LoginRegister

അറിവ്‌

സലീമാ ബീഗം

Feed Back


ഉച്ചക്ക് ഗ്രൗണ്ടില്‍ പോയതാണ് നിച്ചു. വീടിന്റെ തൊട്ടപ്പുറത്താണ് സ്‌കൂള്‍ ഗ്രൗണ്ട്. എന്നാലും സൈക്കിള്‍ കൊണ്ടേ മൂപ്പര്‍ പോവൂ. അത് മാത്രമല്ല, സൈക്കിള്‍ കൊണ്ട് കുറെ അഭ്യാസവും കാണിക്കും ടിയാന്‍. സൈക്കിള്‍ കൊണ്ട് കരണം മറിയുക, സരസനെപ്പോലെ കൈ വിട്ട് ഇറക്കം വിടുക, അങ്ങനെ പലവിധ കോപ്രായങ്ങളും ഉണ്ട് ഇഷ്ടന്റട്ത്ത്. ഒരു ദിവസം, കൈ വിട്ട് , നല്ല സ്പീഡില്‍ പോവുകയാണ് നിച്ചു. കയറ്റം ശ്രദ്ധിക്കാതെ, ഒരു പോക്കങ്ങു പോയി.
രണ്ടു കിലോമീറ്റര്‍ താഴെ എത്തിയാണ് നിന്നത്. മുട്ട് പൊട്ടി ചോരയൊലിപ്പിച്ച്, മണ്ണില്‍ പുതഞ്ഞാണ് വന്നത്. പിറ്റേന്ന് സ്‌കൂളില്‍ പരീക്ഷയാണ്. മുറിവ് ഡ്രസ്സ് ചെയ്ത്, ഓയിന്‍മെന്റ് പുരട്ടി, കാല്‍ അനക്കാന്‍ വയ്യാത്തോണ്ട്, കട്ടിലില്‍ അടങ്ങിയിരുന്നു. അപ്പോഴാണ്, ചെറ്യോള്‍ താത്ത വന്നത്.
പെണ്ണേ, നിച്ചൂന്റെ പനി എങ്ങനെണ്ട്, എന്ന് ചോദിച്ചാണ് ചെറ്യോള്‍ താത്ത അകത്ത്ക്ക് കേറ്യേത്.
ങ്ങാ, നിച്ചൂന്റെ പനി.. പനിയതാ കുത്തര്‍ക്ക്ണൂ.
നിച്ചൂന്റെ ഉമ്മ പറഞ്ഞു.
പടച്ചോനെ, ന്റെ കുട്ടിക്ക് ന്താ പറ്റീത്.
അവര്‍ വല്ലാതായി.
കുട്ടികള്‍ അവരുടെ ജീവനാണ്.
പ്പൊ, ഇതേ പറ്റീട്ടുള്ളൂ.
ഇത് മതി, ഇതിലും വലുതെന്ത് പറ്റാന്‍.
ഉമ്മാക്ക് കലിയടങ്ങുന്നില്ല.
നിച്ചു ഗ്രൗണ്ടില്‍ കളിക്കാന്‍ പോയി, കളിക്കാന്‍ പോയി കറുത്തു എന്ന പരാതിയാണ് ഉമ്മാക്കെപ്പോഴും.
ജ്ജ് മുണ്ടാണ്ടെ പൊയ്‌ക്കോ. ന്റെ കയ്യീന്ന് മാങ്ങാന്‍ ന് ക്കണ്ട.
ചെറ്യോള്‍ താത്ത പറഞ്ഞു.
വേദനക്കിടയിലും അവരുടെ വര്‍ത്താനം കേട്ട് നിച്ചു ചിരിയോ ചിരി.
ന്റെ കുട്ട്യേ… ഇത് പ്പോ ഇടി തട്ട്യോനെ പാമ്പ് കടിച്ചൂന്ന് പറഞ്ഞപോലായല്ലോ. അവര്‍ പറഞ്ഞു.
എന്ന് പറഞ്ഞാല്‍ എന്താ,?
നിച്ചു സംശയം മറച്ചു വെച്ചില്ല.
ഇത് തന്നെ.
ഇത് തന്നെ ന്ന് പറഞ്ഞാല്‍..?
എങ്ങനെന്ന് അന്റെമ്മാനോട് ചോയ്‌ച്ചോക്ക്.
അവര്‍ പോയി.
താത്താ….. താത്താ..,.
നിച്ചു താത്താനെ വിളിച്ചു.
എന്താടാ, ഞാന് വടെ എയ്താണ്.
നിച്ചൂന്റെ താത്ത പത്താം ക്ലാസില്‍ ആണ്. ഏത് നേരോം പഠനം തന്നെ.
നീന്വോ… നീന്വോ…
അവന്‍ അനിയത്തിയെ വിളിച്ചു.
എന്താ?
എടീ ഇവടൊന്ന് വാ.
ഞാന്‍ വരക്കാണ്.
നീനു നന്നായി വരക്കും.
സ്‌കൂളീന്ന് സമ്മാനം വാങ്ങിയിട്ടുണ്ട്. അതിന്റെ ചെറിയൊരു അഹങ്കാരോം ണ്ട് ന്ന് പറയാതെ വയ്യ.
എടി, പൊട്ടത്യെ…
നീനു പെട്ടെന്ന് വന്നു.
അല്ല, അന്ക്ക്‌പ്പോ എങ്ങന്യാ അറിയാ.
എന്ത്?
കുന്തം. അവന് ദേഷ്യം വന്നു.
നീനു ചിരിയോടു ചിരി.
കുന്തം എങ്ങനേന്ന് ഇച്ചറിം.
അവള്‍ പറഞ്ഞു.
അന്ക്ക് ഒലക്ക അറിം.
ഇനിപ്പോ ഇത് ആരോട് ചോദിക്കും.
എന്താന്ന് പറ. ആരോട് ചോദിക്കണം ന്ന് ഞാന്‍ പറഞ്ഞു തരാ.
നിച്ചു കാര്യം പറഞ്ഞു.
അപ്പോഴാണ് അവരുടെ കുഞ്ഞാമ അങ്ങോട്ട് വന്നത്.
കുഞ്ഞാമാനോട് ചോയ്ക്കാം.
കുഞ്ഞാമാ ഇവടെ വെരീം.
എന്താ…… ന്ന് ചോദിച്ചു കൊണ്ട് കുഞ്ഞാമ നിച്ചൂന്റട്ത്ത് ചെന്നു.
നിച്ചു കാര്യം പറഞ്ഞു.
ഓ അതോ.. അത് ഞാന്‍ ഇപ്പൊ പറഞ്ഞ് തരാം.
അതും പറഞ്ഞ് കുഞ്ഞാമ അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ നിന്നും നനഞ്ഞു കുതിര്‍ന്ന നാലു നോട്ടുകള്‍ കൈ വെള്ളയിലാക്കി കുഞ്ഞാമ വന്നു. നിച്ചുവും നിനുവും കണ്‍ മിഴിച്ചു നിന്നു.
ഇത് അന്റെ ബാപ്പ പോക്കറ്റില്‍ നിന്നും ഉണങ്ങാന്‍ വേണ്ടി അടുപ്പത്തു വെച്ചതാ. അതിന്റെ മേലേക്കൂടി നൈശൂന്റെ വെള്ളക്കുപ്പി മറിഞ്ഞു. ബാപ്പ ഉണങ്ങാന്‍ ഇട്ടപ്പം, ഇത്ര നനഞ്ഞിട്ടില്ലാര്‍ന്നു. വെള്ളക്കുപ്പി മറിഞ്ഞപ്പം പ്രളയത്തില്‍ നിന്നും കര കേറിയ പോലായി.
ഇപ്പം മനസ്സിലായോ.
രണ്ടു പേരും തലയാട്ടി.
അള്ളോ, നാളെ ഞമ്മക്ക് വണ്ടിക്കൂലിക്ക്ള്ള പൈസാന്നും പറഞ്ഞ് നിച്ചൂന്റെ ബാപ്പ അന്തം വിട്ട് ഇരുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top