ആമിനയില് നിന്ന് കൈക്കുഞ്ഞിനെയും വാങ്ങിപ്പോരുമ്പോള്‍ ഹലീമയുടെ മനസ്സ് ശൂന്യമായിരുന്നു. പ്രതീക്ഷിച്ച കുടുംബങ്ങളില്‍ നിന്നൊന്നും കുട്ടികളെ മുലയൂട്ടാന്‍ കിട്ടാഞ്ഞപ്പോഴാണ് പലരും വാങ്ങാന്‍ വിമുഖത കാട്ടിയ ആ കുഞ്ഞിനെ അവര്‍ വാങ്ങിയത്. എന്നാലും ഓമനത്തം തുളുമ്പുന്ന ആ പൈതലിനെ നെഞ്ചോട്ചേര്ത്തുവെച്ചുകൊണ്ട് തന്നെയാണ് ഹലീമ തന്റെ കഴുതപ്പുറത്തിരുന്നത്. മക്കയുടെ തെക്കുകിഴക്കന്‍ മേഖലയിലെ ഹവാസിന് കുലത്തിലെ സഅ്ദുബ്നു ബകര്‍ കുടുംബത്തിലേക്ക് അങ്ങനെയാണ് മുഹമ്മദ് കയറിവരുന്നത്. പിതാവ് മരിക്കുകയും ദരിദ്രനായ പിതാമഹന്റെയും മാതാവിന്റെയും സംരക്ഷണത്തില്‍ കഴിയുകയും ചെയ്തിരുന്ന ഒരു കുട്ടിയെയാണല്ലോ തങ്ങള്‍ക്ക് ലഭിച്ചത് എന്നതില്‍ ഹലീമയും ഭര്‍ത്താവ് ഹാരിസും നിരാശ കൊണ്ടിരുന്നു. പക്ഷേ അവരത് പുറത്തു കാണിച്ചില്ല. എന്നാല്‍ മക്കയില്‍ നിന്ന് ഹവാസിനിലേക്കുള്ള മടക്കയാത്രയിലെ ഊഷ്മളമായ അനുഭവങ്ങള്‍ അവരിലെ നിരാശയെ പാടേ അകറ്റിക്കളഞ്ഞിരുന്നു.
ഹലീമക്കും ഹാരിസിനും ഒരു മകനും മകളുമുണ്ടായിരുന്നു. മുഹമ്മദിനെക്കാളും രണ്ട് വയസ് കൂടുതലുണ്ടായിരുന്നു മകന്. എന്നാല്‍ മകള്‍ ബാലിക പ്രായത്തിലെത്തിയിരുന്നു. ശൈമ എന്നാണ് അവളുടെ പേര്. കൈക്കുഞ്ഞായ മുഹമ്മദിനെ എടുത്തുനടക്കുകയും കളിപ്പിക്കുകയും ചെയ്തിരുന്നത് ശൈമയായിരുന്നു. അവന്റെ കുസൃതികളും വികൃതികളും ഹലീമയെ പോലെ തന്നെ ശൈമയും ആസ്വദിച്ചു. ആടിന്റെ അകിടുകള്‍ നിറഞ്ഞിരുന്നതുപോലെ, അവയുടെ മേച്ചില്‍പ്പുറങ്ങള്‍ സദാ പച്ചയണിഞ്ഞിരുന്നതുപോലെ ആമിനയുടെ കുഞ്ഞിന്റെ സാന്നിധ്യം അവരുടെ വീടിനെയും ഐശ്വര്യദായകമാക്കിയിരുന്നു.
മുലകുടിയുടെ രണ്ട് വര്‍ഷങ്ങള്‍ വളരെ പെട്ടെന്നാണ് കഴിഞ്ഞത്. കുഞ്ഞിനെ തിരികെ ഏല്പിക്കാന് ഹലീമ ആമിനയുടെ അടുക്കലെത്തി. എന്നാല്‍ കുഞ്ഞിനെ വീണ്ടും ഏറ്റെടുക്കാനുള്ള അനുവാദമാണ് അവരപ്പോള്‍ തേടിയത്. ഹലീമയുടെ അപേക്ഷക്ക് മുന്നില്‍ ആമിന വഴങ്ങുകയും ചെയ്തു. ആ കാലത്ത് മക്കയില്‍ ഒരുതരം പകര്‍ച്ചവ്യാധി പടര്‍ന്നിരുന്നു. അത് കുഞ്ഞിനെയും പിടികൂടുമോ എന്ന ആശങ്ക ആമിനക്കുണ്ടായിരുന്നു.
ഓടിച്ചാടി നടക്കുന്ന മുഹമ്മദിനെ വീണ്ടും കിട്ടിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ശൈമയാണ്. അവന്റെ കൈപിടിച്ചും അവനെ ചുമലിലേറ്റിയും അവള് താഴ്വാരങ്ങളിലും പുല്‍മേടുകളിലും ആടുകളെ മേച്ചുനടന്നു.
അവര്‍ക്കിടയില്‍ ഇടയ്ക്കിടെ പരിഭവങ്ങളും പിണക്കങ്ങളുമുണ്ടായി. കൊച്ചുമുഹമ്മദിന്റെ വികൃതികള്‍ ചിലപ്പോഴെങ്കിലും ശൈമയെ വേദനിപ്പിക്കുകയും ചെയ്തു. പക്ഷേ ആ വേദനയും അവള്‍ക്ക് ആനന്ദമാണ് നല്‍കിയത്.
ഒരിക്കല്‍ ശൈമ അവനെ എടുത്തു നടക്കുകയായിരുന്നു. കുസൃതിയെന്നോണം അവന്റെ കാലിലൊന്ന് നുള്ളിയതാണ് ശൈമ. എന്നാല്‍ അവന്റെ പ്രതികരണം പെട്ടെന്നായിരുന്നു. ശൈമയുടെ ചുമലില്‍ അവന് ശക്തമായി കടിച്ചു. അവള് വേദനയെടുത്ത് പുളഞ്ഞു. അവളുടെ കണ്ണുകള്‍ നിറയുകയും ചെയ്തു. എന്നിട്ടും അവള് പരാതിയൊന്നും പറഞ്ഞില്ല. കടിയുടെ തീവ്രതയില്‍ അവന്റെ പല്ലിന്റെ പാടുകള്‍ ശൈമയുടെ ചുമലില്‍ മുറിവുണ്ടാക്കി. അത് പിന്നീട് മായാത്ത കലയായി മാറുകയും ചെയ്തു.
വയസ്സ് നാലിലേക്കെത്തിയതോടെ മുഹമ്മദിനെ ഉമ്മ ആമിന തിരികെ വാങ്ങി. പിന്നീട് ആമിന മരിക്കുന്നതുവരെയുള്ള മൂന്നു വര്‍ഷക്കാലം ഉമ്മയോടൊപ്പം തന്നെയാണ് അല്അമീന് ജീവിച്ചത്.
വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. നബിയും സഹാബിമാരും മക്ക ജയിച്ചടക്കി. ഇതിനു ശേഷമാണ് ഹവാസിന്‍കാര്‍ മുസ്ലിംകളെ വല്ലാതെ അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങിയത്. അത് അവസാനിപ്പിക്കാന്‍ തിരുദൂതര്‍ തീരുമാനിച്ചു. വൈകാതെ അദ്ദേഹം ഒരു സൈന്യവുമായി അങ്ങോട്ട് തിരിച്ചു. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഹവാസിന് കീഴടങ്ങി. ഹലീമയുടെ ഗോത്രമായ സഅ്ദുബ്നു ബകറുകാരും മുസ്ലിംകള്ക്കെതിരായ സൈന്യത്തിലുണ്ടായിരുന്നു. പരാജയത്തെ തുടര്‍ന്ന് ഹവാസിനിലെ സ്ത്രീകളും കുട്ടികളുമായി വലിയൊരു വിഭാഗം ബന്ദികളാക്കപ്പെട്ടു. ഇവരില്‍പെട്ട ഒരു സ്ത്രീ എന്തൊക്കെയോ വിളിച്ചുപറയുന്നത് മുസ്ലിം സേനാനി ശ്രദ്ധിച്ചു. അദ്ദേഹം അവരുടെ അടുത്തെത്തി കാര്യമാരാഞ്ഞു.
”നിങ്ങളുടെ നേതാവ് മുഹമ്മദിന്റെ സഹോദരിയാണ് ഞാന്‍. എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം.”
”തിരുമേനിക്ക് സഹോദരിയോ?” സൈനികന് അത് ചിരിച്ചു തള്ളി. എന്നാലും നിജസ്ഥിതി അറിയാന്‍ അദ്ദേഹം അവരെയും കൂട്ടി നബിയുടെ അടുക്കലെത്തി. ദൂതര്‍ അവരെ നോക്കി.
”നിങ്ങള്‍ എന്നെ മറന്നോ? ഞാന്‍ ശൈമയാണ്. ബനൂസഅ്ദുകാരി ഹലീമയുടെ മകള്‍.”
ശൈമ…? നബി അല്പനേരം ആലോചനയിലാണ്ടു. ആ പേര് നബി ഓര്‍ത്തെടുത്തു. പഴയ ആ പത്തു വയസ്സുകാരിയുടെ മുഖം ഓര്‍മയില്‍ തെളിഞ്ഞുവരാന്‍ പക്ഷേ സമയമെടുത്തു. ഇരിക്കുകയായിരുന്ന ദൂതര്‍ ധൃതിയില്‍ എഴുന്നേറ്റ് അവളുടെ അടുക്കലെത്തി.
”എന്റെ സഹോദരി ശൈമ! എന്തൊക്കെയുണ്ട് നിന്റെ വിശേഷങ്ങള്‍?”
ആ 70കാരി വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. ദൂതര്‍ ഏറെ കൗതുകത്തോടെ അത് കേട്ടുനിന്നു. മൂന്നു വയസ്സുകാരനായ തന്റെ കുസൃതികള്‍ക്കും വികൃതികള്‍ക്കും മുന്നില്‍ എപ്പോഴും തോറ്റുതന്ന് തന്നെ ആനന്ദിപ്പിച്ചിരുന്ന കളിക്കൂട്ടുകാരിയെ വീണ്ടും കണ്ടത് തിരുദൂതരില്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടാക്കി. വര്‍ത്തമാനത്തിനിടെ, തന്നെ ചുമലില്‍ കടിച്ച് മുറിവേല്പിച്ച കാര്യവും ശൈമ ഓര്‍ത്തെടുത്തു. അത് കേട്ട് സഹാബിമാര്‍ ചിരിച്ചപ്പോള്‍ നബിയും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
”ശൈമാ, ഇനിയുള്ള കാലം നിനക്ക് ഇവിടെ കഴിഞ്ഞുകൂടേ?” നബി ചോദിച്ചു.
”ഇല്ല നബിയേ. എനിക്ക് നാട്ടിലേക്ക് മടങ്ങണം. എന്നെ പറഞ്ഞുവിട്ടാലും.”
ശൈമയുടെ ആവശ്യം തിരുനബി അംഗീകരിച്ചു. കൈനിറയെ സമ്മാനങ്ങളുമായി തന്റെ സഹോദരിയെ അവിടന്ന് യാത്രയാക്കി. കളിക്കൂട്ടുകാരിയുമായുള്ള ആ കൂടിക്കാഴ്ച ഹലീമയുടെയും ഹാരിസിന്റെയും ഓര്‍മകള്‍ കൂടി തിരുദൂതരുടെ മനസ്സിലേക്ക് കൊണ്ടുവന്നു..