LoginRegister

ഡോ. മുഹ്‌സിന കെ ഇസ്മായില്‍; വര: മറിയംബീവി പുറത്തീല്‍

Feed Back


”സ്‌നേഹധനനായ ആ ഉപ്പ മകളെ ആലിംഗനം ചെയ്തു ചുംബനങ്ങള്‍ നല്‍കി സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: മോളേ, വിഷമിക്കരുത്. നിന്നെ ഞാന്‍ സൂക്ഷിപ്പുസ്വത്തായി ഏല്‍പിച്ചിരിക്കുന്നത് കരുത്തുറ്റ കൈകളിലാണ്; മറ്റാരെക്കാളും ദൃഢവിശ്വാസമുള്ള ഒരു പുരുഷന്റെ കൈകളില്‍! അവന്റെ ജ്ഞാനം എല്ലാവരുടെയും ജ്ഞാനത്തെ കവച്ചുവെക്കും. അവന്‍ ഉത്തമസ്വഭാവിയാണ്; നമ്മുടെ കുടുംബത്തില്‍ ഏറ്റവും നല്ല സ്വഭാവവും ഉയര്‍ന്ന മനസ്സുള്ളവന്‍! അതുകൊണ്ട് എന്റെ മോള്‍ ഒട്ടും വിഷമിക്കാതിരിക്കുക, സന്തോഷിക്കുക.”
വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞുപോയ വാക്കുകളാണിത്. നബിയുടെ മകള്‍ ഫാത്തിമയായി പിറക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരുപാട് തവണ ആശിച്ചുപോയിട്ടുണ്ട്. അതിന് കാരണമുണ്ട്: വിവാഹാലോചനയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരേട്.
എന്റെ സൈക്കോളജി കോഴ്‌സിന്റെ മധ്യത്തിലായിരുന്നു അത്. ബാക്കിയുള്ള വിഷയങ്ങള്‍ക്ക് ആവറേജ് മാര്‍ക്കുണ്ടായിരുന്ന എനിക്കു ഡെവലപ്‌മെന്റല്‍ സൈക്കോളജി എന്ന വിഷയത്തില്‍ കരകയറാന്‍ സാധിച്ചില്ല. എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. എനിക്കു പോലും ആദ്യമൊക്കെ അതുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. എല്ലാ സാഹചര്യങ്ങളെയും ചിരിച്ചുകൊണ്ടും മനഃസാന്നിധ്യത്തോടുകൂടിയും നേരിട്ടിരുന്ന വല്യുമ്മയെ എന്തുകൊണ്ട് ഉമ്മയുടെ ഡിവോഴ്‌സ് നോട്ടീസ് പിടിച്ചുലച്ചു എന്ന ചോദ്യത്തിനുത്തരം എനിക്ക് മനസ്സിലായിരുന്നില്ല. ഈ സംഭവം വല്യുമ്മ പറഞ്ഞുതരുന്നതുവരെ.
സംഭവമിങ്ങനെയാണ്; ഉമ്മക്ക് ആദ്യ രണ്ട് പ്രസവങ്ങളിലും ചാപിള്ളയായിരുന്നു. തുടക്കം മുതലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് രണ്ടും സിസേറിയനായിരുന്നു. മൂന്നാമത് ഗര്‍ഭം ധരിച്ചപ്പോള്‍ ഇനിയൊരു പ്രസവം വേണ്ടെന്ന് ഡോക്ടര്‍ വിലക്കി. എന്നാല്‍, ബാപ്പയുടെ ആണ്‍കുട്ടി സ്‌നേഹം അറിയാവുന്നതുകൊണ്ട് ഉമ്മ അത് മറച്ചുവെക്കാന്‍ ശ്രമിച്ചു. ഉമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആധിയുണ്ടായിരുന്ന വല്യുമ്മയാണ് സംസാരത്തിനിടയില്‍ ബാപ്പയോട് ഇക്കാര്യം അവതരിപ്പിച്ചത്. അതോടുകൂടി ബാപ്പക്ക് ദേഷ്യമായി. എങ്കിലും മൂന്നാമത്തെ കുട്ടി ആണാണെങ്കിലോ എന്നു ബാപ്പ പ്രതീക്ഷിച്ചു. ഞാന്‍ ജനിച്ച അന്ന് ബാപ്പ എങ്ങോട്ടോ ഇറങ്ങിപ്പോയി. ഇനിയൊരു കുട്ടിയുണ്ടാകില്ല എന്ന സത്യം ബാപ്പ മനസ്സിലാക്കിക്കാണണം. പോകുന്നതിനു മുമ്പ്, താന്‍ അവളെ ഒരു പാഠം പഠിപ്പിക്കുമെന്ന് ബാപ്പ പറഞ്ഞിരുന്നുവത്രേ.
അന്നുപോലും തളരാത്ത വല്യുമ്മയാണ് ഇന്ന് ഈ വക്കീല്‍ നോട്ടീസ് കണ്ടപ്പോള്‍ ബോധംകെട്ടുവീണത്. പിന്നീട് കേസും കൂട്ടവുമായി കോടതി വരാന്തകള്‍ കയറി ഇറങ്ങുമ്പോഴും ബാപ്പ ഉന്നയിച്ച ഓരോ കള്ളവാദങ്ങള്‍ അനുസരിച്ച് ഉമ്മയെ കോടതി വിചാരണ ചെയ്യുമ്പോഴും വല്യുമ്മ ഉമ്മക്ക് താങ്ങും തണലുമായി കൂടെത്തന്നെയുണ്ടായിരുന്നു.

ക്രമേണ ഓര്‍മകള്‍ നശിച്ചുതുടങ്ങി. അത് പതിയെ ഉള്ള ഒരു മാറ്റമായിരുന്നു. തനിക്ക് ഈ ഭൂമിയിലിനി ചെയ്യാനൊന്നുമില്ല എന്ന ചിന്തയാണോ അതിനാധാരമെന്നു പോലുമെനിക്ക് തോന്നിയിരുന്നു. എല്ലാ ദിവസവും വാ തോരാതെ സംസാരിച്ചിരുന്നയാള്‍ അഗാധമായ ചിന്തകളില്‍ പെട്ടുലയുമ്പോള്‍ നമ്മളൊന്നു ശ്രദ്ധിക്കാതിരിക്കുകയില്ല. അങ്ങനെയാണ് ഞാനും ഇക്കാര്യത്തെക്കുറിച്ച് ബോധവതിയായിത്തുടങ്ങിയത്. പക്ഷേ, ആ സത്യമംഗീകരിക്കാന്‍ വല്യുമ്മ തയ്യാറല്ലായിരുന്നു. എന്നോട് അക്കാലത്ത് വല്യുമ്മക്ക് വലിയ ദേഷ്യമായിരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം. ഞാന്‍ മുന്നില്‍ വരുന്നതുപോലും ഇഷ്ടമില്ലാത്തതുപോലെ. അങ്ങനെയാണ് ഞാനും ഉമ്മയും വീട്ടില്‍ ഒറ്റക്കായിപ്പോയത്. പറമ്പിലും തൊടിയിലും ഓടിനടന്നു ചെടികളോടും പൂക്കളോടും പഴങ്ങളോടും വരെ വര്‍ത്തമാനം പറഞ്ഞിരുന്ന വല്യുമ്മ മുറിയില്‍ത്തന്നെ ഇരിപ്പ് തുടങ്ങി. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങിയില്ല.
ആയിടെ ഒരു ദിവസം എനിക്കു വല്യുമ്മയുടെ ശബ്ദമൊന്നു കേള്‍ക്കണമെന്നു തോന്നി. ഞാനോരോ കാരണം പറഞ്ഞു മുറിക്കകത്ത് കയറിയെങ്കിലും വല്യുമ്മ എന്നെ വഴക്കൊന്നും പറഞ്ഞില്ല. തികഞ്ഞ ആശ്ചര്യത്തോടെ എന്നെ നോക്കിയിരിക്കുക മാത്രം ചെയ്തു. പിന്നെപ്പിന്നെ, കൊച്ചുകുട്ടികള്‍ വരുന്നത് വല്യുമ്മക്ക് ഇഷ്ടമായിരുന്നു. കോളജ് വിട്ടുവരുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ അടുത്ത വീട്ടിലെ കൊച്ചുകൂട്ടുകാരെ വല്യുമ്മയ്ക്കു വേണ്ടി കൂട്ടിക്കൊണ്ടുവരുമായിരുന്നു. ഞാനൊരു സൈക്കോളജിസ്റ്റിന്റെ ഭാഗത്തുനിന്നു ചിന്തിച്ചുവെന്ന് മാത്രം. പക്ഷേ, അതിനോടകം തന്നെ വല്യുമ്മയ്ക്ക് മറവിരോഗമാണെന്നും ചിലപ്പോള്‍ ഉപദ്രവിക്കുമെന്നൊക്കെയുള്ള കിംവദന്തികള്‍ അയല്‍പക്കത്തെങ്ങും പരന്നുതുടങ്ങി. ആരും ഞങ്ങളുടെ വീട്ടിലേക്കു കുട്ടികളെ പറഞ്ഞുവിടാതായി.
ആയിടെയാണ് ഞാന്‍ മറ്റൊരു സത്യം മനസ്സിലാക്കിയത്. വല്യുമ്മ എന്നെയും ഉമ്മയെയും വരെ മറന്നുതുടങ്ങിയിരുന്നു. എന്നാലും മുറിയില്‍ അക്വേറിയവും ഇന്‍ഡോര്‍ ചെടികളുമെല്ലാം സജ്ജീകരിച്ച് ഞാന്‍ വല്യുമ്മയുടെ മനസ്സിനെ പിടിച്ചുനിര്‍ത്താനൊരു ശ്രമം നടത്തി നോക്കി.
അപ്പോഴാണ് എന്റെ കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്നത്. നാട്ടിലുള്ള ബ്രോക്കര്‍മാരായ ബ്രോക്കര്‍മാരുടെ കൈയിലെല്ലാം എന്റെ പുഞ്ചിരിക്കുന്ന ഫോട്ടോ ഉണ്ടായിരുന്നു. വീട് പോരാ എന്ന പരാതി തീര്‍ക്കാന്‍ വീട് പെയിന്റടിച്ചു കുട്ടപ്പനാക്കി. വെളുപ്പ് പോരാ എന്നു പറയുന്നവര്‍ക്കായി ഫൗണ്ടേഷനും ലിപ്സ്റ്റിക്കുമണിഞ്ഞു. മുടി പോരാ എന്നു പറയുന്നവര്‍ക്കായി വെപ്പുമുടി പരീക്ഷിച്ചു. എന്നിട്ടും ആലോചനകളൊന്നും പച്ച പിടിച്ചില്ല. ഓരോ പെണ്ണുകാണലിനു ശേഷവും ‘അവനെന്തായിരുന്നെടീ കുഴപ്പം’ എന്ന ഉമ്മയുടെ സ്ഥിരം ഡയലോഗ് കേള്‍ക്കാമായിരുന്നു. കൂട്ടത്തില്‍ ഉമ്മയുടെ കുറച്ചു കൗണ്‍സലിങും. വിവാഹമെന്നു പറയുന്നത് അതാണ് ഇതാണ് എന്നൊക്കെ. ഇതിലൊന്നും ഞാന്‍ വീണില്ല.
അന്നു പക്ഷേ, എനിക്ക് സങ്കടമായി. വൃത്തിയും വെടിപ്പുമില്ലാത്ത ആറടി അഞ്ചിഞ്ചുകാരന്‍. ഉന്തിയ പല്ല്. വികൃതമായൊരു ചിരി. അതിനും ഉമ്മ ‘അവനെന്താടീ കുഴപ്പ’മെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉമ്മയോട് തന്നെ അങ്ങ് കെട്ടിക്കോളാന്‍ പറഞ്ഞു. അതോടെ സീന്‍ മാറി.
ഞാന്‍ പുറത്തായി. ഞാനീ അവസരത്തില്‍ ആലോചിച്ചത് ഫാത്തിമയെക്കുറിച്ചും നബിയെക്കുറിച്ചുമായിരുന്നു. എത്ര വലിയ സ്ഥാനമായിരുന്നു ഫാത്തിമക്ക് നബിയുടെ മനസ്സില്‍. എനിക്കു വല്ലാതെ സങ്കടം വന്ന നാളുകളായിരുന്നു അത്. കൂട്ടുകാരികളും അയല്‍ക്കാരികളും സുന്ദരന്മാരെ കല്യാണം കഴിക്കുന്നു. എനിക്കു മാത്രം ഒരു സുന്ദരനെയും കിട്ടുന്നില്ല. യൂട്യൂബിലും മാഗസിനുകളിലും കാണുന്ന മുഖം വെളുപ്പിക്കല്‍ റെമഡികളെല്ലാം പരീക്ഷിച്ചു മുഖം പഴുത്തു വീര്‍ത്ത് ഡോക്ടറെ കാണാന്‍ പോകേണ്ടിവന്നു. എങ്കിലും ഞാന്‍ വീട്ടിലേക്കു തിരിച്ചുപോയില്ല. പരീക്ഷാക്കാലമായതുകൊണ്ട് പിന്നെ ഞാനതില്‍ മുഴുകി. പരീക്ഷയുടെ അവസാനത്തെ ദിവസമായപ്പോഴാണ് ഇനി ഞാനെവിടെ താമസിക്കുമെന്ന ചോദ്യമെന്നെ ശല്യപ്പെടുത്തിത്തുടങ്ങിയത്. അത് വല്ലാത്തൊരു ദിവസമായിരുന്നു. ആധി മൂലം പഠിച്ചതില്‍ പകുതിയും തലയില്‍ നിന്ന് ആവിയായിപ്പോയി.

പരീക്ഷാ പേപ്പറുകളില്‍ എഴുതി നിറയ്ക്കാനുള്ള വാക്കുകള്‍ അപ്രത്യക്ഷമായി. എത്രതന്നെ ശ്രമിച്ചിട്ടും ചോദ്യങ്ങളുടെ ഉത്തരമൊന്നും ഓര്‍മ വന്നില്ല. എന്റെ ജീവിതനൗക പോലെ അതും മുങ്ങിത്താഴുകയായിരുന്നു.
ഉര്‍വശീശാപം ഉപകാരമായെന്നു പറയാറുണ്ടല്ലോ. ആ ഒരു തോല്‍വി കാരണം എനിക്കു കുറച്ചു കാലം കൂടി ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിഞ്ഞു. കോഴ്‌സ് കഴിഞ്ഞു വെക്കേറ്റ് ചെയ്യേണ്ട. ഹോസ്റ്റലുകളില്‍ താമസിക്കാനുള്ള മനോധൈര്യമില്ലാത്തതുകൊണ്ട് ഞാന്‍ വീട്ടിലേക്കു തിരിച്ചുപോയി. ഈ തിരിച്ചുപോക്ക് ഉമ്മ കണ്ടു പിടിക്കുന്ന വിവാഹാലോചനകള്‍ക്ക് സമ്മതമായാണ് കരുതപ്പെട്ടത്. അങ്ങനെയാണ് ഓഫീസില്‍ കണ്ടുമുട്ടിയ സാഹില്‍ എന്റെ തലയിലാകുന്നത്.
ഒന്നുരണ്ട് മാസം ഹയര്‍ സ്റ്റഡീസ് എന്നൊക്കെ പറഞ്ഞു തള്ളിനീക്കി. ആയിടെയാണ് ക്ലിനിക്കല്‍ സൈക്കോളജി കോഴ്‌സിന് അപ്ലൈ ചെയ്യുന്നത്. അതെന്തായാലും നന്നായി. ഇക്കാലത്ത് സൈക്കോളജി കോഴ്‌സ് മാത്രം പഠിച്ചിട്ടെന്തു കിട്ടാനാ?
അപ്പോഴേക്കും എന്റെ ഉള്ള ആത്മവിശ്വാസവും ചോര്‍ന്നുപോയിക്കഴിഞ്ഞിരുന്നു. ഞാന്‍ ഭംഗിയില്ലാത്തതുകൊണ്ടാണ് കല്യാണം ശരിയാകാത്തത് എന്നതു സത്യം തന്നെയാണെന്ന് ഞാനുറച്ചു വിശ്വസിച്ചു.
അതുകൊണ്ടാണ് ഞാന്‍ പിന്നീട് ഹയയും ഇഷാനയും ജനിച്ചപ്പോള്‍ ബാഹ്യമായ ഭംഗിയല്ല, ആന്തരികമായ ഭംഗിക്കാണ് സ്ഥാനമെന്ന സന്ദേശം അവരിലെത്തിക്കാന്‍ ശ്രമിച്ചത്. നമുക്ക് ചെറുപ്പത്തില്‍ കിട്ടാതെപോകുന്നതെന്താണോ അതാണല്ലോ നാം മുഖ്യമായും നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുക. ആണ്‍കുട്ടികളെപ്പോലെതന്നെ അവര്‍ക്കും സ്വാതന്ത്ര്യം കിട്ടണമെന്ന് എനിക്കു നിര്‍ബന്ധമായിരുന്നു. വാട്ടര്‍ കളര്‍ വാങ്ങി വലിയ ചാര്‍ട്ട് പേപ്പറുകളില്‍ ഇഷ്ടം പോലെ വരയ്ക്കുക, തുറസ്സായ സ്ഥലങ്ങളില്‍ പോയി വേണ്ടുവോളം ഉച്ചത്തില്‍ സംസാരിക്കുക മുതലായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ഞാന്‍ അധികവും ശ്രദ്ധിച്ചത്. സ്വാതന്ത്ര്യമെന്നത് കൊടുക്കുന്നു എന്നു പറഞ്ഞാല്‍ പോരാ, സ്വാതന്ത്ര്യമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടി വേണം. അന്ന് സാഹില്‍ അവരുടെ ചിറകു മുറിച്ചു കൂട്ടിലടയ്ക്കുന്നതുവരെ അവര്‍ക്ക് വേണ്ടുവോളം സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞാനും.
സാഹിലിനെ കല്യാണം കഴിച്ചതു മുതല്‍ പരാതികളുടെ വലയില്‍ കിടന്ന് ഞാന്‍ ഞെരിപിരി കൊള്ളാന്‍ തുടങ്ങി. ചെറിയ കുറവുകള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ആ പരാതികളെത്ര ദൂരീകരിക്കാന്‍ ശ്രമിച്ചാലും മാഞ്ഞു പോകില്ല എന്നതായിരുന്നു അതിനേക്കാള്‍ വലിയ രസം. അതവിടെ കല്ലില്‍ കൊത്തിയ പോലെ നിലനിന്നു. ഇടയ്ക്ക് കനലായി വന്ന് എന്നെ വിഴുങ്ങാന്‍ ശ്രമിച്ചു. മറ്റ് ചിലപ്പോള്‍ ചാരമായി വേഷം മാറി വന്ന് എന്നെ പൊതിഞ്ഞു.
(തുടരും)

categories
categories
കൂടുതൽ പംക്തികൾ
Back to Top