LoginRegister

ജോലിക്കു പോവുന്ന സ്ത്രീകള്‍ കുട്ടികളെ എന്തു ചെയ്യണം?

സരിത മാഹിന്‍

Feed Back


വിവാഹം കഴിഞ്ഞാല്‍ വാ കെട്ടി, ഒരു കുഞ്ഞു കൂടിയായാല്‍ കാലു കെട്ടി എന്നൊക്കെ നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ച് ആ ചൊല്ല് വളരെ ശരിയാണ്. അവള്‍ അന്നേവരെ ആസ്വദിച്ചനുഭവിച്ചുവന്നൊരു ജീവിതത്തിനൊരു പൂര്‍ണവിരാമമാണ് വിവാഹവും അനുബന്ധ കുഞ്ഞുകുട്ടി പ്രാരബ്ധങ്ങളും. അവള്‍ ഒരു ജോലിക്കാരി കൂടിയാണെങ്കിലത്തെ പങ്കപ്പാട് പറയേണ്ടതില്ല. ജോലിയും മാതൃത്വവും ഒന്നിച്ചുകൊണ്ടുപോകുന്ന നിരവധി പേരുണ്ട്. എന്നാല്‍ അതൊന്നും സാധ്യമാവാത്തവിധം കുഞ്ഞുങ്ങള്‍ക്ക് ചുറ്റും വെറുമൊരു ഉപഗ്രഹം കണക്കെ ചുറ്റിത്തിരിയുന്നവരും നമുക്കിടയില്‍ ഏറെയാണ്.
വിശപ്പും ദാഹവും ക്ഷീണവും ആഗ്രഹങ്ങളും വേദനയും ദേഷ്യവും സന്തോഷവും ഉന്‍മാദവും അമര്‍ഷവും കരച്ചിലുമൊക്കെയുള്ള സ്വതന്ത്ര വ്യക്തികളാണ് അമ്മമാരെന്ന് ആരും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നു തോന്നും.
വിവാഹിതയാവുന്നതോടെ, സ്വന്തം വീടിന്റെ സുഖലോലുപതയില്‍ നിന്ന് മറ്റൊരു വീടിന്റെ ഉത്തരവാദിത്തത്തിലേക്ക് എടുത്തെറിയപ്പെടുകയാണ് പെണ്‍കുട്ടികള്‍. അന്നുവരെ ചെയ്യാത്ത ജോലികള്‍ അവളെ കാത്തിരിക്കുന്നുണ്ടാവും. നമ്മുടെ ആണ്‍കുട്ടികളെയൊന്നും വീട്ടിലെ ഒരു ഉത്തരവാദിത്തവും നാം പഠിപ്പിച്ചിട്ടുമുണ്ടാവില്ല. അങ്ങനെ സമൂഹം ചാര്‍ത്തി നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍, അത് തന്റേതെന്ന ഉത്തമബോധ്യത്തോടെ നിറവേറ്റാന്‍ തയ്യാറായിട്ടുള്ളവരാണ് ഏറെയും. കുട്ടി കൂടിയുണ്ടായാല്‍ പിന്നെ ഉത്തരവാദിത്തം ഏറുകയാണ്.
നീയൊരു അമ്മയാവട്ടെ,
അപ്പോള്‍ മനസ്സിലാവും

”നീയൊരു അമ്മയാവട്ടെ, അപ്പോള്‍ നിനക്ക് മനസ്സിലാവും”- ഞാനെന്റെ അമ്മയില്‍ നിന്ന് ഏറ്റവും അധികം കേട്ട വാചകമാണിത്. സത്യത്തില്‍ ഏതൊരു സ്ത്രീയും ജീവിതത്തില്‍ ഏറ്റവും അധികം കേട്ടിരിക്കാന്‍ സാധ്യതയുള്ള വാചകവും ഇതായിരിക്കും. പലരും ഇതു കേട്ട സന്ദര്‍ഭം വ്യത്യസ്തമാണെങ്കിലും ഒരു സ്ത്രീയെ സംബന്ധിച്ച് വളരെ അന്വര്‍ഥമായ വാചകങ്ങളാണിത്. കാരണം അമ്മയാവുന്നതോടെ മാറിമറിയുന്നതാണ് ഒരു സ്ത്രീയുടെ ജീവിതം. അതൊരു വാസ്തവവുമാണ്. കുഞ്ഞിന്റെ പൂര്‍ണ ഉത്തരവാദിത്തം ‘നൊന്തു പ്രസവിച്ച’ അമ്മയ്ക്കാണ്.

പ്രസവിക്കണം, രാവും പകലും കണ്ണിമ ചിമ്മാനാവാതെ അതിനെ പരിപാലിക്കണം, പ്രസവാനന്തര മാനസിക സമ്മര്‍ദങ്ങളെയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെയും മറികടന്ന് കുടുംബത്തെ നോക്കണം. എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാവുന്ന തന്റെ കരിയറിനെ സംരക്ഷിക്കണം. സ്ത്രീ എന്നും ഒരു മള്‍ട്ടി-ടാസ്‌കറാണ്. പങ്കാളി എത്രതന്നെ തന്നെ മനസ്സിലാക്കുന്നവനാണെങ്കിലും, ഒരു സ്ത്രീ വീട്ടിലും ഓഫീസിലും എടുക്കുന്ന അസംഖ്യം ജോലികളും മക്കളെ നോക്കുന്ന വിരുതുമൊന്നും ഒരു പുരുഷനെക്കൊണ്ട് ആവില്ലെന്നാണ് അധ്യാപികയും എഴുത്തുകാരിയുമായ ഷീന സാദിഖ് പറയുന്നത്. ഭാര്യ ചെയ്യുന്ന മള്‍ട്ടി-ടാസ്‌കിങ് പുരുഷന്‍ ചെയ്യില്ല. മാത്രമല്ല, അവര്‍ക്കത് ബോറടിക്കുകയും ചെയ്യും.
പിറ്റേന്നത്തേക്ക് സ്‌കൂളിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തണം, മക്കളെ പഠനത്തില്‍ സഹായിക്കണം, ചോറ്-കറി-പ്രാതല്‍, അത്താഴം, അടിച്ചുവാരി തുടയ്ക്കല്‍, തുണിയലക്കല്‍, ഹിമാലയം പോലെ കുന്നുകൂടിക്കിടക്കുന്ന പാത്രങ്ങള്‍ കഴുകിയെടുക്കല്‍, വിറക് മുതലുള്ള വീട്ടുസാധനങ്ങള്‍ വാങ്ങല്‍- ഇതിനിടെ എവിടെയാണ് തനിക്കുള്ള സമയമെന്ന് ചിന്തിക്കാന്‍ പോലും സമയമില്ലെന്നാണ് ഷീനയുടെ ഭാഷ്യം. ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്, ഇതെല്ലാം നിര്‍ത്തി വല്ല വാനപ്രസ്ഥവും സ്വീകരിച്ച് പുറപ്പെട്ടുപോയാലോ എന്ന്. ശരിയാണ്, സ്വന്തമായി കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുള്ള വ്യക്തിയാണ് ഷീന. ഇന്ന് എഴുതാന്‍ പോയിട്ട് ഒന്ന് ആലോചിക്കാന്‍ പോലും സമയമില്ല. അതിനിടയിലാണ് പ്രായമായ മാതാപിതാക്കളുമായുള്ള ഹോസ്പിറ്റല്‍ ഷട്ട്‌ലിങ്. തല്‍ക്കാലം ഇതൊക്കെയാണ് എന്റെ മുന്‍ഗണനകള്‍- ഷീന പറഞ്ഞുനിര്‍ത്തി.
സാമ്പത്തിക ഭദ്രത
നല്‍കുന്ന സുരക്ഷിതത്വം

ഓരോ സ്ത്രീയും ജോലിക്കു പോകുന്നത് സാമ്പത്തിക ഭദ്രത നല്‍കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും കൊതിച്ചുതന്നെയാണ്. ഒരു ജോലിയിലൂടെ ലഭിക്കുന്ന സാമൂഹിക സ്വീകാര്യത, അത് പകരം വെക്കാനാവാത്ത കാര്യമാണ്. പിന്നെ എന്തിനും ഏതിനും ഭര്‍ത്താവിന്റെയോ സ്വന്തം വീട്ടുകാരുടെയോ മുന്നില്‍ കൈനീട്ടിനില്‍ക്കാതിരിക്കാന്‍ ഒരു വരുമാനമുള്ള ജോലി എന്തുകൊണ്ടും നല്ലതാണ് എന്നാണ് അടുത്തിടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച സിന്ധു പറയുന്നത്. എന്നിരുന്നാലും ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാന്‍ പെടാപ്പാടുപെടുന്നവരാണ് താനടക്കമുള്ള സ്ത്രീകള്‍.
വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള തിക്താനുഭവങ്ങളാണ് സിന്ധുവിനെ സര്‍ക്കാര്‍ജോലിയിലെത്തിച്ചത്. അതിനായി കഠിനാധ്വാനം ചെയ്തു. ഇന്നും ആ കഠിനാധ്വാനം തുടരുകയാണ്. സിന്ധു ജോലിക്ക് പോകുന്നത് ഭര്‍ത്താവിന്റെ വീട്ടില്‍ ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. എത്ര അടുത്ത ബന്ധുക്കളാണെങ്കിലും കുഞ്ഞുങ്ങളെ നോക്കാന്‍ ഏല്‍പിക്കുമ്പോള്‍ ഒരു ബാധ്യത പോലെയാണ് പെരുമാറുന്നത്. ജോലി കഴിഞ്ഞ് തിരികെയെത്തുമ്പോഴേക്കും കുഞ്ഞുങ്ങള്‍ ചെയ്ത വികൃതിയെക്കുറിച്ച് വര്‍ണിക്കാനും അതിനെല്ലാം തന്നെ കുറ്റപ്പെടുത്താനും മാത്രമേ ഭര്‍തൃമാതാവിന് നേരമുള്ളൂ. ഇതൊരു പതിവായപ്പോഴാണ് സിന്ധുവിന്റെ പൊടിക്കുഞ്ഞുങ്ങളെ നോക്കാന്‍ ഒരാളെ നിര്‍ത്തിയത്. മക്കളെ നോക്കാന്‍ വേണ്ടി മാത്രം ഇപ്പോള്‍ കരിയര്‍ അവസാനിപ്പിച്ചാല്‍ ഈ കുഞ്ഞുങ്ങളുടെ ഭാവി തന്നെ അവതാളത്തിലാവും. വീട്ടുസഹായിയുടെ കൈയില്‍ കുഞ്ഞിനെ കൊടുത്ത് ജോലിക്കു പോകുമ്പോഴും മനസ്സ് അസ്വസ്ഥമാണ്. താന്‍ മക്കളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലല്ലോ എന്ന തോന്നല്‍ വല്ലാത്തൊരു മാനസികാഘാതമാണ്. ആ ആഘാതത്തിലൂടെ കടന്നുപോകാതെ തന്റെ ഒരു ദിവസവും അവസാനിക്കുന്നില്ലെന്നാണ് സിന്ധു വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം വേണ്ടുവോളം ലഭിച്ചിട്ടെന്താ, വീട്ടിലെ സ്ഥിരം റോളുകള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നുതന്നെയാണ് അവരുടെ അഭിപ്രായം. പെണ്‍കുട്ടികള്‍ എന്നും ത്യാഗോജ്വലയായ ഭാര്യയായി, അമ്മയായി, മരുമകളായി ഇരുന്നുകൊള്ളണം. ആ ചിന്ത മാറാതെ ഒരു പെണ്‍കുട്ടിക്കും സ്വസ്ഥമായി ജോലിക്ക് പോകാന്‍ സാധിക്കില്ല.

കരിയറും മാതൃത്വവും
ബാലന്‍സ് ചെയ്യുമ്പോള്‍

കരിയറില്‍ ഏറെ ദൂരം താണ്ടണം എന്നാശിച്ച എത്രയെത്ര പെണ്‍കുട്ടികളാണ് വിവാഹശേഷം ഇന്ന് കരിയര്‍ അവസാനിപ്പിച്ച് വീട്ടിലിരിക്കുന്നത്. അതിനര്‍ഥം വിവാഹശേഷം ജീവിതമില്ല എന്നല്ല. വിവാഹിതരും മാതാക്കളുമായ നിരവധി പെണ്‍കുട്ടികള്‍ ജോലിക്കു പോകുന്നത് ദിവസവും കാണുന്നവരാണ് നാം. എന്നാല്‍ കരിയറും ദാമ്പത്യവും മാതൃത്വവുമെല്ലാം ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ പെടാപ്പാടുപെടുന്നവരായിരിക്കും അവരെല്ലാം.
ആന്‍ലിയ എന്ന ആറുവയസ്സുകാരിയുടെ അമ്മയാണ് എറണാകുളത്ത് അവതാരകയും മോഡലുമായ രേഷ്മ. മോള്‍ക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് അപ്രായോഗികമായ ദാമ്പത്യത്തില്‍ നിന്നു കുഞ്ഞിനെയുമെടുത്ത് രേഷ്മ ഒറ്റക്കിറങ്ങിയത്. ഭര്‍ത്താവും കുടുംബവുമൊക്കെയായി ജീവിതത്തില്‍ കുറേ പേര്‍ ഉള്ളപ്പോള്‍ തന്നെ ജീവിതം പ്രയാസമായിരിക്കേ, കൂട്ടിന് ആരുമില്ലാതെ രേഷ്മ ഇത്രയും ദൂരം നടന്നെത്തി. എളുപ്പമായിരുന്നില്ല ആ യാത്ര. ജോലിക്ക് പോകുന്ന യാത്രകളിലെല്ലാം കുഞ്ഞിനെ കംഗാരുബാഗിലിട്ട് കൂടെ കൂട്ടി. അതിലൂടെ അമ്മയും കുഞ്ഞുമായി ഏറെ മാനസികമായി അടുത്തുവെന്നു പറയാം. രേഷ്മയുടെ പ്രയത്‌നങ്ങളെല്ലാം കണ്ടാണ് ആന്‍ലിയ വളര്‍ന്നത്. അതിന്റെ പക്വത തന്റെ കുഞ്ഞ് നേടിയിട്ടുണ്ടെന്നാണ് രേഷ്മ പറയുന്നത്.
അനാവശ്യ വാശികളില്ല, തന്റെ അമ്മയുടെ സാമ്പത്തിക നിലയെപ്പറ്റി നല്ല ബോധ്യം ആ കുഞ്ഞിനുണ്ട്. ഒറ്റയ്‌ക്കൊരു കുഞ്ഞിനെ നോക്കുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തികമായി മെച്ചമായിരിക്കില്ല. കുഞ്ഞുങ്ങളുടെ എല്ലാ ഇഷ്ടങ്ങളും നമുക്ക് നടത്തിക്കൊടുക്കാനുമാവില്ല. പക്ഷേ ആ കുഞ്ഞിഷ്ടത്തിന് എതിരുനില്‍ക്കേണ്ടതുമില്ല. അവരെ പതുക്കെപ്പതുക്കെ നമ്മുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കണം. ഷോപ്പിങിന് പോകുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുപോകണം. ആന്‍ലിയയാണ് ഷോപ്പിങിന്റെ പേമെന്റ് കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ തന്റെ കൈയില്‍ എത്ര പൈസയുണ്ടെന്ന് മോള്‍ക്കറിയാം. സിംഗിള്‍ പാരന്റിങ് ആവുമ്പോള്‍ പ്രത്യേകിച്ച് മക്കളെ നമ്മുടെ എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാക്കണം. നാളെ ഒരുപക്ഷേ നമുക്ക് എന്തെങ്കിലും സംഭവിച്ചാലും അവര്‍ വിഷമിക്കില്ല എന്നല്ല, അവര്‍ ഒറ്റപ്പെടില്ല എന്നു തീര്‍ച്ചയാണ്. രേഷ്മ ജീവിതത്തെ നോക്കിക്കാണുന്നത് അങ്ങനെയാണ്.
വേണിനാഥ് ഫ്രീലാന്‍സ് ജേണലിസ്റ്റാണ്. കൊറോണക്കാലത്ത് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വേണിയും കുടുംബവും താമസം മാറ്റി. പ്രത്യേക പരിഗണന വേണ്ട കുഞ്ഞാണ് വേണിയുടേത്. അതിനൊപ്പം വേണി വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. വീടു നോക്കണം, ഭക്ഷണം ഒരുക്കണം, അവളോടൊത്ത് ഇരിക്കണം, മോളെ തെറാപ്പിക്ക് കൊണ്ടുപോകണം തുടങ്ങിയ ഉത്തരവാദിത്തങ്ങളുടെ ഒരു അഴിയാക്കുരുക്കായി ജീവിതം. പങ്കാളിക്ക് വര്‍ക്ക് ഫ്രം ഹോം മാത്രം, മറ്റ് ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ല. വേണിക്കാകട്ടെ ആങ്‌സൈറ്റി ഡിസോര്‍ഡറും പാനിക് അറ്റാക്കുമൊക്കെയായി ദുരിതപൂര്‍ണമായിരുന്നു അക്കാലം. പിന്നീട് തന്നെക്കൊണ്ടാവാതെ വന്നൊരു ദിവസം അവള്‍ തന്റെ ജോലി വേണ്ടെന്നുവെച്ചു. ഇപ്പോള്‍ മകളുടെ അടുത്ത് ഇരിക്കലാണ് പ്രധാനം.
തന്നെക്കുറിച്ചുള്ള ചിന്തകള്‍
സ്വന്തമായി ഒരു സെല്‍ഫി എടുത്തിട്ട് എത്ര കാലമായി എന്നു പറയുകയാണ് കോഴിക്കോട് ആകാശവാണിയിലെ താല്‍ക്കാലിക അനൗണ്‍സറായ ബീന എം നാരായണന്‍. ജോലിക്ക് വരുമ്പോള്‍ മൂന്നു വയസ്സുള്ള മോനെ നോക്കുന്നത് ഭര്‍ത്താവിന്റെ മാതാപിതാക്കളാണ്. കുഞ്ഞിന്റെ മാത്രമല്ല, വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന ഭര്‍തൃമാതാപിതാക്കള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി ടേബിളില്‍ വെച്ചിട്ടാണ് ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ ബീന ഓഫിസില്‍ എത്തുന്നത്. ദിവസവും കുറഞ്ഞത് ഒരഞ്ചു കൂട്ടമെങ്കിലും തരാക്കി ടേബിളില്‍ വെക്കണം. അതിനിടയ്ക്ക് കുഞ്ഞിന്റെ എല്ലാ കാര്യവും ഒരുക്കിവെക്കും. തിരികെ എത്തുന്നതുവരെ അവന്റെ കാര്യങ്ങള്‍ക്കൊന്നും ഒരു തടസ്സവും പാടില്ല. ഓഫീസിലെത്തിയാല്‍ തിരിച്ചുപോരുന്നതുവരെ നിര്‍ത്താതെ ജോലിയാണ്. ചില ദിവസങ്ങളില്‍ ഭക്ഷണം പോലും സമയത്ത് കഴിക്കാനാവില്ല. കാരണം ഇന്നത്തെ ഡ്യൂട്ടിക്കായി മറ്റൊരു ദിവസം മാറ്റിവെക്കാനില്ല.
തന്നെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അങ്ങനെയാണ് പിഎസ്‌സി പരിശീലനത്തിന് ചേര്‍ന്നത്. അതും ഭര്‍ത്താവ് വീട്ടിലെത്തി, മോനെ അദ്ദേഹത്തെ ഏല്‍പിച്ചതിനു ശേഷം മാത്രമേ പോകാറുള്ളൂ. പഠനത്തിന് സമയം കണ്ടെത്താന്‍ പറ്റാറില്ല. പിന്നെ എപ്പോഴാണ് തന്റെ മീ ടൈം എന്നു ചോദിച്ചാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കോഴിക്കോട്ടെ ഓഫിസിലേക്കുള്ള യാത്രാമധ്യേയെന്ന് ബീന പറയും.
ഒറ്റക്കിരിക്കാനുള്ള സമയം
എത്ര കാലമായി ഒന്ന് ഒറ്റയ്ക്ക് എവിടെയെങ്കിലും ഒന്നു കുത്തിയിരുന്ന് എന്തെങ്കിലുമൊക്കെ വായിച്ചിട്ട്, ഇത്തിരി പാട്ട് കേട്ടിട്ട്, ഒരു മിഠായി ഒറ്റയ്ക്ക് തിന്നിട്ട്, എന്റെ ഇഷ്ടത്തിനൊത്ത് രണ്ടു നൃത്തച്ചുവട് വച്ചിട്ട്? അമ്മയായതോടെ നിരവധി തിരിച്ചറിവുകള്‍ ഉണ്ടായിട്ടുണ്ട് ഗായത്രി എന്ന വയനാട്ടുകാരി വീട്ടമ്മക്ക്. 25 വയസ്സേ ഗായത്രിക്ക് ആയിട്ടുള്ളൂ. രണ്ടു കുട്ടികളുടെ അമ്മയാണ് അവര്‍. മൂത്ത മകളെ സ്‌കൂളില്‍ വിട്ട് കോഴിക്കോട് പാളയത്ത് ടൈപ്‌റൈറ്റിങ് പഠിക്കുന്നുണ്ട് ഗായത്രി. ഒപ്പം പിഎസ്‌സി പരിശീലനവുമുണ്ട്. ഇളയ കുഞ്ഞിനെ ആ സമയമത്രയും ഒരു ബന്ധു നോക്കും. ഇങ്ങനെയൊക്കെയായ ഗായത്രിയോട് ചോദിച്ചു, എങ്ങനെയാണ് ഒരമ്മയായി ഗായത്രി തിളങ്ങുന്നതെന്ന്. ഉടനടി മറുപടി കിട്ടി: ”ഞാന്‍ എന്താണ് അനുഭവിക്കുന്നത് എന്നു പോലും ചിന്തിക്കാന്‍ എനിക്കാവുന്നില്ല. അടുപ്പത്ത് എന്തോ വേവുന്നതുപോലെയാണ് എന്റെ മനസ്സ്. ഒന്നിലും പൂര്‍ണമായി പങ്കുചേരാന്‍ പറ്റുന്നില്ല. ഒരു കുഞ്ഞിനെ നന്നായി നോക്കുമ്പോള്‍ മറ്റേ കുഞ്ഞിനെ തീരെ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഭയങ്കര സമ്മര്‍ദമുണ്ട്. ഞാനൊരു നല്ല ഭാര്യയോ അമ്മയോ അല്ലെന്നൊരു തോന്നല്‍ സദാ അലട്ടിക്കൊണ്ടിരിക്കും.”
കുഞ്ഞിനെ ഒക്കത്തെടുത്ത് ഫോണില്‍ സംസാരിക്കവേ ഗായത്രിയുടെ ശബ്ദം ഇടറി. സമപ്രായക്കാരായ അവിവാഹിതരെ കാണുമ്പോള്‍ തനിക്കും അങ്ങനെയായാല്‍ മതിയായിരുന്നു എന്നു തോന്നും. ഒരു കുടുംബം നോക്കാനുള്ള പക്വതയൊക്കെ വന്നിട്ട് വിവാഹം കഴിച്ചാല്‍ മതിയായിരുന്നു. പൊതുവേ ഒരു ഉള്‍വലിഞ്ഞ സ്വഭാവക്കാരിയാണെങ്കിലും ഡാന്‍സും പാട്ടും ചിത്രം വരയുമൊക്കെയായിരുന്നു ഗായത്രിയുടെ ലോകം. പക്ഷേ അങ്ങനെയൊരു ലോകം തനിക്കുണ്ടായിരുന്ന കാര്യം പോലും ഇന്ന് അവള്‍ ഓര്‍ക്കാറില്ല.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top