LoginRegister

ദ ഗ്രേറ്റ് കൈജാസ് കിച്ചന്‍

നാണിപ്പ അരിപ്ര

Feed Back


അടുക്കളയില്‍ ഉമ്മ വെറുതെ
ഇളക്കിക്കൊണ്ടിരിക്കുമ്പോഴൊക്കെയും
വിശപ്പിന്റെ സംഗീതം മൂന്നു വയറുകളെ
ചുറ്റി വരിഞ്ഞിട്ടുണ്ടാകും.

അരിയിട്ട് തിളപ്പിക്കുന്ന മണ്‍കലത്തില്‍
മത്സരിച്ചെണ്ണിയാലും
അന്‍പതു വറ്റു തികച്ചുണ്ണാറില്ല.

അയലത്തെ അടുക്കളയില്‍
ബിരിയാണിച്ചെമ്പു തിളക്കുമ്പോഴും
അപ്പുറത്തെ അടുക്കളയില്‍
സാമ്പാറിന്റെ മണം പൊങ്ങുമ്പോഴും
ഉമ്മയുടെ വിയര്‍പ്പിന്റെ മണം
ഞങ്ങള്‍ മാത്രം അനുഭവിച്ചു.

കൈജാന്റെ കൈപ്പുണ്യം
അടുക്കളയില്‍ പാട്ടായപ്പോഴെല്ലാം
കൈ തുടക്കാതുമ്മ
വയര്‍ നിറയാതെ
വാരിത്തന്നു.

അടുക്കളത്തിണ്ണയില്‍ ഇരുന്നാണുമ്മ
അധികസമയത്തും
കരയാറുള്ളത്
ചോദിക്കുമ്പോഴൊക്കെ
കണ്ണില്‍ കരട് വീണിട്ടാണെന്നു
കള്ളം പറയും.

അടുക്കളയില്‍ ഇരുന്നാണുമ്മ
അടുപ്പില്‍ ഊതാറ്
കലങ്ങിക്കരഞ്ഞ കണ്ണിനും
കണ്ണീരിനും
ചുവപ്പിന്റെ നിറമായിരിക്കും.

ഇന്നുമെന്റുമ്മ അടുക്കളയില്‍ തന്നെയാണ്
ആദ്യം നിറയുന്നത് ഇന്നും
ഞങ്ങളുടെ വയറുകള്‍ തന്നെയാണ്
അടുക്കളയിലെ വെളിച്ചം അവസാനം
അണക്കുന്നതും
ഉമ്മ തന്നെയാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top