”അവരിലാര്‍ക്കെങ്കിലും പെണ്കുഞ്ഞു പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കഠിന ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്ക് ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്തില്‍ അവന് ആളുകളില്‍ നിന്ന് ഒളിച്ചുനടക്കുന്നു. അയാളുടെ പ്രശ്നം, അപമാനം സഹിച്ചു അതിനെ നിലനിര്‍ത്തണമോ അതല്ല, മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ” (ഖുര്‍ആന്‍ 16: 58,59).
പണ്ടുകാലത്ത് ചില അറേബ്യന്‍ ഗോത്രങ്ങള്‍ പെണ്‍കുട്ടികളെ കുഴിച്ചുമൂടുക പതിവായിരുന്നു. സാമ്പത്തിക ബാധ്യതയും അരക്ഷിത ബോധവുമാണ് അവരെ അതിന് പ്രേരിപ്പിച്ചിരുന്നത്. വിശുദ്ധ ഖുആന്‍ ഈ ക്രൂരകൃത്യത്തിന് അറുതിവരുത്തി. പ്രവാചകന്റെ കണ്ണുനീര്‍ത്തുള്ളികള്‍ മനുഷ്യരാശിക്കുള്ള കാരുണ്യവര്‍ഷമായി മാറി.
എന്നാല്‍ 35 വര്‍ഷം മുമ്പ് ഞാന്‍ പിറന്നപ്പോള്‍ ബാപ്പ എന്തിനാണ് ഇറങ്ങിപ്പോയതെന്നും പിന്നീടൊരിക്കലും വീട്ടിലേക്കു തിരിച്ചുവരാതിരുന്നതെന്താണെന്നും കുട്ടിയായിരുന്നപ്പോള്‍ എനിക്കു മനസ്സിലായിരുന്നില്ല. കാലം മാറിയിരിക്കുന്നു. പണ്ടുകാലത്ത് നിലനിന്നിരുന്ന പല ദുരാചാരങ്ങളും മറ നീക്കി പുറത്തുവരുന്നു. നീചമായ ആ അവസ്ഥയിലേക്കുള്ള ആദ്യപടിയല്ലേ ഇന്നും ‘അവനൊരു ആണല്ലേ, അവനങ്ങനെ ചെയ്യാം’ എന്നും മറ്റുമുള്ള വാചകങ്ങള്‍.
”അന്റെ ബാപ്പാക്ക് വേറെ ഭാര്യേം കുട്ടികളും ണ്ട്,” 5-സിയിലെ മുനീര്‍ ഒരിക്കലെന്നോട് പറഞ്ഞു. അതെനിക്കന്നൊരു വിഷമമായിരുന്നു. മുനീര്‍ കള്ളം പറയുകയാണെന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു. ഞാനതിന്റെ പേരില്‍ അവനോട് ഒരു ഇഞ്ചിമിഠായി ബെറ്റ് വെച്ചു. കോയാക്കയുടെ കടയില്‍ പുതുതായി വന്ന, ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങളുടെയെല്ലാം ഫേവറിറ്റായി മാറിയ ഒരു മിഠായിയായിരുന്നു അത്. അതിന്റെ വരവോടെ ബെറ്റുകളില്‍ സ്ഥിരമായി സമ്മാനസ്ഥാനം അലങ്കരിച്ചിരുന്ന മഞ്ഞയും ഓറഞ്ചും നാരങ്ങാമിഠായികള്ക്ക് വഴിമാറേണ്ടി വന്നു. അന്ന് വൈകുന്നേരം ഞാന്‍ കരഞ്ഞത് ഞാന്‍ തോറ്റ ബെറ്റിനെക്കുറിച്ചോ, എനിക്കു നഷ്ടപ്പെട്ട ഇഞ്ചിമിഠായിയെക്കുറിച്ചോ ഓര്‍ത്തല്ലായിരുന്നു. ”മുനീര്‍ പറഞ്ഞത് കളവല്ലേ, മ്മാ” എന്ന ചോദ്യത്തിന് ഉമ്മ പറഞ്ഞ മറുപടിയിതായിരുന്നു:
”മോള് മുനീറിനൊരു ഇഞ്ചിമിഠായി വാങ്ങിക്കൊടുത്തേക്ക്.”
എന്റെ മനസ്സിലുദിച്ച സംശയങ്ങള്‍ക്ക് ഉത്തരമെന്നോണം ഉമ്മ തേങ്ങിക്കരഞ്ഞു. പിന്നെ, എന്റെ മുടിയിഴകള്‍ കോതിയൊതുക്കി. അപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍ എന്നെനിക്ക് ഓര്‍മയില്ല. ഉമ്മയുടെ കണ്ണീരിനു മുന്നില്‍ എന്റെ ചോദ്യങ്ങള്‍ അടിയറവ് പറഞ്ഞതുകൊണ്ടാകണം ഞാന്‍ ആ അന്വേഷണം അവിടെ വെച്ച് അവസാനിപ്പിച്ചത്.
പിന്നീട്, കഥകളുടെ രാജ്ഞിയായ വല്യുമ്മയാണ് ഒരു ദിവസം ആ കഥയെന്നോട് പറഞ്ഞത്. വല്യുമ്മയെന്നാല് ഉമ്മയുടെ ഉമ്മയാണ്. ഉപ്പയുടെ ഉമ്മ പണ്ടേ മരിച്ചിരുന്നു. അപ്പോഴേക്കും ആ പഴങ്കഥക്ക് എന്നെ സ്വാധീനിക്കാനുള്ള വീര്യം കെട്ടുപോയിരുന്നു. കുട്ടിക്കാലത്ത് തുണ്ടംതുണ്ടമായിക്കിട്ടിയ വിവരങ്ങള്‍ തുന്നിക്കെട്ടി ഞാന്‍ അതിനേക്കാള്‍ വലിയൊരു ഭീകര ചിത്രം നെയ്തെടുത്തിരുന്നു.
പതിയെ, അത്തരം കാര്യങ്ങള്‍ ഞാന്‍ മറന്നുതുടങ്ങി. അതിന് കാരണമുണ്ടായിരുന്നു. വെറുതേയിരുന്നു സങ്കടപ്പെടാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍. അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ എന്റെ ജീവിതത്തെ തേടിവന്നു.
ഒരു ദിവസം രാവിലെ സ്കൂള്‍ബാഗില്‍ പുസ്തകങ്ങള്‍ അടുക്കിവെക്കുന്നതിനിടയിലാണ് ഞാന്‍ ഉമ്മയുടെ നിലവിളി കേട്ടത്. എന്തോ വലിയ അപകടം പറ്റിയെന്ന് കരുതി ഓടി ഉമ്മറത്തെത്തി. നോക്കുമ്പോള്‍ ഉമ്മ നിലത്തിരുന്നു കരയുകയാണ്. അപ്പോഴേക്കും വേച്ചുവേച്ചു വല്യുമ്മയും അവിടെയെത്തി. വല്യുമ്മയെ കണ്ടപ്പോള്‍ ഉമ്മ സ്വിച്ചിട്ടതുപോലെ കരച്ചില് നിര്‍ത്തി. വല്യുമ്മക്ക് ആരും കരയുന്നത് ഇഷ്ടമല്ല എന്നു മാത്രമല്ല, ആരെങ്കിലും കരഞ്ഞാല്‍ വല്യുമ്മ ഒന്ന് തിരിഞ്ഞുനോക്കുക പോലുമില്ല. ‘നബി തിരുമേനിക്ക് ആരും കരയുന്നതിഷ്ടമായിരുന്നില്ല’ എന്നാണ് അതിന് വിശദീകരണമായി വല്യുമ്മ പറയാറുള്ളത്.
”കാര്യം വളരെ ചെറുതാണെങ്കില്‍ കുട്ടികളായ ഞങ്ങളെ ചീത്ത പറഞ്ഞു കണ്ണു പൊട്ടിക്കും”- അങ്ങനെയാണ് ഉമ്മ വല്യുമ്മയെക്കുറിച്ച് പറയാറുള്ളത്.
ഉമ്മ കൈയില്‍ ചുരുട്ടിപ്പിടിച്ചിരിക്കുന്ന കടലാസ് വാങ്ങി വായിച്ചപ്പോള്‍ വല്യുമ്മ ഒന്നും പറഞ്ഞില്ല. എന്നാല്‍, ആ കണ്ണുകളിലെ നൊമ്പരമെനിക്ക് വായിച്ചെടുക്കാമായിരുന്നു. വിറകൈകളോടെ, ഞാന്‍ ആ കടലാസിലെ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു. അതൊരു വക്കീല്‍ നോട്ടീസായിരുന്നു. ബാപ്പ ഉമ്മക്ക് അയച്ച ഡിവോഴ്സ് നോട്ടീസ്.
അതില്‍ നിന്നു ഞങ്ങള്‍ പുറത്തുവരാന്‍ നാളുകളെടുത്തു. കാലങ്ങളായി ആണ്‍തുണയില്ലാതെ താമസിച്ചിരുന്ന ഞങ്ങളെ ആ വാര്‍ത്ത പിടിച്ചുലക്കാന്‍ കാരണമെന്ത് എന്നു ഞാന്‍ ചിന്തിക്കാറുണ്ട്. പക്ഷേ, അത് നേരിട്ട് ഉമ്മയോട് ചോദിക്കാന്‍ എനിക്കു ധൈര്യമില്ലായിരുന്നു. ഞാന്‍ പറഞ്ഞല്ലോ, ഞാനൊരു സൈലന്റ് പേഴ്സണാണ്. വായില്‍ കോലിട്ടുകുത്തിയാല്‍ പോലും പ്രതികരിക്കാത്ത ടൈപ്പ്. താന്‍ വലിയ കാര്യങ്ങളിലൊന്നും ഇടപെടേണ്ട എന്ന നല്ലകുട്ടി ചമയല്‍ വേറെയും.
ഉമ്മാക്ക് ബാപ്പയോടുള്ള അതിയായ സ്നേഹമാണ് ഉമ്മയുടെ സങ്കടത്തിനു പിന്നില്‍ എന്നാണ് ഞാന്‍ ആദ്യം കരുതിയത്. അന്ന് ഉമ്മയുടെ അയല്വാസിക്കൂട്ടത്തിലെ ചര്‍ച്ചകള്‍ ഒളിച്ചുകേട്ടപ്പോഴാണ് ‘നാട്ടുകാര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും’ എന്ന ചിന്തയാണ് അതിനേക്കാള്‍ ഉമ്മയെ അലട്ടിയിരുന്നതെന്നു മനസ്സിലായത്.
പിന്നെയുമുണ്ടായിരുന്നു ആ കടലാസ് കഷ്ണം കൊണ്ടുള്ള ഉപദ്രവങ്ങള്‍. കോടതി വരാന്ത കയറിയിറങ്ങിയ ദിനങ്ങള്‍. കോടതിയെയും വക്കീലന്മാരെയും വിശ്വാസമില്ലാത്തതിനാല്‍ ഞങ്ങള്‍ വക്കീലിനെയൊന്നും വെച്ചില്ല. ”സത്യമേ ജയിക്കുകയുള്ളൂ. നമ്മടെ ഭാഗത്താണ് സത്യമെന്നറിയാം. പിന്നെന്തിനാണ് വക്കീല്‍” എന്നു പറഞ്ഞു അന്ന് വല്യുമ്മയും അതിനെ പിന്താങ്ങി. അതൊരു തെറ്റായിരുന്നെന്ന് പിന്നീട് മനസ്സിലായി. കള്ളവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉമ്മയുടെ മനഃപ്രയാസങ്ങള്. എല്ലാം കേസ് വിജയിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഉമ്മാക്ക് കഴിയുമായിരുന്നില്ല. ഞങ്ങള്‍ താമസിക്കുന്ന വീട് ബാപ്പയുടെ പേരിലായിരുന്നു. ഡിവോഴ്സിനൊപ്പം അതൊഴിഞ്ഞുകൊടുക്കാന് വിധിയായി. അപ്പോഴേക്കും ഞാന്‍ സൈക്കോളജി ഡിഗ്രി മൂന്നാം വര്‍ഷമായിരുന്നു. ഫ്രോയിഡിന്റെയും ഇവാന് പാവ്ലോവിന്റെയും മനസ്സിന്റെ വികൃതികളെക്കുറിച്ചുള്ള തിയറികളില്‍ തുഴയുന്ന കാലം. കോളജ് ഹോസ്റ്റലിലെ ബോറടിക്കുന്ന ഭക്ഷണം കഴിച്ചു ക്ഷീണിച്ചുവരുന്ന എനിക്കു കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളിലേക്ക് ഊളിയിടാന്‍ ഒരു വീട് വേണമല്ലോ എന്ന ചിന്തയാണ് എന്നെ അന്ന് അലട്ടിയത് എന്ന് ആലോചിക്കുമ്പോള്‍ ചിരി വരുന്നു.
ഉമ്മ കുടുംബശ്രീ വക അച്ചാറും ചവിട്ടിയും വിറ്റു സ്വരൂപിച്ചു വെച്ചിരുന്ന പണം കൊണ്ട് ഒരു വാടകവീട്ടില്‍ താമസം തുടങ്ങി. പിന്നീട്, ഉമ്മയുടെ സ്വത്ത് ഭാഗിച്ചുകിട്ടിയപ്പോള് അത് സ്വന്തമായി വാങ്ങുകയായിരുന്നു. അത് ഒരു നിമിത്തമാണെന്ന് ഞങ്ങള്‍ പല തവണ പറഞ്ഞിട്ടുണ്ട്. ആ വീടിനടുത്തായിരുന്നു ഞാന്‍ ക്ലിനിക്കല്‍ സൈക്കോളജി കോഴ്സ് ചെയ്ത കോളജ്. പിന്നീട് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ജോലി കിട്ടിയ ഹോസ്പിറ്റലിലേക്ക് അവിടെ നിന്നു ഒരര മണിക്കൂര്‍ ദൂരമേ ഉള്ളൂ. അവിടെ നിന്നാണല്ലോ ഞാന്‍ സാഹിലിനെ പരിചയപ്പെടുന്നതും.
ഹയയും ഇഷാനയും സംസാരിച്ചുതുടങ്ങിയപ്പോഴാണ് അവര്‍ക്ക് സംസാരിച്ചു പഠിക്കാന്‍ അവകാശമില്ലെന്നും സമൂഹത്തിന്റെ പൂര്‍ണത എന്ന അളവുകോലിലെ മത്സരാര്‍ഥികള്‍ മാത്രമാണെന്നും എനിക്കു മനസ്സിലായിത്തുടങ്ങിയത്.
‘അവര്‍ക്ക് ശരിക്കുള്ള ഒരു വാചകം പോലും പറയാനറിയില്ല. എന്റെ കസിന്റെ മോനുണ്ടല്ലോ, അവള് എനിക്കു വെള്ളം വേണമെന്നൊക്കെ പറയും. അവള് ഇവരുടെ പ്രായമല്ലേ?’ ‘അവള് ‘ നേരത്തെ നടക്കാന്‍ തുടങ്ങിയെന്നുള്ള പരാതി ഹയയും ഇഷാനയും നടന്നു തോല്പിച്ചിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ എന്നതാണ് രസം.
”അവരിങ്ങനെ പറഞ്ഞ സ്ഥലത്തൊക്കെ കൊണ്ടുപോകാന്‍ നിന്നാലെങ്ങനെയാ? അവിടെ കോക്കാച്ചിയുണ്ടെന്നോ കൊളമ്പ് മനുഷ്യനുണ്ടെന്നോ ഒക്കെപ്പറഞ്ഞങ്ങ് പേടിപ്പിച്ചാ മതി” എന്നായിരുന്നു റുഖിയാത്തയുടെ ഉപദേശം. ഭാഗ്യത്തിന്, കെട്ടുകഥകളിലും ജിന്ന് കിസ്സകളിലും തളയ്ക്കപ്പെടാതെ ഇരട്ടകള്‍ വളര്‍ന്നുവന്നു.
അവര്‍ പറയുന്ന കാര്യങ്ങള്‍, അവരുടെ അഭിപ്രായങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഞാന്‍ ചെവികൊടുക്കുന്നു എന്നായി അടുത്ത പ്രശ്നം. അങ്ങനെ, വളര്‍ന്നുവരുന്നതിനിടയില്‍ നേരിടേണ്ട നാഴികക്കല്ലുകളേക്കാള്‍ വീട്ടിലും സമൂഹത്തിലുമുള്ള ചടങ്ങുകളുടെയും പഴമൊഴികളുടെയും കൂറ്റന്‍ പടികളാണ് അവരോടൊപ്പം ഞാനും അവശതയോടെ കയറിത്തീര്‍ത്തത്.
പെണ്ണുങ്ങളെക്കൊണ്ട് ഒന്നും സാധിക്കില്ല എന്ന തിയറിയെ ഞാനെന്നും എതിര്‍ക്കാനേ ശ്രമിച്ചിട്ടുള്ളൂവെങ്കിലും ഉള്ളിന്റെയുള്ളില്‍ അതൊരു സംശയമായി രൂപപ്പെട്ടുവരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഇടക്കിടെ വീട്ടില്‍ ഉണ്ടാകുന്ന അജ്ഞാത ബെല്ലടികള്‍, ചില മോഷണശ്രമങ്ങള്‍, കോളജില്‍ പോകുന്ന വഴിക്കുള്ള പൂവാലശല്യങ്ങള് എല്ലാം ഞാന്‍ ആ വകുപ്പില്‍ എഴുതിച്ചേര്‍ത്തു.
പെണ്ണുങ്ങള് ശക്തിയില്ലാത്തവരാണ്; വിലയും എന്ന തിയറിയിലേക്ക് വഴിമാറിയത് ആ സംഭവത്തോടു കൂടിയാണ്.
(തുടരും)