസാധ്യമാണ്. ആരാണോ സ്ത്രീയായി സ്വയം തിരിച്ചറിയുന്നത് അവരാണ് സ്ത്രീ എന്നാണ് ഈ തിയറി പ്രകാരം ഉത്തരം. സ്ത്രീ എന്താണ് എന്ന് അറിഞ്ഞാലല്ലേ സ്ത്രീയായി സ്വയം തിരിച്ചറിയാന്‍ കഴിയൂ?
ഈ ‘സ്ത്രീ’ക്ക് ഇളവുണ്ടോ?
ആരാണോ സ്ത്രീയായി സ്വയം തിരിച്ചറിയുന്നത് അവരാണ് സ്ത്രീ എന്ന വ്യാഖ്യാനം സമ്മതിച്ചാല്‍ തന്നെ അങ്ങനെ സ്വയം സ്ത്രീയായി തിരിച്ചറിയുന്ന ഒരു പുരുഷശരീരമുള്ള വ്യക്തിയെ ഇവിടെ ആര്‍ത്തവാവധിക്ക് പരിഗണിക്കാന്‍ കഴിയുമോ? ശരീരം പുരുഷന്റേതായതുകൊണ്ട് അവര്‍ക്ക് ഏതായാലും ആര്‍ത്തവം ഉണ്ടാവില്ല. ആര്‍ത്തവം ഇല്ലാത്ത ഒരാള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്നത് അനീതിയാണല്ലോ.
ഈ ‘സ്ത്രീ’ക്ക് ഇളവില്ലെങ്കില്‍?
ഇനി ഇത്തരത്തില്‍ സ്ത്രീയായി സ്വയം തിരിച്ചറിയുന്ന പുരുഷശരീരധാരികള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്നില്ല എന്നു പറഞ്ഞ് അവരെ ഈ ഇളവില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കഴിയുമോ? അതും പറ്റില്ല. കാരണം ഈ ജെന്‍ഡര്‍ തിയറി പ്രകാരം അത് ട്രാന്‍സ് ഫോബിയയാണ്. ഒരാള്‍ സ്വയം സ്ത്രീയായി തിരിച്ചറിയുന്നുണ്ടെങ്കില്‍ അവരെ എല്ലാ മേഖലകളിലും സ്ത്രീയായി പരിഗണിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം ആ സമീപനം ട്രാന്‍സ് ജെന്‍ഡറുകള്‍ക്കെതിരാണ്. ഈ തിയറിപ്രകാരമാണ് ശരീരം കൊണ്ട് മത്സരിക്കേണ്ട കായിക ഇനങ്ങളില്‍ സ്ത്രീയായി സ്വയം പ്രഖ്യാപിച്ച പുരുഷശരീരത്തിന്റെ ഉടമകളെ സ്ത്രീകള്‍ക്കൊപ്പം മത്സരിപ്പിക്കുന്നത്. പുരുഷ വിഭാഗം നീന്തലില്‍ 462ാം സ്ഥാനം നേടിയ ശേഷം താന്‍ സ്ത്രീയാണെന്ന് പ്രഖ്യാപിച്ച് സ്ത്രീ വിഭാഗം നീന്തലില്‍ ഒന്നാം സ്ഥാനവും നേടിയ ലിയ തോമസ് അത്തരം ഉദാഹരണങ്ങളില്‍ ഒന്നു മാത്രം. അവിടെ ശരീരവ്യത്യാസം ഒരു പ്രശ്‌നമല്ലാത്തതുപോലെ മറ്റെവിടെയും ഒരു പ്രശ്‌നമാവരുത്. ശരീരവ്യത്യാസം കൊണ്ട് അവരെ മാറ്റിനിര്‍ത്തുന്നത് അവഗണനയാണ്.
അതായത് വിദ്യാര്‍ഥിനികള്‍ക്കുള്ള ഈ നിയമത്തില്‍ പ്രസ്തുത വിഭാഗത്തെ പരിഗണിക്കുന്നതും അവഗണിക്കുന്നതും പ്രശ്‌നമാണ്. ഇത്തരം അടിസ്ഥാനരഹിത തിയറികള്‍ പ്രയോഗതലത്തിലേക്ക് കൊണ്ടുവരുമ്പോഴുള്ള വൈരുധ്യങ്ങളെപ്പറ്റി മുമ്പേ പറഞ്ഞപ്പോള്‍, അവ പരിധി കടന്ന ആശങ്കകളായിട്ടാണ് വായിക്കപ്പെട്ടത്. ഇപ്പോള്‍ അവ ഓരോന്നും നേരിട്ടുകൊണ്ടിരിക്കുന്നു.
ഈ വിഷയത്തിലെ ഏക പരിഹാരം ഉത്തരവിലെ ‘വിദ്യാര്‍ഥിനി’ എന്ന പ്രയോഗം മാറ്റി ‘ആര്‍ത്തവം ഉണ്ടാവുന്ന മനുഷ്യര്‍’ എന്നാക്കുക മാത്രമാണ്. വിദ്യാര്‍ഥിനി എന്ന പ്രയോഗം ഉപയോഗിക്കാന്‍ കഴിയില്ല. ഇവിടെ മാത്രമല്ല, ഒത്തിരി ഇടങ്ങളില്‍ ഇനി മുതല്‍ ‘സ്ത്രീ’ എന്ന പദമോ അതിന്റെ മറ്റു രൂപങ്ങളോ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെ ഉപയോഗിക്കുന്നത് സങ്കീര്‍ണമായ വ്യാഖ്യാനപ്രശ്‌നങ്ങളിലേക്ക് നയിക്കും.
അതായത്, സ്ത്രീശാക്തീകരണം നടത്തി ഇപ്പോള്‍ ‘സ്ത്രീ’ എന്ന വാക്കു പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. സ്വത്വത്തെപ്പറ്റി അഭിമാനം കൊള്ളാന്‍ പറഞ്ഞ് ഇവിടെ ഇപ്പോള്‍ ആര്‍ക്കും പേരോ സ്വത്വമോ ഇല്ലാതെയായി!.