ആവശ്യമുള്ളത്
മീന്‍ മുള്ളില്ലാത്തത്: അഞ്ചു കഷ്ണം
തേങ്ങാപ്പാല്‍: കാല്‍ കപ്പ്
സവാള: രണ്ടെണ്ണം
ചെറിയുള്ളി: നാലെണ്ണം
പച്ചമുളക്: മൂന്നെണ്ണം
മുളകുപൊടി: ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി: അര സ്പൂണ്‍
മല്ലിപ്പൊടി: രണ്ടു സ്പൂണ്‍
ഇഞ്ചി: ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി: നാല് അല്ലി
പുളി: ഒരു നെല്ലിക്ക വലുപ്പത്തില്‍
കുരുമുളക് പൊടി: അര സ്പൂണ്‍
കടുക്: കാല്‍ സ്പൂണ്‍
ടൊമാറ്റോ പേസ്റ്റ്: അഞ്ചു സ്പൂണ്‍
വെളിച്ചെണ്ണ: നാല് ടേബിള്‍ സ്പൂണ്‍
കറിവേപ്പില: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
സാമാന്യം വലുപ്പത്തില്‍ മുറിച്ച മീന്‍ പകുതി നാരങ്ങയുടെ നീര്, കുരുമുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് വെക്കുക.
മീന്‍ കിഴി മസാല ശേഷം പാന്‍ അടുപ്പത്തു വെച്ച് ചൂടാകുമ്പോള്‍ നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.
എണ്ണ ചൂടായാല്‍ കടുക്, ചെറുതായി അരിഞ്ഞ കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, വളരെ പൊടിയായി അരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. പൊടിയായി അരിഞ്ഞ രണ്ട് സ്പൂണ്‍ പച്ചമുളക് ചേര്‍ത്ത് ചെറുതായി വാടുന്നതുവരെ വഴറ്റുക. അര സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു സ്പൂണ്‍ മുളകുപൊടി, രണ്ട് സ്പൂണ്‍ മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. പൊടി മൂത്ത ശേഷം ടൊമാറ്റോ പേസ്റ്റ് ചേര്‍ക്കുക. ഈ മസാല നന്നായി വഴറ്റിയ ശേഷം തേങ്ങാപ്പാലും ഉപ്പും ചേര്‍ക്കുക. ശേഷം പുളി ചേര്‍ത്ത് കുറച്ചു സമയം ഇളക്കി കറി കുറുക്കിയെടുക്കുക. അര ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.
കിഴി തയ്യാറാക്കാം
വാട്ടിയ വാഴയിലയിലേക്ക് തയ്യാറാക്കിവെച്ച മസാലയുടെ പകുതി പരത്തിവെക്കുക. നേരത്തെ എടുത്തുവെച്ച മീന്‍ കഷണങ്ങള്‍ ഇതിനു മുകളില്‍ നിരത്തിവെച്ച് ബാക്കിയുള്ള മസാല അതിന്റെ മുകളില്‍ പൊതിയുക. ശേഷം വാഴയില നാലു വശത്തുനിന്ന് മടക്കി നന്നായി പൊതിഞ്ഞ് വാഴനാരുകൊണ്ട് കിഴിയുടെ ആകൃതിയില്‍ കെട്ടുക.
ആവിയില്‍ വേവിക്കുക
ഈ കിഴി ആവിയില്‍ വേവിക്കുക. അതിനായി വായ്‌വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം വെച്ച് അതിനു മേലെ തുളകളുള്ള ഒരു കുഴിഞ്ഞ പാത്രം വെക്കുക. ഇതില്‍ കിഴികള്‍ വെക്കുക. ശേഷം പാത്രം നന്നായി മൂടി 15 മിനിറ്റ് ആവിയില്‍ വേവിക്കുക.
രുചികരമായ മീന്‍ കിഴി തയ്യാര്‍.