ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അവിടെ ഒരുമ്മയും ഉപ്പയും കൂടിയാണ് ജനിക്കുന്നത്. കുഞ്ഞിന്റെ ജനനം, ഒരു പൂമൊട്ട് പൂവായി വിടര്‍ന്നുവരുന്നതുപോലെ, ഒരു ചിത്രശലഭം തന്റെ പ്യൂപ്പയില്‍ നിന്ന് പുറത്തുവരുന്നതുപോലെ മനോഹരമായ ഒരു കാഴ്ചയും കാര്യവുമായി നമ്മളേവരും പരിഗണിക്കാറുണ്ട്. മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മയേകുന്ന ഒന്നായാണ് മക്കളെക്കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത്. എന്നാല്‍ കുഞ്ഞിനോടൊപ്പം ജനിക്കുന്ന മാതാപിതാക്കളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യം നമുക്ക് അല്‍പം ആശയക്കുഴപ്പമുണ്ടാക്കിയേക്കാം.
പുതുതായി ജന്‍മം കൊള്ളുന്ന ഏതൊന്നിനും ഉണ്ടാവുന്ന സന്ദേഹങ്ങള്‍ മാതാപിതാക്കള്‍ക്കും ഉണ്ടായേക്കാം. ഇസ്‌ലാമില്‍ മാതാപിതാക്കളോടുള്ള കടമകളും മക്കളോടുള്ള കടമകളും വളരെ കൃത്യമായി പഠിപ്പിക്കുന്നുണ്ട്.
”റബ്ബേ, എന്റെ ചെറുപ്പത്തില്‍ എന്നെ എന്റെ മാതാപിതാക്കള്‍ എത്ര കരുതലോടും കരുണയോടും പരിപാലിച്ചിരുന്നോ അത്രയും കരുണ നീ അവരുടെ മേല്‍ ചൊരിയേണമേ” എന്ന് ഓരോരുത്തരും മാതാപിതാക്കള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരിക്കണമെന്ന് അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്നു വെച്ചാല്‍, അത്രയും കരുണ മക്കളോട് കാണിക്കണമെന്നര്‍ഥം. മക്കള്‍ക്ക് മാതാപിതാക്കളോടുള്ള കടമകള്‍ പോലെ തിരിച്ച് മക്കളോടും ചില കടമകളുണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
എല്ലാ ജീവജാലങ്ങളിലും തങ്ങളുടെ വംശവര്‍ധനവാണ് സന്തതി ജനനം കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ സാമൂഹിക ജീവിയായ, വിവേചനബുദ്ധിയും തിരിച്ചറിവുമുള്ള ഒരു ജീവിവര്‍ഗം എന്ന നിലയ്ക്ക് കേവലം വംശവര്‍ധനവിനുള്ള ഒരുപാധിയായല്ല മനുഷ്യവര്‍ഗം മക്കളെ കാണുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്‍ തന്റെ മക്കളെ തങ്ങളേക്കാളും കഴിവുള്ളവരും മികച്ചവരുമായി കാണാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നതിന്റെ ആദ്യപാഠങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടതുണ്ട്. നമ്മുടെ മക്കള്‍ക്ക് മൂല്യവത്തായ ധാര്‍മികബോധം പകര്‍ന്നുനല്‍കേണ്ടതുണ്ട്. ഇവിടെയാണ് ഇസ്‌ലാമിന്റെ പാഠങ്ങള്‍ നമുക്ക് വെളിച്ചമേകുന്നത്. ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുമ്പോള്‍ ഭക്ഷണത്തിനു പുറമേ അവര്‍ക്ക് എന്തൊക്കെയാണ് നമ്മള്‍ നല്‍കേണ്ടത്?
അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തില്‍ ഏകദേശം മുന്നൂറോളം തവണ കുട്ടികളെ പരാമര്‍ശിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത്, നമ്മുടെ മക്കളോട് സ്‌നേഹത്തോടും കരുണയോടും പെരുമാറുക എന്നതാണ്. കുഞ്ഞുങ്ങളോട് സ്‌നേഹത്തോടെ പെരുമാറുക എന്നത് ഹൃദയമുള്ള ഏതൊരു മനുഷ്യന്റെയും സവിശേഷത തന്നെയാണ്.
മക്കളോട് എപ്പോഴും സ്‌നേഹപൂര്‍വം പെരുമാറണം. സ്‌നേഹം എങ്ങനെയാണ് പകര്‍ന്നുകൊടുക്കേണ്ടത് എന്ന് മക്കള്‍ മാതാപിതാക്കളില്‍ നിന്നാണ് പഠിക്കുന്നത്.
എന്താണ് സ്‌നേഹം പകരല്‍? മക്കളുടെ കാര്യത്തില്‍ പലരും തെറ്റിദ്ധരിച്ചതുപോലെ ചോദിക്കുന്നതൊക്കെ വാങ്ങിക്കൊടുക്കല്‍, ആവശ്യങ്ങളൊക്കെ നിവര്‍ത്തിച്ചുകൊടുക്കല്‍ ഇതൊക്കെയാണോ? ഒരിക്കലുമല്ല. എത്ര മുതിര്‍ന്നാലും മക്കളുടെ എല്ലാ കാര്യത്തിലും നിര്‍ബന്ധ ബുദ്ധിയോടെയും വിമര്‍ശനബുദ്ധിയോടെയും ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടപെടുന്നതാണോ? അതുമല്ല. പിന്നെ എന്താണ്?
നിര്‍വ്യാജമായ സ്‌നേഹം പകരലാണ് കുട്ടികളോട് ഉണ്ടാവേണ്ടത്. മക്കളെ ചേര്‍ത്തുപിടിച്ചും ചുംബിച്ചും അവരോട് സംസാരിച്ചും അവരോടൊപ്പം സമയം ചെലവഴിച്ചും അവരെ ഒരു വ്യക്തിയായി പരിഗണിച്ചുമുള്ള ഇടപെടല്‍ ആരോഗ്യകരമായ സ്‌നേഹബന്ധങ്ങളെ ഊഷ്മളമാക്കും.
അതേപോലെ പ്രധാനമാണ് ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുക എന്നത്. അല്ലാഹുവിനെ ഭയക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന, നന്‍മയും തിന്‍മയും നീതിയും അനീതിയും വേര്‍തിരിച്ചറിയാനുള്ള കഴിവ് മാതാപിതാക്കള്‍ മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്. കേവലം ഹറാം-ഹലാല്‍ ദ്വന്ദ്വത്തില്‍ നിന്നു കുറേക്കൂടി വിശാലാര്‍ഥത്തില്‍ ഇതിനെ നോക്കിക്കാണേണ്ടതുണ്ട്. മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റം ഇതില്‍ വളരെ പ്രധാനമാണ്. നമുക്ക് നന്‍മയായി തോന്നുന്നത് മറ്റുള്ളവന് ദ്രോഹമാവുന്ന സാഹചര്യം തിന്‍മയില്‍ തന്നെയാണ് പെടുത്തുക. നീ ഇഷ്ടപ്പെടുന്നത് നിന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുക എന്ന പ്രവാചക വചനം നൈതികതയെ കൂടി സൂചിപ്പിക്കുന്നുണ്ട്.
മക്കളുടെ സംരക്ഷണം മാതാപിതാക്കളുടെ ഉത്തരവാദിത്തമായാണ് ഇസ്‌ലാം അനുശാസിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായ അടിസ്ഥാന കാര്യങ്ങള്‍ മക്കള്‍ക്ക് നല്‍കാതിരിക്കല്‍ കുറ്റകരമായ കാര്യമാണ്. അത് കൃത്യമായി ഏറ്റവും മികച്ചതുതന്നെ നല്‍കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കുണ്ട്. ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടാവേണ്ടത് ഒാരോ വ്യക്തിക്കും വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ മക്കള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കേണ്ടതും അങ്ങനെയുള്ള ഭക്ഷണരീതി ശീലിപ്പിക്കേണ്ടതും മാതാപിതാക്കളുടെ കടമയാണ്. അതുപോലെത്തന്നെ, അടിസ്ഥാന വിദ്യാഭ്യാസം, തുടര്‍പഠനം മുതലായവയ്ക്കുള്ള സാമ്പത്തിക സൗകര്യങ്ങള്‍ ഒരുക്കേണ്ടതും മാതാപിതാക്കളുടെ ബാധ്യതയാണ്.
മാതാപിതാക്കളുടെ മരണാനന്തരം സ്വത്ത് മക്കള്‍ക്കിടയില്‍ എങ്ങനെ വീതം വെക്കണമെന്ന് ഖുര്‍ആനില്‍ സൂറഃ നിസാഇലെ ആയത്തുകളിലൂടെ കൃത്യമായി വിശദീകരിച്ചിട്ടുള്ളത്, മക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ വേണ്ടിയാണെന്ന് നമുക്ക് മനസ്സിലാക്കാം.
ഏറ്റവും പ്രധാനപ്പെട്ടത് ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയ്ക്കുള്ള ബഹുമാനം നല്‍കലാണ്. ഓരോ മക്കളെയും അവര്‍ മുതിര്‍ന്നതോ അല്ലാത്തതോ ആവട്ടെ, അവരവരുടേതായ അഭിപ്രായ സ്വാതന്ത്ര്യം നല്‍കി വളര്‍ത്തേണ്ടത് ഒരു ബഹുസ്വര സാമൂഹിക ജീവി എന്ന നിലയ്ക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണെന്ന കാര്യം പരിഗണിച്ചുകൊണ്ടായിരിക്കണം മാതാപിതാക്കള്‍ മക്കളോട് ഇടപഴകേണ്ടത്. മക്കള്‍ എത്ര മുതിര്‍ന്നാലും അവരുടെ എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെട്ട് അലോസരവും അതൃപ്തിയും ഉണ്ടാക്കി ജീവിക്കുന്ന മാതാപിതാക്കളെ കാണാറുണ്ട്. മക്കള്‍ എന്നത് തങ്ങള്‍ക്ക് കൈയടക്കിവെക്കാനുള്ള ഒരു വസ്തുവകയല്ല, മറിച്ച് എപ്പോഴും നമ്മുടേതായി നിലനില്‍ക്കാനിടയുള്ള ഒരു മനുഷ്യബന്ധമാണ് എന്ന ബോധ്യമില്ലാതെയാണ് പല രക്ഷിതാക്കളും പെരുമാറാറുള്ളത്.
മക്കള്‍ മുതിര്‍ന്നാലും അവരുടെ ഭക്ഷണം, ഉറക്കം, ജോലി, വിനോദങ്ങള്‍, വിവാഹം, വിവാഹപ്രായം, പങ്കാളിയെ തിരഞ്ഞെടുക്കല്‍, പിന്നീട് അവര്‍ക്കുണ്ടാവുന്ന കുട്ടികള്‍ തുടങ്ങിയവയിലൊക്കെയും അനാരോഗ്യകരമായി, യാതൊരു ഔചിത്യബോധവുമില്ലാതെ ഇടപെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഈ പ്രവണത തെറ്റാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവഭയവും വിശ്വാസവുമുള്ള, ഉയര്‍ന്ന സാമൂഹിക ബോധവും നീതിബോധവുമുള്ള വ്യക്തികളായി വളരാനുള്ള ‘പോഷക’ ഘടകങ്ങള്‍ നല്‍കി, സാമൂഹിക പുരോഗതിയില്‍ പങ്കുവഹിക്കാനുതകുന്ന രീതിയില്‍ നിസ്വാര്‍ഥ മനസ്സോടെ വളര്‍ന്നുവരുന്ന ഒരു തലമുറയെയാണ് നമുക്ക് വേണ്ടത്. നമ്മുടെ മക്കള്‍ ആ തലമുറയില്‍ ഉള്‍പ്പെടേണ്ടത് നമ്മുടെ ബാധ്യതയാണ്.