LoginRegister

പെണ്ണ്‌

സിത്താര ഷാനിര്‍

Feed Back


കനലുകള്‍ ചുമന്ന്
പൊള്ളിനീറ്റുമ്പോഴും
ഉള്ളു തണുപ്പിക്കുന്നവള്‍….

പോയിടത്തും വന്നിടത്തും
നിന്നിടത്തും
ഇടമില്ലാത്തവള്‍….

അലക്കിവെളുപ്പിച്ച
ചിരികൊണ്ട് കടലോളം
ആഴി ഒളിപ്പിക്കുന്നവള്‍…

കുന്നിക്കുരുവോളം
പരിലാളനം,
മണല്‍ത്തരിയോളം പരിഗണനയുടെ
പൂമ്പൊടി;
ഒട്ടുമില്ലെങ്കിലും
ഒട്ടിനില്‍ക്കുന്നവള്‍….

ആകാശത്തോളം കുത്തുവാക്കുകള്‍,
അവഗണനയുടെ മുള്ളുതോരണങ്ങള്‍;
ഇട്ടുമൂടിയാലും ഇടറാതിരിക്കുന്നവള്‍…

സഹനമെന്നാല്‍
ത്യാഗമെന്നും
ജീവിതമെന്നാല്‍
വിശുദ്ധിയുടെ ഉള്ളുരുക്കങ്ങളെന്നും
ജപിച്ചു തീര്‍ന്നവള്‍…

വെറുമൊരു പെണ്ണേ,
പിന്തുടര്‍ച്ചക്കാരുടെ
നെറുകുയരാനെങ്കിലും
നീയാളി തീയാകുമെന്ന്
വെറുതെ പ്രതീക്ഷയില്‍
എഴുതിവെക്കുന്നു ഞാന്‍
നിനക്കായ് സമരഗീതം….

നാല്‍ച്ചുമരിലെ
ഇടവേളകളില്‍
അടുക്കളകൊട്ടാര
ഭ്രമണത്തിരക്കില്‍ കുത്തിനോവിന്റെ
കണ്ണീര്‍പ്പെയ്ത്തില്‍
വായനയുടെ വാളെടുക്കൂ…

പെണ്ണേ…
ഞാനിവിടെ
നിന്നെയൊന്ന്
അടയാളപ്പെടുത്തി,
മുറിവുകളെ തുന്നി…
നമുക്കൊരു മൂളിപ്പാട്ട്
ചുണ്ടിലേറ്റാം…

ഒരല്‍പനേരം കടംതരൂ
ഓളപ്പരപ്പിലൊരു
പെണ്‍തോണി
ഉലയാതെ
ഉടയാതെ
തീരം ചുംബിക്കുവാന്‍,
ഉണര്‍ന്നിരിക്കുവാന്‍..

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top