കേള്‍ക്കുന്നയാള്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ മറ്റൊരാള്‍ സംസാരിച്ചാലുള്ള അവസ്ഥ ഓര്‍ത്തുനോക്കൂ. ആത്മാര്‍ഥമായും സത്യസന്ധമായും ഒരു കാര്യം പറയുമ്പോള്‍ അത് തിരിച്ചറിയാതിരിക്കുമ്പോഴുള്ള സങ്കടമെത്രയാണ്! ഇതേ അവസ്ഥയാണ് പലപ്പോഴും വിവാഹജീവിതത്തിലും സംഭവിക്കുന്നത്. ദാമ്പത്യ ജീവിതം മധുരമനോഹരമാക്കുന്നത് ഇണകള്‍ക്കിടയിലെ നിര്‍മല സ്നേഹമാണ്. മനുഷ്യ ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന മാസ്മരിക ശക്തിയാണ് സ്നേഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഓരോ വ്യക്തിയുടെ ഉള്ളിലും സ്നേഹമെന്ന വികാരം ഒളിഞ്ഞിരിപ്പുണ്ട്. സ്നേഹത്തിന്റെ തോതിലും അത് പ്രകടിപ്പിക്കുന്ന രീതിയിലും വ്യക്തിവ്യത്യാസങ്ങള്‍ ഉണ്ടാവാം.
സ്നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നവരുണ്ട്. ഉള്ളിലെ സ്നേഹം ഇങ്ങനെ പ്രകടിപ്പിക്കുന്നോ, അതൊക്കെ ഒരുതരം അഭിനയമല്ലേ എന്നു കരുതുന്നവരുമുണ്ട്. വൈകാരിക വശം, ബൗദ്ധിക വശം കൂടിയവരായിരിക്കും ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധ്യതയുള്ളത്. എന്നുവെച്ച് ഇവര്‍ ഒട്ടും സ്നേഹമില്ലാത്തവരാണെന്ന് ധരിക്കരുത്.
ഇണകള്‍ക്കിടയില്‍ വൈകാരികമായ അടുപ്പം രൂപപ്പെടുമ്പോഴാണ് വിവാഹജീവിതം സന്തോഷഭരിതമാവുന്നത്. സ്നേഹമില്ലായ്മയോ പരിചരണക്കുറവോ അല്ല വിവാഹജീവിതം വിരസമാവാനും ദാമ്പത്യബന്ധം അകലാനുമുള്ള പ്രധാന കാരണം. പങ്കാളിയെ ശരിയാംവണ്ണം മനസ്സിലാക്കാത്തതും സ്നേഹഭാഷ തിരിച്ചറിഞ്ഞ് പെരുമാറുന്നതിലുള്ള പരാജയവുമാണ്. ദമ്പതികള്‍ക്കിടയില്‍ നിത്യമായ സ്നേഹം നിലനില്ക്കാന് അവരുടെ സ്നേഹഭാഷ തിരിച്ചറിഞ്ഞ് പെരുമാറാന്‍ സാധിക്കണം.
അഞ്ച് പ്രണയ ഭാഷകള്‍
ദമ്പതികള്‍ക്കിടയില്‍ മുഖ്യമായും സ്നേഹം പ്രകടിപ്പിക്കുന്നതും അത് അനുഭവിക്കുന്നതും അഞ്ചു രീതിയിലൂടെയാണെന്ന് പ്രശസ്ത ഫാമിലി തെറാപ്പിസ്റ്റായ ഗൗരി ചാപ്മാന് നിരീക്ഷിക്കുന്നു. പങ്കാളിയുടെ സ്നേഹഭാഷയ്ക്ക് അനുസൃതമായി നല്കിയാല് മാത്രമേ സ്നേഹത്തിന്റെ അനുഭവതലം സജീവമാകൂ എന്നാണ് ഈ ആശയം സൂചിപ്പിക്കുന്നത്.
അംഗീകാരത്തിന്റെ വാക്കുകള്‍
സ്നേഹം പ്രകടിപ്പിക്കാനുള്ള പ്രധാന മാര്‍ഗം പ്രോത്സാഹനങ്ങളാണ്. അഭിനന്ദനവും അംഗീകാരവും അടങ്ങിയ വാക്കുകള്‍ക്കായി ഈ വിഭാഗം സദാ കാതോര്‍ക്കും. കൊച്ചുകൊച്ചു പ്രശംസ പോലും വലിയ ആനന്ദവും ഉന്മേഷവും പ്രദാനം ചെയ്യും.
സേവന പ്രവര്‍ത്തനങ്ങള്‍
പങ്കാളിയെ സന്തോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സേവനം കൊണ്ടര്‍ഥമാക്കുന്നത്. വീടും പരിസരവും വൃത്തിയാക്കല്‍, റൂമുകള്‍ ഭംഗിയാക്കല്, പാചകത്തിന് സഹായിക്കല്‍, പഠനത്തിലും ജോലിയിലും സഹായിക്കല്‍ എന്നിവയെല്ലാം സേവനങ്ങളില്‍ ഉള്‍പ്പെടും. പങ്കാളി തനിക്കായി സമയം, ആസൂത്രണം, പരിശ്രമം, ഊര്‍ജം എന്നിവ മാറ്റിവെക്കുന്നു എന്ന ചിന്ത പ്രണയഭാഷയെ ഉത്തേജിപ്പിക്കുന്നു.
സമ്മാനങ്ങള്‍
സമ്മാനങ്ങള്‍ ഏവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ക്ക് ദൃശ്യമായ ചിഹ്നങ്ങള്‍ മറ്റെന്തിനേക്കാളും പ്രധാനമാണ്. സമ്മാനത്തിന്റെ വിലയോ വലുപ്പമോ അല്ല പ്രധാനം. സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് പ്രധാന പ്രണയഭാഷയായ വ്യക്തിക്ക് ഏത് ചെറിയ സമ്മാനവും ഏറെ മൂല്യമുള്ളതാണ്.
ഗുണനിലവാരമുള്ള സമയം
മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറിനിന്ന് പങ്കാളിക്ക് പൂര്‍ണശ്രദ്ധ നല്‍കലാണ് ഗുണനിലവാരമുള്ള സമയം. പരസ്പരം നോക്കുക, ആശയവിനിമയം നടത്തുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഈ രീതിയില്‍ ഒഴിവുസമയം ചെലവഴിക്കുക ഇവയെല്ലാമാണ് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രഥമവും പ്രധാനവുമായ വഴികള്‍.
ശാരീരിക സ്പര്‍ശനം
സ്നേഹം പ്രകടിപ്പിക്കാനുള്ള അടിസ്ഥാന വഴി തന്നെയാണ് സ്പര്‍ശനം. മാതാപിതാക്കളുടെ സ്നേഹോഷ്മളമായ തൊട്ടുതലോടലുകള്‍ ലഭിച്ച് വളരുന്ന കുട്ടികള്‍ക്ക് മാനസിക-വൈകാരിക ആരോഗ്യം ശാരീരിക സമ്പര്‍ക്കങ്ങള്‍ കിട്ടാതെപോയവരേക്കാള് കൂടുതലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദമ്പതികള്‍ക്കിടയിലുള്ള പ്രണയത്തിന്റെ പ്രകാശനമാണ് സ്പര്‍ശനം. കൈകള്‍ പിടിക്കല്‍, ചുംബനം, ആശ്ലേഷം എന്നിവയെല്ലാം സ്നേഹത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിക്കും. ഒപ്പം അടുപ്പം കൂട്ടുകയും ആനന്ദം പകരുകയും ചെയ്യും. എല്ലാ ദമ്പതികളും പങ്കാളിയുടെ സ്പര്‍ശനം കൊതിക്കുന്നുണ്ട്. എന്നാല്‍ സ്പര്‍ശനം പ്രണയത്തിന്റെ പ്രഥമ ഭാഷയായവര്‍ക്ക് ഇത് ധാരാളമായി ലഭിക്കണം. അതല്ലെങ്കില്‍ അവര്‍ക്ക് വൈകാരിക സംതൃപ്തി അനുഭവപ്പെടില്ല. .
പങ്കാളിയുടെ
പ്രണയ മാപ്
വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിച്ചിട്ടും കൂടെ ജീവിക്കുന്നയാളുടെ മനസ്സറിയാന്‍ കഴിയാതെപോവുന്നതുകൊണ്ടാണ് വിവാഹജീവിതത്തതില് മുഷിപ്പ് അനുഭവപ്പെടുന്നത്. നല്ല ദാമ്പത്യത്തിന് ഏഴ് പ്രമാണങ്ങള്‍ വിശദീകരിക്കുന്ന ജോണ്‍ ഗോട്ട്മാന്റെ ഒരു പുസ്തകമുണ്ട് (ഠവല ടല്ലി ജൃശിരശുഹല െളീൃ ങമസശിഴ ങമൃൃശമഴല ണീൃസ). സന്തോഷകരമായ വിവാഹബന്ധത്തിന് ആദ്യം വേണ്ടത് പങ്കാളിയുടെ പ്രണയ മാപ് (ഘീ്ല ാമു) പരിചയപ്പെടണമെന്നാണ്.
പങ്കാളിയുടെ ജീവിത സങ്കല്പങ്ങള്, ലക്ഷ്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ആശങ്കകള്‍, സന്തോഷമേകുന്ന കാര്യങ്ങള്‍ ഇവയെല്ലാം തിരിച്ചറിയുക. എന്നിട്ട് കഴിയുംവിധം ഈ സ്നേഹമാപ് വികസിപ്പിക്കുക.
സ്നേഹം, സംതൃപ്തി, സമാധാനം എന്നിവ ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാന ചേരുവകളാണ്. ദമ്പതികള്‍ ആഗ്രഹിക്കുന്ന ഇഷ്ടവും പരിഗണനയും ലഭിക്കാതിരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. പരസ്പരം മനസ്സിലാക്കാനും ഉള്ളുതുറന്ന് കാര്യങ്ങള്‍ പങ്കുവെക്കാനും മനസ്സുണ്ടാവണം. പരസ്പരമുള്ള ആദരവും അംഗീകാരവുമാണ് ദമ്പതികള്‍ക്കിടയില്‍ അടുപ്പമുണ്ടാവാന്‍ വേണ്ട രണ്ടാമത്തെ കാര്യമെന്ന് ഗോട്ട്മന് നിര്‍ദേശിക്കുന്നു. പങ്കാളിയില്‍ നിന്ന് കിട്ടുന്ന ഓരോ അംഗീകാരവും തന്റെ വ്യക്തിത്വവും സ്ഥാനവും ആദരിക്കപ്പെടുന്നു എന്ന അര്ഥമുള്ളതാക്കുന്ന ഒരു തോന്നല്‍ വ്യക്തിയില്‍ ഉണ്ടാക്കും.
സ്ത്രീപുരുഷന്മാരുടെ പ്രത്യേകതകളും പ്രകൃതങ്ങളും തിരിച്ചറിഞ്ഞ് പൊരുമാറിയാല് തന്നെ കുടുംബജീവിതത്തിലെ പാതി പ്രശ്നങ്ങളും ഇല്ലാതാവും. വൈകാരികതക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ലോലഹൃദയരായ സ്ത്രീകള്‍. ഭാര്യയുടെ മുഖഭാവവും ശരീരഭാഷയും വായിച്ചെടുത്ത് പെരുമാറുന്നയാളാണ് നല്ലവനായ ഭര്‍ത്താവ്. അയാളോട് അടുപ്പവും അനുകമ്പയും കാത്തുസൂക്ഷിക്കാന്‍ ഭാര്യ എപ്പോഴും കൊതിക്കും. പ്രവാചകന് മുഹമ്മദ് നബി(സ) ഈ വിഷയത്തില്‍ വലിയ മാതൃകയാണ്. പ്രിയ സഖി ആയിശ(റ)യോട് തിരുനബി പറയുന്നു: ”നിന്റെ ഇണക്കവും പിണക്കവും എനിക്കറിയാം.”
”അതെങ്ങനെ?”
”നീ സന്തോഷത്തിലായിരിക്കുമ്പോള് ദൈവത്തെ പരാമര്‍ശിച്ച് മുഹമ്മദിന്റെ രക്ഷിതാവ് എന്നും എന്നോട് ദേഷ്യമുള്ള വേളയില്‍ ഇബ്റാഹീമിന്റെ രക്ഷിതാവ് എന്നുമാണ് പറയാറുള്ളത്.”
പ്രവാചക തിരുമേനിയുടെ സൂക്ഷ്മമായ ഈ നിരീക്ഷണം കേട്ടപ്പോള്‍ ആയിശാ ബീവി അതിശയത്തോടെ അതു ശരിയാണല്ലോ എന്ന് പറയുന്നത് ചരിത്രത്തില്‍ കാണാം. .