ഒരു കുഞ്ഞു വരച്ച ചിത്രത്തില്‍
മരവും മനുഷ്യനുമൊരു പോലെ
തലമുടി ഇലകള്‍
ഉയര്ത്തിയകര
ശിഖിരങ്ങളില്‍
വിരല്ചില്ലകള്
ചുവപ്പിച്ച നഖങ്ങള്‍ പൂക്കള്‍
കാല് വിരലുകള്‍
മണ്ണിലാഴ്ന്നിറങ്ങും വേര്
മനുഷ്യനെപ്പോലെ മരങ്ങളും
പൂക്കുന്നു, കായ്ക്കുന്നു
തണല്‍ നല്കുന്നു
ചലിക്കുമെന്നതല്ലാതെന്തു
വ്യത്യാസം
മനുഷ്യനും മരവും തമ്മില്‍!
ദേശം, ഭാഷ, മതം,
വീട്, കുടുംബം, സൗഹൃദം
ശത്രുത, സൈന്യം, ആയുധം,
കോടതി, ജയില്‍
ഇതൊന്നുമില്ലല്ലോ മരങ്ങള്‍ക്ക്
ചലിക്കില്ലെങ്കില്
മനുഷ്യനുമിതൊന്നുമില്ലെന്ന്
നിശ്ചലമാകുമ്പോള്‍
മനസിലാകും.