LoginRegister

ഹൃദയത്തില്‍ പടര്‍ന്നിട്ടുണ്ടോ റമദാന്‍?

Feed Back


വിശ്വാസിയുടെ ഉള്ളം കഴുകുന്ന അടിച്ചുതളിയുടെ കാലമാണ് റമദാന്‍. മുക്കുമൂലകളില്‍ പറ്റിയിരിക്കുന്ന ചേറുകള്‍ ശ്രദ്ധാപൂര്‍വം നാം അടിച്ചുതളിയുടെ സന്ദര്‍ഭങ്ങളില്‍ നീക്കം ചെയ്യാറുണ്ടല്ലോ. റമദാനില്‍ വിശ്വാസിയുടെ ഹൃദയത്തില്‍ അത്തരം ഒരടിച്ചുതളി നടക്കണമെന്നാണ്.
പക, അസൂയ, വെറുപ്പ്, താന്‍കോയ്മ തുടങ്ങിയ കറകള്‍ നന്നായി ഉരച്ചുകഴുകി ഹൃദയം ശുദ്ധമാക്കണം. ആ ശുദ്ധിയോടെ പ്രപഞ്ചനാഥന്റെ ചാരത്തണയണം. അതാണ് റമദാനില്‍ സംഭവിക്കേണ്ടത്.
എന്നാല്‍ അത്തരമൊന്ന് നമ്മുടെയൊക്കെയുള്ളില്‍ സംഭവിക്കാറുണ്ടോ? ‘നോമ്പായിപ്പോയി, അല്ലേല്‍ കാണിച്ചു തരാമായിരുന്നു’ എന്നതാണ് പലരുടെയും ഉള്ളില്‍ തുളുമ്പാറുള്ളത്. നോമ്പിന് ഹൃദയത്തെയൊരുക്കുക എന്നത് നോമ്പിനു മാത്രമായുള്ള ഒരുക്കമായിക്കൂടാ. പുഴുക്കുത്തുകളില്‍ നിന്ന് ഒരു മാസത്തെ അവധി എന്നതാവരുത് നമ്മുടെ നോമ്പുകാലം. തുടര്‍ച്ചയുടെ തുടക്കമാവണം അത്.
ഹൃദയത്തെ നൈര്‍മല്യമുള്ളതാക്കി വിനയം കൊണ്ടലങ്കരിച്ച് പുഞ്ചിരികൊണ്ട് ആളുകളെ എതിരേല്ക്കാന്‍ നാം പഠിച്ചു തുടങ്ങണം. അത് ജീവിതത്തിന്റെ ഭാഗമാവുകയും വേണം. മതം മുന്നോട്ടു വെക്കുന്ന ഗുണങ്ങള്‍ ഓരോ വിശ്വാസിയിലും പ്രതിഫലിക്കണം. മതം നമ്മിലൂടെ പ്രകാശം ചൊരിയണം.
പ്രവാചകന്റെ സ്വഭാവം ഖുര്‍ആനായിരുന്നു എന്നാണല്ലോ. തിരുദൂതരുടെ അടുത്ത് നിന്ന് അനീതിയുണ്ടാവില്ലെന്നും അദ്ദേഹത്തെ ഭയപ്പാടോടെ എതിരേല്‌ക്കേണ്ടതില്ലെന്നും അന്നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. അത്തരമൊരു പ്രവാചകനോട് വിശുദ്ധ ഖുര്‍ആന്‍ ‘നീ പരുഷ സ്വഭാവിയായിരുന്നെങ്കില്‍ ജനങ്ങള്‍ നിന്നെ സ്വീകരിക്കില്ലായിരുന്നു’ എന്ന മുന്നറിയിപ്പും നല്കുന്നുണ്ട്.
നമ്മള്‍ സ്വന്തത്തിലേക്ക് ദൃഷ്ടി പായിച്ചു നോക്കൂ. ഇസ്ലാമിന്റെ മൂല്യങ്ങളില്‍ നിന്ന് എത്ര അകലത്തിലാണ് നാമുള്ളത് എന്ന് നമുക്ക് കണ്ടെത്താനാവും. ആ അകലമാണ് നാം കുറക്കേണ്ടത്. അതിന് റമദാന്‍ നിമിത്തമാവണം. പരുഷതയും അഹന്തയും കരിച്ചുകളയാന്‍ റമദാന്‍ കൊണ്ടാവണം.
റമദാനിലെ അത്യാഗ്രഹികളെക്കുറിച്ച് ഒരു കവി പറയുന്നുണ്ട്; ‘ഇങ്ങനെ ആലോചിച്ചുകൊണ്ടാണ് അത്യാഗ്രഹികള്‍ ക്ഷമയവലംബിക്കുന്നത്/ഒരു മാസം മാത്രമല്ലേ റമദാന്‍ ഉണ്ടാവൂ…’
അങ്ങനെ ആലോചിക്കുന്ന ആളുകളില്‍ നാം പെടാതിരിക്കലാണ് റമദാനിനോടു നമുക്ക് ചെയ്യാനാവുന്ന നീതി.
എഡിറ്റര്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top