പാകിസ്താന്‍ വംശജയും കാനേഡിയന്‍ പൗരത്വവുമുള്ള സൈനബ് ആഗ്രഹ സഫലീകരണത്തിനായി കാത്തിരിക്കുകയാണ്. ബഹിരാകാശത്തെ ഏറെ ഇഷ്ടപ്പെട്ട ഈ വിദ്യാര്‍ഥിനി കുട്ടിക്കാലത്ത് കേട്ടതും വായിച്ചതുമായ കൗതുകങ്ങള്‍ സ്പേസിനെ കുറിച്ചുള്ളതായിരുന്നു. കാള്‍ സാഗന്റെ ദ കോസ്മോസ് അടക്കമുള്ള കൃതികളിലൂടെ സ്വപ്നത്തെ സൈനബ് വിപുലമാക്കി. അതിനിടയിലാണ് 11 വയസായപ്പോള്‍ സമ്പന്നരായ രക്ഷിതാക്കള്‍ വലിയൊരു തുക സമ്മാനമായി നല്‍കിയത്. കുഞ്ഞുനാളില്‍ ബഹിരാകാശ ഗവേഷണത്തില്‍ കാണിച്ചിരുന്ന താല്‍പര്യം കണ്ടാണ് മാതാപിതാക്കള്‍ സൈനബിന് വേറിട്ട പിറന്നാള്‍ സമ്മാനം നല്‍കിയത്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രഭാഷണത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു സൈനബ്.
18 തികഞ്ഞതോടെ സ്വപ്നം പൊടിത്തട്ടിയെടുത്തു. സമ്മാനായി ലഭിച്ച തുക ബഹിരാകാശ യാത്രക്ക് വിനിയോഗിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ രണ്ടര ലക്ഷം ഡോളര്‍ ചെലവഴിച്ച് ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ബഹിരാകാശത്തേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന വെര്‍ജിന്‍ ഗലാക്ടിക്ക് എന്ന സ്ഥാപനമാണ് യാത്ര ഒരുക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ സഞ്ചാരിയാണ് സൈനബ്. യാത്രയില്‍ ഹിജാബ് മാറ്റില്ലെന്ന സൈനബിന്റെ നിര്‍ദേശം കമ്പനി അംഗീകരിച്ചതോടെ ഹിജാബ് ധരിച്ച് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ വ്യക്തി എന്ന ഖ്യാതിയും സൈനബിന് സ്വന്തമാകും.
ലോകമറിയുന്ന സന്നദ്ധ പ്രവര്‍ത്തക സൈനബിന്റെ ബഹിരാകാശ യാത്ര ശ്രദ്ധ നേടിയത് ഇതിന്റെ പേരിലല്ല. സൈനബിന്റെ യാത്രക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സഭ രംഗത്തുവന്നതോടെയാണ് ലോകത്തിന് പ്രചോദനമാകുന്ന ഒരു നീക്കം എന്ന നിലയില്‍ ഇത് ശ്രദ്ധേയമായത്. യു എന്നിന്റെ സ്പേസ് ഫോര്‍ വിമന്‍ പദ്ധതിയില്‍ സൈനബിന്റെ യാത്രയെ ഉള്‍പ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നവരുടെ താരപട്ടികയില്‍ ഇടം നല്‍കുകയും ചെയ്തു. യു എന്‍ ഓഫിസ് ഫോര്‍ ഔട്ടര്‍ സ്പേസ് അഫയോഴ്സിന്റെ മെന്ററാണ് ഈ പ്രതിഭ.
ടൊറന്റോ സര്‍വകലാശാലയില്‍ ന്യൂറോ സയന്‍സ് വിദ്യാര്‍ഥിയാണ് സൈനബ്. ആഗോളതലത്തില്‍ വിദ്യാഭ്യാസ ഉന്നതിക്കും ലിംഗ വിവേചനത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ കോ ചെയര്‍മാന്‍ കൂടിയാണ് ഈ മിടുക്കി. ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ആന്റ് വിഷന്‍ ഫോര്‍ എജുക്കേഷന്‍ അഥവാ ഗിവ് എന്ന സംഘടന വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത സന്നദ്ധ സംഘടനയാണ്. വരും തലമുറ വിദ്യാഭ്യാസ രീതികളെ കുറിച്ചുള്ള പദ്ധതിയായ സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്സ് (സ്റ്റം) പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നതും ഇവരാണ്.
2020ല്‍ കനഡയില്‍ നടന്ന വേള്‍ഡ് അഫയേഴ്സ് സമ്മേളനത്തിലും യു എന്‍ വേള്‍ഡ് സ്പേസ് ഫോറത്തിലും പ്രഭാഷകയായിരുന്നു സൈനബ്. കഴിഞ്ഞ ദിവസം ദുബൈ എക്സ്പോയില്‍ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സൈനബ് ചിന്തകള്‍ പങ്കുവെച്ചിരുന്നു. വനിതകളും പെണ്‍കുട്ടികളും ശാസ്ത്രരംഗത്ത് എന്ന വിഷയത്തിലായിരുന്നു സംസാരം.
ഇത്രയും വലിയ തുക ചെലവഴിച്ച് ബഹിരാകാശയാത്ര നടത്തുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് സൈനബിന്റെ മറുപടി ഇങ്ങനെയാണ്: ”എല്ലാവര്‍ക്കും സ്വപ്നമുണ്ട്. അത് സാക്ഷാത്ക്കരിക്കുക എന്നത് ജീവിതത്തിന് വലിയ പ്രചോദനമാണ്. ഓരോ സ്വപ്നം യാഥാര്‍ഥ്യമാവുമ്പോഴും അത് മറ്റുള്ളവര്‍ക്കുള്ള പ്രത്യാശയാണ്. ഒരു നാള്‍ തന്റെ സ്വപ്നവും യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷ. ആ പ്രതീക്ഷ നിലനിര്‍ത്താനാണ് താന്‍ ബഹിരാകാശ യാത്ര നടത്തുന്നത്.”
ഈ വര്‍ഷം അവസാനം ആ സ്വപ്ന യാത്ര നടക്കും. ബഹിരാകാശത്തേക്ക് പോയ ആദ്യ മുസ്ലിം വനിത ഇറാന്‍ വംശജയാണ്. 2006ല്‍ അമേരിക്കയിലെ ഇറാന്‍ വംശജയായ അനുഷേ അന്‍സാരിയാണ് സ്പേസ് സ്റ്റേഷനിലേക്ക് യാത്ര നടത്തിയത്. ഇപ്പോള്‍ യു എ ഇയുടെ വനിതാ ആസ്ട്രനോട്ട് നൂറ അല്‍ മത്റൂഷി ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വനിതയാകാനുള്ള തയാറെടുപ്പിലാണ്. .