സൈക്കോളജി മേഖലയിലെ സാധ്യതകളും പഠനാവസരങ്ങളും വിശദമാക്കാമോ?
സഹ്ല കെ. ആളൂര്‍
മനുഷ്യ മനസ്സ്, മസ്തിഷ്കം, പെരുമാറ്റം, ചിന്താ പ്രക്രിയകള്‍ എന്നിവയെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വളരെ വിശാലമായ പഠനമേഖലയാണ് സൈക്കോളജി അഥവാ മനഃശാസ്ത്ര പഠനം. സംഘര്‍ഷഭരിതമായ ആധുനിക ലോകത്ത് വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ ആവശ്യകത വര്‍ധിച്ചുവരുകയാണ്. വേള്‍ഡ് ഇക്കോണമിക് ഫോറത്തിന്റെ പഠനമനുസരിച്ച് ഏറ്റവും കുറവ് യന്ത്രവല്‍ക്കരണത്തിന് സാധ്യതയുള്ളതും അനുദിനം സാധ്യതകള്‍ വര്‍ധിച്ചുവരുകയും ചെയ്യുന്ന സ്ഥിരതയുള്ള തൊഴില്‍ മേഖലയാണ് സൈക്കോളജി. ആകര്‍ഷകമായ വ്യക്തിത്വം, ക്ഷമാശീലം, ആശയവിനിമയ ശേഷി, പ്രശ്നപരിഹാര ശേഷി, അനുകമ്പ, സഹായ സന്നദ്ധത, അപഗ്രഥന പാടവം തുടങ്ങിയ ഗുണവിശേഷങ്ങളുള്ള വ്യക്തികള്‍ക്ക് മികച്ച സൈക്കോളജിസ്റ്റുകളായി മാറാന്‍ സാധിക്കും.
മാനസിക ആരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ്, വ്യവസായ സ്ഥാപനങ്ങള്‍, കുറ്റാന്വേഷണം, ജയിലുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, സായുധസേന, ലഹരിവിമുക്ത കേന്ദ്രങ്ങള്‍, മാനവ വികസന വിഭാഗം തുടങ്ങിയ മേഖലകളിലെല്ലാം സൈക്കോളജിസ്റ്റുകള്‍ക്ക് അവസരങ്ങളുണ്ട്. ക്ലിനിക്കല്‍ സൈക്കോളജി, കൗണ്‍സലിംഗ് സൈക്കോളജി, ന്യൂറോ സൈക്കോളജി, ചൈല്‍ഡ് സൈക്കോളജി, സ്പോര്‍ട്സ് സൈക്കോളജി, ഓര്ഗനൈസേഷന്/ ഇന്‍ഡസ്ട്രിയല്‍ സൈക്കോളജി, കോഗ്നിറ്റീവ് സൈക്കോളജി, ഫോറന്‍സിക് സൈക്കോളജി, ഹെല്‍ത്ത് സൈക്കോളജി, പോസിറ്റീവ് സൈക്കോളജി, സൈക്കോ ഓങ്കോളജി, ഒക്യുപേഷണല്‍ സൈക്കോളജി തുടങ്ങി നിരവധി ശാഖകള്‍ ഈ മേഖലയിലുണ്ട്. ബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലും ഇത്തരം മേഖലകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
പഠനാവസരങ്ങള്
സൈക്കോളജിയിലെ ബിരുദത്തിനു ശേഷം ഒരു ബിരുദാനന്തര ബിരുദമാണ് ഒരു സൈക്കോളജിസ്റ്റിന്റെ അടിസ്ഥാന യോഗ്യത.
ബിരുദാനന്തര പഠനത്തിന് താല്പര്യമനുസരിച്ച് വിവിധ സ്പെഷ്യലൈസേഷനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. പിജി പഠനത്തിനു ശേഷമുള്ള ഗവേഷണ പ്രോഗ്രാമുകള്‍, പിജി ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങിയവയും വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്.
ബിരുദതലത്തില്‍ സൈക്കോളജി പഠിക്കാന്‍ വിവിധ കേന്ദ്ര സര്‍വകലാശാലകള്‍, സ്റ്റേറ്റ് യൂനിവേഴ്സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകള്‍, പ്രൈവറ്റ് യൂനിവേഴ്സിറ്റികള്‍ തുടങ്ങിയവ പരിഗണിക്കാവുന്നതാണ്. ഒട്ടുമിക്ക പുതിയ സ്ഥാപനങ്ങളും ബിരുദതലത്തില്‍ ബിഎസ്സി സൈക്കോളജി നല്കുമ്പോള് പഴയ സ്ഥാപനങ്ങള്‍ ബിഎ പ്രോഗ്രാമുകളാണ് നല്‍കുന്നത്.
പഠനവിഷയത്തിലും സിലബസുകളിലും കാര്യമായ വ്യത്യാസമില്ലാത്തതുകൊണ്ട് തന്നെ ബിഎയും ബിഎസ്സിയും തുല്യമൂല്യമുള്ള കോഴ്സുകള്‍ തന്നെയാണ്.
പ്ലസ്ടു തലത്തില്‍ ഏത് സ്ട്രീമില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കും സൈക്കോളജി ബിരുദമെടുക്കാമെങ്കിലും, പ്ലസ്ടുവില്‍ സൈക്കോളജി ഒരു വിഷയമായി പഠിച്ചവര്‍ക്ക് ബിരുദ അഡ്മിഷനില്‍ പരിഗണന ലഭിക്കാറുണ്ട്.
ഡല്‍ഹി യൂണിവേഴ്സിറ്റി, അശോക യൂണിവേഴ്സിറ്റി, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, അംബേദ്കര്‍ യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ ഇസ്ലാമിയ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി തുടങ്ങിയവ സൈക്കോളജി ബിരുദം നല്കുന്ന മികച്ച സ്ഥാപനങ്ങളാണ്. CUET UG പരീക്ഷ വഴി നിരവധി മികവുറ്റ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതാണ് . കേരളത്തില്‍ വിവിധ യൂനിവേഴ്സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകളില്‍ അതത് യൂനിവേഴ്സിറ്റികള്‍ നടത്തുന്ന ഏകജാലകം വഴിയാണ് പ്രവേശനം.
ഓട്ടോണമസ് കോളജുകളിലേക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. യുസി കോളജ് ആലുവ, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് (ഓട്ടോണമസ്), പ്രജ്യോതി നികേതന്‍ കോളജ് പുതുക്കാട്, ഗവണ്മെന്റ് വിമന്‍സ് കോളജ് വഴുതക്കാട്, കെഇ മന്നാനം കോളജ്, ലിസ കോളജ് കൈതപ്പൊയില്‍, ഫാത്തിമമാതാ നാഷണല്‍ കോളജ് കൊല്ലം, സെന്റ് ജോസഫ്സ് കോളജ് ദേവഗിരി (ഓട്ടോണമസ്), WIRAS വെളിയങ്കോട് (കണ്ണൂര്‍) തുടങ്ങിയ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ ബിരുദ കോഴ്സുകള്‍ നല്‍കുന്നുണ്ട്.
സൈക്കോളജിയില്‍ ബിരുദാനന്തര പഠനത്തിന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഡല്‍ഹി യൂനിവേഴ്സിറ്റി, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, മണിപ്പാല്‍ യൂനിവേഴ്സിറ്റി, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി, ചെന്നൈ ലയോള കോളജ്, അമിറ്റി യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് കല്‍ക്കത്ത, ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് തിരുവനന്തപുരം തുടങ്ങിയവ മികച്ച സ്ഥാപനങ്ങളാണ്. ഒട്ടുമിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷകളുണ്ട്. CUET PG ആണ് നിരവധി സ്ഥാപനങ്ങള്‍ പരിഗണിക്കുന്ന പ്രവേശന പരീക്ഷ. കേരളത്തില്‍ വിവിധ യൂനിവേഴ്സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകളിലേക്കും യൂനിവേഴ്സിറ്റി ഡിപാര്ട്ട്മെന്റുകളിലേക്കും പ്രവേശന പരീക്ഷകളുണ്ട്.
ഏറ്റവും പ്രൊഫഷണല്‍ സാധ്യതയുള്ള മേഖലയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാകാന്‍ സൈക്കോളജിയില്‍ പിജിയും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (NIMHANS) ബംഗളൂരു, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി റാഞ്ചി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്റ് അപ്ലൈഡ് സയന്‍സ് (IHBAS) ഡല്‍ഹി തുടങ്ങിയവ അംഗീകാരമുള്ള മികച്ച സ്ഥാപനങ്ങളാണ്. സൈക്കോളജിയില്‍ പിജിക്ക് ശേഷം നാല് വര്‍ഷത്തെ Psy.D (ഡോക്ടര്‍ ഓഫ് സൈക്കോളജി) കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കാവുന്നതാണ്. ഇന്ത്യയില്‍ സ്വീകാര് അക്കാദമി ഓഫ് റീഹാബിലിറ്റേഷന്‍ സയന്‍സസ് സെക്കന്തരാബാദ്, അമിറ്റി യൂനിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലാണ് Psy.D കോഴ്സുള്ളത് .എം.ഫില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് Psy.D പ്രോഗ്രാമിന് ലാറ്ററല്‍ എന്‍ട്രി പ്രവേശനവും (രണ്ടാം വര്‍ഷത്തിലേക്ക്) സാധ്യമാണ്.
വിവിധ കേന്ദ്ര സര്‍വകലാശാലകള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍, സ്റ്റേറ്റ് യൂനിവേഴ്സിറ്റികള്‍, നിംഹാന്‍സ് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ സൈക്കോളജി മേഖലയില്‍ റിസര്‍ച്ചിനും അവസരങ്ങളുണ്ട്. സൈക്കോളജിയില്‍ അസി. പ്രൊഫസറാകാന്‍ Ph.D ആവശ്യമാണ്.
സൈക്കോളജി പഠിച്ചവര്‍ക്ക് കോഗ്നിറ്റീവ് സയന്‍സ്, ന്യൂറോ സയന്‍സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, മാനേജ്മെന്റ്, ഫോറന്‍സിക് സയന്‍സ്, പോപുലേഷന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, ഹ്യൂമന്‍ റൈറ്റ്സ് തുടങ്ങിയ മേഖലകളിലേക്ക് ചേക്കേറാനും അവസരമുണ്ട്.
വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് യുഎസ്, യുകെ, ഓസ്ട്രിയ, ഫ്രാന്‍സ്, ഡെന്മാര്ക്ക്, നെതര്‍ലന്റ്, ആസ്ത്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ പരിഗണിക്കാവുന്നതാണ്.
coursera, udacity, future learn, udemy, edx തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും വിവിധ കോഴ്സുകള്‍ നല്‍കുന്നുണ്ട്. ഇഗ്നോ അടക്കമുള്ള വിവിധ യൂനിവേഴ്സിറ്റികളില്‍ വിദൂര പഠനരീതിയില്‍ സൈക്കോളജിയില്‍ ഡിഗ്രി, പിജി കോഴ്സുകള്‍ പഠിക്കാനും അവസരമുണ്ട്.