പ്ലസ്ടു വിദ്യാർഥിനിയാണ്.നാല് വർഷ ബിരുദ പ്രോഗ്രാമുകളെ (FYUGP) പരിചയപ്പെടുത്താമോ ?
ഹുസ്‌ന കൈതമംഗലം
പുതിയ എജുക്കേഷൻ പോളിസിയുടെ വരവോടെ രാജ്യത്തെ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും സമഗ്രമായ മാറ്റങ്ങളുടെ പാതയിലാണ്. കേരളത്തിലും വിദ്യാഭ്യാസമേഖല വലിയ പരിഷ്ക്കരണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
2024 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിലെ മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകളെല്ലാം നാലുവർഷ ബിരുദ പ്രോഗ്രാം (FYUGP) രീതിയിലേക്ക് മാറുകയാണ്. ബിരുദ കോഴ്സുകളുടെ ഘടനയിൽ മാത്രമല്ല, അക്കാദമികമായും വൈജ്ഞാനികമായുമെല്ലാം അടിമുടി മാറുകയാണ്. ഇപ്പോൾ നിലവിലുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് & സെമസ്റ്റർ സിസ്റ്റത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ കരിക്കുലവും റെഗുലേഷനുമാണ് പുതിയ പാഠ്യപദ്ധതിക്കുള്ളത്. ഇപ്പോഴുള്ള ടീച്ചിംഗ്, ലേണിംഗ്, ഇവാല്വേഷൻ രീതികളിലെല്ലാം വലിയ മാറ്റങ്ങളുണ്ടാകും.
കേരളത്തിൽ പഠിക്കാൻ വിദ്യാർഥികൾക്ക് താൽപര്യം കുറയുന്നതും വിദേശ പഠനത്തിനായി കൂടുതൽ താൽപര്യപ്പെടുന്നതുമൊക്കെ പരിഗണിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്ക്കാരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
പ്രധാന മാറ്റങ്ങൾ
നാലുവർഷ ബിരുദത്തിന് ചേരുന്നവർക്ക് മൂന്നാം വർഷം ബിരുദവും നാലാം വർഷം ഓണേഴ്സ് ബിരുദവുമാണ് ലഭിക്കുക. ഓണേഴ്സ് ബിരുദക്കാർക്ക് ലാറ്ററൽ എൻട്രി വഴി ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം നേടാം.ഗവേഷണ തൽപരർക്ക് മൂന്ന് വർഷ പഠനത്തിൽ 75 ശതമാനം മാർക്കുണ്ടെങ്കിൽ, നാലാം വർഷം മേജർ വിഷയത്തിൽ ഗവേഷണ പ്രൊജക്ടോ ഡിസർട്ടേഷനോ പൂർത്തിയാക്കി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും നേടാം. ഇത് പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തര ബിരുദമില്ലാതെ തന്നെ പി.എച്ച്ഡിക്ക് ചേരാനും നെറ്റ് പരീക്ഷ എഴുതാനും സാധിക്കും. പഠനത്തിനായി ഇഷ്ടമുള്ള വിഷയങ്ങളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കേരളത്തിൽ യു.ജി.സിയുടെ പ്രോഗ്രാമിൽ നിന്ന് വ്യത്യസ്തമായി മൂന്നാം വർഷം മാത്രമാണ് എക്സിറ്റ് ഓപ്ഷനുള്ളത്.
ഒരു വിഷയത്തിൽ മാത്രം ബിരുദം ലഭിക്കുന്ന ഇപ്പോഴത്തെ രീതിക്ക് പകരം പ്രധാന വിഷയത്തിൽ മേജർ ബിരുദവും തിരഞ്ഞെടുക്കുന്ന മറ്റു വിഷയങ്ങളിൽ മൈനർ ബിരുദങ്ങളും ലഭിക്കുന്ന രീതിയിലേക്കാണ് കോഴ്സ് ഘടന മാറുന്നത്.
ഒരേ ബിരുദ കോഴ്സിന് പഠിക്കുന്നവർക്കിടയിൽ തന്നെയും തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾക്ക് അവസരമൊരുങ്ങുന്നു എന്നതാണ് വലിയ നേട്ടം. സയൻസ് വിഷയങ്ങൾക്കൊപ്പം കൊമേഴ്സ്, ഹുമാനിറ്റീസ് വിഷയങ്ങളും തിരിച്ചും ഈ രൂപത്തിൽ പഠിക്കാനാകും.
മേജർ, സിംഗിൾ മേജർ, മൾട്ടി ഡിസിപ്ലിനറി മേജർ, ഡബ്ൾ മേജർ, മേജർ വിത്ത് മൈനർ എന്നിങ്ങനെ വിദ്യാർഥികൾക്ക് തങ്ങളുടെ കോഴ്സുകളെ ഘടനാപരമായി ചിട്ടപ്പെടുത്താനും അവസരം ലഭിക്കും.
ആദ്യ മൂന്നു സെമസ്റ്ററുകളിൽ അടിസ്ഥാന കോഴ്സുകളിലാണ് പരിശീലനം. ഭാഷാപരമായ കഴിവ് വർധിപ്പിക്കുന്ന കോഴ്സുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, നൈപുണ്യവികസന കോഴ്സുകൾ, വിഷയാധിഷ്ഠിത ഫൗണ്ടേഷൻ കോഴ്സുകൾ എന്നിവയാണ് അടിസ്ഥാന കോഴ്സുകൾ.
ആദ്യ രണ്ട് സെമസ്റ്ററുകൾക്ക് ശേഷം പ്രധാന ഐഛിക വിഷയവും (മേജർ) പുതിയ ഐഛിക വിഷയവും (മൈനർ) തിരഞ്ഞെടുക്കാം. പിന്നീടുള്ള മൂന്നു സെമസ്റ്ററുകളിൽ മേജർ, മൈനർ വിഷയങ്ങൾ ആഴത്തിൽ പഠിക്കണം.
ഒരു വിഷയത്തിൽ മേജർ ലഭിക്കണമെങ്കിൽ ആകെ നേടിയ ക്രെഡിറ്റിൽ പകുതിയും ആ വിഷയത്തിൽ നിന്നായിരിക്കണം. മേജർ വിഷയത്തിൽ നേടിയ ക്രെഡിറ്റിന്റെ പകുതിയോളം വേറെ ഏതെങ്കിലും വിഷയത്തിൽ നേടിയാൽ ആ വിഷയത്തിൽ ഒരു മൈനർ ബിരുദം കൂടി ലഭിക്കും. 30-40 മാർക്ക് ഇന്റേണൽ അസൈൻമെന്റിലൂടെയാണ്. അവശേഷിക്കുന്ന 60-70 മാർക്കാണ് തിയറിക്ക് പരിഗണിക്കുക.
ക്രെഡിറ്റുകൾ പ്രധാനം
നിലവിലുള്ള രീതിയിൽ നിന്ന് വ്യത്യസ്തമായി ക്രെഡിറ്റുകൾ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തത്. മൂന്ന് വർഷം കഴിഞ്ഞാൽ ബിരുദം പൂർത്തിയാകുമെന്ന രീതിയിൽ നിന്ന്, നിശ്ചിത ക്രെഡിറ്റുകൾ പൂർത്തിയാക്കിയാൽ ബിരുദം ലഭിക്കുമെന്ന രീതിയിലേക്കുള്ള മാറ്റമാണ് പ്രധാന സവിശേഷത.
നാല് വർഷ ഓണേഴ്സ് ബിരുദം ലഭിക്കാൻ 177 ക്രെഡിറ്റുകൾ നേടണം. മൂന്ന് വർഷം പൂർത്തിയാക്കി സാധാരണ ബിരുദം നേടി പുറത്തുപോകാൻ (എക്സിറ്റ് ) 133 ക്രെഡിറ്റാണ് വേണ്ടത്. ഒരു ക്രെഡിറ്റിന് ഒരു സെമസ്റ്ററിൽ 45 – 60 മണിക്കൂർ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ഒരു സെമസ്റ്ററിൽ 60 മണിക്കൂറെങ്കിലും കലാ കായിക പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുത്താലും ഒരു ക്രെഡിറ്റ് ലഭിക്കും. നിശ്ചിത ശതമാനം ക്രെഡിറ്റ്, ഓൺലൈൻ രീതിയിലോ വിദൂര വിദ്യാഭ്യാസ രീതിയിലോ പൂർത്തീകരിക്കാനും സാധിക്കും.
കൂടുതൽ കോഴ്സുകൾ ചെയ്യാനോ കോഴ്സ് വർക്കിലെ ബാക്ക് ലോഗ് തീർക്കാനോ പുതിയ കോഴ്സുകൾ വേഗം പഠിച്ചു തീർക്കാനോ സമ്മർ ഫാസ്റ്റ് ട്രാക്ക് സെമസ്റ്റർ എന്ന സംവിധാനവും ഉപയോഗപ്പെടുത്താം.
വിദ്യാർഥികൾക്ക് വിവിധ രീതിയിൽ ക്രെഡിറ്റ് ശേഖരിക്കാൻ കഴിയുന്നതോടൊപ്പം മറ്റ് സർവകലാശാലകളുമായി ക്രെഡിറ്റ് കൈമാറ്റം ചെയ്യാനുള്ള അവസരവുമുണ്ടാകും. കോഴ്സിനിടക്ക് സ്ഥാപനം മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ സഹായകമാകും. കൂടാതെ നേടിയ ക്രെഡിറ്റ് സൂക്ഷിച്ചു വെച്ച് ഇടവേളയെടുത്ത് പുറത്തു പോകാനും നിശ്ചിത സമയത്തിനകം തിരിച്ചുവന്ന് ബാക്കി ക്രെഡിറ്റുകൾ കൂടി നേടി പഠനം പൂർത്തിയാക്കാനും സാധിക്കും.
.