”ഹായ് ഗയ്‌സ്, വെല്‍കം ടു ജവാരിയ പോസിറ്റീവ് വൈബ്‌സ്. ഇത് മെയ്ക്ക് ഓവറുകളുടെ കാലമാണ്. ട്രെന്‍ഡിയായി എങ്ങനെ നടക്കാമെന്നു ജനം ആലോചിക്കുന്ന കാലം. ഞാനും ഒരു മെയ്ക്ക് ഓവറിലാണ്.”
അനുസരണയോടെ യല്‍ദ പറഞ്ഞതെല്ലാം ഒപ്പിയെടുക്കുന്ന ഫോണ്‍ സ്‌ക്രീനിലേക്ക് കണ്ണോടിച്ചുകൊണ്ട് നടാഷ അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. നടാഷയാണ് ഈ മെയ്ക്ക് ഓവറിന്റെ സംവിധായിക. വീണ്ടും ജവാരിയയുടെ ഫോണിലെ റെക്കോര്‍ഡ് ബട്ടണ്‍ അമര്‍ന്നു.
”വില്‍ ഷോ യൂ മൈ മെയ്ക്ക് ഓവര്‍ ടിപ്‌സ് ഇന്‍ ദി നെക്സ്റ്റ് വീഡിയോ. ഹോപ് യൂ ലൈക് ആന്റ് സബ്‌സ്‌ക്രൈബ്”- യല്‍ദ വീഡിയോ സ്റ്റോപ്പ് ചെയ്തു.
”അടിപൊളിയായിട്ടുണ്ട്. ഇതില് ഒരു നൂറ് വ്യൂവേഴ്സിനെയെങ്കിലുമൊപ്പിക്കണം. എന്നാ രക്ഷപ്പെട്ടു.” നടാഷ യല്‍ദയെ പ്രോത്സാഹിപ്പിച്ചു.
”ഇത് വല്യ പൊല്ലാപ്പാണ്. എന്നെക്കൊണ്ട് പറ്റില്ല. ഈ പാര്‍ട്ട് കണ്ടോ? അതില്‍ ചുണ്ടനക്കുന്നത് ബോറല്ലേ?”
”നീ നിന്നെത്തന്നെയാണ് ആദ്യം മാറ്റേണ്ടത്. സെല്‍ഫ് ക്രിട്ടിസിസം നിര്‍ത്തണം. ബ്രീത്ത് ചെയ്യാന്‍ കുറച്ച് സ്‌പേസ് കൊടുക്കെടോ”- നടാഷ കൗണ്‍സലിങ് മോഡിലേക്ക് പോയി.
”ഇതിപ്പോ സെവന്‍ തന്നെയായി. ഇന്നു ഞാന്‍ നേരത്തെ വീട്ടില്‍ ചെല്ലാമെന്നു പറഞ്ഞതാണ്”- യല്‍ദ കുട്ടികള്‍ക്ക് വാങ്ങിച്ച കിന്‍ഡര്‍ ജോയ് കൈയിലെടുത്തുകൊണ്ട് പറഞ്ഞു.
”എന്നാ നീ എന്തെങ്കിലും ചെയ്യ്. പിന്നെ, സാഹിലിന്റെ സിസ്റ്റര്‍ അങ്ങനെയാണ് ഇങ്ങനെയാണ്, അവളുടെ ഇന്‍സ്റ്റാ അക്കൗണ്ട് കണ്ടോ എന്നൊന്നും പറഞ്ഞു എന്റെയടുത്ത് വന്നേക്കരുത്”- നടാഷ ബാഗെടുത്ത് പോകാനൊരുങ്ങി.
”നിനക്കൊന്നും പറ്റണ പണിയല്ല ഇത്.”
കസേരയില്‍ തല കീഴായിക്കിടക്കുന്ന പിങ്ക് നിറത്തിലുള്ള ഓഫീസ് കോട്ടുമെടുത്ത് ബാഗ് തോളില്‍ തൂക്കി നടക്കുമ്പോഴും ഒരു കുറ്റബോധം മനസ്സിന്റെ കോണില്‍ നിന്നോടിവന്നു യല്‍ദയുടെ മസ്തിഷ്‌കത്തെ പിടിച്ചുലച്ചു. നടാഷയുടെ വാക്കുകളില്‍ പെട്ടുലഞ്ഞു യാന്ത്രികമായി ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും നിഴലുകള്‍ വീണു മാഞ്ഞ നിരത്തുകള്‍ യല്‍ദയെ കണ്ടില്ലെന്നു നടിച്ചു.
താനും മക്കളും അന്ന് പാടത്ത് പോയി ചളി വാരിക്കളിച്ചതും ഓല വെച്ച് വീടുണ്ടാക്കി മണ്ണപ്പം ചുട്ടു കളിച്ചതും വണ്ണാത്തിക്കിളിയുടെ ശബ്ദത്തിനൊപ്പം മുന്നില്‍ക്കിടന്ന് പിടഞ്ഞു.
സാഹില്‍ ഇന്നലെ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റ റീല്‍ അതിനിടയിലൂടെ കയറി വന്നു നടുവില്‍ നൃത്തം കളിച്ചു. സാഹിലും ഷംനയും കടുംനീല സ്വെറ്റ് ഷര്‍ട്ടിട്ട് ഡാന്‍സ് ചെയ്യുന്നതായിരുന്നു റീല്‍.
#ട്രാന്‍സ്‌ഫോര്‍മേഷന്‍ #ഡാന്‍സ് #ടുഗെദര്‍ #വിത്ത്ഫാമിലി എന്നെല്ലാം കണ്ടപ്പോഴാണ് യല്‍ദയുടെ കണ്‍ട്രോള്‍ പോയത്. കാര്യം സിസ്റ്റര്‍ ഒക്കെയാണ്. കളഞ്ഞുപോയ ബന്ധങ്ങളെക്കുറിച്ചും എടുത്ത തീരുമാനങ്ങളെക്കുറിച്ചും ഓര്‍ത്ത് പശ്ചാത്തപിക്കേണ്ടി വരുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്ളതുകൊണ്ടാണെന്നറിയാതെയുമല്ല. സോഷ്യല്‍ മീഡിയ ജനങ്ങളില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചായിരുന്നു യല്‍ദ സൈക്കോളജിക്ക് പഠിക്കുമ്പോള്‍ പ്രോജക്റ്റ് ചെയ്തിരുന്നത്. സാഹിലിന്റെ വീട്ടില്‍ നിന്നിറങ്ങി വന്ന അന്നുതന്നെ സാഹിലിനെ എഫ്ബിയില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്യുകയും ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തതുമാണ്. ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എഫ്ബിയില്‍ ഒന്ന് പോയി സെര്‍ച്ച് ചെയ്തു. അനക്കമുണ്ടെന്നറിഞ്ഞപ്പോള്‍ ഇടയ്ക്കിടെ അതൊരു പതിവാക്കി. ചില പോസ്റ്റുകള്‍ ഭൂതകാലത്തിലേക്ക് യല്‍ദയെ വലിച്ചുകൊണ്ടുപോയി. സാഹില്‍ എന്ത് ചെയ്താലും താനിന്ന് അഫക്റ്റഡാകില്ല എന്നു വിചാരിച്ചിട്ടാണ് ഓരോ പ്രാവശ്യവും അക്കൗണ്ട് ചെക്ക് ചെയ്തുകൊണ്ടിരുന്നതെങ്കിലും ഓരോ തവണയും അവ യല്‍ദയുടെ മനസ്സില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
”എറങ്ങുന്നില്ലേ? സ്വപ്‌നം കണ്ടിരിക്കാണോ?”
ബസ് കണ്ടക്ടറുടെ ചോദ്യം ഓര്‍മകളെ പാതിവഴിക്ക് ഉപേക്ഷിച്ചു. അവിടവിടെയായി പെയിന്റ് പൊളിഞ്ഞു തുടങ്ങിയ കമ്പിയില്‍ പിടിച്ചു ബസ്സിന്റെ സ്റ്റെപ്പിറങ്ങിയപ്പോഴേക്കും ബസ്സില്‍ കയറാനുള്ള യാത്രക്കാരിലൊരാള്‍ രണ്ടാമത്തെ സ്റ്റെപ്പില്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരുന്നു.
വീട്ടിലേക്കു തിരക്കിട്ട് നടക്കുമ്പോള്‍, എത്ര ചവിട്ടു കൊണ്ടാലും പ്രതിഷേധിക്കാത്തവര്‍ മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂവെന്ന് ആ സ്റ്റെപ്പുകള്‍ പറയുന്നതുപോലെ യല്‍ദയ്ക്കു തോന്നി.
”കുട്ടികള്‍ നേരത്തേ ഉറങ്ങി. ഹയ കുറേ നേരായി ചോദിക്കുന്നു”- യല്‍ദയെ കണ്ടപാടെ ഉമ്മ പറഞ്ഞു.
”ഉം,” യല്‍ദ ഒന്ന് മൂളുക മാത്രം ചെയ്തു. ഈയിടെയായി എല്ലാവരും തന്നെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് യല്‍ദയ്ക്കു തോന്നിത്തുടങ്ങിയിരുന്നു.
”ബോറടിക്കുന്നുണ്ടാകും, പാവം. എവിടെയെങ്കിലും പോയിട്ട് കുറേ നാളായില്ലേ?”
”ഉമ്മാക്ക് റുഖിയാത്താടെ വീട്ടില്‍ കൊണ്ടുപോകായിരുന്നില്ലേ?” കുറ്റബോധം ഇടവും വലവും നോക്കാതെ വാക്കുകളിലേക്ക് കയറിവന്നതറിഞ്ഞ് യല്‍ദയൊന്ന് പരുങ്ങി. യല്‍ദക്കെന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അവള്‍ അപ്‌സെറ്റ് ആകുമെന്നറിയാകുന്നതുകൊണ്ട് ഉമ്മയൊന്നും ചോദിച്ചില്ല.
”അവര്‍ക്ക് വല്ലാതെ ബോറടിക്കുന്നുണ്ടെന്ന് തോന്നുന്നു. ചെലപ്പോ പാവം തോന്നും. നീ ഫുഡ് കഴിക്ക്.”
ഉമ്മ അടുക്കളയിലേക്ക് പോയി.
”ഇനി പോണില്ല, ല്ലേ?”
യല്‍ദ ജീവിതത്തില്‍ ഏറ്റവുമധികം പേടിച്ചിരുന്ന ആ ചോദ്യം റുഖിയാത്ത ചോദിച്ചതിനാലാണ് പിന്നെ കുട്ടികളെയും കൊണ്ട് അവിടെ പോയി കളിക്കുന്നത് നിര്‍ത്തിയതെന്ന് ഉമ്മ യല്‍ദയോട് പറഞ്ഞില്ല. അതിനൊപ്പം, പെണ്ണുങ്ങളായാല്‍ കൊറച്ചൊക്കെ വിട്ടുകൊടുക്കണമെന്ന് റുഖിയാത്ത പറഞ്ഞത് ഉമ്മയ്ക്ക് തന്നെ അത്ര ഇഷ്ടപ്പെട്ടിട്ടില്ല.
കൊക്കിന്‍കൂട്ടം വിമാനത്തിന്റെ ആകൃതിയില്‍ പറന്നുപോയി കൂടണയുന്നതു കാണാന്‍ പണ്ട് താനും സജ്‌നയും നൗഫലിന്റെ കൂടെ ഞായറാഴ്ച വൈകുന്നേരങ്ങളില്‍ പാടത്ത് ഒത്തുകൂടുന്നതാണ്, ഇന്ന് കൊക്കുകളെ കണ്ടപ്പോള്‍ യല്‍ദയ്ക്ക് ഓര്‍മ വന്നത്. ഓരോ ചുവടും എത്ര ശ്രദ്ധയോടെ വെച്ചാലും തിരിച്ചുവരുമ്പോള്‍ തന്റെ കാലിലായിരിക്കും അട്ട കടിച്ച പാടുണ്ടാവുക.
”മമ്മാ, ഇഷാന എന്റെ ഡോളെടുത്തു”- അരപ്രൈസിലിരുന്നു പക്ഷികള്‍ കൂടണയുന്നതും നോക്കിയിരിക്കുന്ന യല്‍ദയുടെ അടുത്തേക്കോടി വന്നു ഹയ ചിണുങ്ങി.
”മമ്മാ, ഞാനല്ല. അവള്‍ തന്നെ ഒളിപ്പിച്ചുവെച്ചതാ”- ഇഷാന പറഞ്ഞു.
”ദാ, അത് കണ്ടോ?” യല്‍ദ ആ പക്ഷിക്കൂട്ടങ്ങളുടെ പ്രത്യേക ആകൃതി കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുമ്പോഴേക്കും ആകാശത്ത് വര്‍ണങ്ങള്‍ വാരിവിതറി സൂര്യന്‍ അപ്രത്യക്ഷമായിരുന്നു.
എപ്പോഴും കുട്ടികളുടെ കൂടെയുണ്ടായിരുന്നുവെങ്കില്‍ തനിക്ക് ചിലപ്പോള്‍ അവരെ അരികിലിരുത്തി കണ്‍കുളിര്‍ക്കുന്ന കാഴ്ചകള്‍ കാണിച്ചുകൊടുക്കാന്‍ കഴിയില്ലായിരുന്നു. താനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തളര്‍ന്നിട്ടുണ്ടാകുമായിരുന്നു എന്ന ഒഴികഴിവ് യല്‍ദയുടെ മനസ്സിനെ സ്പര്‍ശിച്ചു കടന്നുപോയി.
എപ്പോഴാണ് ഇരുട്ട് നിറങ്ങളെ വന്നു മൂടുന്നതെന്ന് ആരെങ്കിലും കണ്ടിട്ടുണ്ടോ? നിറങ്ങള്‍ മാഞ്ഞുപോകുന്നതാണോ അതോ കറുപ്പുനിറം മറ്റ് നിറങ്ങളെ വിഴുങ്ങുന്നതാണോ എന്ന ചിന്ത യല്‍ദയുടെ മനസ്സില്‍ ആവര്‍ത്തിച്ചു വന്നുകൊണ്ടേയിരുന്നു. അടുത്ത തവണ കണ്ണുകള്‍ ചിമ്മാതെ ആകാശത്തേക്കു തന്നെ നോക്കിനില്‍ക്കണം. വീടിന്റെ തെക്കേയറ്റത്തു നിന്നു വീശുന്ന കാറ്റ് തിരക്കിട്ട് എന്തോ ചെയ്തുതീര്‍ക്കാനുള്ളതുപോലെ കുട്ടികള്‍ അരപ്രൈസിനു മുകളില്‍ വെച്ചിരുന്ന വര്‍ണക്കടലാസുകള്‍ ഊതി ദൂരേയിട്ട് പറന്നുപോയി. അവര്‍ ‘മമ്മാ’ എന്നു വിളിച്ചു കരയുമെന്നാണ് യല്‍ദ വിചാരിച്ചത്. അതുണ്ടായില്ല. അവര്‍ മത്സരിച്ച് അകത്തേക്ക് പോകുന്നത് അവള്‍ കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉമ്മ പിങ്കും പച്ചയും നിറങ്ങളിലുള്ള കട്ടി കുറഞ്ഞ കടലാസും കത്രികയുമായി ഉമ്മറത്തേക്ക് കടന്നുവന്നു. ഇരട്ടകള്‍ സന്തോഷത്തോടെ ഉമ്മയുടെ സാരിത്തുമ്പ് പിടിച്ചുവലിക്കുന്നുണ്ടായിരുന്നു.
യല്‍ദയുടെ മനസ്സില്‍ അസൂയയുടെ ഒരു കുഞ്ഞുമൊട്ട് പതിയെ വിരിഞ്ഞുതുടങ്ങുന്നത് അവള്‍ അറിഞ്ഞില്ല.
”മമ്മാ, എനിക്കും” എന്ന ഹയയുടെ വാക്കുകള്‍ സാഹിലിന്റെ വീടിന്റെ ടെറസില്‍ നിന്നു പാഞ്ഞുവന്നു യല്‍ദയുടെ ഓര്‍മയുടെ നൂല്‍ക്കെട്ടുകളെ വലിച്ചിഴച്ചു. അന്ന്, ഹയയ്ക്ക് പിങ്ക് നിറത്തിലുള്ള പട്ടവും ഇഷാനയ്ക്ക് റെയിന്‍ബോ വാലുള്ള പട്ടവുമായിരുന്നു ഇഷ്ടമെന്ന് യല്‍ദ ഓര്‍ത്തു. അത്താഴത്തിനു ചപ്പാത്തിയും കടലക്കറിയും കഴിക്കുമ്പോഴേക്കും ആ പട്ടമെല്ലാം നൂല് പൊട്ടിച്ച് എങ്ങോ പറന്നുകഴിഞ്ഞിരുന്നു.
യൂട്യൂബില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയതിനു ശേഷം ഓരോ അര മണിക്കൂറിലും കൈ യാന്ത്രികമായി ആ ചെമന്ന ഐക്കണില്‍ അമരുമായിരുന്നു. അഞ്ഞൂറു വ്യൂവേഴ്‌സിനെ കിട്ടിയപ്പോള്‍ അത് ഓരോ അഞ്ചു മിനുട്ട് കൂടുമ്പോഴായി. ട്രെന്‍ഡി വീഡിയോകള്‍ എടുക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും മാത്രമായി യല്‍ദയുടെ മനസ്സ് നിറയെ. മറ്റ് യൂട്യൂബേഴ്‌സിനെ നോക്കി ഡ്രോയിങ് ചലഞ്ചും ഡാന്‍സ് ചലഞ്ചുമെല്ലാം പരീക്ഷിച്ചു നോക്കി. അധികം സബ്‌സ്‌ക്രൈബേഴ്‌സിനെയൊന്നും കിട്ടിയില്ലെങ്കിലും ദിനംപ്രതി യല്‍ദയുടെ വീഡിയോകള്‍ക്ക് വ്യൂസ് കൂടിക്കൊണ്ടേയിരുന്നു.
സെല്‍ഫീ സ്റ്റിക്ക് പിടിച്ചുകൊണ്ട് ഒാഫീസിന്റെ ഡോര്‍ തള്ളിത്തുറന്നു പിടിച്ചപ്പോഴാണ് യല്‍ദ മേശപ്പുറത്ത് ഒരു കവര്‍ തന്നെയും കാത്തിരിക്കുന്നത് കണ്ടത്.
”ഡിവോഴ്‌സ് നോട്ടീസായിരിക്കുമോ?” യല്‍ദയുടെ മനസ്സിലൂടെ ഒരു തീപ്പൊരി കടന്നുപോയി. കവറെടുക്കാനായി മേശയ്ക്കടുത്തേക്ക് നടന്നപ്പോഴാണ് നടാഷയുടെ ശബ്ദം കേട്ടത്: ”ടീ, ചെലവ് വേണംട്ടാ. നിനക്ക് വന്ന ഒരു കമന്റ് കണ്ടോ?”
”ഒരു മിനുട്ട്” എന്നു പറഞ്ഞു കവര്‍ കൈയിലെടുത്തപ്പോഴാണ് അസിസ്റ്റന്റ് അങ്ങോട്ടു കടന്നുവന്നത്.
”മാം റൂമിലേക്ക് ചെല്ലാന്‍ പറഞ്ഞു എല്ലാവരോടും. എന്തോ അത്യാവശ്യ കാര്യം പറയാനാ. മാം നല്ല ചൂടിലാ.”
”വാടീ” എന്നു പറഞ്ഞു നടാഷ യല്‍ദയെ വിളിച്ചുകൊണ്ടു പോകുമ്പോഴും യല്‍ദയുടെ ഉള്ളില്‍ ഡിവോഴ്‌സ് എന്ന താടക പൊട്ടിച്ചിരിച്ചു. അതില്‍ നിന്നു പൊഴിയുന്ന ശബ്ദകണങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ചങ്ങലയായി യല്‍ദയെ ചുറ്റിവരിഞ്ഞു.
(തുടരും)