LoginRegister

ഡോ. മുഹ്സിന കെ ഇസ്മായിൽ; വര: മറിയംബീവി പുറത്തീൽ

Feed Back


”യല്‍ദാ, ഇവരെ വിശ്വസിക്കരുത്. ഇവര്‍ ചതിക്കാണ്”- ഗെയിം ബോര്‍ഡില്‍ നിന്ന് പുറത്തെത്തിയ മാത്രയില്‍ ഫാരിസ് വിളിച്ചുപറഞ്ഞു.
”എനിക്കറിയാം നീയെന്നെ പറ്റിക്കുകയാണെന്ന്. നീ നടാഷയെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണ്. അല്ലെങ്കില്‍, എന്റെ നടാഷയെ എന്നിക്കറിയില്ലേ? നീയാണ് എന്നെ പിറകേ നടന്നു ദ്രോഹിക്കാന്‍ ശ്രമിച്ചത്. റൈഡ് തകര്‍ന്നു വീണ അന്ന് നീയവിടെനിന്ന് രക്ഷപ്പെടുന്നത് ഞാന്‍ കണ്ടു. അന്ന് ലൈവിന് വിളിച്ചു സാഹിലിന്റെ പഴയ ഫോട്ടോ കാണിച്ച് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി. പിന്നെ നീ നടാഷയെ വിളിച്ചു. അതെല്ലാം കോഇന്‍സിഡന്‍സ് ആയിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നീ ഇവിടെയും വന്നത്?”
”ഞാന്‍ പറയുന്നത് കേള്‍ക്ക്. ഞാന്‍ നിന്നെ സഹായിക്കുകയായിരുന്നു. ഇവരാണ് നിന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്”- ഫാരിസ് പറഞ്ഞു. ഫാരിസിന്റെ ചീകിമിനുക്കിയ മുടിക്കും നീണ്ടുമെലിഞ്ഞ വെളുത്ത മുഖത്തിനും കൃത്യമായി വെട്ടിയൊതുക്കിയ മീശയ്‌ക്കും പിന്നില്‍ ഒരു നിഗൂഢത ഒളിച്ചിരിക്കുന്നുണ്ടെന്നു യല്‍ദയ്ക്ക് തോന്നിയെങ്കിലും തന്റെ സ്‌ട്രാറ്റജിയില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെ യല്‍ദ തീരുമാനിച്ചു.
”എനിക്ക് അങ്ങനെ തോന്നുന്നില്ല. നടാഷ എന്റെ ഫ്രണ്ടാണ്. പക്ഷേ നീയോ? ഞാനെന്തിന് നിന്നെ വിശ്വസിക്കണം? എന്റെ ഒരു ലൈവ് പ്രോഗ്രാമില്‍ മുഖം കാണിക്കാന്‍ നിനക്ക് ധൈര്യമുണ്ടോ? എന്നാല്‍ ഞാന്‍ നിന്നെ വിശ്വസിക്കാം”- യല്‍ദ ഉറപ്പിച്ചു പറഞ്ഞു.
”അതൊന്നുമിവിടെ പറ്റില്ല. അവന്‍ പറയുന്നതൊന്നും വിശ്വസിക്കരുത് യല്‍ദ. അവന്‍ നിന്നെ പിന്തുടര്‍ന്ന് നിരീക്ഷിക്കുകയും ദ്രോഹിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഞാനാണ് നിന്നെ അപ്പോഴെല്ലാം രക്ഷിച്ചത്”- നടാഷ ഉറപ്പു കൊടുത്തു.
”എനിക്കെന്നെ വിശ്വാസമുണ്ട്. നീ പറഞ്ഞതുകൊണ്ടല്ല നടാഷാ. ഫാരിസിനോട് ഞാന്‍ ക്ഷമിക്കുന്നു. പക്ഷേ, ഒരു പണിഷ്‌മെന്റ് ഉണ്ട്. ഫാരിസ് ഗെയിമിനകത്തേക്കു തിരിച്ചുപോട്ടെ. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കട്ടെ. ടേണ്‍ ലെഫ്‌റ്റ്”- യല്‍ദ ആത്മവിശ്വാസത്തോടെ പറഞ്ഞു.
യല്‍ദ പറഞ്ഞതു പ്രകാരം ഫാരിസ് ഗെയിമിനകത്തേക്ക് കയറിപ്പോയി.
ഹയയും ഇഷാനയും ഒരു തീഗോളത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാനാകാതെ നില്‍ക്കുന്നതിനിടെ ഒരു വ്യാളി വന്ന് അവരുടെ നേരെ തീ തുപ്പാന്‍ തുടങ്ങി. അതും അതിനപ്പുറവും തന്റെ മക്കള്‍ക്ക് നേരിടാനാകുമെന്ന വിശ്വാസത്തില്‍ യല്‍ദ ഉറച്ചുനിന്നു.
”ഫാരിസിനു മാപ്പ് കൊടുത്തതില്‍ നീ ദുഃഖിക്കും, യല്‍ദാ. നിന്റെ മക്കളോട് ഒരിറ്റു സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ നീയവരെ രക്ഷിച്ചേനെ”- നടാഷ പുച്ഛത്തോടെ പറഞ്ഞു.
സ്റ്റേഡിയത്തിനു പുറത്തു നില്‍ക്കുന്ന ഒരു കാണിയെപ്പോലെ യല്‍ദ കളിക്കാരെ പ്രോത്സാഹിപ്പിച്ചു. അപ്പോഴാണ് യല്‍ദ തന്റെ മക്കളെപ്പോലെയുള്ള അനവധി അവതാറുകളെ കണ്ടത്. എല്ലാവര്‍ക്കും ഒരേ മുഖവും ഒരേ വസ്ത്രവുമായിരുന്നു. ഹയയും ഇഷാനയും അതില്‍ ഏതാണെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലും യല്‍ദ പതറിയില്ല.
”യൂ കാന്‍ ഡൂ ഇറ്റ്. ഫൈറ്റ്…ഫൈറ്റ്…” എന്നിങ്ങനെ യല്‍ദ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
”ഫൈനല്‍ സ്റ്റേജ്.” ഗെയിമിനകത്തു നിന്നു പ്രഖ്യാപനമുണ്ടായി.
”യല്‍ദാ, നിനക്ക് ഓര്‍മയുണ്ടോ, ആദ്യമായി നീ ആ കഫേയില്‍ വെച്ച് ആ വീഡിയോ ചെയ്തത്? ആ മിറര്‍ ഗ്ലേസ്സിങ് കേക്കിന്റെ? അന്ന് നിന്റെ കൈയില്‍ നിന്നു വീണ് പൊട്ടിയ ഒരു കപ്പ് നീ തന്ത്രപൂര്‍വം വേസ്റ്റ് ബാസ്‌കറ്റിലിട്ടില്ലേ? ആ ഷോപ്പിലുള്ളവര്‍ നിന്നെ സഹായിച്ചിട്ടും നീ അവരെ ഡിസീവ് ചെയ്തില്ലേ?”
കാലങ്ങളായി യല്‍ദയുടെ മനസ്സിനെ കുത്തിനോവിക്കുന്നതും എന്നെങ്കിലും ഒരു ദിവസം ആ കഫേയില്‍ പോയി മാപ്പു പറയണമെന്നും യല്‍ദ മനസ്സില്‍ കുറിച്ചിട്ടിരുന്ന ആ കാര്യം നടാഷ മുന്നിലെടുത്തിട്ടിട്ടും യല്‍ദ കുലുങ്ങിയില്ല. കുട്ടികളെ കാണുമ്പോള്‍ താന്‍ എന്തൊക്കെയാണ് അവരോട് പറയാന്‍ പോകുന്നതെന്നും എന്തെല്ലാം ടോയ്സ് ആണ് അവര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ പോകുന്നതെന്നുമെല്ലാം ആലോചിച്ചപ്പോള്‍ അവളുടെ കണ്ണില്‍ നിന്നു സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു.
ചുറ്റും തലങ്ങും വിലങ്ങും പറന്നുപോകുന്ന അമ്പുകളും നിലം നിറയെ ശത്രുസൈന്യത്തിലെ കൂറ്റന്‍ ആമകളും കാലൊന്നു തെറ്റിയാല്‍ വീണുപോകുന്ന തിളച്ചുമറിയുന്ന ലാവയുമുള്ള ഒരു സ്ഥലത്തേക്ക് എല്ലാ അവതാറും നയിക്കപ്പെട്ടു.
”യൂ കാന്‍ ഡൂ ഇറ്റ്,” യല്‍ദ വിളിച്ചുപറഞ്ഞു.
അവതാറുകൾ അങ്ങിങ്ങായി ചിതറിവീണുകൊണ്ടിരുന്നു.
”ലാസ്റ്റ് ലൈഫ്.” ഗെയിമില്‍ നിന്ന് അടുത്ത അറിയിപ്പുണ്ടായി. എന്നിട്ടും യല്‍ദയുടെ മുഖത്തു ഭാവവ്യത്യാസമൊന്നുമുണ്ടായില്ല.
”ഈ ലൈഫ് കൂടി പോയാല്‍ നിനക്ക് നിന്റെ കുട്ടികളെ എന്നെന്നേക്കുമായി നഷ്ടപ്പെടും. എനിക്ക് എന്റെ പഴയ രൂപം തിരിച്ചുകിട്ടുകയും ചെയ്യും”- നടാഷ പൊട്ടിച്ചിരിച്ചു.
ആ നിമിഷം നടാഷയുടെ രൂപം മാറാന്‍ തുടങ്ങി. കീ ബോര്‍ഡിന് പിറകില്‍ ഇരുണ്ട നിറത്തിലുള്ള ചുരുണ്ട മുടിയോടുകൂടിയ ഒരു നാല്‍പ്പത്തഞ്ചുകാരി പ്രത്യക്ഷപ്പെട്ടു.
”നീയെന്താണ് ചെയ്തത്?” നടാഷ പരിഭ്രമത്തോടെ ചോദിച്ചു.
”ഈ ടെക്‌നോളജിയുടെ എല്ലാ വശവുമറിയുന്ന ഒരാളോടാണ് നീ കളിക്കുന്നതെന്നു നീ മറന്നുപോയി”- യല്‍ദ അൽപം ഉച്ചത്തില്‍ പറഞ്ഞു.
”ആ ലിവര്‍ ലെഫ്‌റ്റിലേക്ക് തിരിച്ചാല്‍ എല്ലാം പഴയ പടിയാകുമെന്ന് നിനക്കറിയാമായിരുന്നു. എന്നാല്‍, ഗെയിമിനകത്തു നിന്ന് ആ ലിവര്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുമെന്ന് നീ മനസ്സിലാക്കിയില്ല. കുറച്ചുകൂടി സ്മാര്‍ട്ട് ആയി ചിന്തിക്കണം. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കണം. ടെക്‌നിക്കല്‍ കാര്യങ്ങളില്‍ നിനക്ക് അറിവില്ല എന്നു നീ നേരത്തെ പറഞ്ഞിരുന്നല്ലോ”- തന്റെ മക്കളുടെ അവതാറിന്റെ അടുത്തേക്കു നടക്കുന്നതിനിടയില്‍ യല്‍ദ പറഞ്ഞു. നിമിഷനേരം കൊണ്ട് അവതാറുകളെല്ലാം പൂര്‍വസ്ഥിതിയിലായി.
”മമ്മാ, വീ വേർ ഇന്‍സൈഡ് ദി ഗെയിം”- ഹയയും ഇഷാനയും ഓടിവന്ന് പറഞ്ഞു.
ഗെയിമില്‍ നിന്നു പുറത്തു വന്ന കുട്ടികള്‍ പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
”പേടിക്കേണ്ട. ഞാന്‍ നിങ്ങളെ അമ്മയുടെയും അച്ഛന്റെയുമെടുത്ത് എത്തിക്കാം”- യല്‍ദ ഉറപ്പു കൊടുത്തു. കുറച്ചു കുട്ടികള്‍ അത് കേട്ടു യല്‍ദയുടെ കൂടെ വന്നെങ്കിലും മറ്റുള്ളവര്‍ പേടിച്ചു മാറിനില്‍ക്കുകയും ചിലര്‍ കരയുകയും ചെയ്തു.
”ഇതെന്റെ മമ്മയാണ്. വാ, എല്ലാവരും വാ” എന്നു ഹയ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ കുട്ടികളെല്ലാം അവരുടെ ചുറ്റും കൂടി നിന്നു.
അപ്പോഴാണ് നടാഷ തന്റെ കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ് പൊട്ടിച്ച് അതിന്റെ കൂര്‍ത്ത കഷ്ണവുമായി യല്‍ദയുടെ അടുത്തേക്ക് പാഞ്ഞത്. യല്‍ദയുടെ തൊട്ടടുത്ത് എത്തിയപ്പോള്‍ ഫാരിസിന്റെ കൈയിൽ ഉണ്ടായിരുന്ന വാച്ചിലെ ക്യാമറയില്‍ വീഡിയോ ഓണാണെന്ന് മനസ്സിലാക്കിയ നടാഷ അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
”യൂ ആര്‍ അണ്ടര്‍ അറസ്റ്റ്,” ചുരിദാറിട്ട ഒരു സ്ത്രീ വന്ന് നടാഷയോട് പറഞ്ഞു.
”എന്തിന്? ഹൂ ആര്‍ യൂ?”
”അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്”- അവര്‍ പറഞ്ഞു.
”എന്തിനാണെന്ന് നിനക്കറിയില്ല അല്ലേ? നൂറുകണക്കിന് കുട്ടികളെ ഗെയിം കളിക്കാം എന്ന് പറഞ്ഞു പറ്റിച്ച് അവരിലെ പോസിറ്റീവ് എനര്‍ജി കവര്‍ന്നെടുത്തു സ്വന്തം രൂപമാറ്റത്തിനായി ഉപയോഗിക്കുന്ന നിങ്ങളെ പിന്നെ എന്താണ് ചെയ്യേണ്ടത്?”
”അതെങ്ങനെ നിങ്ങളറിഞ്ഞു?”
”സംസാരമെല്ലാമിനി കോടതിയില്‍ മതി”- ജീപ്പിലേക്കു നടാഷയെ കേറ്റുന്ന കോണ്‍സ്റ്റബിളിന് നിർദേശങ്ങള്‍ നൽകുന്നതിനിടയില്‍ കമ്മീഷണര്‍ പറഞ്ഞു.
……

”നിങ്ങള്‍ പേടിച്ചോ?” യല്‍ദ കുട്ടികളോട് ചോദിച്ചു.
”ഇല്ല മമ്മാ. ചെറിയ പേടി തോന്നി. മമ്മയെ ഞങ്ങള്‍ കണ്ടെങ്കിലും മമ്മയുടെ അടുത്തേക്കു വരാന്‍ പറ്റുന്നുണ്ടായിരുന്നില്ല.”
”വീ ഡിഫീറ്റെഡ് ദാറ്റ് ഡ്രാഗൺ”- ഹയ അഭിമാനത്തോടെ പറഞ്ഞു.
”ഗുഡ്. പക്ഷെ, ഇനി സ്‌ട്രെയിഞ്ചേഴ്‌സ് വിളിച്ചാ കൂടെപ്പോകരുത്, ട്ടോ”- യല്‍ദ മക്കളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
”ഒകെ മമ്മാ. മമ്മേം പോകരുത്”- ഇഷാന പറഞ്ഞു.
”ഒകെ. ഉമ്മാ, നമ്മള്‍ ജയിച്ചു.” നിറഞ്ഞ കണ്ണുകളോടെ യല്‍ദ തെല്ലൊരു അന്ധാളിപ്പോടെ നില്‍ക്കുന്ന ഉമ്മയോട് പറഞ്ഞു.
”എനിക്കൊന്നും മനസ്സിലായില്ല”- യുദ്ധഭൂമി പോലെ ചിതറിക്കിടക്കുന്ന ഡ്രാഗണുകള്‍ക്കും വറ്റിപ്പോയ ലാവയ്ക്കും നടുവില്‍ നിന്നുകൊണ്ട് ഉമ്മ പറഞ്ഞു.
”എല്ലാം ശരിയാകും. നമുക്കാദ്യം എന്തെങ്കിലും കഴിക്കാം.” ചിരിച്ചുകൊണ്ട് യല്‍ദ എല്ലാവരെയും ഹാളിനു പുറത്തേക്ക് നയിച്ചു.
……
പുറത്തെത്തിയപ്പോള്‍ മുറ്റം നിറയെ പത്രക്കാരെയും ചാനലുകളെയും കൊണ്ട് നിറഞ്ഞിരുന്നു.
”മാം, എങ്ങനെയാണ് നിങ്ങള്‍ ഈ കുട്ടികളെയെല്ലാം ഗെയിമില്‍ നിന്നു രക്ഷിച്ചത്?” ഒരു ചാനലിന്റെ പ്രതിനിധി മൈക്ക് അടുത്തു കൊണ്ടുവന്ന് ചോദിച്ചു.
”ഈ കുട്ടികളെയെല്ലാം ഗെയിമിനകത്തേക്കു കടത്തി വിട്ട് അവരുടെ എനര്‍ജി മെക്കാനിക്കല്‍ എനര്‍ജിയാക്കി കണ്‍വേര്‍ട്ട് ചെയ്ത് തന്റെ രൂപവും ശബ്ദവും മാറ്റുകയായിരുന്നു നടാഷ. ഗെയിമിലെ ടെക്‌നോളജിക്കല്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയായിരുന്നു ആദ്യത്തെ പടി. എന്റെ ചിന്തകള്‍ക്കനുസരിച്ചു ഗെയിമില്‍ മാറ്റം വരുന്നുണ്ടെന്ന് ആദ്യം ഞാന്‍ കണ്ടെത്തി. മാക്‌സിമം പോസിറ്റീവ് ആയി ചിന്തിച്ചാല്‍ ഗെയിമില്‍ നല്ല കാര്യമാണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കിയെങ്കിലും എന്റെ ചോദ്യങ്ങളൊന്നും നടാഷയെ തളര്‍ത്താതിരുന്നപ്പോള്‍ എന്നെക്കാള്‍ ഒരു പടി മുന്നിലാണ് നടാഷ എന്ന് തോന്നിത്തുടങ്ങി. അവരുടെ മനസ്സ് കൂടി അതില്‍ ലിങ്ക്ഡാണെന്ന്. സ്‌മാര്‍ട്ട് ആയി കളിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഞാന്‍ വിചാരിച്ച വഴിക്കു നടക്കൂ എന്ന് എനിക്കറിയാമായിരുന്നു. അതാണ് ഞാന്‍ ഫാരിസിനോട് ടേണ്‍ ലെഫ്‌റ്റ് എന്നു പറഞ്ഞത്. അതു കേട്ട് നടാഷ ഒന്നു പതറി. അതായിരുന്നു എനിക്കും വേണ്ടത്. അവര്‍ ഡൗണായതോടുകൂടി ഗെയിമിലെ കണ്‍ട്രോള്‍ മുഴുവന്‍ എനിക്ക് കിട്ടി. ഞാന്‍ പോസിറ്റീവായി മാത്രം ചിന്തിച്ചപ്പോള്‍ ഗെയിമില്‍ സ്റ്റക്കായിക്കിടന്ന എല്ലാവരെയും രക്ഷിക്കാന്‍ പറ്റി. ഇനി ഈ കുട്ടികളെ വീട്ടിലെത്തിക്കണം. അതിന് നിങ്ങള്‍ സഹായിക്കുമല്ലോ.” അത്രയേ പറയാനുള്ളൂ എന്ന അർഥത്തില്‍ തലയാട്ടിക്കൊണ്ട് യല്‍ദ മുന്നോട്ടു നടന്നു.
……
നീണ്ട പൊലീസ് ഇന്ററോഗേഷനു ശേഷവും തന്റെ ജീവിതത്തില്‍ എന്താണ് നടന്നതെന്ന അന്ധാളിപ്പ് കുറച്ചു നാളത്തേക്ക് വീടിനകത്തും പുറത്തും അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്നു. ഫാരിസ് എന്ന പത്രപ്രവര്‍ത്തകന്റെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് താൻ എത്രയോ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുവെന്നു യല്‍ദ അത്ഭുതപ്പെട്ടു. ഹയയുടെയും ഇഷാനയുടെയും സ്‌കൂളില്‍ ഒരു ദിവസം ‘കുട്ടികളുടെ മാനസികാരോഗ്യവും സമൂഹവും’ എന്ന വിഷയത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയിലാണ് കുട്ടികളെ നിരീക്ഷിക്കുന്ന നടാഷയെ ആദ്യമായി കണ്ടതെന്നും, കുട്ടികള്‍ വീട്ടിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്ന താന്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അറിഞ്ഞപ്പോള്‍ നിസ്വാര്‍ഥമായി കുട്ടികൾക്കു വേണ്ടി നിലകൊള്ളുന്ന നല്ല മനുഷ്യരോട് യല്‍ദയ്ക്ക് എന്തെന്നില്ലാത്ത മതിപ്പു തോന്നി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയപ്പോള്‍ നടാഷ കണ്ടെത്തിയ പോംവഴിയാണ് മനസ്സ് ശാന്തമാക്കിവെച്ച് മൈന്‍ഡ് റീഡിങ് മെഷീനില്‍ വരുന്ന ചിന്തകളെ വായിച്ചെടുക്കുക എന്നത്. അങ്ങനെയാണ് യല്‍ദ നടാഷയുടെ മനസ്സ് വായിച്ചതും ഫാരിസിനെക്കുറിച്ച് മനസ്സിലാക്കിയതും.
……
”അവസാനമായി ഒരു ചോദ്യം കൂടി. നിങ്ങളെന്തിനാ ഇതൊക്കെ ചെയ്തത്?”
”സാഹിലും ഞാനും കോളജില്‍ പഠിക്കുമ്പോള്‍ ഇഷ്ടത്തിലായിരുന്നു. പെട്ടെന്നൊരു ദിവസം അവന്‍ എന്റെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായി. എനിക്കതു സഹിക്കാന്‍ കഴിഞ്ഞില്ല. അന്വേഷിച്ചപ്പോള്‍ അവന്‍ വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു. എന്നെ പറ്റിച്ചിട്ട് അങ്ങനെ സന്തോഷമായി ജീവിക്കേണ്ടെന്നു ഞാന്‍ നിശ്ചയിച്ചു.”
”അത് മാത്രമേയുള്ളൂ? എങ്ങനെ ഗെയിമിലേക്ക് വന്നു?”
”ഞങ്ങള്‍ കോളജില്‍ പഠിക്കുന്ന സമയത്ത് സാഹില്‍ ഗെയിമുകളെക്കുറിച്ച് സംസാരിക്കുമായിരുന്നു. അവൻ പുറത്തൊക്കെ പോയിട്ടുണ്ട്. അവിടെ ആളുകള്‍ ഗെയിം കളിക്കുന്നതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. പുറത്തു പോയി സെറ്റില്‍ ചെയ്യുന്നത് ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. പിന്നെയാണ് നടാഷ ഈ മൈന്‍ഡ് റീഡിങ് ഡിവൈസിനെക്കുറിച്ച് എന്നോട് പറയുന്നത്. അന്നു മുതലാണ് ഞാനതില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്.” നടാഷയുടെ വാക്കുകളില്‍ അഭിമാനമായിരുന്നു നിറഞ്ഞുനിന്നിരുന്നത്.
”നിങ്ങൾ എന്തെല്ലാം ചെയ്തു? കുറ്റബോധമില്ലേ?”
”എന്തിന്? ഞാൻ ഉദ്ദേശിച്ച കാര്യം നടന്നില്ലേ? സാഹിലിന്റെ കുടുംബം തകര്‍ന്നില്ലേ?”
”പത്തോളം കുട്ടികളെ നിങ്ങള്‍ പറഞ്ഞു പറ്റിച്ചു ഗെയിമിനകത്തേക്കു കടത്തിവിട്ടത് എന്തിനാണ്?” കമ്മീഷണര്‍ ചോദിച്ചു.
”അത്… അവരെല്ലാം ഗെയിമിൽ താൽപര്യമുള്ളവരാ. അവര്‍ എന്‍ജോയ് ചെയ്യട്ടെ എന്നു വിചാരിച്ചു”- നടാഷ പറഞ്ഞു.
ലൈ ഡിറ്റക്‌റ്ററില്‍ ബീപ് ശബ്ദമടിച്ചു.

”നിനക്ക് രക്ഷപ്പെടാനാകില്ല. സത്യം പറഞ്ഞോ”- പോലീസ് ഭീഷണിപ്പെടുത്തി.
”കല്യാണത്തിനു ശേഷം സാഹിലിനെ വിളിച്ചപ്പോളാണ് യല്‍ദ ഇങ്ങനെ ഒരു തൊട്ടാവാടിയാണെന്ന് മനസ്സിലായത്. യല്‍ദ മകളുമായി ബോംബെയില്‍ പോയപ്പോള്‍ അവളെ പിന്തുടര്‍ന്നു ഒരു ഫേക്ക് വെഡ്ഡിങ് കാര്‍ഡുണ്ടാക്കി കാണിച്ചത് ആദ്യപടിയായിരുന്നു. യല്‍ദ സാഹിലുമായി എത്ര കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടെന്ന് അറിയാനായിരുന്നു അത് ചെയ്തത്. എന്നാല്‍, അവള്‍ അത് കണ്ണും പൂട്ടി വിശ്വസിച്ച് അതില്‍ അപ്‌സെറ്റായി എന്നു മാത്രമല്ല, ഇക്കാര്യത്തെക്കുറിച്ച് അവള്‍ സാഹിലിനോട് ഒന്ന് ചോദിക്കുക കൂടി ചെയ്തില്ല എന്നു സാഹിലിനോട് സംസാരിച്ചപ്പോള്‍ അറിഞ്ഞു. എനിക്കു ധൈര്യമായി. യല്‍ദയുടെ ഇമ്മെച്ച്യൂരിറ്റി വഴി അവളെ അറ്റാക്ക് ചെയ്യാമെന്ന് വിചാരിച്ചപ്പോഴാണ് യല്‍ദ യൂട്യൂബ് ചാനലും മറ്റും തുടങ്ങി കുറച്ചു ഫെയ്‌മസ് ആയി കണ്ടത്. അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ഞാന്‍ കുറെ ശ്രമിച്ചു. നടന്നില്ലെന്ന് കണ്ടപ്പോള്‍ ബാങ്കിനെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തു ജപ്തി നോട്ടീസയച്ചു. അതും യല്‍ദ കണ്ടുപിടിക്കുമെന്നായപ്പോള്‍ സൈക്കോളജി ഡേ എന്നൊക്കെപ്പറഞ്ഞു യല്‍ദയുടെ മക്കളുടെ സ്‌കൂളില്‍ പോയി അവര്‍ക്ക് ഗെയിം സോണിലെ റൈഡിന്റെ സ്റ്റിക്കറുകള്‍ കൊടുത്തു. ആത്മാര്‍ഥതയുടെ പ്രതീകമായ ഫാരിസ് പണ്ട് ജോലി ചെയ്തിരുന്ന ഗെയിം സോണിലെ തിരിമറികള്‍ക്കിടയില്‍ എനിക്ക് എണ്ണമറ്റ ലാഭങ്ങളുണ്ടായി. ഒന്ന്, ഹയയുടെ കാല് മുറിഞ്ഞു. രണ്ട്, കുറ്റം ചുമക്കാനൊരാളെ കിട്ടി. മൂന്ന്, യല്‍ദ ഡിപ്രഷനടിച്ച് എല്ലാം ഇട്ടെറിഞ്ഞ് ബോംബേക്ക് പോയി.
തിരിച്ചുവന്ന ശേഷം യല്‍ദയ്ക്ക് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. അവള്‍ എന്റെ ക്ലാസ്‌മേറ്റായ രാഹുലിനെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. അതിനു മുമ്പുതന്നെ ഞാന്‍ അവളുടെ ഗ്യാലറിയിൽ കയറി അവള്‍ രാഹുലിന് കാണിച്ചുകൊടുക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. പാവം, അവളതറിഞ്ഞില്ല. ഒന്നിന് പിറകേ ഒന്നായി ഞാൻ അവരെ ദ്രോഹിച്ചുകൊണ്ടിരുന്നു. പഴയ കാര്യങ്ങള്‍ പറഞ്ഞ് ഇടയ്ക്ക് ഞാന്‍ സാഹിലിനെ വിളിക്കുമായിരുന്നെങ്കിലും അവനെന്നെ അവോയ്ഡ് ചെയ്യുകയാണെന് എനിക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് വേറെ ഒരു ഐഡന്റിറ്റി സ്വീകരിച്ചത്…”
നടാഷ കാര്യങ്ങള്‍ വിശദീകരിച്ചു.
”അന്ന് ഗെയിം സോണില്‍ വെച്ചു നൗഫലും സജ്‌നയും എന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കുമെന്നായപ്പോഴാണ് ഞാന്‍ അവരുടെ മേല്‍ എന്റെ തന്നെ കുറ്റങ്ങള്‍ ആരോപിച്ചത്. മക്കളുടെ കാര്യത്തില്‍ വറീഡ് ആയിരുന്ന യല്‍ദ ഒന്നും ആലോചിക്കാതെ ഞാന്‍ സ്പൂണ്‍ഫീഡ് ചെയ്തതെല്ലാം അതുപോലങ്ങ് വിശ്വസിച്ചു.”
അപ്പോള്‍ മറ്റുള്ളവരുടെ അറ്റെന്‍ഷന്‍ കിട്ടാന്‍ വേണ്ടി കുസൃതികളൊപ്പിക്കുന്ന ഒരു രണ്ട് വയസ്സുകാരിയെപ്പോലെയാണ് നടാഷ പെരുമാറുന്നതെന്ന് കമ്മീഷണര്‍ക്ക് തോന്നി.
”അപ്പോഴാണ് കൂടുതല്‍ എനര്‍ജി വേണമെന്ന് മനസ്സിലാക്കിയത്. അതിനു വേണ്ടി കൂടുതല്‍ കുട്ടികളെ മാളില്‍ നിന്നും മറ്റും ഗെയിം എന്ന ചൂണ്ടയിട്ടു പിടിച്ചത്.”
”നിങ്ങള്‍ക്കെന്തു കിട്ടി?”
”കുറേ നാളത്തേക്കെങ്കിലും ഞാന്‍ വിജയിച്ചില്ലേ? സാഹിലിന്റെ കാമുകി എന്ന സ്ഥാനം തിരിച്ചുകിട്ടിയില്ലേ? എനിക്കതു മതി.”
നടാഷയുടെ ചിരിയുടെ അര്‍ഥം നിർവചിക്കാനാകാതെ പോലീസുകാര്‍ മുഖത്തോടു മുഖം നോക്കി.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top