LoginRegister

ബഹിയ; ചിത്രീകരണം: റൈഹാന വടക്കാഞ്ചേരി

Feed Back

പുതിയ തുടക്കം

പണത്തിനു ശരിക്കും അത് ആരുടേതായാലും ഒരേ മൂല്യമല്ലേ? ആണെന്നാണ് പൊതുവെയുള്ള വെപ്പ്. പക്ഷേ, അല്ല എന്നതാണ് വാസ്തവം. മനുഷ്യര്‍ ആണും പെണ്ണും എന്ന് രണ്ടിനം ഉള്ളതുപോലെ പണവും ആണിന്റേത്, പെണ്ണിന്റേത് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. അതില്‍ ആദ്യത്തേത് വളരെ വിലയും കണക്കും ഉള്ളവയാണ്. രണ്ടാമത്തേതാകട്ടെ വിലകെട്ടതും കണക്കില്‍ പെടാത്തതും.
വിവാഹസമയത്ത് ഓരോ പെണ്ണും കയറിവരുന്നത് എത്രമാത്രം ആഭരണങ്ങള്‍ ധരിച്ചാണ്! കൂടെ ചിലപ്പോള്‍ പണമായിത്തന്നെയും പോരാത്തതിന് കാറും പറമ്പുമായും ഒക്കെ ധനം കാണും. അവയെല്ലാം നോട്ടിന്റെ മൂല്യത്തില്‍ കണക്കാക്കിയാല്‍ ഒരുപക്ഷേ, ഗൃഹനാഥന്‍ ചമയുന്ന ഭര്‍ത്താവു മുതലാളിയുടെ ജീവിതകാലത്തെ മൊത്തം വരുമാനത്തിലേറെ കാണും. പക്ഷേ, ആ ധനമൊന്നും മിക്കപ്പോഴും ഉപയോഗിക്കുന്നത് ആ പെണ്ണാവില്ല. വീടു വെക്കാന്‍, കടം വീട്ടാന്‍ തുടങ്ങി പലപല പേരില്‍ ഭര്‍ത്താവും കുടുംബവും അതൊക്കെ സ്വന്തമാക്കും. എന്നാല്‍ അതൊന്നും കണക്കില്‍ കാണുകയുമില്ല. കണക്കെടുപ്പില്‍ അവള്‍ പണിയില്ലാത്തവളും ഭര്‍ത്താവ് അധ്വാനിച്ചു കൊണ്ടുവരുന്നത് ചുമ്മാ ചെലവാക്കുന്നവളുമായ അധികപ്പറ്റാവും.
കൃഷ്ണ തന്നെയും മറ്റു സ്ത്രീകളെയും കുറിച്ച് ചിന്തിക്കുകയായിരുന്നു. സതീഷേട്ടന്‍ സത്യം ചെയ്യിച്ച പോലെ ജീവിക്കണം; ജീവിച്ചേ പറ്റൂ. പക്ഷേ, എങ്ങനെ? അവളുടെയും സതീഷേട്ടന്റെയും പേരില്‍ ഇച്ചിരി ലോണെടുത്ത് ഇത്തിരി സ്ഥലം വാങ്ങണം. പിന്നെ പതിയെ പതിയെ ഒരു കുഞ്ഞുവീട്… നാലഞ്ചു വര്‍ഷം മതി സതീഷേട്ടന്‍ റിട്ടയറാവാന്‍. അപ്പോള്‍ കിട്ടുന്ന തുകയില്‍ നിന്ന് ഒരു ഭാഗം വീടിന്റെ പണിയിലേക്ക് എടുക്കാം. പിന്നെ പ്രൈവറ്റായി എവിടെയെങ്കിലും ജോലി നോക്കണം. പെന്‍ഷന്‍ ആദ്യ ഭാര്യക്കും മക്കള്‍ക്കും ചെലവിനു കൊടുത്തുകഴിഞ്ഞാല്‍ അധികമൊന്നും ബാക്കി കാണില്ല. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. എല്ലാം സ്വപ്നം പോലെ തന്നെ തീര്‍ന്നു. അവള്‍ താലിയില്‍ പിടിച്ച് പതിയെ ചുണ്ടോടു ചേര്‍ത്തു.
‘എല്ലാം നടക്കും സതീഷേട്ടാ… നിങ്ങള്‍ പറഞ്ഞതുപോലെ തന്നെ നടക്കും. നോക്കിക്കോ…’ അവള്‍ പിറുപിറുത്തു.

”എന്തിരിപ്പാ മോളേ ഇത്. മോളെണീറ്റ് കുളിക്ക്. നമുക്കൊരു ഡോക്ടറെ കാണാം. തല്‍ക്കാലം ഒരു മനഃസമാധാനത്തിന് അതു നല്ലതാ… പ്ലീസ്… മോളുവാ…” ചെറിയമ്മ അവളുടെ തലയില്‍ തലോടി.
”ഞാന്‍ വരാം ചെറ്യമ്മേ. ചെറ്യമ്മ കരുതണപോലെ കൃഷ്ണക്ക് ഭ്രാന്തൊന്നും വന്നിട്ടില്ല. എന്നാലും ഒരു സമാധാനത്തിന് ആ മരുന്ന് നല്ലതാ. നമ്മള് പനി വന്നാല്‍ മരുന്ന് കഴിക്കാറില്ലേ? ഈ തണുപ്പത്ത് കാലൊക്കെ വിണ്ടുപൊട്ടിയാല്‍ മരുന്നു തേക്കില്ലേ? അതുപോലെ ഹൃദയം വിണ്ടുപൊട്ടുമ്പോഴും ഇച്ചിരി ഉണങ്ങാനുള്ള മരുന്ന് നല്ലതാ. ഞാനത് കഴിച്ചിരുന്നു. സതീഷേട്ടന്‍ തന്നെയാ കുറേ മുമ്പ് എന്നെ നിര്‍ബന്ധിച്ച് ഡോക്ടറെ കാണിച്ചതും മരുന്ന് തന്നതും. പിന്നെ അദ്ദേഹത്തിന്റെ കൂടെ കഴിയാന്‍ തുടങ്ങിയപ്പോ അതൊക്കെ വേണ്ടാന്നും വെച്ചു…”
അവള്‍ നിര്‍ത്താതെ സംസാരിക്കുന്നത് കണ്ടപ്പോള്‍ ചെറ്യമ്മക്ക് പേടി തോന്നി. അവര്‍ അവളുടെ നെറ്റിയില്‍ കൈവെച്ചുനോക്കി. പണ്ടും കൃഷ്ണ ഇങ്ങനെയായിരുന്നു; പനിച്ചാല്‍ പിന്നെ നിര്‍ത്താതെ സംസാരിക്കും. ഇപ്പോഴും അതെ, ചെറിയ ചൂടു തോന്നുന്നുണ്ട്. ഇനി അവള്‍ക്കെങ്ങാനും… ചെറിയമ്മക്ക് വല്ലാത്തൊരു പേടി തോന്നി.
”എന്തേ? എനിക്ക് ചൂടുണ്ടോ? പേടിക്കണ്ട, നമുക്ക് എല്ലാവര്‍ക്കും ഒരു ടെസ്റ്റും കൂടി എടുക്കാം! പോരേ?”
അവള്‍ ചോദിച്ചു:
”സതീഷേട്ടന്‍ ആശുപത്രിയിലായത് മുതല്‍ ഞാന്‍ ബാക്കി ഇരുന്നിരുന്ന മരുന്ന് വീണ്ടും കഴിച്ചു തുടങ്ങിയിരുന്നു. ഡോക്ടര്‍ പറഞ്ഞതിന്റെ ഇരട്ടി ഡോസില്‍ തന്നെ. പക്ഷേ, ഇങ്ങോട്ട് വരും എന്നറിഞ്ഞല്ലല്ലോ അന്ന് ഇറങ്ങിയത്. അതുകൊണ്ട് എടുത്തില്ല. എന്തായാലും ഒന്നു ഡോക്ടറെ കാണാം. അതിനു മുമ്പ് ആരെയെങ്കിലും വിട്ട് ഫ്‌ളാറ്റില്‍ നിന്ന് എന്റെ പേഴ്സും കുറച്ച് അത്യാവശ്യ സാധനങ്ങളും എടുപ്പിക്കണം. പിന്നെ മറ്റൊരു വീടോ ഫ്‌ളാറ്റോ എടുത്ത് മാറണം. സതീഷേട്ടനില്ലാത്ത ആ ഫ്‌ളാറ്റിലേക്ക് ഇനി പോവാന്‍ വയ്യ, അതോണ്ടാ…”
”ചെറ്യമ്മക്ക് ഓര്‍മണ്ടോ ഞാന്‍ അച്ഛന്റെ വീട്ടിലേക്ക് പോയത്? അന്ന് ഞാന്‍ എട്ടാം ക്ലാസിലാണ്. ആദ്യമായി വലിയ കുട്ടിയായിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഒരു ദിവസം സ്‌കൂള്‍ വിട്ട് വന്നപ്പോ അമ്മമ്മ അടുക്കളയില്‍ കിടക്കണൂ. വിളിച്ചിട്ട് മിണ്ടണില്ല. ഞാന്‍ പോയി വാസ്വേട്ടനെ വിളിച്ചു കൊണ്ടുവന്നു. വാസ്വേട്ടന്‍ തൊട്ടുനോക്കീട്ട് പറഞ്ഞു, അമ്മമ്മ പോയീന്ന്. ഞാന്‍ തൊട്ടപ്പോ അമ്മമ്മ ശരിക്കും നല്ല തണുതണാന്ന് തണുത്തിട്ടായിരുന്ന്.
അന്നും വാസ്വേട്ടന്‍ തന്നാ അച്ഛനെ വിവരമറിയിക്കാന്‍ പോയത്. പക്ഷേ, അച്ഛന്‍ വന്നില്ല. മരിപ്പിനു വന്ന എല്ലാവരും തിരിച്ചുപോവാന്‍ നേരം വല്ല്യമ്മാമ്മനും കൊച്ചമ്മാമ്മനും കൂടെ എന്നെയും എന്റെ ഉടുപ്പുകളെയും വാസ്വേട്ടനൊപ്പം അച്ഛന്റെ വീട്ടിലേക്കയച്ചു. വീട് പൊളിക്കാന്‍ പോവാന്നും അവര്‍ക്കാര്‍ക്കും എന്നെ വേണ്ടാന്നും പറഞ്ഞു. അതു കേട്ട് എന്നേക്കാള്‍ കരഞ്ഞത് വാസ്വേട്ടനായിരുന്നു. വാസ്വേട്ടന്‍ ആദ്യം എന്നെ കാളിച്ചേച്ചീടെ വീട്ടില്‍ കൊണ്ടുപോയി, അച്ഛന്‍ കാണാതെ. എന്നിട്ട് ആ രണ്ടു വീട്ടിലും ഉള്ളവരോട് എന്നെ നന്നായി നോക്കണം എന്ന് പറഞ്ഞുവെച്ചു. പിന്നെ എന്നെ കൂട്ടി അച്ഛന്റെ വീട്ടിലെത്തി. എന്നെ അവിടെ നിര്‍ത്തി തിരിച്ചു നടന്നു. അച്ഛന്‍ ഒന്നും മിണ്ടിയില്ല. നിന്നു നിന്ന് കാലു കഴച്ചപ്പോ ഞാന്‍ അവിടെ കോലായിലെ തിണ്ണയില്‍ കയറിയിരുന്നു. ”ആ അടുക്കളപ്പൊറത്തെങ്ങാനും പോയി തൊലയ്. അശ്രീകരം!” അച്ഛന്‍ അലറി. അന്നു തൊട്ട് ഞാന്‍ സ്വന്തമായി ഒന്നും ആരും ഇല്ലാത്തവളായി. പക്ഷേ, അതറിയിക്കാതെ ആ പറമ്പിനറ്റത്തെ രണ്ട് അമ്മമാരും വീട്ടുകാരും എന്നെ പോറ്റി. അവരെനിക്ക് അമ്മയും കൂടപ്പിറപ്പും കുടുംബവുമായി.

കുറേ ദിവസം കഴിഞ്ഞപ്പോള്‍ നിങ്ങള്‍ രണ്ടാളും വന്നു. അമ്മമ്മേടെ വീടു വിറ്റുകിട്ടിയതില്‍ എന്റെ പങ്ക് എന്റെ പേരില്‍ ബാങ്കിലിടാനാണ് വന്നതെന്ന് അന്നെനിക്ക് മനസ്സിലായില്ല. പിന്നെ നിങ്ങള്‍ തന്നെ എന്നെ കൊണ്ടുപോയി ബാങ്കില്‍ വിരലടയാളം വെപ്പിച്ചപ്പോള്‍ ഞാനും വലിയ ആരോ ആയപോലെ എനിക്ക് തോന്നി. അതില്‍ നിന്നു പ്രായപൂര്‍ത്തിയായാല്‍ മാത്രമേ എനിക്കു പണം എടുക്കാന്‍ കഴിയൂ എന്ന എന്റെ അറിവു വെച്ചാണ് പലപ്പോഴും വിഷ്ണുവേട്ടനോട് പണം കടം ചോദിച്ചത്. പതിനെട്ടു വയസ്സായാല്‍ തിരികെ തരാം എന്ന എന്റെ മറുപടിയില്‍ നിന്നാണ് അയാള്‍ എനിക്കും സ്വന്തമായി അക്കൗണ്ടും അതില്‍ കാശും ഉണ്ടെന്ന് അറിഞ്ഞത്.
കല്യാണത്തിന് ഉടുക്കാന്‍ സാരിയും മുല്ലപ്പൂവും എന്തെങ്കിലും ആഭരണവും വാങ്ങാന്‍ ആ കാശില്‍ നിന്ന് ഇച്ചിരി എടുക്കാം എന്ന് പറഞ്ഞപ്പോള്‍ വിഷ്ണുവേട്ടനാണ് നിരസിച്ചത്. കൂട്ടുകാര്‍ വാങ്ങിത്തന്ന സാരിയും സമ്മാനങ്ങളായി കിട്ടിയ ഗോള്‍ഡ് കവറിങ് ആഭരണങ്ങളും ധരിച്ച് അങ്ങനെ ഞാന്‍ വിഷ്ണുവേട്ടന്റെ ഭാര്യയായി. അച്ഛനോ അയാളുടെ വീട്ടുകാരോ വന്നില്ല. അച്ഛന്‍ വിവാഹം മുടക്കാന്‍ നടന്നതിനാല്‍ മാത്രമാണ് കല്യാണം വെറും താലികെട്ടായി അമ്പലത്തില്‍ ഒതുങ്ങിയതെന്ന് താലി കെട്ടും മുമ്പേ വിഷ്ണുവേട്ടന്‍ സമാധാനിപ്പിച്ചു.
പക്ഷേ, കല്യാണം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞതോടെ ബാങ്കിലെ പണം മുഴുവന്‍ ചോദിച്ച് അയാളെന്നെ കൊല്ലാക്കൊല ചെയ്തു. ഒടുവില്‍ സിഗരറ്റ് കുറ്റി കൊണ്ട് കൈയിലും പുറത്തും പൊള്ളിച്ച് ഇനി കുത്തുന്നത് നിറവയറിലാകുമെന്ന് പറഞ്ഞതോടെ അയാള്‍ നീട്ടിയ ചെക്ക് ലീഫുകളില്‍ മുഴുവന്‍ ഞാന്‍ ഒപ്പിട്ടു. അങ്ങനെ അതു മുഴുവന്‍ അയാള്‍ അയാളുടെ അക്കൗണ്ടിലേക്ക് മാറ്റി. അതില്‍ നിന്ന് കുറേ എടുത്ത് ഒരു യുപി സ്‌കൂളിലേക്ക് ജോലി മാറിക്കയറി. അങ്ങനെ അയാള്‍ രഹസ്യമായി അധ്യാപകനായി. കണ്ടക്ടര്‍ ജോലി അയാള്‍ ഉപേക്ഷിച്ചു. ബാക്കി പണത്തില്‍ നിന്ന് അയാള്‍ക്കും അമ്മക്കും രവ്യേട്ടനും മാലയും കൈച്ചെയിനുമൊക്കെ വാങ്ങി. പിന്നെ ഒരു ബൈക്കും… ബാക്കി എന്തു ചെയ്തോ ആവോ? എത്രയായിരുന്നു എന്നു പോലും എനിക്കറിയില്ലായിരുന്നു. അതില്‍ ഒരു രൂപ പോലും എനിക്ക് കിട്ടിയില്ല.
നമുക്ക് ഒന്നു വക്കീലിനെ കാണണം ചെറ്യമ്മേ. എന്റെ ആ പണം എനിക്ക് വേണം. അതുകൊണ്ട് ഇച്ചിരി മണ്ണു വാങ്ങി ഒരു വീടു വെക്കണം. ആ ഫ്‌ളാറ്റിലെ സതീഷേട്ടന്റേതായ എല്ലാം ആ വീട്ടില്‍ അതേ പടി പകര്‍ത്തണം. പിന്നെ മോനെ വിട്ടുകിട്ടാനും കേസു കൊടുക്കണം. രവി എന്ന കള്ളസ്വാമിക്കെതിരെ കൊടുക്കുന്ന പോക്സോ, റേപ് കേസുകള്‍ കൊണ്ടുതന്നെ മോനെ എനിക്ക് കിട്ടും. പക്ഷേ, കേസ് നടത്താന്‍ എനിക്ക് കൂടെ ആരെങ്കിലും വേണം. ഞാന്‍ ഒറ്റക്കല്ലെന്ന് എന്നെത്തന്നെ ബോധിപ്പിക്കാന്‍. അതിന് നിങ്ങളുണ്ടാവില്ലേ? നിങ്ങളാണ് എന്റെ അച്ഛനും അമ്മയും.”
അവള്‍ ചെറിയമ്മയുടെ മടിയിലേക്ക് തലവെച്ചു കിടന്നു. ”ഉണ്ട് മോളേ… ഞങ്ങളൊക്കെയുണ്ട് കൂടെ. പക്ഷേ, ഒന്ന് മറക്കരുത്: ഒറ്റയ്ക്കാവുക എന്നതുതന്നെയാണ് ഏറ്റവും വലിയ ശക്തി. മറ്റൊരാള്‍ ചെയ്തുതരാനുണ്ട് എന്ന തോന്നലില്ലാതെ എനിക്ക് ഞാനുണ്ട് എന്ന തോന്നല്‍! അത്ര ശക്തിയുള്ള മറ്റൊന്നുമില്ല ഈ ലോകത്ത്…”
കൃഷ്ണ എഴുന്നേറ്റു:
”ശരിയാണ്. ഇപ്പോള്‍ തന്നെ നോക്കൂ, ഞാന്‍ ഒറ്റക്കായതോടെ മറ്റൊരാളുടെ കൂടെയാണ് എന്ന, മക്കളെ പിടിച്ചെടുക്കാനുള്ള വിഷ്ണുവേട്ടന്റെ വാദം ഇല്ലാതായില്ലേ? ഒറ്റക്കാവും എന്ന് പേടിച്ച് പണ്ടൊരിക്കല്‍ അയാള്‍ നീട്ടിയ സ്നേഹത്തിന്റെ മണം പിടിച്ച് എന്റെ ജീവിതം ഞാന്‍ കളഞ്ഞില്ലേ?
അന്നൊരു പക്ഷേ, ഒറ്റയ്‌ക്കൊരു വീട്ടില്‍ ജീവിക്കുക എന്നത് നടക്കില്ലായിരിക്കും, അല്ലേ ചെറ്യമ്മേ? ഒറ്റക്ക് കഴിയണ പെണ്ണുങ്ങളെ ആരും വെറുതെ വിടില്ലല്ലോ? പക്ഷേ, ഇപ്പോള്‍ എനിക്ക് മക്കളുടെ കൂടെ ഒറ്റക്കല്ലാതെ കഴിയാമല്ലോ… എന്തു വന്നാലും തോല്‍ക്കില്ല; ഇനി മുന്നോട്ട് തന്നെയാണ്.”
കൃഷ്ണ ദൃഢനിശ്ചയത്തോടെ ആവര്‍ത്തിച്ചു. അവളുടെ കണ്ണുകള്‍ അപ്പോള്‍ ആത്മവിശ്വാസത്താല്‍ തിളങ്ങി.
(അവസാനിച്ചു)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top