പ്രിയപ്പെട്ട ഒരാള്‍ മരണം കാത്തുകിടക്കുക. അതും പ്രിയപ്പെട്ട എന്ന ഒരു ലേബലില്‍ മാത്രം ഒതുക്കാന്‍ കഴിയുന്ന ഒരാളല്ല. മറിച്ച് ജീവനും ജീവിതവുമൊക്കെയായ ഒരാള്‍. തന്റെ ഒരു മൂളലാല്‍ ആ കാത്തുകിടപ്പ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് ആശുപത്രിയില്‍ നിന്ന് വിവരമറിയിക്കുക. താന്‍ മൂളിയില്ലെങ്കില്‍ ഇനിയും ചെലവാകുന്ന സംഖ്യയുടെ വലുപ്പവും ആ മനുഷ്യന്‍ കൂടുതലായി സഹിക്കേണ്ടിവരുന്ന വേദനകളുടെ അളവും പറഞ്ഞ് തന്നെ ഇമോഷണലി ബ്ലാക്മെയില്‍ ചെയ്യുക. എന്തു ഭീകരമായ അവസ്ഥയിലാണ് താന്‍ എന്ന് കൃഷ്ണ തന്നെത്തന്നെ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു: ‘സതീഷേട്ടന്‍ മരിക്കുകയാണ്.’ അവള്‍ അവളോടു തന്നെ പലവട്ടം പറഞ്ഞു. പിന്നെ ആ മരണത്തെ മനസ്സില്‍ കാണാന്‍ ശ്രമിച്ചു. ഈ അവസ്ഥയും മറികടന്നേ പറ്റൂ. സതീഷേട്ടന് കൊടുത്ത വാക്കാണ്.
അന്ന്, ആ സത്യം ചെയ്തതിന്റെ പിറ്റേന്നാണ് കൃഷ്ണയും സതീഷനും നിഭമോളും ചേര്‍ന്ന് വക്കീലിനെ കണ്ടതും കൃഷ്ണയും വിഷ്ണുവും തമ്മിലുള്ള വിവാഹമോചന ഹരജി രജിസ്റ്റര്‍ ചെയ്തതും. തിരിച്ചുവരുംനേരം കൃഷ്ണ സതീഷനോട് ഒരു സാധനം വേണമെന്ന് ആവശ്യപ്പെട്ടു: ഒരു താലി. അന്നുതന്നെ അത് കഴുത്തിലണിഞ്ഞു തരണമെന്നും കാണുന്നവരുടെ കണ്ണില്‍ ലിവിങ് ടുഗെദര്‍ എന്ന പട്ടമാണെങ്കിലും നമുക്കിടയില്‍ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ഭാര്യയായിരിക്കണമെന്നുമുള്ള അവളുടെ ആവശ്യം ഉടനെത്തന്നെ സതീഷേട്ടന്‍ സാധിച്ചുകൊടുത്തു. പിന്നെ ഭാര്യയെയും മക്കളെയും വിളിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ തന്നെ പരസ്യമായി ഫേസ്ബുക്കില്‍ മൂവരും ചേര്‍ന്നുള്ള ഫോട്ടോയും ഇട്ടു. ”എന്റെ കുടുംബം, എന്റെ ഭാര്യ, എന്റെ മകള്‍…” എന്നു കുറിച്ചു. തനിക്ക് നാലു മക്കളായെന്ന് മടി കൂടാതെ പറഞ്ഞു.
ശേഷം നേരെ ബാങ്കില്‍ പോയി കൃഷ്ണയുടെ അക്കൗണ്ടിലെ പഴയ ചെക്ക് ബുക്കും എടിഎം കാര്‍ഡും മരവിപ്പിച്ചു. ഇത്രയും കാലം അവളുടെ അക്കൗണ്ടില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും വിഷ്ണുവിന് പണമെടുക്കാമായിരുന്നു. ചെക്കുകളും എടിഎം കാര്‍ഡും വരെ അയാളുടെ കൈയിലായിരുന്നു. മാസാമാസം ശമ്പളം കയറേണ്ട താമസം അതു മൊത്തം അക്കൗണ്ടില്‍ നിന്ന് വിഷ്ണു പിന്‍വലിച്ചിരിക്കും. അതില്‍ നിന്ന് എണ്ണിച്ചുട്ട അപ്പം പോലെ വാടകയും മറ്റു ബില്ലുകളും അടയ്ക്കാനുള്ള തുക മാത്രം അവള്‍ക്കു കൊടുക്കും. പിന്നെ ചെലവിനും മറ്റും കൃഷ്ണ പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ കടം വാങ്ങാന്‍ കൈനീട്ടണം. ശമ്പള ദിവസം എത്ര കരഞ്ഞും കാലുപിടിച്ചും തല്ലുകൊണ്ടും വേണം ആ കടങ്ങളൊന്നു വീട്ടാന്‍. ഇനി അത് നടപ്പില്ല.
”ഈ പെണ്ണുങ്ങള്‍ കാലം മാറി എന്നൊക്കെ പ്രസംഗിക്കും, പണിക്കും പോവും. എന്നിട്ടെന്താ, കിട്ടണ കാശ് മുഴുവന്‍ കെട്ട്യോനും കൊണ്ടുകൊടുത്ത്, എനിക്കൊരു അഞ്ഞൂറ് രൂപാ തര്വോന്ന് സ്വന്തം ആവശ്യത്തിന് സ്വന്തം കാശ് കിട്ടാന്‍ കെട്ട്യോന് മുന്നില്‍ കൈനീട്ടി നില്‍ക്കും. സ്വന്തം പണം സ്വയം കൈകാര്യം ചെയ്യണം. അവനവന്റെ കാശും പൊന്നും കൂടെ കൂട്ടി പണിതുയര്‍ത്തണ വീട്ടില്‍ ഭര്‍ത്താവിന്റെ പേരിനൊപ്പം തന്റെ പേരിലും കൂടി അവകാശം എഴുതിവെപ്പിക്കണം. സ്വന്തമായി സമ്പാദ്യവും വേണം. അതൊക്കെയാണ് ലിംഗസമത്വം. അല്ലാതെ ഈ പാന്റ്‌സും ഷൂസും ഇട്ടാല്‍ മാത്രം എല്ലാമായീന്ന് വിചാരിക്കണത് നല്ല തല്ല് കൊള്ളാഞ്ഞിട്ടാ… അല്ല, ആരോടാ ഞാനീ പറയണേ… എത്ര തല്ല് കൊണ്ടാലും അഡ്ജസ്റ്റ് ചെയ്യാണെന്നും പറഞ്ഞ് കൊണ്ടോണ്ടു നിക്കണ പാര്‍ട്ടികളാ… എന്നെങ്കിലും ഇതൊക്കെ മാറുമോ ഈശ്വരാ…” സതീഷേട്ടന്റെ വാദങ്ങള്‍ എത്ര ശരിയായിരുന്നു!
നല്ല കൂട്ടുകാരനാവുക- അതാണ് പ്രധാനം. കൂട്ടുകാര്‍ ചെയ്ത എന്തു തെറ്റും നമുക്ക് ക്ഷമിക്കാനാകും. കൂട്ടുകാര്‍ക്കൊപ്പം എത്ര നേരവും സമയം ചെലവഴിക്കാനാകും. അവരോട് എന്തും തുറന്നുപറയാനാകും. ഒരു മറയുമില്ലാതെ ഹൃദയം തുറന്നുവെക്കാന്‍ കഴിയുന്നത് അവര്‍ക്കു മുന്നിലല്ലാതെ മറ്റെവിടെയാണ്? അതിനാല്‍ തന്നെ സൗഹൃദം തീര്‍ക്കുന്ന പ്രണയം അത്രയേറെ ഹൃദ്യമായതാവും. ആ പ്രണയത്തില്‍ മുങ്ങി കൃഷ്ണ നീരാടി. ആറു മാസങ്ങള്‍. കൃഷ്ണയും നിഭയും വയറും മനസ്സും കണ്ണും കാതും സന്തോഷത്തിന്റെ രുചികളാലും കാഴ്ചകളാലും ആസ്വാദ്യങ്ങളാലും നിറച്ചു. ഏതാണ്ട് ഇന്ത്യ മുഴുവന്‍ അവരുടെ പ്രണയം കറങ്ങിത്തിരിഞ്ഞു. എത്ര രസകരമായ നാളുകള്‍…
എല്ലാം അവസാനിക്കുകയാണ്. വെന്റിലേറ്റര്‍ ഊരിമാറ്റാനുള്ള ആവശ്യം അറിയിക്കാനാണ് സതീഷേട്ടന്റെ ഏട്ടന്റെ മകന്‍ വിളിച്ചത്. രണ്ടു ദിവസമായി മൂത്രം പോകുന്നില്ലെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നും അവന്‍ മടി കൂടാതെ പറഞ്ഞു. എത്രയും വേഗം എല്ലാം കഴിഞ്ഞു വീട്ടില്‍ പോകാനുള്ള തിടുക്കം വാക്കുകളില്‍ നിറഞ്ഞുനിന്നു.
”വരട്ടെ, എനിക്കൊന്നു കാണണം”- കൃഷ്ണ മറുപടി പറഞ്ഞു.
”അത് പറ്റുമെന്ന് തോന്നുന്നില്ല; ചെറിയച്ഛന്റെ ഭാര്യയും മക്കളും കൂടെയുണ്ട്. നിങ്ങളെ കാണാന്‍ അവര്‍ എന്തായാലും തയ്യാറാവില്ലല്ലോ. മാത്രമല്ല, ബോഡി അവരുടെ വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. ചെറിയച്ഛന്‍ ഉണ്ടാക്കിയ വീടാണ്. അവിടേക്കും നിങ്ങള്‍ക്ക് വരാന്‍ പറ്റില്ലല്ലോ… അപ്പോള്‍ ശരി, വിവരം നിങ്ങളെയൊന്ന് അറിയിച്ചെന്ന് മാത്രം.”
അവന്‍ ഫോണ്‍ വെച്ചു. പിന്നെ എത്ര തിരിച്ചുവിളിച്ചിട്ടും ഫോണ്‍ എടുത്തതുമില്ല.
കൃഷ്ണ വിനോദിനെ ഫോണില്‍ വിളിച്ചു. വാക്സിനെടുത്തിട്ടുണ്ടോ, കൊറോണയെ പേടിയാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു ശേഷം തന്റെ കൂടെ സതീഷേട്ടനെ കാണാന്‍ വരാമോ എന്നാരാഞ്ഞു. അപ്പോള്‍ മാത്രമാണ് വിനോദ് കാര്യങ്ങള്‍ അറിയുന്നത്. കൃഷ്ണയുടെ ചെറിയമ്മയുടെ ഭര്‍ത്താവിന്റെ അടുത്ത ബന്ധുവെങ്കിലും, കൂടെ ജോലി ചെയ്ത സുഹൃത്ത് എന്ന നിലയിലാണ് വിനോദ് സങ്കടങ്ങള്‍ പറയാന്‍ പലപ്പോഴും അവളെ വിളിച്ചിരുന്നത്.
”ഇപ്പോള്‍ വരാം കൃഷ്ണ ചേച്ചീ. നിങ്ങള്‍ റെഡിയായിക്കോളൂ…” വിനോദ് ധൈര്യം പകര്‍ന്നു.
ചെറിയമ്മയെയും ചെറിയച്ഛനെയും കൂട്ടിയാണ് വിനോദ് കൃഷ്ണയുടെ ഫ്‌ളാറ്റിലേക്കു വന്നത്. കൃഷ്ണയും മോളും വാതില്‍ പൂട്ടി പുറത്തിറങ്ങി. ചെറിയമ്മയെ കണ്ടവള്‍ ഒരു അത്താണി ലഭിച്ച ആശ്വാസത്തില്‍ കെട്ടിപ്പിടിച്ച് ആര്‍ത്തലച്ചു കരയാന്‍ തുടങ്ങി.
വെന്റിലേറ്ററില്‍ നിന്ന് സതീഷനെ മാറ്റും മുമ്പുതന്നെ അവര്‍ ആശുപത്രിയിലെത്തി. വിനോദിന്റെ ഇടപെടലിലൂടെ അവള്‍ക്കും നിഭമോള്‍ക്കും സതീഷനെ ജീവനോടെ, എന്നാല്‍ പിടിവിടാന്‍ മടിച്ചു കാത്തുനില്‍ക്കുകയായിരുന്ന ഒരു കുഞ്ഞുമിടിപ്പോടെ മാത്രം, വീണ്ടും കാണാന്‍ സാധിച്ചു. നോക്കിനോക്കി നില്‍ക്കെ മിടിപ്പും ബ്ലഡ് പ്രഷറും കുറഞ്ഞുകുറഞ്ഞ് ആ ജീവന്‍ ശരീരം വിട്ടൊഴിഞ്ഞു. മരിക്കും മുമ്പേ കൊറോണ നെഗറ്റീവ് ആയതിനാല്‍ തന്നെ ഏറ്റവും അടുത്തവര്‍ക്ക് ചുറ്റും നിന്ന് അദ്ദേഹത്തെ യാത്രയാക്കാന്‍ സാധിച്ചു.
അവസാനമായൊന്ന് കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ കഴിയാതെ കൃഷ്ണയും മോളും സതീഷേട്ടനെ വിട്ടുപിരിഞ്ഞ് വീണ്ടും തനിച്ചായി.
”അപ്പയെ കൊണ്ടുപോകണ്ടാന്ന് പറ അമ്മാ…” എന്ന നിഭമോളുടെ കരച്ചില്‍ ആശുപത്രി ജീവനക്കാരെ വരെ കരയിച്ചു. ആംബുലന്‍സ് സതീഷേട്ടനെയും കൊണ്ട് അകന്നുപോകവെ ചെറിയമ്മ അവളെ വിളിച്ചു: ”വാ മോളേ, തല്‍ക്കാലം നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാം. ഇപ്പോള്‍ മോള് മറ്റൊന്നും ചിന്തിക്കേണ്ട. ഞങ്ങളൊക്കെയില്ലേ കൂടെ…” ചെറിയമ്മയുടെ തോളിലേക്ക് ചാഞ്ഞവള്‍ മുന്നോട്ട് നടന്നു. താന്‍ ആരാണെന്നോ എന്താണെന്നോ പോലും മറന്നതു പോലെയുള്ള അവളുടെ ഭാവം കണ്ട് ചെറിയമ്മക്ക് ഭയം തോന്നി. എന്റെ കുട്ടി എന്തെല്ലാം അനുഭവിച്ചതാണെന്നോ? ഇപ്പോഴെങ്കിലും എല്ലാം ശരിയായല്ലോ ഭഗവാനേന്ന് എത്രമാത്രം സമാധാനിച്ചതാ…
ഒരു തുള്ളി കണ്ണീര്‍ പോലും വീഴ്ത്താതെയുള്ള കൃഷ്ണയുടെ ഇരിപ്പു കണ്ട് എല്ലാവരുടെയും കണ്ണുകള്‍ തോരാതെ പെയ്തു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)