LoginRegister

സ്‌നേഹസാന്ത്വനം പകര്‍ന്ന് ഉമ്മുല്‍ഫദ്ല്‍

വി എസ് എം കബീര്‍

Feed Back


ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജ് തീര്‍ഥാടനത്തിനായി തിരുനബി(സ) മക്കയിലേക്ക് പുറപ്പെട്ടു. പ്രിയ വാഹനമായ ഖസ്‌വയെ നയിച്ചിരുന്നത് ഉസാമ(റ)യായിരുന്നു. മുപ്പതിനായിരത്തോളം വരുന്ന അനുയായികളടങ്ങുന്ന ആ അനുഗൃഹീത സംഘം പത്താം നാളിലാണ് മക്കയണഞ്ഞത്. കഅ്ബയെ വലംവെച്ചും മഖാമു ഇബ്രാഹീമില്‍ നമസ്‌കരിച്ചും സഫ-മര്‍വക്കിടയില്‍ ഓടിയും ഉംറ പൂര്‍ത്തിയാക്കി ദൂതര്‍ ആയിശ(റ)യുടെ കൂടാരത്തിലേക്ക് മടങ്ങി.
ദുല്‍ഹജ്ജ് എട്ടിന് മിനാ താഴ്‌വാരം ലക്ഷ്യമാക്കി തിരുനബി പുറപ്പെട്ടു. അന്ന് മിനായില്‍ തങ്ങിയ നബി പുലരുംമുമ്പ് അറഫയിലേക്ക് നീങ്ങി. ത്വാഇഫ് മലനിരകളാല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്ന വിശാലമായ അറഫ മൈതാനം അവിടന്ന് അല്‍പനേരം വീക്ഷിച്ചു. പിന്നെ ജബലുര്‍റഹ്മയിലേക്ക് കയറി. അവിടെയായിരുന്നു ദൂതര്‍ക്ക് വിശ്രമസ്ഥാനം ഒരുക്കിയിരുന്നത്.
ഇതിനിടെ മുസ്‌ലിംകള്‍ക്കിടയില്‍ ചെറിയ ഒരു സംശയം ഉടലെടുത്തിരുന്നു. തിരുദൂതര്‍ നോമ്പുകാരനാണോ അല്ലേ എന്നതായിരുന്നു വിഷയം. അറഫാ ദിനത്തിലെ നോമ്പിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ അറിവ് അന്നുണ്ടാവാനിടയില്ല. അവരുടെ ജീവിതത്തില്‍ ആദ്യമായാണല്ലോ അറഫാ സംഗമം നടക്കുന്നത്.
തര്‍ക്കം ഉമ്മുല്‍ ഫദ്‌ലി(റ)ന്റെ ചെവിയിലെത്തി. മതകാര്യങ്ങള്‍ ഭര്‍തൃസഹോദര പുത്രന്‍ കൂടിയായ തിരുദൂതരില്‍ നിന്ന് നേരില്‍ പഠിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു ഉമ്മുല്‍ ഫദ്ല്‍. ഖദീജ(റ)യുടെ നിത്യസന്ദര്‍ശകയായിരുന്നതിനാല്‍ ഇതിന് അവസരങ്ങളും കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ സംശയം നേരിട്ട് ചോദിച്ച് സന്ദേഹം തീര്‍ക്കാന്‍ പറ്റിയ സാഹചര്യമല്ലല്ലോ. തര്‍ക്കം ഉടനെ തീര്‍ക്കുകയും വേണം. അതിനായി അവര്‍ ഒരു യുക്തി പ്രയോഗിച്ചു:
നബിയുടെ ഇഷ്ടഭാജനമായിരുന്നു ഉമ്മുല്‍ ഫദ്‌ലിന്റെ മകന്‍ അബ്ദുല്ല. അബ്ദുല്ലയുടെ കൈവശം ഒരു പാത്രം പാല്‍ കൊടുത്ത്, അത് മലമുകളില്‍ വിശ്രമിക്കുന്ന തിരുനബിക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. അബ്ദുല്ല പാലുമായി പ്രിയ ദൂതരെ സമീപിച്ചു. തിരുനബി പുഞ്ചിയോടെ അബ്ദുല്ലയെ വരവേറ്റു. അവന്‍ നീട്ടിയ പാത്രം വാങ്ങി അതിലെ പാല്‍ കുടിക്കുകയും ചെയ്തു. ഈ കാഴ്ച ആകാംക്ഷയോടെ നോക്കിനില്‍ക്കുകയായിരുന്നു സഹാബിമാര്‍. ഇതോടെ അവര്‍ക്കിടയിലെ തര്‍ക്കം തീരുകയും ചെയ്തു. ഈ വിഷയത്തില്‍ ഉചിതമായി ഇടപെട്ട ഉമ്മുല്‍ ഫദ്‌ലിനെ സഹാബിമാര്‍ അഭിനന്ദിച്ചു.
ബനൂഹിലാല്‍ ഗോത്രക്കാരനായ ഹാരിസുബ്‌നു ഹസന് കൂടുതലും പെണ്‍കുട്ടികളായിരുന്നു. അവരില്‍ ഒരുവളായിരുന്നു ലുബാബ. ബുദ്ധിമതി എന്നാണ് ആ പേരിന് അര്‍ഥം. നബിയുടെ പത്‌നി മൈമൂന, ഹംസയുടെ പത്‌നി സല്‍മ, ജഅ്ഫറിന്റെ പത്‌നി അസ്മാഅ് എന്നിവരെല്ലാം ഹാരിസിന്റെ ഭാഗ്യവതികളായ മക്കളാണ്. ഖുറൈശി പ്രമുഖരായിരുന്ന വലീദുബ്‌നു മുഗീറയുടെയും ഉബയ്യുബ്‌നു ഖലഫിന്റെയും ഭാര്യമാരും ഹാരിസിന്റെ പുത്രിമാര്‍ ആയിരുന്നു.
ലുബാബയെ ചരിത്രത്തില്‍ പലയിടത്തും നാം കാണാറുണ്ട്. തിരുനബിയുടെ പിതൃവ്യന്‍ അബ്ബാസാണ് അവളെ വിവാഹം കഴിച്ചത്. അതില്‍ ഫദ്ല്‍ എന്ന പുത്രന്‍ ജനിച്ചതോടെയാണ് ഫദ്‌ലിന്റെ മാതാവ് എന്ന അര്‍ഥത്തില്‍ ലുബാബ ഉമ്മുല്‍ ഫദ്‌ലായത്.
ഇസ്‌ലാമിന്റെ തുടക്കകാലത്ത് മക്ക മുഴുവന്‍ തിരുനബിയെ എതിര്‍ത്തപ്പോള്‍ കൂടെ നിന്ന് പ്രതിരോധിക്കാന്‍ ഇവരുണ്ടായിരുന്നു. പരസ്യപ്രബോധനം തുടങ്ങും മുമ്പ് തിരുനബി ഒരു കുടുംബയോഗം വിളിച്ചിരുന്നു. അന്ന് തന്റെ ദൗത്യം വിശദീകരിച്ച ദൂതരെ പരിഹസിച്ചും പഴിച്ചും അതില്‍ നിന്ന് പലരും ഇറങ്ങിപ്പോയി. ഭര്‍ത്താവ് അബ്ബാസ് നിശ്ശബ്ദനായും പിന്തിരിഞ്ഞു. എന്നാല്‍ ഉമ്മുല്‍ ഫദ്‌ലും അബൂത്വാലിബിന്റെ ഭാര്യയും നബിയുടെ വളര്‍ത്തമ്മയുമായ ഫാത്തിമയും മാത്രമാണ് തിരുനബിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഇവര്‍ രണ്ടു പേരും വൈകാതെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് നബിപത്‌നി ഖദീജ കഴിഞ്ഞാല്‍ രണ്ടാമത്തെ സ്വതന്ത്ര മുസ്‌ലിം വനിതയായി ഹാരിസിന്റെ പുത്രി ചരിത്രത്തിലിടം നേടിയത്.
ഖദീജ തന്നെയായിരുന്നു ഉമ്മുല്‍ ഫദ്‌ലിന്റെ പ്രധാന കൂട്ടുകാരി. ഇടയ്ക്കിടെ അവര്‍ ഖദീജയെ കാണാനെത്തും. വീട്ടുജോലികളില്‍ സഹായിക്കും. ഒപ്പം നബിയെയും കാണും. മതകാര്യങ്ങള്‍ സംസാരിക്കും.
ഇസ്‌ലാമിന്റെ ആരംഭകാലത്ത് നബിയെ ഏറ്റവും കൂടുതല്‍ മാനസികമായി വേദനിപ്പിച്ചിരുന്നത് പിതൃവ്യന്‍ അബൂലഹബാണ്. ഇതിന് അയാളെ സഹായിക്കാന്‍ ഭാര്യ ഉമ്മുജമീലയുമുണ്ടായിരുന്നു. ഇസ്‌ലാം വിരുദ്ധരുടെ ഗൂഢാലോചനാ കേന്ദ്രമായിരുന്നു അവരുടെ വീട്. അവര്‍ക്ക് വെച്ചുവിളമ്പിയും ഒത്താശ ചെയ്തുമാണ് ഈ ‘വിറകുചുമട്ടുകാരി’ തന്റെ ഇസ്‌ലാം വിരോധം പ്രകടിപ്പിച്ചത്. ഈ സന്ദര്‍ഭങ്ങളിലെല്ലാം തിരുനബിയുടെ കൂടെ നിന്നത് ഉമ്മുല്‍ ഫദ്‌ലാണ്.
രാത്രിയുടെ മറവില്‍ വീടിനു മുന്നില്‍ ഉമ്മുജമീല്‍ തള്ളുന്ന മാലിന്യം ക്ഷമാപൂര്‍വം വൃത്തിയാക്കിയിരുന്ന തിരുനബിയെ അവര്‍ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. നബിക്കും വിശ്വാസികള്‍ക്കും കൂടിയിരിക്കാന്‍ പലപ്പോഴും തന്റെ വീട്ടില്‍ ഇടമൊരുക്കുകയും ചെയ്തു ഉമ്മുല്‍ ഫദ്ല്‍. ഭര്‍തൃ സഹോദരന്‍ കൂടിയായ അബൂലഹബിനെ നേരിടുന്നതിലും ഇവര്‍ മുന്നിലുണ്ടായിരുന്നു.
ഉമ്മുല്‍ ഫദ്‌ലിന്റെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന് ഭര്‍ത്താവ് അബ്ബാസിന്റെ നിലപാടായിരുന്നു. നബിയുടെ പിതൃവ്യനായിട്ടും ആരംഭകാലത്ത് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ നബിയെ എതിര്‍ക്കുകയോ ഇസ്‌ലാം കൊണ്ടുനടക്കുന്നതില്‍ നിന്ന് ഉമ്മുല്‍ ഫദ്‌ലിനെ തടയുകയോ ചെയ്തതുമില്ല. സ്വകാര്യമായി നബിയെ സഹായിക്കാനും അദ്ദേഹം തയ്യാറായി. അഖബ ഉടമ്പടികളില്‍ അദ്ദേഹമായിരുന്നല്ലോ ദൂതരെ അനുഗമിച്ചിരുന്നത്.
തിരുനബി മദീനയിലേക്ക് ഹിജ്‌റ പോയതോടെ ഉമ്മുല്‍ഫദ്ല്‍ ശരിക്കും ധര്‍മസങ്കടത്തിലായി. ഭര്‍ത്താവിനെ ഹിജ്‌റക്ക് ഏറെ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത്. ഇതിന് അവര്‍ കണ്ടെത്തിയ പോംവഴി, ഇടയ്ക്കിടെ മദീന സന്ദര്‍ശിക്കുക എന്നതായിരുന്നു. ഭയവും സാമ്പത്തിക പരാധീനതയും മൂലം ഹിജ്‌റ പോകാന്‍ സാധിക്കാത്ത മക്കയിലെ മുസ്‌ലിംകളെ സഹായിച്ചും അവര്‍ക്ക് ആശ്രയമേകിയുമാണ് ഉമ്മുല്‍ ഫദ്ല്‍ പിന്നീട് ഇസ്‌ലാമിനെ സേവിച്ചത്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഹുദൈബിയാ സന്ധിയുടെ അടുത്ത വര്‍ഷം നബിയും സഹാബിമാരും ഉംറക്കായി മക്കയിലെത്തി. ഉംറ ചെയ്ത അവര്‍ മൂന്നു ദിവസം അവിടെ തങ്ങുകയും ചെയ്തു. ഇതിനിടെ ഉമ്മുല്‍ ഫദ്‌ലിനെ കാണാന്‍ നബി അവരുടെ വീട്ടിലെത്തി. ഇവിടെ വെച്ചാണ് ഉമ്മുല്‍ ഫദ്‌ലിന്റെ സഹോദരിയായ മൈമൂനയെ നബി കാണുന്നതും വിവാഹാലോചന നടത്തുന്നതും. വിധവയായ മൈമൂന സഹോദരിയോടൊപ്പമാണ് വസിച്ചിരുന്നത്. വൈകാതെ ആ വിവാഹം നടന്നു.
മൈമൂനയെ ഉമ്മുല്‍ മുഅ്മിനീന്‍ പദവിയിലേക്ക് ഉയര്‍ത്തിയ ആ സംഭവം ഉമ്മുല്‍ ഫദ്‌ലിനെ ആഹ്‌ളാദവതിയാക്കി. നബി മൈമൂന(റ)യെയും കൂട്ടി മക്കയില്‍ നിന്ന് മടങ്ങിയതിനു പിന്നാലെ ഉമ്മുല്‍ ഫദ്‌ലും മദീനയിലേക്ക് യാത്രയായി. കൂടെ അബ്ബാസും മക്കളുമുണ്ടായിരുന്നു.
മദീനയില്‍ എത്തിയതോടെ ഉമ്മുല്‍ ഫദ്ല്‍ സഹോദരിയെ കാണാന്‍ ഇടയ്ക്കിടെ തിരുനബിയുടെ വീട്ടിലെത്തിയിരുന്നു. അവരുടെ അഭ്യര്‍ഥന പ്രകാരം മകന്‍ അബ്ദുല്ലയെ ദൂതര്‍ ശിഷ്യനായും സ്വീകരിച്ചു. പിന്നീടങ്ങോട്ട് അബ്ദുല്ല നബിയെ പിരിഞ്ഞിട്ടില്ല. മകനെ നബിയുടെ അതേ വഴിയില്‍ വളര്‍ത്തുന്നതില്‍ ആ ഉമ്മ പ്രത്യേകം ശ്രദ്ധിച്ചു.
വിടവാങ്ങല്‍ പ്രഭാഷണത്തിലൂടെ ജീവിതത്തില്‍ നിന്നുള്ള തന്റെ വിടചൊല്ലല്‍ ആസന്നമായി എന്ന സൂചന തിരുനബി നല്‍കിയിരുന്നു. ഇത് പല സഹാബിമാരെയും സങ്കടപ്പെടുത്തി. ഉമ്മുല്‍ ഫദ്‌ലിനെയാണ് ഇത് ഏറെ മ്ലാനവദനയാക്കിയത്. ഇക്കാര്യം അബ്ബാസ് നബിയെ അറിയിച്ചു. ഇതിനു പിന്നാലെ തിരുനബി വീട്ടിലെത്തി ഉമ്മുല്‍ ഫദ്‌ലിനെ ആശ്വസിപ്പിക്കുകയായിരുന്നു.
നബിയുടെ മരണശേഷം ഉമ്മുല്‍ ഫദ്ല്‍ പിന്നെയും വര്‍ഷങ്ങളോളം ജീവിച്ചു. മകള്‍ ഫാത്തിമയെയും ഭര്‍ത്താവ് അലിയെയും അവരുടെ മക്കളെയും പരിചരിച്ചുകൊണ്ടാണ് ശേഷിക്കുന്ന കാലം ഉമ്മുല്‍ ഫദ്ല്‍ ദൂതരുടെ ഓര്‍മ നിലനിര്‍ത്തിയത്. ഉസ്മാന്‍(റ) ഖലീഫയായിരിക്കുമ്പോഴായിരുന്നു മഹതിയുടെ വേര്‍പാട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top