ആയിരങ്ങള്‍ നിറഞ്ഞു കവിഞ്ഞ പ്രഭാഷണവേദിയുടെ ആളൊഴിഞ്ഞ മൂലയില്‍ അഹമ്മദ് നിന്നു.
മഹാനായ പ്രവാചകന്‍ യൂനുസ് നബിയുടെ ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ വേദിയില്‍ വാക്കുകളുടെ നിലയ്ക്കാത്ത സഞ്ചാരം. നീനവയുടെ തിരസ്‌കാരത്തിനു നടുവിലൂടെ ഏല്‍പിക്കപ്പെട്ട കടമകള്‍ വിസ്മരിച്ച് നിരാശയാല്‍ നബി നടന്നു.
”എങ്ങോട്ടാണ് ഈ യാത്ര?
നബിക്ക് സര്‍വശക്തനാല്‍ നിയോഗിക്കപ്പെട്ട ഏത് ഉത്തരവാദിത്തത്തില്‍ നിന്നാണ് ദൂരേക്ക് തെന്നിമാറാന്‍ കഴിയുക?”
പ്രഭാഷണം കേട്ടിരിക്കെ പ്രതീക്ഷകള്‍ അസ്തമിച്ച ഒരു കപ്പല്‍ അഹമ്മദിനു മുന്നിലൂടെ കടന്നുപോയി. കപ്പല്‍ കാറ്റിലും കോളിലും ആടിയുലയുകയാണ്. മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധം അയാള്‍ തണുപ്പില്‍ വിറച്ചു.
എറിയപ്പെടാന്‍ സാധ്യതയുള്ള ഒരു മഹാസമുദ്രം അയാള്‍ക്കുള്ളില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അഹമ്മദ് കണ്ണുകള്‍ അടച്ചു.
ഓട് മേഞ്ഞ പഴയ വീടാണ് അയാളുടേത്. ഉമ്മറക്കോലായില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ അയാളെയും പ്രതീക്ഷിച്ചിരിക്കുന്നു. ഇളയ കുഞ്ഞ് തൊട്ടിലില്‍ കിടക്കുകയാണ്. ഭാര്യ അവളെ ഈണത്തില്‍ താരാട്ട് പാടി ഉറക്കുന്നുണ്ട്. പാട്ടിന്റെ ഈണങ്ങള്‍ അവസാനിക്കുമ്പോള്‍ മക്കള്‍ വളര്‍ന്നിരുന്നു. അഹമ്മദ് ഇപ്പോള്‍ പ്രവാസിയാണ്. ഓരോ രൂപ സമ്പാദിക്കുമ്പോഴും മക്കളെ ഓര്‍ക്കുന്ന അരപ്പട്ടിണിക്കാരന്‍ പ്രവാസി.
”പ്രവാചകരേ, അങ്ങേക്ക് നീനവയെ ഉപേക്ഷിച്ച് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയും? നാഥന്റെ അനുവാദം ലഭിച്ചില്ലെന്നിരിക്കെ ഏത് കപ്പലാണ് അങ്ങേക്ക് അഭയമാവുക?”
പ്രഭാഷകന്റെ പ്രൗഢഗംഭീരമായ ശബ്ദത്തില്‍ ലയിച്ച് വേദി ഇപ്പോള്‍ ഒരു പടുകൂറ്റന്‍ കപ്പലായി പരിണമിച്ചിരിക്കുന്നു. കപ്പലില്‍ നിറയ്ക്കപ്പെട്ട മനുഷ്യരില്‍ അഹമ്മദ് മക്കളുടെ മുഖം തിരഞ്ഞു. അവര്‍ക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങിയിരിക്കുന്നു. അഹമ്മദിന്റെ ഉള്ളില്‍ സന്തോഷമുണ്ട്, ആവലാതിയും.
”കപ്പലിന്റെ മുന്നോട്ടുള്ള പ്രയാണം ഏറെ പ്രയാസകരമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചരക്കുകള്‍ ഓരോന്നായി വലിച്ചെറിയപ്പെട്ടിട്ടും പ്രതിസന്ധിഘട്ടം നീങ്ങിയില്ല. യാത്രക്കാരില്‍ ഒരാളെ കടലിലേക്കെറിയാന്‍ നിശ്ചയിക്കപ്പെട്ടു. ആരാണത്? വിരല്‍ ചൂണ്ടപ്പെട്ടത് പ്രിയപ്പെട്ട പ്രവാചകാ, അവിടത്തെ നേര്‍ക്കാണല്ലോ…”
വേദിയിലെ ഓരോ മുഖങ്ങളിലും മൗനം നിഴലിച്ചു.
അഹമ്മദിന്റെ കണ്ണുകളില്‍ അലങ്കാരതോരണങ്ങള്‍ തിളങ്ങി. മൂത്ത മകളുടെ വിവാഹ ദിവസമാണ്. അഹമ്മദ് ഓടി നടക്കുകയാണ്. എങ്ങും സന്തോഷത്തിന്റെ മൈലാഞ്ചി മണം. മകള്‍ പടിയിറങ്ങിപ്പോകുന്നു. ചെയ്തുതീര്‍ത്ത കടമയുടെ മുന്നില്‍ അഹമ്മദ് സംതൃപ്തിയോടെ നിന്നു. പിന്നെ എവിടെ നിന്നാണ് എല്ലാ രസങ്ങളുടെയും താളം തെറ്റിയത്? പൊടുന്നനെ പിളര്‍ന്ന കടല്‍ പോലെ, ഭീമാകാരനായ മത്സ്യത്തെപ്പോലെ ജീവിതം അയാളെ നോക്കി പരിഹസിച്ചു. മത്സ്യത്തിന്റെ ഉദരത്തിലെ ഇരുട്ട് കഠിനമായി വേദനിപ്പിക്കുമ്പോഴും പ്രതീക്ഷയോടെ മാപ്പിരന്ന യൂനുസ് നബിയെ കുറിച്ചയാള്‍ ആലോചിച്ചു.
കടലില്‍ നിന്നു കരയിലേക്ക് നീന്താന്‍ അഹമ്മദ് ആഗ്രഹിച്ചു. പക്ഷേ, കഴിഞ്ഞില്ല. കുറ്റബോധത്തിന്റെ ആഴക്കടല്‍ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് അയാളെ വലിച്ചിഴച്ചു.
അഹമ്മദ് ഭാര്യയെ തല്ലുകയാണ്. അവളുടെ ചുണ്ടുകള്‍ പൊട്ടിയിരുന്നു. പെണ്‍കുട്ടികള്‍ കരയുന്നുണ്ട്. പക്ഷേ, അവരുടെ കണ്ണീര്‍ അഹമ്മദിന്റെ പൊള്ളല്‍ അടക്കാന്‍ പ്രാപ്തമാണെന്ന് തോന്നുന്നില്ല. പ്രവാസിയായ ഒരുവന് ഭാര്യ നാട്ടില്‍ കരുതിവെച്ചിരിക്കുന്ന സമ്പാദ്യം ഭീമമായ കടമാണെങ്കില്‍ എങ്ങനെയാണ് അയാളില്‍ ക്ഷമയുണ്ടാകുന്നത്? മക്കളെ ഓര്‍ത്തില്ല, അവരുടെ ജീവിതത്തെ കുറിച്ചോ പ്രായത്തെ കുറിച്ചോ ഓര്‍ത്തില്ല. ഇറങ്ങി നടന്നു. വളരെ നിസ്സാരമായൊരു ഇറങ്ങിപ്പോക്ക്. ആ ജീവിതം അങ്ങനെ അവിടെ മതിയാക്കി.
ഭാര്യ രോഗിയാണെന്ന് മകള്‍ എഴുതി അറിയിച്ചു.
”മരിക്കട്ടെ, അവള്‍ പെട്ടെന്ന് മരിക്കട്ടെ.” മുമ്പൊരിക്കല്‍ തൊടുത്തുവിട്ട ശാപവാക്കുകള്‍ മുള്ളുകള്‍ പോലെ കാലങ്ങള്‍ക്കപ്പുറത്തുനിന്ന് അയാളിലേക്ക് വന്നു തറച്ചുകൊണ്ടിരുന്നു.
ഭാര്യ മരിച്ചുവെന്ന് ആരോ വിളിച്ചറിയിച്ചു. വര്‍ഷങ്ങള്‍ കൂടെ ജീവിച്ചവളാണ്. വെച്ചും വിളമ്പിയും പരിചരിച്ചവളാണ്. മുഴുവന്‍ ആഗ്രഹങ്ങളെയും എതിരു പറയാതെ പരിഗണിച്ചവളാണ്. എന്നിട്ടും തിരിഞ്ഞുനോക്കിയില്ല. അവള്‍ക്ക് പിഴച്ചതെവിടെയെന്ന് അഹമ്മദ് ചോദിച്ചില്ല.
”യൂനുസ് പ്രവാചകാ, പരിശുദ്ധനായ സ്രഷ്ടാവിനെ അവിടന്ന് വാഴ്ത്തി. നിശ്ചയം ഞാന്‍ തെറ്റ് ചെയ്തിരിക്കുന്നു… അവിടന്ന് മാപ്പിരുന്നു…”
പ്രഭാഷണം മുറിയാതെ ഒഴുകുകയാണ്. ശാന്തമായ ഒരു പുഴയിലെന്നപോലെ ആളുകള്‍ ആ ഒഴുക്കില്‍ ലയിച്ചിരിക്കുന്നു.
അഹമ്മദോ?
രണ്ട് പെണ്മക്കളുടെ വിവാഹം നടന്നത് സമൂഹവിവാഹ പന്തലിലാണ്.
ഉമ്മ മരിക്കുകയും ഉപ്പ ഉപേക്ഷിക്കുകയും ചെയ്ത രണ്ട് പെണ്‍കുട്ടികള്‍. അനാഥരായി കൊണ്ടവര്‍ മണവാട്ടികളായി ചമഞ്ഞുനിന്നു. ആരാണ് അവരെ യത്തീമാക്കിയത്?
”നീനവയുടെ പ്രവാചകനെവിടെ, ഒരു ജനത അങ്ങയെ തിരയുന്നു. കടന്നുവരാന്‍ പോകുന്ന ഏതോ വലിയ ശിക്ഷയിലേക്കുള്ള ദൃഷ്ടാന്തങ്ങള്‍ വെളിപ്പെട്ട് തുടങ്ങിയിരിക്കുന്നു. അശൂര്‍ രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍ ഉയര്‍ന്നുവന്ന നീനവയാണ്. ആഡംബരത്തിലും സുഖസൗകര്യങ്ങളിലും മതിമറന്ന നീനവയാണ്. അവരിപ്പോള്‍ യൂനുസിനെ തേടുന്നു. ആ മടങ്ങിവരവ് സ്വപ്‌നം കാണുന്നു. യൂനുസ് നബിയേ, സര്‍വശക്തന്‍ അവര്‍ക്ക് മാപ്പ് കൊടുത്തിരിക്കുന്നു. അവിടന്ന് ക്ഷമിക്കില്ലേ?”
അഹമ്മദിന്റെ കണ്ണുകളില്‍ ജലം ചാലിട്ടു. പ്രഭാഷണം അടുത്തെങ്ങും അവസാനിക്കുമെന്ന് തോന്നുന്നില്ല. അകപ്പെട്ടുപോയ ഇരുട്ടറയില്‍ ഒരിറ്റ് വെളിച്ചം തേടി അഹമ്മദ് പുറപ്പെട്ടു. ഹൃദയം നിറയെ മക്കളുടെ മുഖമാണ്. കുറ്റബോധത്തിന്റെ മഹാസമുദ്രത്തില്‍ നിന്നു പുറത്തേക്ക് കടക്കണം. പക്ഷേ, എത്രയെത്ര നീന്തിയാലാണ് കരയ്ക്കടിയുകയെന്നത് അയാള്‍ക്ക് വ്യക്തതയില്ല.
എങ്കിലും നടന്നു.
”ചരിത്രം മൗസിലിന്റെ മണ്ണിലേക്ക് ഉറ്റുനോക്കി. നീനവയും നീനവയുടെ പ്രവാചകനും പരീക്ഷിക്കപ്പെട്ടിരിക്കുന്നു. ആ കാഴ്ചകളില്‍ ഹൃദയം ലയിച്ചവര്‍ക്ക് പടച്ചവന്‍ ചുരയ്ക്കയുടെ സസ്യം മുളപ്പിച്ചുകൊടുത്തു. അവര്‍ വിശപ്പടക്കി…”
നടത്തത്തിന്റെ വേഗം കൂടിയപ്പോള്‍ പ്രഭാഷണം മുറിഞ്ഞുതുടങ്ങി. വേദിയില്‍ നിന്നും ദൂരങ്ങള്‍ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു.
അഹമ്മദ് ഒന്ന് തിരിഞ്ഞുനിന്നു. അകന്നുപോയ വേദിയിലെ വെളിച്ചം പൊട്ടുപോലെയെന്ന് തോന്നിച്ചു. നോക്കി നില്‍ക്കെ ആ വെളിച്ചം അഹമ്മദിന്റെ ഭൂമിയും ആകാശവും നിറച്ചു. ചിതറിക്കിടന്ന വെളിച്ചത്തിന്റെ നൂലിഴകളിലൂടെ പെണ്മക്കള്‍ അഹമ്മദിന് നേരെ കൈകള്‍ നീട്ടി. പാപഭാരവും ദുഃഖവും നിറഞ്ഞ മനസ്സോടെ അയാള്‍ ആ വെളിച്ചം ലക്ഷ്യമാക്കി നടന്നു.