കത്തിത്തുമ്പില്‍
കുനുകുനെയരിയണ്
ചിരവത്തുമ്പില്‍
പീര പെരുക്കണ്.
അടുപ്പിനുമീതെ
തിളച്ചുതൂവ്ണ്
ദോശച്ചട്ടിയില്‍
കരഞ്ഞുമൊരിയ്ണ്.
കുക്കറിനുള്ളില്‍
ശ്വാസം മുട്ടണ്
ചേലത്തുമ്പൊന്നെളിയില്‍ കുത്തി
ചൂലിന്‍തുമ്പില്‍
ചുറ്റിത്തിരിയണ്.
അലക്കുകല്ലില്‍
പടക്കമാകണ്
വിറകിന്‍പുരയില്‍
തിടുക്കമാകണ്.
കരയണ കുഞ്ഞിനു
താരാട്ടാവണ്
തൊള്ളയിലമൃതം
തേവിനനക്കണ്.
വയ്യാതറയില്‍
കിടന്നുമേവും
അമ്മയ്ക്കുടലില്‍
കുഴമ്പ് മെഴുകണ്.
ചാരുകസാലയില്‍
ചാഞ്ഞുകിടന്നു
ചുമയ്ക്കുമൊരച്ഛനു
ചുടുനീരാവണ്.
സ്‌കൂളില്‍പോകാന്‍
തിടുക്കമാവും
മകളുടെ വാര്‍മുടി
മാടിക്കെട്ടണ്.
തൊഴിലിനുപോകാന്‍
ചമയണ കണവനു
ചാരത്തൂണിന്‍
പാത്രമാവണ്.
അരയണു
പൊടിയണു
തിരിയണു
മറിയണു
എരിയിണൊരെണ്ണ-
ച്ചട്ടിയില്‍വീണു
പൊട്ടിച്ചിതറണ
കടുകാവണു നീ.