LoginRegister

നല്ലത് വിവാഹമോ ലിവിങ് ടുഗെതറോ?

സി പി അബ്ദുസ്സമദ്‌

Feed Back


കുടുംബമെന്ന അടിസ്ഥാന ഘടകത്തിനു മുകളിലാണ് ഈ സമൂഹം കെട്ടിപ്പടുത്തിട്ടുള്ളത്. ഓരോരുത്തര്‍ക്കു മേലും കടമകളും കടപ്പാടുകളും ബാധ്യതകളും മാറിമാറി വരുന്ന കുടുംബമെന്ന സംവിധാനത്തെ ഒഴിച്ചുനിര്‍ത്തി മനുഷ്യ സമൂഹത്തിന് അതിജീവനം സാധ്യമാണോ എന്നു ചോദിച്ചാല്‍ ഏറക്കുറേ ‘അല്ല’ എന്നാണ് ഉത്തരം. വിശിഷ്യാ ഇണകള്‍ തമ്മില്‍ യാതൊരു കരാറുമില്ലാത്ത, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോവാന്‍ പറ്റുന്ന ലിവിങ് ടുഗെതര്‍ ബന്ധങ്ങളിലൂടെ ഒരിക്കലും സമൂഹം പ്രായോഗികമായി അതിജീവിക്കില്ല. സമൂഹത്തിന്റെ ഓരോ ഘടകവും കുടുംബ സംവിധാനത്തെ ആശ്രയിച്ചാണ് നിലനിന്നുപോരുന്നത്. പൊതുവില്‍ മനുഷ്യരെ കുട്ടികള്‍, കൗമാരക്കാര്‍, യുവാക്കള്‍, വൃദ്ധര്‍ എന്നിങ്ങനെ നാലായി തരം തിരിക്കാം. ഇതില്‍ ഓരോ വിഭാഗത്തിന്റെയും ജീവിതം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ആ ആശ്രിതത്വം നമുക്ക് വ്യക്തമാവും:
ചെറിയ കുട്ടികളാണ് ആദ്യത്തെ വിഭാഗം. അവര്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് സംരക്ഷണമാണ്. അത് ഏറ്റവും മികച്ചതാവുന്നത് ‘എന്റെ കുട്ടി’ എന്ന ചിന്തയുള്ള മാതാവും പിതാവും ആ സംരക്ഷണം നല്‍കുമ്പോഴാണ്. അല്ലെങ്കില്‍ ആ മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മറ്റൊരാള്‍ ആ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍. മറ്റൊരു വഴിയുമില്ലാതെ മാതാപിതാക്കള്‍ അല്ലാത്ത ബന്ധുക്കളുടെ കൂടെയും അനാഥാലയത്തിലും മറ്റും ജീവിതം കഴിച്ചുകൂട്ടേണ്ടി വരുന്ന കുട്ടികളില്‍ വലിയൊരു വിഭാഗത്തിന്റെ ദയനീയാവസ്ഥകള്‍ നാം വായിച്ചും കേട്ടും മനസ്സിലാക്കിയതാണ്. അത്തരം സംവിധാനങ്ങള്‍ വേണ്ട എന്നല്ല, മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികളുടെ ജീവിതം അവയില്‍ കേന്ദ്രീകൃതമാണ്. അത്തരത്തില്‍ നന്നായി ജീവിതം കൊണ്ടുപോവുന്ന കുട്ടികളുമുണ്ട്. എന്നാല്‍ അത് മാതാപിതാക്കള്‍ ഒരുക്കുന്ന ജീവിത സാഹചര്യത്തിനു പകരമാവില്ല. കുട്ടികള്‍ എല്ലാ നിലയ്ക്കും ഏറ്റവും സുരക്ഷിതര്‍ ആ കൈകളിലാണ്. അവര്‍ മാതാപിതാക്കളുടെ കൂടെ വളരലാണ് പ്രകൃതിയുടെ ഘടനയും. ഇതിനു കുടുംബ സംവിധാനം അനിവാര്യമാണ്. കാരണം, കുടുംബമാണ് തങ്ങളുടെ വിലാസവും അടിസ്ഥാനവുമെന്നും, ഈ കുട്ടി ഞങ്ങള്‍ രണ്ടു പേരുടെയും സ്വത്താണെന്നും, ഈ കുട്ടിയുടെ നല്ല ഭാവി ഈ കുടുംബത്തെ അഭിവൃദ്ധിപ്പെടുത്തുമെന്നും വിശ്വസിക്കുന്ന മാതാപിതാക്കള്‍ കുടുംബ സംവിധാനത്തിലേ ഉണ്ടാവൂ. വിവാഹമെന്ന കരാറില്ലാതെ, എപ്പോഴും തങ്ങള്‍ പിരിഞ്ഞേക്കാമെന്ന മനസ്സോടെ ജീവിക്കുന്ന ഇണകള്‍ പിറവി നല്‍കുന്ന കുട്ടികള്‍ക്ക് ഈ സൗകര്യം ലഭിച്ചുകൊള്ളണമെന്നില്ല. വ്യക്തിജീവിതത്തിന്റെ ഉന്നതിക്കും പുതിയ ബന്ധങ്ങള്‍ തേടാനും കുട്ടികളെ ഒരു ബാധ്യതയായി കാണുന്ന പ്രവണതയും ഇത്തരം ബന്ധങ്ങളില്‍ കൂടുതലാണ്. ഇതു കാരണം കുട്ടികള്‍ ഒരു രക്ഷിതാവിന്റെ കൂടെ മാത്രം കഴിയേണ്ട അവസ്ഥയും ഉണ്ടാവുന്നു. പല കുട്ടികള്‍ക്കും തങ്ങളുടെ പിതാവ് ആരാണ് എന്നറിയാനുള്ള മൗലികാവകാശം പോലും ഇത്തരം മാതാപിതാക്കളുടെ മാറിമാറി വരുന്ന ബന്ധങ്ങള്‍ കാരണം ഹനിക്കപ്പെടുന്നു.
രണ്ടാമത്തെ സാമൂഹിക വിഭാഗമായ കൗമാരക്കാരിലേക്കു വന്നാല്‍, ആ പ്രായക്കാര്‍ക്ക് മറ്റെന്തിനെക്കാളും ആവശ്യമുള്ളത് ശരിയായ മാര്‍ഗദര്‍ശനമാണ്. കാരണം പല നിലയ്ക്കുള്ള പ്രലോഭനങ്ങളിലും വീഴാന്‍ സാധ്യതയുള്ള പ്രായമാണത്. മാത്രമല്ല, ജീവിതത്തിന്റെ വഴിത്തിരിവ് എന്നെല്ലാം പറയാന്‍ പറ്റുന്ന, ഭാവിയെ സംബന്ധിച്ച പല തീരുമാനങ്ങളും എടുക്കുന്ന പ്രായവും ഇതാണ്. ഇവന്‍/ഇവള്‍ സമൂഹത്തിന് ഉപകാരമുള്ളയാളായി വളരണമെന്നും നല്ല പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് നന്മയുള്ളവരായി മാറണമെന്നും മറ്റാരേക്കാളും ആഗ്രഹിക്കുന്നത് ‘ഇത് ഞങ്ങളുടെ മക്കളാണ്’ എന്ന ബോധ്യമുള്ള മാതാപിതാക്കളാണ്. ഒരു രക്ഷിതാവിന്റെ മാത്രം രക്ഷാകര്‍തൃത്വത്തിലോ പൂര്‍ണമായി മാതാപിതാക്കളുടെ അഭാവത്തിലോ വളര്‍ന്ന കുട്ടികള്‍ കൂടുതല്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും അക്രമോല്‍സുകത പ്രകടിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ജന്മം നല്‍കിയ രണ്ടു പേര്‍ സംരക്ഷണം നല്‍കുന്നതില്‍ ഈ രക്ഷാകര്‍തൃത്വം അവസാനിക്കുന്നില്ല. അവര്‍ക്ക്, മക്കള്‍ ഞങ്ങളുടെ സമ്പത്താണ് എന്ന ബോധവും ഉണ്ടായിരിക്കണം. സമൂഹവും വ്യക്തികളും അവ്വിധമായിരിക്കണം ക്രമീകരിക്കപ്പെടേണ്ടത്.

എന്തുകൊണ്ട് സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക് വിവാഹബന്ധങ്ങള്‍ അനിവാര്യമാണ് എന്നു പറഞ്ഞുവെക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അമേരിക്കന്‍ വാല്യൂസും’ യൂനിവേഴ്‌സിറ്റി ഓഫ് വിര്‍ജിനിയയിലെ ‘നാഷണല്‍ മാരേജ് പ്രൊജക്റ്റ്’ വിഭാഗവും ചേര്‍ന്ന് പുറത്തിറക്കിയ ഒരു പഠനമാണ് Why Marriage Mttaser Thitry Conclusions from the Social Sciences. 18 ഗവേഷകരുടെ ഈ വിഷയത്തിലെ മുപ്പതോളം കണ്ടെത്തലുകള്‍ അടങ്ങിയതാണ് ഈ പഠനം. ഇതില്‍ കുട്ടികളുമായും കൗമാരക്കാരുമായും ബന്ധപ്പെട്ട ചില കണ്ടെത്തലുകള്‍ ഇവിടെ സൂചിപ്പിക്കാം:
. വിവാഹം കഴിച്ച മാതാപിതാക്കള്‍ക്കാണ് മക്കളുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ കഴിയുന്നത്.
. വിവാഹബന്ധങ്ങളില്‍ ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് കൂടുതല്‍ നന്നായി കുടുംബത്തിന്റെ സന്തുലിതാവസ്ഥയെ ആസ്വദിക്കാം.
. കലുഷിതവും സങ്കീര്‍ണവുമായ വീടകങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല.
. പ്രവൃത്തിതലത്തില്‍ വിവാഹത്തിനു പകരം നില്‍ക്കാന്‍ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്കാവുന്നില്ല.
. കെട്ടുറപ്പുള്ള വിവാഹബന്ധങ്ങള്‍ക്കു പുറത്ത് (ലിവിങ് ടുഗെതര്‍ ബന്ധങ്ങളിലും മറ്റും) ജീവിക്കേണ്ടിവരുന്ന കുട്ടികള്‍ കൂടുതലായും തങ്ങളുടെ ജീവിതത്തില്‍ വിവാഹം കഴിക്കാത്തവരോ വിവാഹമോചിതരോ ആകുന്നു.
. മാതാപിതാക്കള്‍ വിവാഹം കഴിക്കാതിരിക്കുന്നതോ വിവാഹമോചിതരാവുന്നതോ ആയ സാഹചര്യങ്ങള്‍ കുട്ടികളുടെ പഠന പരാജയങ്ങള്‍ വര്‍ധിപ്പിക്കുന്നു.
. വിവാഹമോചിതരായി കഴിയുന്ന മാതാപിതാക്കളുടെ മക്കള്‍ മികച്ച ബിരുദങ്ങള്‍ നേടുന്നതിന്റെയും ഉന്നത ജോലികളില്‍ എത്തിപ്പെടുന്നതിന്റെയും സാധ്യത കുറയുന്നു.
. വിവാഹിതരായ മാതാപിതാക്കളുടെ കൂടെ ജീവിക്കുന്ന മക്കള്‍ മറ്റു രീതികളില്‍ പരിപാലിക്കപ്പെടുന്നവരേക്കാള്‍ ശാരീരികാരോഗ്യം കൂടിയവരായി കാണപ്പെടുന്നു.
. വിവാഹബന്ധങ്ങളില്‍ ശിശു മരണനിരക്ക് ഗണ്യമായി കുറയുന്നു.
. വിവാഹബന്ധങ്ങളില്‍ ജീവിക്കുന്ന കൗമാരക്കാരിലും മുതിര്‍ന്നവരിലും താരതമ്യേന കുറഞ്ഞ ലഹരി ഉപയോഗമാണ് രേഖപ്പെടുത്തുന്നത്.
. വേര്‍പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മക്കളില്‍ മാനസിക പിരിമുറുക്കവും മാനസിക അസുഖങ്ങളും കൂടുതല്‍ കണ്ടുവരുന്നു.
. ലിവിങ് ടുഗെതര്‍ ബന്ധങ്ങളിലെ കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ വളരെ അധികമായി രേഖപ്പെടുത്തുന്നു.
. കെട്ടുറപ്പുള്ള കുടുംബസംവിധാനങ്ങളില്‍ നിന്ന് വളര്‍ന്നുവരുന്ന ആണ്‍കുട്ടികള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ കാണുന്നു.
. വിവാഹിതരായ മാതാപിതാക്കളുടെ കൂടെയല്ലാതെ ജീവിക്കുന്ന കുട്ടികള്‍ ബാലപീഡനങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കപ്പെടുന്നു.
കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് ഉണ്ടാവുന്ന ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനങ്ങള്‍ ഓരോ സംവിധാനങ്ങളിലും എത്രത്തോളമാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും കുറവ് കാണാന്‍ കഴിയുക വിവാഹിതരായ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികളിലാണ്. അതാണ് കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതം എന്നു വ്യക്തമാണ്. ലിവിങ് ടുഗെതര്‍ ബന്ധത്തിലുള്ള, സ്വന്തം മാതാപിതാക്കളുടെ കൂടെ ജീവിക്കുന്ന കുട്ടികള്‍ക്കും മറ്റൊരു വിവാഹം കഴിച്ച തന്റെ ഒരു രക്ഷിതാവിന്റെ കൂടെ ജീവിക്കുന്ന കുട്ടിക്കും, മറ്റൊരു വ്യക്തിയുമായി ലിവിങ് ടുഗെതര്‍ ബന്ധം നയിക്കുന്ന തന്റെ ഒരു രക്ഷിതാവിന്റെ കൂടെ ജീവിക്കുന്ന കുട്ടിക്കും, ഏക രക്ഷിതാവിന്റെ കൂടെ തനിച്ചു കഴിയുന്ന കുട്ടിക്കും, മാതാപിതാക്കളുടെ ഒരു നിലയ്ക്കുള്ള സാമീപ്യവുമില്ലാത്ത കുട്ടികള്‍ക്കുമെല്ലാം മൂന്നു തരത്തിലുള്ള പീഡനങ്ങളും ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍ ഏറ്റവും പ്രയാസം നാം കരുതുന്നപോലെ മാതാപിതാക്കളുടെ ഒരു നിലയ്ക്കുള്ള സാമീപ്യവുമില്ലാത്ത കുട്ടികള്‍ക്കല്ല. മറിച്ച് മറ്റൊരു വ്യക്തിയുമായി ലിവിങ് ടുഗെതര്‍ ബന്ധം നയിക്കുന്ന തന്റെ ഏക രക്ഷിതാവിന്റെ കൂടെ ജീവിക്കുന്ന കുട്ടികള്‍ക്കാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്നത്തെ പുരോഗമന ലോകം മുന്നോട്ടു വെക്കുന്ന ആണ്‍-പെണ്‍ ബന്ധങ്ങളില്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നത് എന്നതാണ് ഏറ്റവും വലിയ അപകടം.

യുവതീയുവാക്കള്‍ ഏറ്റവുമധികം തേടുന്നത് മാനസികവും ശാരീരികവുമായ ആവശ്യം നിറവേറ്റാന്‍ കഴിയുന്ന ഇണയെയാണ്. അതും ഇണകള്‍ തമ്മില്‍ സാമൂഹികമായ ഒരു കരാറില്‍ ഏര്‍പ്പെടുമ്പോഴേ പൂര്‍ണമായി ലഭിക്കൂ. വിവാഹത്തേക്കാള്‍ മൂന്നിരട്ടിയിലധികം വരുന്ന ലിവിങ് ടുഗെതറിലെ ഗാര്‍ഹിക പീഡന കണക്കുകള്‍ സ്ത്രീപുരുഷ ബന്ധത്തിലെ കരാറിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും തന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകാവുന്ന ഒരാളുമായി മനസ്സും ശരീരവും പങ്കിടേണ്ടിവരുന്നത് തീരെ സംതൃപ്തമാവണമെന്നില്ല. ആ അസംതൃപ്തി ഇണ പിരിഞ്ഞുപോവുമ്പോഴേ ഒരുപക്ഷേ ബോധ്യമാവൂ. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കരാറായും സമൂഹത്തിനു മുന്നില്‍ പ്രഖ്യാപിതമായും മാറുന്ന ബന്ധങ്ങള്‍ക്കേ മാനസികവും ശാരീരികവുമായ സ്ത്രീപുരുഷ ആവശ്യങ്ങളെ പൂര്‍ണമായി പരിഗണിക്കാനാവൂ, വിശിഷ്യാ സ്ത്രീകളുടെ. സെലിബ്രിറ്റികളുടെ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ സമൂഹം ഓഡിറ്റ് ചെയ്യുന്നതുകൊണ്ട് അവയില്‍ അധികവും വലിയ പ്രശ്‌നങ്ങളില്ലാതെ പോവുന്നതായി നമുക്ക് കാണാം.
മുകളില്‍ സൂചിപ്പിച്ച പഠനത്തില്‍, യുവതീ യുവാക്കളുടെ സന്തുലിതമായ ജീവിതത്തിന് എങ്ങനെയാണ് വിവാഹബന്ധം അനിവാര്യമായി വരുന്നത് എന്നു നോക്കാം.
. ഒറ്റയ്ക്ക് മക്കളെ പോറ്റുകയോ ലിവിങ് ടുഗെതര്‍ ബന്ധങ്ങളുടെ ഭാഗമാവുകയോ ചെയ്ത സ്ത്രീകളേക്കാള്‍ മാനസികാരോഗ്യം വിവാഹബന്ധം മുന്നോട്ടുകൊണ്ടുപോവുന്ന സ്ത്രീകളില്‍ കാണുന്നു. വിഷാദ സാധ്യത കുറയുന്നു.
. ലിവിങ് ടുഗെതറോ ഡേറ്റിങോ നടത്തുന്ന സ്ത്രീകളേക്കാള്‍ ഒത്തിരി മടങ്ങ് ഗാര്‍ഹിക പീഡനത്തിനുള്ള സാധ്യത വിവാഹിതയായ സ്ത്രീയില്‍ കുറയുന്നു.
(മറ്റൊരു പഠനത്തില്‍ ഗാര്‍ഹിക പീഡനം വിവാഹബന്ധങ്ങളില്‍ 1000ല്‍ 17ഉം ലിവിങ് ടുഗെതറില്‍ 1000ല്‍ 60ഉം ആണെന്നു കാണാം).
. ബന്ധങ്ങള്‍ വേര്‍പിരിയുന്നത് യുവതീ യുവാക്കളില്‍ ആത്മഹത്യക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുന്നു.
. ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ നയിക്കുന്നതോ ഏകാന്തരായി കഴിയുന്നതോ ആയ ആളുകളേക്കാള്‍ സാമ്പത്തിക ഭദ്രത വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ കാണുന്നു.
. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇടയിലുള്ള ദാരിദ്ര്യം വിവാഹബന്ധങ്ങളില്‍ നന്നേ കുറവായി മാത്രം കാണുന്നു.
. ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉണ്ടാക്കിക്കൊടുക്കാന്‍ കുടുംബബന്ധങ്ങള്‍ സഹായിക്കുന്നു.
. വിവാഹിതരായ പുരുഷന്മാര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം രേഖപ്പെടുത്തുന്നു.
. അപകടങ്ങള്‍, രോഗങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ വിവാഹബന്ധങ്ങളിലുള്ള യുവതീ യുവാക്കളില്‍ താരതമ്യേന കുറഞ്ഞ അളവില്‍ കാണുന്നു.
. മുതിര്‍ന്നവര്‍ അക്രമികളോ അക്രമത്തിന്റെ ഇരയോ ആവാനുള്ള സാധ്യത വിവാഹബന്ധങ്ങളില്‍ മറ്റു അവസ്ഥകളേക്കാള്‍ കുറവാണ്. (ജീവിതത്തെപ്പറ്റിയുള്ള ഉത്തരവാദിത്തബോധമാവാം ഇതിനു കാരണം).
. ന്യൂനപക്ഷങ്ങള്‍, ദരിദ്രര്‍ എന്നിങ്ങനെ കലുഷിതമായ അവസ്ഥയില്‍ ജീവിക്കുന്നവരില്‍ പോലും വിവാഹബന്ധം കൂടുതല്‍ മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു.
വൃദ്ധര്‍ക്ക് ഏറ്റവും കൂടുതല്‍ ലഭിക്കേണ്ടത് മാനസികവും ശാരീരികവുമായ പരിഗണനയും സംരക്ഷണവുമാണ്. ഭൗതികമായി എത്ര സുഖത്തിലാണെങ്കിലും തന്റെ മക്കളുടെ അഭാവം ഒരു വയോധികനെ വിഷമത്തിലാക്കുന്നു. ‘എനിക്ക് ഒരു ഉപകാരവും മാതാപിതാക്കളില്‍ നിന്ന് ഇനി കിട്ടാനില്ലെങ്കിലും ഞാന്‍ അവരെ പരിഗണിക്കണം’ എന്ന ചിന്തയ്‌ക്കേ വൃദ്ധരുടെ ജീവിതം മികച്ചതാക്കാന്‍ കഴിയൂ. അതിന് കുടുംബ സംവിധാനം അനിവാര്യമാണ്. കൂടുതല്‍ കാലം നിലനില്‍ക്കുന്ന വിവാഹ ബന്ധവും പരസ്പരമുള്ള കടമകളെ പറ്റിയുള്ള ബോധത്തിനും മേലാവണം ആ കുടുംബ സംവിധാനം കെട്ടിപ്പടുത്തിട്ടുള്ളത്.
ഇന്ന് ഓരോ വ്യക്തിക്കും ആവുന്നിടത്തോളം ആസ്വദിക്കാനുള്ളതാണ് ഈ ജീവിതം എന്ന് സമൂഹത്തെ പറഞ്ഞു പഠിപ്പിക്കുന്ന വ്യക്തികേന്ദ്രീകൃത വാദങ്ങളുടെ കാലമായതുകൊണ്ടുതന്നെ ആളുകള്‍ക്ക് വൃദ്ധര്‍ ഒരു എടുക്കാച്ചരക്കായി മാറിയിരിക്കുന്നു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും ഭൗതിക പ്രയോജനങ്ങള്‍ നല്‍കാനുള്ള വൃദ്ധരുടെ അപര്യാപ്തതയും കൊണ്ട് ആര്‍ക്കും വേണ്ടാത്തവരായി അവര്‍ മാറുന്നു. ഏകാന്തത അനുഭവിക്കുന്ന വൃദ്ധരുടെ എണ്ണം ഇന്ന് വളരെ അധികമാണ്. രാജ്യം നേരിട്ടിടപെട്ട് ആളുകളുടെ എകാന്തത മാറ്റേണ്ടിവരുന്ന അതിദയനീയമായ അവസ്ഥ പല വികസിത രാജ്യങ്ങളിലുമുണ്ട്. ഏകാന്തരായി വീടുകളില്‍ കഴിയുന്ന വൃദ്ധരുടെ മൃതദേഹങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ എത്തുമ്പോള്‍ മാത്രം പുറംലോകം അറിയുകയും അത് സംസ്‌കരിക്കാന്‍ ആളുകള്‍ തയ്യാറാവാത്തതുകൊണ്ട് ആ പ്രവര്‍ത്തനം ചെയ്യുന്ന ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ പോലും വളര്‍ന്നുവരുകയാണ് ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍.
മനുഷ്യരിലെ ഒരു വിഭാഗത്തിനും ആരോഗ്യപരമായോ മാനസികമായോ സാമ്പത്തികമായോ യാതൊരു ഉന്നമനവും നല്‍കാത്തതാണ് വിവാഹബന്ധങ്ങളെ തകര്‍ത്തുകൊണ്ടുള്ള ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top