LoginRegister

ഡോ. മുഹ്‌സിന കെ ഇസ്മായില്‍; വര: മറിയംബീവി പുറത്തീല്‍

Feed Back


”വേള്‍ഡ് സൈക്കോളജി ഡേ ആണ്. നിങ്ങള്‍ക്കു വല്ല ബോധോമുണ്ടോ? ആരെങ്കിലും അവെയര്‍ ആണോ ഇങ്ങനത്തെ ഒരു ഡേ ഉണ്ടെന്നുതന്നെ? ആകെ പൊല്ലാപ്പായി. ഇനി സമയോമില്ല”- മാനേജര്‍ ട്രീസ മേശയ്ക്കു ചുറ്റും കൂട്ടംകൂടി നില്‍ക്കുന്ന സ്റ്റാഫിനെയും മേശയ്ക്കു മുകളിലെ ബോളില്‍ നീന്താന്‍ പോലും മറന്ന് ഒരു നിമിഷം പകച്ചുനിന്ന ഗപ്പി മത്സ്യങ്ങളെയും നോക്കി പറഞ്ഞു. തൊട്ടടുത്ത നിമിഷം തങ്ങളെന്തു ചെയ്യാനാണ് എന്ന ഭാവമായിരുന്നു കടുംനീല നിറത്തിലുള്ള പരന്ന വാലുള്ള ഗപ്പി മത്സ്യത്തിന്. ഏതാണ്ട് അതുതന്നെയായിരുന്നു ട്രീസ മാമിനു ചുറ്റും കൂടിനില്‍ക്കുന്ന സൈക്കോളജിസ്റ്റുകളുടെയും മനസ്സില്‍.
”മാം, നമുക്ക് ഫ്രീ ചെക്കപ്പ് നടത്താം,” ”അവെയര്‍നസ് ക്ലാസ്?” എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ പങ്കുവെച്ച് പ്രോഗ്രാമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതുപോലെ അസിസ്റ്റന്റുമാരും ഹെല്‍പ്‌ഡെസ്‌കിലുള്ളവരും തല പുകയ്ക്കുമ്പോഴാണ് നടാഷ പറഞ്ഞത്: ”ഫ്‌ളാഷ് മോബ് നടത്താം.”
ട്രീസ മാഡത്തിന്റെ ദഹിപ്പിക്കുന്ന നോട്ടം നടാഷയുടെ മേല്‍ വന്നു പതിച്ചപ്പോള്‍ സംഗതി പൊല്ലാപ്പാകുമെന്ന് മനസ്സിലാക്കിയ നടാഷ വേറൊരു നമ്പറിട്ടു: ”മാം, ഇപ്പോ അതാണ് ട്രെന്‍ഡ്.”
മാഡമെന്ന വിളിയിലും ട്രെന്‍ഡിലും വീണുപോയ ട്രീസ മാഡം തെല്ലൊരു അപകര്‍ഷബോധത്തോടെ നിറം കുറഞ്ഞ്, ഉണ്ടക്കണ്ണുകളുള്ള കണ്ണാടി പ്രതിബിംബത്തെയൊന്നു നോക്കിയിട്ട്: ”അത് ഞാന്‍ നടാഷയെ ഏല്‍പിക്കാം. നടാഷേടെ യൂട്യൂബ് ചാനലിലുമിട്ടോ.”
”മാം, ഇപ്പോ യല്‍ദയുടെ ചാനലിനാണ് വ്യൂവേഴ്സ് കൂടുതല്‍”- നടാഷ യല്‍ദയെ കണ്ണിറുക്കിക്കാണിച്ചിട്ടു പറഞ്ഞു.
ഒരു സൂപ്പര്‍വൈസറുടെ കീഴില്‍ ജോലി ചെയ്യുന്നത് എന്തൊരു ബോറാണെന്ന് യല്‍ദ എപ്പോഴും ചിന്തിക്കാറുണ്ട്. നമ്മള്‍ നമ്മുടെ ഇഷ്ടത്തിന് കുട്ടികള്‍ക്ക് മിഠായി വാങ്ങിക്കൊടുക്കുന്നതും മറ്റൊരാള്‍ പറഞ്ഞിട്ട് അത് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമില്ലേ?
”ടീ, നീയെന്താ ഒന്നും മിണ്ടാണ്ടിരുന്നേ?”
”ഓ, നീ പറഞ്ഞതൊക്കെ എനിക്കോര്‍മയുണ്ട്. അവരെ സോപ്പിടണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആകെ ടെന്‍ഷനിലായിരുന്നു. നീ ഇത് കണ്ടോ?”
യല്‍ദ ഒരു കവര്‍ നടാഷയുടെ നേരെ നീട്ടി.
”നമ്മളുണ്ടല്ലോ പ്രസന്റില്‍ ജീവിക്കണം. അപ്പൊ പറയേണ്ട ഡയലോഗ് പിന്നെ പറഞ്ഞിട്ട് കാര്യണ്ടോ? പറയാന്‍ പറ്റിയില്ലെന്നു സങ്കടപ്പെട്ടിട്ടു കാര്യണ്ടോ?”
കുര്‍ത്തയുടെ കൈ കയറ്റി കസേര തിരിച്ചിട്ടു കാലു വിലങ്ങനെ ഇട്ടിരുന്ന് നടാഷ കവര്‍ തുറന്നു.
”ഇതെന്താ?”

” വായിച്ചുനോക്ക്. എന്ത് ചെയ്യും?”
യല്‍ദ ലാപ്‌ടോപ്പ് ഓണ്‍ ചെയ്തു.
”സുസ്മിതയുടെ സ്‌കൂളില്‍ മൈന്‍ഡ് ഹെല്‍ത്ത് ക്ലബ് പരിപാടിയില്‍ ടോക്ക് ചെയ്യാന്‍ നിന്നെയാണ് വിളിച്ചതല്ലേ? അപ്പോ ഞാനോ?”
നടാഷ അലക്ഷ്യമായി കവര്‍ തുറക്കുന്നതിനിടെ പറഞ്ഞു.
”അവള്‍ രാപകല്‍ നോക്കാതെ വിളിക്കുമ്പോ കോള്‍ അറ്റന്‍ഡ് ചെയ്യുന്നത് ഞാനാണേ. അതിത്തിരി ബുദ്ധിമുട്ടുള്ള പണിയാ.”
”അതെപ്പോ? ഞാനറിഞ്ഞില്ലല്ലോ? എന്നാ പ്രോഗ്രാം?”
”ഇരുപത്തിയേഴിന്.”
”അന്നല്ലേ നമ്മുടെ സൈക്കോളജി ഡേ? നീ പോയതുതന്നെ!”
സംസാരത്തിനിടെ നടാഷ കൈയിലെ പേപ്പര്‍ മേശപ്പുറത്തേക്ക് എറിഞ്ഞു. രണ്ടാളും വേറെ സംസാരങ്ങളിലേക്ക് തിരിഞ്ഞു.
പിന്നെയും കുറേ കഴിഞ്ഞാണ് യല്‍ദക്ക് കവറിന്റെ കാര്യം ഓര്‍മ വന്നത്.
”ടീ, ്യൂഞാന്‍ തന്ന കവര്‍ എവിടെ? നിന്റെ സംസാരത്തിനിടയില്‍ ഞാനത് മറന്നു.”
”അത്… അത് ഞാന്‍ അപ്പൊത്തന്നെ തിരിച്ചുതന്നല്ലോ”- നടാഷ ബാഗില്‍ നിന്ന് ച്യൂയിങ് ഗം പുറത്തെടുക്കുന്നതിനിടയില്‍ പറഞ്ഞു:
”ഇല്ലെടീ, എനിക്കുറപ്പാ. നീ തന്നില്ല. അത് ഡിവോഴ്‌സ് നോട്ടീസാണോയെന്ന് എനിക്കു പേടിയുണ്ട്.”
”ഞാന്‍ നോക്കാം. നീ സമാധാനപ്പെട്. ഡിവോഴ്‌സ് നോട്ടീസാണെങ്കി എന്താ? നല്ല എമൗണ്ടിങ്ങ് ചോദിക്കണം. നമ്മുടെ ഫാത്തിമ മേഡത്തെ ഏല്‍പിക്കുന്ന കാര്യം ഞാനേറ്റു.”
നടാഷ യല്‍ദക്കൊരു ച്യൂയിങ് ഗം കൊടുത്തു.
”നീ തമാശ കള.”
യല്‍ദയുടെ ഹൃദയത്തില്‍ ആവലാതികള്‍ നിറഞ്ഞു വീര്‍പ്പുമുട്ടിത്തുടങ്ങിയിരുന്നു. ഡിവോഴ്‌സിനേക്കാള്‍ വലിയ നീരാളിയാണ് ആ കവറിലുണ്ടായിരുന്നതെന്ന് യല്‍ദ തിരിച്ചറിയരുതെന്ന് നടാഷ ആഗ്രഹിച്ചു.

”വെല്‍ക്കം ടു ജവാരിയ പോസിറ്റീവ് വൈബ്‌സ്. ഇന്നു ഞാന്‍ വന്നിരിക്കുന്നത് ഒരു കിടിലന്‍ ഐറ്റവുമായാണ്. ഫുഡ് ചാലഞ്ച്.”
മേശപ്പുറത്തു നിരത്തിവെച്ചിരിക്കുന്ന ചെറിയ ഭക്ഷണപ്പൊതികള്‍ ഓരോന്നായി കാമറയ്ക്കു മുന്നില്‍ ചിരിച്ചുനിന്നു. ഹയ പൊതികള്‍ തൊട്ടുനോക്കുന്നുണ്ട്. അവള്‍ അത് തുറക്കുന്നതിനു മുമ്പ് ടേസ്റ്റ് ചെയ്യാന്‍ തുടങ്ങണമെന്ന് മനസ്സിലുറപ്പിച്ചു യല്‍ദ സെല്‍ഫി സ്റ്റാന്റില്‍ ഫോണുറപ്പിച്ച് നിര്‍ത്തി.
”ലെറ്റ്സ് സീ,” യല്‍ദ ആദ്യത്തെ പൊതി കയ്യിലെടുത്തു.
”സോറി. ബ്ലൈന്‍ഡ് ഫോള്‍ഡ് ചെയ്യാന്‍ മറന്നു.”
യല്‍ദ മേശപ്പുറത്തുണ്ടായിരുന്ന ഒരു ഷോളെടുത്ത് കണ്ണ് കെട്ടുന്നതിനു മുന്‍പ് താന്‍ കൈ നീട്ടുമ്പോള്‍ ഓരോ പൊതിയായി തനിക്ക് തരണമെന്ന് ഹയയെ പറഞ്ഞേല്‍പിച്ചു. ഒരു മിനിറ്റു കണ്ണടച്ചിരുന്നിട്ടും കയ്യിലൊന്നും കിട്ടാതിരുന്നപ്പോഴാണ് യല്‍ദ കണ്ണുതുറന്നു നോക്കിയത്. പൊതിയിലുള്ള ഡോനട്ടും സാന്‍വിച്ചും ചിക്കനുമെല്ലാം ഹയയും ഇഷാനയും കൂടി അകത്താക്കുന്നു.
”വാട്ട് എ ക്ലിയര്‍ വോയ്‌സ് യൂ ഹാവ്! യുണീക്ക് പ്രസന്റേഷന്‍. പ്ലീസ് ഡൂ മോര്‍ വീഡിയോസ്” -നടാഷ തലേ ദിവസം കാണിച്ചു കൊടുത്ത യല്‍ദയുടെ ലാസ്റ്റ് വീഡിയോക്ക് വന്ന പോസീറ്റീവ് കമന്റുകളിലൊന്ന് യല്‍ദയുടെ ഹൃദയത്തെ കുളിരണിയിച്ചു. പുതിയൊരു വീഡിയോ എങ്ങനെയും ചെയ്യണമെന്ന് നിശ്ചയിച്ചു യല്‍ദ ബാഗും ഫോണുമെടുത്ത് അപ്പോള്‍ തന്നെ പുറത്തിറങ്ങി.
”നടാഷയെ വിളിക്കാം. അവളിന്ന് ഫ്രീ ആയിരിക്കും.”
തുമ്പപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ഗേറ്റ് കടന്നുപോകുമ്പോഴും സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടണമെന്ന ലക്ഷ്യമല്ലാതെ എവിടെ പോവുകയാണെന്ന കുട്ടികളുടെ ചോദ്യമൊന്നും യല്‍ദ കേട്ടില്ല. യല്‍ദ എതിരെ വന്ന ഒരോട്ടോക്ക് കൈ കാണിച്ചു.

നടാഷയുടെ ഫ്‌ളാറ്റിന്റെ ലിവിങ് റൂമിലിരുന്നു ഫുഡ് ചാലഞ്ചിന്റെ മോഡിഫൈഡ് വേര്‍ഷന്‍ ചെയ്യുമ്പോള്‍, പക്ഷേ തുമ്പപ്പൂക്കളുടെ ഇതളുകള്‍ മുള്ളുകളായി തൊണ്ടയില്‍ കുത്തിത്തറയ്ക്കുന്നതുപോലെ യല്‍ദയ്ക്കു തോന്നി. ഇപ്പോള്‍ എന്താണ് ഹയ ക്രിക്കറ്റ് കളിക്കണമെന്ന് പറയാത്തതെന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും ബാല്‍ക്കണിയിലെ നാലുമണിപ്പൂക്കള്‍ യല്‍ദയെ മറ്റൊരു ലോകത്തെത്തിച്ചു.
”ഞങ്ങളുടെ വീട്ടിലുണ്ടാരുന്നു പണ്ട് നാലുമണിപ്പൂവും പത്തുമണിപ്പൂവെല്ലാം. ഞാന്‍ ചെലപ്പോ കാത്തിരിക്കുമായിരുന്നു ഈ പൂക്കള്‍ വിടരുന്നത് കാണാന്‍. എന്തൊരത്ഭുതമാണല്ലേ?”
”നിനക്കു കൊറച്ചു വട്ടുണ്ടല്ലേ?”
അതിനു മറുപടിയായി ഒന്ന് വെറുതെ ചിരിക്കുക മാത്രം ചെയ്തുള്ളൂവെങ്കിലും ആ വാക്കുകള്‍ സാഹിലിന്റേതായിരുന്നുവെന്ന് യല്‍ദ ഈര്‍ഷ്യയോടെ ഓര്‍ത്തു. കുറ്റങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും.
”നീയെന്താ അപ്‌സെറ്റ് ആയിരിക്കുന്നത്?”
”ഞാനിങ്ങനെ വെറുതെ ഓരോന്ന്.”
യല്‍ദയുടെ ചിരിയില്‍ ദുഃഖം കലര്‍ന്നിരുന്നു.
”അതാദ്യം നിര്‍ത്തണം”- നടാഷയുടെ വാക്കുകളില്‍ പുച്ഛം കലര്‍ന്നിരുന്നു.
”ഞാനിങ്ങനെയാ. നീ മാത്രം പെര്‍ഫെക്റ്റ്.”
യല്‍ദയുടെ മനസ്സില്‍ ഏറെക്കാലമായി കുമിഞ്ഞുകൂടിയിരുന്ന ദേഷ്യമെല്ലാം പുറത്തുചാടി. നടാഷ അവിശ്വാസത്തോടെ യല്‍ദയെ നോക്കി. പിന്നെ, ഒന്നും പറയാതെ മുറിയില്‍ കയറി കതകടച്ചു. യല്‍ദയുടെ കണ്ണ് നിറഞ്ഞു.
”ടീ, സോറി. അറിയാതെ പറഞ്ഞതാ. പ്ലീസ്, സോറി.”
യല്‍ദ ഏറെ നേരം കാത്തുനിന്നെങ്കിലും നടാഷ പുറത്തുവന്നില്ല. താന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്ത യല്‍ദയുടെ മസ്തിഷ്‌കത്തെ മൂടി. ലിഫ്റ്റില്‍ കയറി ഗ്രൗണ്ട് ബട്ടണ്‍ അമര്‍ത്തുമ്പോഴും അക്കങ്ങള്‍ തെളിയാതെ യല്‍ദക്ക് മുന്നില്‍ ഒളിച്ചുകളിച്ചു.
നടാഷയുടെ വാക്കുകള്‍ മനസ്സിനെ കുത്തിനോവിക്കുമെന്ന് യല്‍ദ വിചാരിച്ചെങ്കിലും അതുണ്ടായില്ല. ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിലെത്തി യൂട്യൂബ് തുറന്നപ്പോഴേക്കും യല്‍ദയുടെ മനസ്സ് സന്തോഷക്കൊടുമുടിയില്‍ എത്തിക്കഴിഞ്ഞിരുന്നു. പുതിയ ഫുഡ് ചാലഞ്ച് വീഡിയോക്ക് അര മണിക്കൂര്‍ കൊണ്ട് ആയിരം വ്യൂ കടന്നിരുന്നു.
”വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണം. ”
യല്‍ദ തൊട്ടടുത്ത് കണ്ട കഫേയില്‍ കയറി മറ്റ് യൂട്യൂബ് ചാനലുകള്‍ വെറുതെ സ്‌ക്രോള്‍ ഡൗണ്‍ ചെയ്തുകൊണ്ടിരുന്നു. കോള്‍ഡ് ഹോട്ട് ചാലഞ്ചും ഗസ്സ് ദി ഡ്രോയിങ് ചാലഞ്ചുമായിരുന്നു അപ്പോള്‍ ട്രെന്‍ഡിങ്.
”മാം, കഴിക്കാനെന്താ വേണ്ടത്?”
”ഒരു കാപ്പുചിനോ.”
യല്‍ദ ഫോണില്‍ നിന്നു കണ്ണെടുക്കാതെ പറഞ്ഞു.

കണ്ണാടിച്ചില്ലുകള്‍ക്കകത്ത് പേരും ആശംസകളും എഴുതിയ വിവിധ തരം കേക്കുകള്‍ ആരവങ്ങളും കാത്ത് ഉറക്കം തൂങ്ങി. അതിനിടയില്‍ റെയിന്‍ബോ നിറത്തിലുള്ള ചലിക്കുന്ന ഒരു കേക്ക് യല്‍ദ കണ്ടു. കറുത്ത ലായനിയില്‍ ഒഴുകിനടക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള സ്പ്രിംഗിള്‍സ് യല്‍ദയോട് വിശേഷങ്ങള്‍ ചോദിച്ചു.
”അതെന്താ, പുതിയ കേക്ക് ആണോ?”
”അതെ മാം. മിറര്‍ ഗ്ലേസിങ് കേക്ക്.”
കറുത്ത ഷര്‍ട്ടും ക്രീം പാന്റ്‌സുമിട്ട ഒരു സ്‌പൈക്ക് മുടിയന്‍ പറഞ്ഞു.
”എങ്ങനെയാ ഈ സ്പ്രിംഗിള്‍സ് മൂവ് ചെയ്യുന്നത്?”
”അത് മാം, അതൊരു പുതിയ ടെക്‌നോളജിയാണ്. നമ്മുടെ ഇമോഷന്‍സ് അനുസരിച്ച് അതിന്റെ ചലനം മാറും.”
വെയിറ്റര്‍ ഒരു വലിയ കാര്യം പറയുന്നതുപോലെ യല്‍ദയെ നോക്കി. അവിശ്വസനീയമായ കുറേ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതുകൊണ്ടാണോ എന്നറിയില്ല യല്‍ദയ്ക്ക് അപ്പോഴേക്കും അവയോടുള്ള പ്രതികരണശേഷി നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.
”ദാറ്റ്സ് ഗുഡ്. കാന്‍ ഐ ട്രൈ?”
യല്‍ദ തന്റെ സെല്‍ഫി സ്റ്റിക്ക് പുറത്തെടുക്കുന്നതിനിടയില്‍ പറഞ്ഞു.
”വീഡിയോ അലൗഡ് അല്ല മാം.”
വെയിറ്റര്‍ റിസപ്ഷനിലിരിക്കുന്ന ആളുടെ കണ്ണുകൊണ്ടുള്ള സംഭാഷണങ്ങള്‍ക്കനുസരിച്ചു പ്രതികരിച്ചു. യല്‍ദ അത് കണ്ടെങ്കിലും കണ്ടെന്നു ഭാവിച്ചില്ല. അവള്‍ ഫോണ്‍ ഓണ്‍ ചെയ്തു യൂട്യൂബ് ചാനലെടുത്ത് അയാളുടെ നേര്‍ക്കു നീട്ടി. ‘ടെന്‍ കെ’ എന്ന നമ്പര്‍ കണ്ടു അയാളുടെ കണ്ണുകള്‍ വിടരുന്നത് യല്‍ദ ശ്രദ്ധിച്ചു.
”ഞാനൊന്ന് മാനേജറോട് സംസാരിച്ചിട്ട് പറയാം മാം.” അയാള്‍ വളരെ ബഹുമാനത്തോടെ യല്‍ദയോട് പറഞ്ഞു. അപ്പോഴും മിറര്‍ ഗ്ലേസിങ് കേക്കിലെ സ്പ്രിംഗിള്‍സ് തനിക്കു വേണ്ടി നൃത്തം ചെയ്യുന്നതുപോലെ യല്‍ദക്ക് തോന്നി. ഈ സ്‌പെഷ്യല്‍ വീഡിയോ വൈറല്‍ ആകും- യല്‍ദ കണക്കുകൂട്ടി.
അപ്പോള്‍ സുസ്മിത യല്‍ദയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം അവളുടെ ഹൃദയതാളത്തെ പിടിച്ചുയര്‍ത്താമെന്ന ഉദ്ദേശ്യത്തോടെ അവളുടെ ഫോണിന്റെ ഓര്‍മയിലെവിടെയോ കണ്‍മിഴിച്ചിരുന്നു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top