LoginRegister

ബഹിയ, ചിത്രീകരണം: റൈഹാന വടക്കാഞ്ചേരി

Feed Back

11
മായ്ക്കാനാവാത്ത പിഴവുകള്‍

”മായ്ച്ചുകളയാന്‍ കഴിയാത്ത ഒത്തിരി പിഴവുകള്‍ കൂടിച്ചേര്‍ന്നതാണ് എന്റെ ജീവിതം.” ഈ വാക്കുകള്‍ കൃഷ്ണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടു. അപ്പോള്‍ മാത്രം തന്നെ വിളിച്ച ഒരു സുഹൃത്ത്, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്. ഉടലു മുഴുവനും, ബാക്കിയുള്ള തലയ്ക്കു ചുറ്റുപാടും തീയുമായി കഴിയുന്ന നിമിഷത്തിലാണ് ആ വിളി വന്നത്. വിളിക്കുന്നത് സതീഷേട്ടന്റെ വിവരം അറിഞ്ഞാണോ എന്ന് സംശയിച്ചാണ് ഫോണ്‍ എടുത്തത്. അപ്പോഴാണ് അദ്ദേഹം ഈ വാചകങ്ങള്‍ ചൊരിഞ്ഞത്.
അതോടെ മനസ്സിലായി സ്വന്തം വേവുകള്‍ തന്നെയാണ് ഇത്തവണയും വിഷയം എന്ന്. എന്തൊക്കെയോ കേട്ടു, എന്തൊക്കെയോ പറഞ്ഞു. ചുറ്റിലുമുള്ള തീ ആളുകയാണ്.
”ഒരു നല്ല ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, വൈറസൊക്കെ സ്‌കാന്‍ ചെയ്ത് ജീവിതത്തെ റീസെറ്റ് ചെയ്യാമായിരുന്നുവെങ്കില്‍ ഞാനടക്കം മിക്കവരും അത് ഇതിനകം ചെയ്‌തേനെ വിനോദ്… ഇതിപ്പോ അങ്ങനൊരു ഓപ്ഷന്‍ ഇല്ലല്ലോ. ഒരു ഡിലീറ്റ് ബട്ടണോ ബ്ലോക്ക് ബട്ടണോ പോലും ഇല്ലാത്തതായിപ്പോയില്ലേ ജീവിതം…” പറഞ്ഞുവന്നപ്പോള്‍ വാക്കുകള്‍ വിറച്ചു; ശബ്ദം ഇടറി. ”എന്തു പറ്റി കൃഷ്ണ…” എന്ന ചോദ്യം മുഴുവനായി കേള്‍ക്കും മുമ്പേ ഫോണ്‍ കട്ട് ചെയ്തു.
ആശുപത്രിയില്‍ നിന്നും വന്ന ഫോണ്‍ സ്വപ്‌നമായിരിക്കണേ എന്ന പ്രാര്‍ഥനയാല്‍ അവള്‍ ഒരിക്കല്‍ കൂടി കോള്‍ ഹിസ്റ്ററി തിരഞ്ഞു. സ്വപ്‌നമല്ല, സത്യം തന്നെയാണ്. വിനോദിന്റെ കോളിനു തൊട്ടുമുമ്പേ അങ്ങനെയൊരു കോള്‍ വന്നിരിക്കുന്നു. ഇനിയിപ്പോള്‍ ഏതു നിമിഷവും… കൃഷ്ണയ്ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി; നെഞ്ചു വേദനിക്കുന്നതുപോലെയും.
”സതീഷ് സര്‍, നിങ്ങള്‍ നന്നായി വിയര്‍ക്കുന്നുണ്ടല്ലോ? ഷര്‍ട്ട് അപ്പാടെ നനഞ്ഞല്ലോ? നിങ്ങള്‍ക്കെന്തേ വയ്യേ?” താനിപ്പോള്‍ ഓഫീസിലെ തന്റെ സീറ്റിലിരുന്ന് ഫയലുകള്‍ നോക്കുകയാണെന്ന് തോന്നി കൃഷ്ണയ്ക്ക്. എല്‍ ഡി ക്ലാര്‍ക്ക് എന്നാല്‍ അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ആ കസേരയിലിരുന്നപ്പോഴാണ് ബോധ്യപ്പെട്ടത്. ഈ നാട്ടില്‍ ഇത്രയധികം വ്യവഹാരങ്ങളും അവയ്ക്കൊക്കെ ഫയലുകളും ഉണ്ടെന്ന് അല്ലെങ്കില്‍ തന്നെ ആരു കരുതാനാണ്? എല്‍ഡി മൂത്ത് യുഡിയായ ആളാവണം പുതിയ സാര്‍. ഇച്ചിരി കഷണ്ടിയൊക്കെ കാണുന്നുണ്ട്. കാണാന്‍ വലിയ ഗുമ്മൊന്നുമില്ലാത്ത ഒരു സാധു മനുഷ്യന്‍. അദ്ദേഹത്തെയാണ് വിളിക്കുന്നത് എന്നു കേട്ടതോടെ കൃഷ്ണ തലയുയര്‍ത്തി നോക്കി. ചില്ലും മരവും ഉപയോഗിച്ച് തീര്‍ത്ത പാതിമറകള്‍ക്കപ്പുറത്ത് ലാസ്റ്റ് ഗ്രേഡ് സര്‍വന്റായ വേണു മാത്രമേയുള്ളൂ എന്നു കണ്ട കൃഷ്ണ വേഗം എണീറ്റ് അങ്ങോട്ടേക്കോടി.
ഒരു കൈ മുട്ടിനു താഴെ വെച്ച് മുറിഞ്ഞുപോയ ആളാണ് വേണു. മറ്റേ കൈയിലെ ചെറുവിരല്‍ മുഴുവനും മോതിരവിരല്‍ പാതിയും കാണാനില്ല. ചെറുപ്പത്തില്‍ പടക്കം പൊട്ടിച്ചു കളിച്ച ഒരു പൂരപ്പറമ്പിന്റെ ഓര്‍മ. വേണുവിന് സാറിനെ തനിച്ചു സഹായിക്കാന്‍ കഴിയില്ലെന്ന പേടി കൊണ്ടാണവള്‍ ഓടിച്ചെന്നത്.
അവള്‍ കാണുമ്പോള്‍ ഇളം റോസ് നിറമുണ്ടായിരുന്ന സതീശന്റെ ഷര്‍ട്ട് മുഴുവനും നനഞ്ഞ് ഇരുണ്ട നിറമായിട്ടുണ്ട്. അദ്ദേഹം പതിയെ നെഞ്ചില്‍ തടവുന്നു. ”സര്‍, നെഞ്ചുവേദനയുണ്ടോ? നമുക്ക് ഹോസ്പിറ്റലില്‍ പോകാം. സാര്‍ വരൂ!” അവള്‍ പറഞ്ഞു.
”ഏയ്! പേടിക്കേണ്ട കുട്ടീ! ഒരു നിമിഷം എന്തോ ഒരു ഞെട്ടല്‍ പറ്റിയതാ! അതു മാറി. ഇനിയിപ്പോ ഹോസ്പിറ്റലിലൊന്നും പോവേണ്ടന്നേ…” സതീശന്‍ മറുപടി പറഞ്ഞു.
പക്ഷേ, അവളൊട്ടും സമ്മതിച്ചില്ല. ഉടനെത്തന്നെ വേണുവിനെ വിട്ട് ഒരു ഓട്ടോ വിളിപ്പിച്ചു; നിര്‍ബന്ധിച്ച് അവളും വേണുവും ചേര്‍ന്ന് അദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചു. കാര്‍ഡിയോളജിസ്റ്റ് എത്താന്‍ കാത്തുനില്‍ക്കാതെ വേഗം കാഷ്വാലിറ്റിയില്‍ ചെന്ന് ഡ്യൂട്ടി ഡോക്ടറെ കണ്ട് ഇ സി ജി എടുത്തു.
”ഇ സി ജിയില്‍ ചെറിയ ഒരു മാറ്റം കാണുന്നുണ്ട്. പേടിക്കേണ്ട. നമുക്ക് കാര്‍ഡിയോളജിസ്റ്റിനെ ഒന്ന് കാണാം. എന്നിട്ടു പോയാല്‍ പോരേ വീട്ടില്‍?” ഡോക്ടര്‍ ചോദിച്ചു. ഡോക്ടര്‍ തന്റെ സംസാരത്തിനിടെ ”ഇതിനു മുമ്പ് ഇങ്ങനെ വന്നിട്ടുണ്ടോ” എന്ന് ചോദിച്ചപ്പോഴാണ് സതീശന്‍ നിസ്സാര ഭാവേന, ”ഓ… ഇത്തിരി മുന്നേ ഒരിക്കല്‍” എന്ന് മറുപടി പറഞ്ഞത്.
”എന്നിട്ടെന്തേ, ഡോക്ടറെ കണ്ടില്ലേ” എന്ന ചോദ്യത്തിന്, ”അതൊക്കെ എന്തിനാ ഡോക്ടറേ, ചുമ്മാ ഈ ആയുസ്സൊക്കെ ഇങ്ങനെ നീട്ടിയിട്ടെന്തിനാ” എന്നു പറഞ്ഞ് കുലുങ്ങിച്ചിരിക്കുകയാണ് സതീശന്‍ ചെയ്തത്.
ഒടുവില്‍ കാര്‍ഡിയോളജിസ്റ്റിനെ കണ്ട്, എക്കോ ടെസ്റ്റും മറ്റും എഴുതി വാങ്ങിയ ശേഷം തിരിച്ചുപോരാന്‍ തുനിഞ്ഞ സതീശനെ കൃഷ്ണയും വേണുവും ചേര്‍ന്ന് ബലമായി എക്കോ ടെസ്റ്റ് ചെയ്യിപ്പിച്ചു. അന്ന് ആ റിസള്‍ട്ട് ഡോക്ടറെ കാണിച്ച് പുറത്തിറങ്ങവെ സതീശന്‍ പറഞ്ഞു: ”കണ്ടോ, എന്റെ ഹൃദയമൊക്കെ ഡബിള്‍ പെര്‍ഫെക്ട് ആണെന്നു മാത്രമല്ല, ഇത്രേം വയസ്സും പ്രായവുമൊക്കെ ആയിട്ടും ഈ പാവം ഹൃദയം ഇതുവരെയും ആരും അടിച്ചുമാറ്റിയിട്ടില്ലെന്ന്… എന്നോട് ചോദിക്കാതെ ആര്‍ക്കുമൊപ്പം ഇറങ്ങിപ്പോയിട്ടുമില്ലെന്ന്… ഇനിയെന്തായാലും ആരുമെന്നെ ഹൃദയശൂന്യന്‍ എന്നൊന്നും വിളിക്കില്ലല്ലോ.”
”ഉവ്വുവ്വ്! ഇത്രേം വയസ്സായിട്ടും ഈ ഹൃദയമിങ്ങനെ ആര്‍ക്കും കൊടുക്കാതെ ഒറ്റയ്ക്കു കൊണ്ടുനടക്കാന്‍ നാണമില്ലേ സാറേ നിങ്ങള്‍ക്ക്? ചുമ്മാ എടുത്ത് ആര്‍ക്കേലും കൊട്! ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ട്!” വേണുവും വിട്ടില്ല.
അന്നേരമാണ് സതീശന്‍ സാര്‍ ആ ചോദ്യം ചോദിച്ചത്: ”ദേ, ഏതാണ്ട് നാലഞ്ചു കൊല്ലം കഴിഞ്ഞാ റിട്ടയര്‍ ചെയ്യാറായ കിഴവനായ ഞാനൊക്കെ ഈ പന്ന ഹൃദയം കൊടുത്താല്‍ ആരു വാങ്ങാനാ? കൊച്ചേ, നീയാണേല്‍ വാങ്ങുമോ?” അദ്ദേഹം അന്നേരമത് വെറും തമാശയായാണ് ചോദിച്ചതെങ്കിലും അതിലും മുമ്പുതന്നെ ആ ഹൃദയത്തില്‍ താന്‍ കയറിയിരുന്നു എന്ന് കൃഷ്ണ അറിഞ്ഞത് അവിടന്ന് നാളുകള്‍ ഒരുപാട് കഴിഞ്ഞാണ്.
”ഓ! എനിക്കൊക്കെ തന്ന് അതു ചുമ്മാ വെയ്സ്റ്റാക്കേണ്ട സാറേ. വല്ല നല്ല പിള്ളാര്‍ക്കും കൊട്!” കൃഷ്ണ മുഖം കൊടുക്കാതെ മറുപടി പറഞ്ഞു. എക്കോ ടെസ്റ്റില്‍ പ്രശ്‌നം ഇല്ലാത്തതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച ടിഎംടിയോ ആന്‍ജിയോഗ്രാമോ ചെയ്യുന്നതിനെക്കുറിച്ച് പിന്നീടാരും സംസാരിച്ചില്ല. അവര്‍ മൂവരും തിരിച്ച് ഓഫിസിലേക്കു തന്നെ പോന്നു. വന്നുകയറവെ എല്ലാവരും ലഞ്ച് കഴിച്ചുകഴിഞ്ഞിരുന്നു.
വേണുവിന് ആ കൈ കൊണ്ട് ഭക്ഷണം കഴിക്കാനുള്ള പ്രയാസം കൊണ്ടാവണം അവന്റെ കുടുംബം ഓഫീസിനു തൊട്ടടുത്തുള്ള വീട്ടില്‍ തന്നെയായിരുന്നു താമസം. വാടകയ്ക്കാണ്. ഓരോ തവണയും ട്രാന്‍സ്ഫറിനൊപ്പം ആ കുടുംബവും വീടു മാറുമായിരുന്നു. അങ്ങനെ വേണു വീട്ടിലേക്ക് പോയി. അന്നാദ്യമായി കൃഷ്ണയും സതീഷ് സാറും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പിന്നെ അതൊരു പതിവായി മാറി. ആ പതിവില്‍ നിന്നാണ് പിന്നെ പലതും മാറിമറിഞ്ഞത്. കൃഷ്ണയുടെ കഴുത്തിലെ താലി വരെ ആ മാറ്റത്തില്‍ ഉള്‍പ്പെട്ടു. സതീഷ് സാര്‍ സതീഷേട്ടനായി. കൃഷ്ണയുടെയും മകളുടെയും ജീവനായി. രക്ഷകനായി. അദ്ദേഹമാണിപ്പോള്‍…
അവള്‍ ബാത്ത്‌റൂമില്‍ കയറി നിഭ മോള്‍ കാണാതെ നന്നായി കരഞ്ഞു; ആശ്വാസം തോന്നും വരെ നീണ്ട കരച്ചില്‍…

12
വെട്ടേറ്റ വിരലുകള്‍

മരിക്കാന്‍ മാത്രമല്ല, ചിലപ്പോഴൊക്കെ ജീവിക്കാനും കാരണങ്ങള്‍ തിരയേണ്ടതായി വരും. മരിക്കാനും മരിക്കാതിരിക്കാനും നമ്മുടെ മുന്നില്‍ പല കാരണങ്ങള്‍ കാണും. പക്ഷേ, ജീവിക്കാന്‍… ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതായ കാരണങ്ങള്‍ തിരയേണ്ടിവരിക എന്നത് ഒരാളെ സംബന്ധിച്ചേടത്തോളം അത്രമേല്‍ പ്രഹസനമായി മാറി ജീവിതം എന്നുതന്നെയാണ് അര്‍ഥം.
ജീവിക്കാന്‍ തോന്നിപ്പിക്കുന്നതായി ചുറ്റിലും ഒന്നുമില്ലെന്നു തോന്നുക; മരിക്കാന്‍ പ്രേരിപ്പിക്കുന്ന പലതും ചുറ്റിലും നിറയുക. ആ നിമിഷം സിനിമയിലെ യുദ്ധത്തേക്കാളും കേമമാണ്. സിനിമയില്‍ സംഭവം അഭിനയമാണല്ലോ. യുദ്ധം ചെയ്യുന്ന രണ്ടുപക്ഷത്തിനും അറിയാം എന്താണ് അഭിനയിക്കേണ്ടത് എന്ന്. ആ സ്‌ക്രിപ്റ്റ് മുന്‍കൂട്ടി എഴുതിവെച്ചതാണ്. എന്നു മാത്രമല്ല, തങ്ങളുടെ സീനും അതിന്റെ അവസാനവും ഓരോ ആര്‍ട്ടിസ്റ്റിനും മുന്‍കൂട്ടിത്തന്നെ അറിയുകയും ചെയ്യാം.
എന്നാല്‍ ജീവിതമെന്ന യുദ്ധത്തിന്റെ കാര്യം അങ്ങനെയാണോ? ഒരു ചെറിയ മിസ്‌റ്റേക്ക് വന്നാല്‍ റീടേക്കുകള്‍ പോലുമില്ല. മുന്നില്‍ ഭാഷ പോലുമറിയാത്ത കാലകേയന്മാര്‍ കൊലച്ചിരി ചിരിക്കുന്നു. കീഴടങ്ങണോ അതിജയിക്കണോ, അതാണ് ചോദ്യം. ഇനിയിപ്പോള്‍ സ്വയം പൊരുതി അതിജയിച്ചാല്‍ തന്നെയും പിറകില്‍ നിന്നൊരു വിശ്വസ്തന്‍ നട്ടെല്ലു വഴി വയറും കടന്ന് മുന്നിലോട്ടൊരു വാള്‍ കുത്തിക്കയറ്റുകയില്ലെന്ന് ആരു കണ്ടു? അല്ലെങ്കില്‍ തന്നെ നേരിട്ട് വരുന്ന ശത്രുവിനെ അതിജയിക്കാനല്ല, പിറകിലൂടെ വരുന്ന മിത്രത്തെ അതിജയിക്കാനാണല്ലോ ഏറ്റവും പ്രയാസം.
ഒരു ഞായറാഴ്ച ദിവസം. അന്ന് അച്ഛന്റെ രണ്ടാം ഭാര്യയും സ്ഥാനം കൊണ്ട് അനിയന്മാരായ രണ്ടു തലതെറിച്ച ചെക്കന്മാരും കൂടെ രണ്ടാനമ്മയുടെ കുടുംബത്തില്‍ ഒരു കല്യാണത്തിനു പോയതായിരുന്നു. അന്നാണ് അച്ഛന് കൃഷ്ണയെ തരത്തിലൊന്ന് ഒറ്റയ്ക്കു കിട്ടിയത്. അഥവാ അച്ഛനും പോയിരുന്നുവെങ്കിലും സദ്യ കഴിഞ്ഞപാടെ തിരിച്ചു വീട്ടിലേക്കു പോന്നു. ആ പോരല്‍ രണ്ടാനമ്മ അറിഞ്ഞുകാണില്ല. വയറു നിറയെ തിന്നാന്‍ തന്നില്ലെങ്കിലും നല്ലതെല്ലാം സ്വന്തം ആണ്‍മക്കള്‍ക്കു മാത്രം കൊടുക്കുമെങ്കിലും ഒരു മിനിറ്റ് സൈ്വരം തരാതെ വഴക്കു പറയുകയും ഇടയ്ക്കിടെ പിച്ചുകയും തല്ലുകയും ചെയ്യുമെങ്കിലും പണിയെടുപ്പിച്ച് നടുവൊടിക്കുമെങ്കിലും തന്റെ കെട്ട്യോനും മക്കളും കൃഷ്ണയുടെ ദേഹത്തോട് കാട്ടുന്ന വെറി ശരിക്കും മനസ്സിലാക്കി അവളുടെ മാനത്തിന് കാവല്‍ നിന്നിരുന്നു ആ അമ്മ. അതിന്റെ പേരിലുള്ള കുറ്റം മുഴുവന്‍ അവളില്‍ ചാര്‍ത്തി ‘തിലോത്തമ വശീകരിക്കാന്‍ നടക്കുവല്ല്യോ’ എന്നൊക്കെ സദാ കുത്തുവാക്കുകള്‍ പറയുമെങ്കിലും അകത്തുനിന്ന് പൂട്ടാവുന്ന വാതിലുള്ള ഒരു മുറി അവള്‍ക്ക് സ്വന്തമായി കൊടുത്തത് അവരാണ്. അതിനു പരിസരത്തു പോലും മറ്റാര്‍ക്കും പ്രവേശനമില്ലെന്ന് വിധിച്ചതും അവര്‍ തന്നെ. അതിനാല്‍ തന്നെ അവര്‍ അറിയാതെയാണ് അച്ഛന്‍ വന്നത് എന്ന് ഉറപ്പായിരുന്നു.
അന്നേരം കൃഷ്ണ അടുക്കളയിലായിരുന്നു. തേക്കാനുള്ള പാത്രങ്ങളെല്ലാം തേച്ചു കമിഴ്ത്തി, അടുക്കള തുടച്ച് അഴുക്കുതുണി അടുക്കളയിലെ കൊട്ടത്തളത്തിലിട്ട് ഒലുമ്പിക്കഴുകുമ്പോഴാണ് പിന്നില്‍ നിന്ന് അയാള്‍ അവളെ പൂണ്ടടക്കം പിടിച്ചത്. അയാള്‍… ജന്മം തന്ന തന്ത. താലോലിക്കാന്‍ കൈ നീട്ടാതെ, ഒരിക്കല്‍ പോലും തലോടാതെ, തള്ളക്കാലുമായി ജനിച്ച അശ്രീകരമെന്ന് അവളെ വിളിച്ചയാള്‍… അവളുടെ കണക്കുപുസ്തകത്തിലെ വീട്ടാനുള്ളതാണ് പകയെന്ന തിയറിക്കു നേരെ വര്‍ഷങ്ങള്‍ക്കു മുമ്പേ ചുവപ്പുമഷിയാല്‍ പേരു കുറിക്കപ്പെട്ടയാള്‍…
ആദ്യനിമിഷം ഒന്നു പതറിയെങ്കിലും അവള്‍ പല്ലുകടിച്ചു, പിന്നിലേക്ക് വള്ളിക്കാലിട്ട് അയാളെ തട്ടി വീഴ്ത്തി. വീഴാന്‍ ആഞ്ഞതോടെ ഒന്നു പിടിവിട്ടെങ്കിലും അരത്തിണ്ണയില്‍ പിടിത്തം കിട്ടിയ അയാള്‍ വീഴാതെ നിവര്‍ന്നുനിന്നു. അപ്പോഴേക്കും അവള്‍, പുതുതായി വീട്ടിലെത്തിയ പളപളാ തിളങ്ങുന്ന സ്റ്റീല്‍ കത്തി വെച്ചിരുന്നിടം കണ്ണാല്‍ അളന്നു. അങ്ങോട്ടു കുതിക്കുന്ന കൃഷ്ണയുടെ ബ്ലൗസിന്റെ മുന്‍ഭാഗത്ത് ഒറ്റക്കുതിപ്പില്‍ അയാള്‍ പിടിത്തമിട്ടു. സകല ശക്തിയുമെടുത്ത് കീറിയെടുത്ത തുണിക്കഷണം മാത്രം അയാളുടെ കൈയിലവശേഷിപ്പിച്ച് കൃഷ്ണ ഒഴിഞ്ഞുമാറി കത്തിയെടുത്ത് ആഞ്ഞുവീശി.
ഒരു തവണ; ഒരൊറ്റത്തവണ മാത്രം. അടുത്ത നിമിഷം അയാള്‍ നിലത്തു വീണു. അയാളുടെ നിലവിളി ഉയര്‍ന്നതും അയാളുടെ കൈയില്‍ നിന്നു ചോര ചാടിയതും ഒന്നിച്ചായിരുന്നു.
വീട്ടില്‍ പണിക്കു വന്ന ചെറുമന്മാരാണ് അയാളെ വാരിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയത്. അതാണ് പറഞ്ഞത്, പിന്നിലൂടെ വരുന്ന നീക്കങ്ങളാണ് ഏറെ സൂക്ഷിക്കേണ്ടത് എന്ന്. അക്കഥയെല്ലാം കൃഷ്ണ മുമ്പും പറഞ്ഞതാണല്ലോ… പക്ഷേ, പറയാന്‍ വിട്ടുപോയ ചിലതുണ്ട്. അത് സംഭവിച്ചത് രണ്ടാനമ്മയും ആണ്‍മക്കളും കയറിവന്നതോടെയാണ്. കല്യാണവീട്ടില്‍ നിന്ന് മിണ്ടാതെ ഇറങ്ങിപ്പോന്ന ഭര്‍ത്താവിനോടുള്ള ദേഷ്യത്താലാവണം കലിതുള്ളിയാണ് രണ്ടാനമ്മ വന്നത്. കൂടെ നിഴലു പോലെ മക്കളും. അമ്മക്കു മുന്നില്‍ മിണ്ടാപ്പൂച്ചകളാണെങ്കിലും കൃഷ്ണയെ അടിക്കുക, മുടി പിടിച്ചു വലിക്കുക, വസ്ത്രങ്ങള്‍ കീറിക്കളയുക, പുസ്തകങ്ങളും മറ്റു വസ്തുക്കളും നശിപ്പിക്കുക, മറ്റുള്ളവര്‍ക്കു മുന്നില്‍ വെച്ച് അവളെ അധിക്ഷേപിക്കുക തുടങ്ങിയവയൊക്കെ വലിയ ഹോബികളായി കൊണ്ടുനടക്കുന്നവരായിരുന്നു രണ്ടുപേരും. തക്കത്തിനു കിട്ടുമ്പോള്‍ അവളുടെ ശരീരഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുക, അവള്‍ വസ്ത്രം മാറുന്നതും കുളിക്കുന്നതും ഒളിച്ചുകാണാന്‍ ശ്രമിക്കുക തുടങ്ങി നാറിയ ചില ശീലങ്ങള്‍ കൂടെയുണ്ട് അവറ്റകള്‍ക്ക്.
എന്നാല്‍ കലിതുള്ളി വീട്ടിലെത്തിയ രണ്ടാനമ്മ നേരെ ‘എടീ! മൂധേവി…’ വിളിയുമായി അടുക്കളയിലേക്കാണ് വന്നത്. അപ്പോഴാണ് അവര്‍ മടലും കത്തിയും ചോരയും കണ്ടത്. അവരാകെ പേടിച്ചുപോയി. ”എന്താടീ… എന്താ ഇവിടെ ഉണ്ടായത്?” അവര്‍ വിറയലോടെ ചോദിച്ചു. അവളൊന്നും മിണ്ടിയില്ല.
അധികം വൈകും മുമ്പേ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോയവരില്‍ ഒരാള്‍ തിരിച്ചെത്തി. അച്ഛന്‍ അഡ്മിറ്റാണെന്നും സര്‍ജറി ചെയ്ത് വിരലുകള്‍ യോജിപ്പിച്ച് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ടെന്നും പറഞ്ഞതോടൊപ്പം ആവശ്യം വന്ന ചോര താന്‍ തന്നെ കൊടുത്തു എന്നുകൂടി പറഞ്ഞതോടെ രണ്ടാനമ്മയുടെ തൊട്ടുകൂടായ്മ ആവിയായിപ്പോയി.
”മോള്‍ക്ക് ചായ തിളപ്പിക്കാന്‍ കത്തിക്കാനുള്ള മടല് വെട്ടിയതാത്രേ! ഇത്രല്ലേ വന്നുള്ളൂന്ന് കരുതാ… പക്ഷേ, കൈമുറിഞ്ഞ വെപ്രാളത്തില്‍ വയറെങ്ങാനും വല്ലേടത്തും വെച്ച് കുത്തിയോ ആവോ? വല്ല തിണ്ണയിലോ മറ്റോ… മൂത്രം പോണില്ലാ… കൊഴലും കുപ്പീം വച്ചിട്ടും പോണില്ലാ; അതാപ്പൊ പ്രശ്‌നം. ഈ കുട്ട്യേളേം കൊണ്ട് ഇങ്ങള് ആശോത്രീ പോയി എടങ്ങേറാവണ്ടാ… ഞങ്ങള് തന്നെ മാറിമാറി നിന്നോളാ…”
”ഇത്തവണ വിരലാണേല്‍ അടുത്ത തവണ തലയാവും…” കൃഷ്ണ നിന്നു കിതച്ചു.
അടുക്കളയിലേക്ക് കൃഷ്ണയെ തേടിയെത്തിയ അനിയന്മാര്‍ അപ്രതീക്ഷിതമായി കേട്ട വരികളില്‍ ചലനമറ്റുനിന്നു. ചേച്ചി അച്ഛന്റെ വിരലുകള്‍ വെട്ടിമാറ്റി; ചേച്ചിയുടെ ചവിട്ടേറ്റ് അച്ഛന്‍ മൂത്രം പോവാതെ ആശുപത്രിയിലായി. പിന്നീടൊരിക്കലും അവര്‍ അവളെ ഉപദ്രവിച്ചില്ല. പേടി പലതിനും മരുന്നാണല്ലോ…
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top