പണമാണ് എല്ലാറ്റിനും അടിസ്ഥാനം എന്നത് മൗഢ്യമായ ധാരണയാണ്. അതിന് കാലവും പരിസരവും സാക്ഷിയുമാണ്. എന്നാല്‍ സമ്പത്ത് അര്‍ഥവത്തായ ഒരു ജീവിതത്തിന് അനിവാര്യമാണ് താനും. ‘സമ്പത്ത് കാലത്ത് തൈപത്തു വെച്ചാല്‍ ആപത്ത് കാലത്ത് കാപത്തു തിന്നാം’ എന്നു നാമൊക്കെ കോപ്പി എഴുതി പഠിച്ചതാണ്. എന്നാല്‍ ഈ എളിയ തത്വം ജീവിതത്തില്‍ പാലിക്കാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല.
സമൂഹത്തില്‍ ഭൂരിപക്ഷവും ദിവസ വേതനക്കാരോ കൃഷിക്കാരോ കച്ചവടക്കാരോ പ്രവാസികളോ ഒക്കെയാണ്. വളരെ ചെറിയ ഒരു ന്യൂനപക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരന് 55 വയസ്സ് കഴിഞ്ഞാല്‍ മരണം വരെ പെന്ഷന് ലഭിക്കുന്നു. എന്നാല്‍ ഒരു പക്ഷെ അവരെക്കാള്‍ അധ്വാനിക്കുകയും ചിലപ്പോള്‍ അവരെക്കാള്‍ വേതനം വാങ്ങുകയും ചെയ്തവരായിരിക്കും ഭൂരിപക്ഷം വരുന്ന കൃഷിക്കാരും കച്ചവടക്കാരും പ്രവാസികളുമെല്ലാം.
എല്ലാവര്ക്കും പെന്ഷന്
നമ്മുടെ സാമ്പ്രദായിക പാഠ്യ-പദ്ധതിയില്‍ സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രായോഗിക തലം വളരെ കുറച്ചു മാത്രമേ പഠിപ്പിക്കുന്നുള്ളൂ. വീടു വെക്കാന്‍ എഞ്ചിനീയറെയും ടാക്സ് കാര്യങ്ങള്‍ക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെയും നിയമ പ്രശ്നങ്ങള്‍ക്ക് വക്കീലിനെയും നാം കാണാറുണ്ട്. എന്നാല്‍ വളരെ പ്രാധാന്യമുള്ള നമ്മുടെ സമ്പത്ത് ഏറ്റവും നല്ല രൂപത്തില്‍ ആസൂത്രണം ചെയ്യാന്‍ ഒരു സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം നമ്മില്‍ എത്ര പേര് തേടിക്കാണും?
വികസിത രാജ്യങ്ങളില്‍ ഒരാള്‍ സ്വന്തം വരുമാനം നേടിത്തുടങ്ങുന്ന സമയം മുതല്‍ തന്നെ ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ വരുമാനത്തിനും കുടുംബ പശ്ചാത്തലത്തിനും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടിനും അനുസരിച്ച് സമ്പത്തിന്റെ വിനിയോഗം ക്രമീകരിച്ച് തുടങ്ങുന്നു.
സത്യത്തില്‍ ഈ പ്രക്രിയയുടെ ബാല പാഠങ്ങള്‍ വളരെ ലളിതമാണ്.
1. അടിസ്ഥാന വ്യക്തിഗത സാമ്പത്തിക ആസൂത്രണ പാഠങ്ങള്‍ അറിഞ്ഞിരിക്കുക.
2. പണത്തിന്റെ കോംപൗണ്ടിങ് ശക്തി അറിഞ്ഞു നിക്ഷേപം നടത്തുക.
3. ‘വരുമാനം – ചെലവ് = നിക്ഷേപം’ എന്ന സൂത്രവാക്യം അല്പം മാറ്റം വരുത്തി ‘വരുമാനം – നിക്ഷേപം = ചെലവ്’ എന്ന രൂപത്തില്‍ നടപ്പില്‍ വരുത്തുക.
4. വരുമാനത്തിന്റെ 25% ത്തിനു മുകളില്‍ എല്ലാ മാസവും കൃത്യമായി നിക്ഷേപിക്കുക.
5. നിക്ഷേപം നാളേക്ക് മാറ്റി വെക്കാതെ ഇന്നു തന്നെ തുടങ്ങുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഈ കാര്യങ്ങള്‍ ഇന്നു മുതല്‍ ചെയ്തു തുടങ്ങുക. ഇന്നു മുതല്‍ നമ്മുടെ നിക്ഷേപം നമുക്കു വേണ്ടി ജോലി ചെയ്തു തുടങ്ങുകയായി. അത് നാം വിശ്രമ ജീവിതം നയിക്കുമ്പോള്‍ നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യം (ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ്) സാധ്യമാക്കും. അതെ, എല്ലാവര്ക്കും പെന്ഷന് സാധ്യമാണ്.
നിക്ഷേപ സാധ്യതകള്‍
പഴയ കാലത്തു നിന്ന് വ്യത്യസ്തമായി ഇന്ന് നിക്ഷേപ സാധ്യതകള്‍ എമ്പാടും ഉണ്ട്. സാധാരണ നിക്ഷേപങ്ങളെപ്പോലെ തന്നെ ശരീഅത്ത് നിയമങ്ങള്‍ ഏറെക്കുറെ പാലിക്കപ്പെടുന്ന നിക്ഷേപങ്ങളും ഇന്നു സുലഭമല്ലെങ്കിലും ലഭ്യമാണ്. ചില ഉദാഹരണങ്ങള്‍:
1. മ്യൂച്ചല്‍ ഫണ്ടുകള്‍: ടാറ്റ എത്തിക്കല്‍ ഫണ്ട്, ടോറസ് എത്തിക്കല്‍ ഫണ്ട്.
2. വാടക (ഇജാറ) അടിസ്ഥാനമാക്കി നടത്തുന്ന സ്ഥാപനങ്ങള്‍.
3. നിധി ബാങ്ക് : വിബ്ജിയോര്‍ നിധി ബാങ്ക്പോലെയുള്ളവ.
4. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതും അഅഛകഎക പോലുള്ള ‘ശരീഅ’ ഓഡിറ്റ് സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നതുമായ കമ്പനികള്‍. Islamicly, ansaar.in പോലുള്ള വെബ്സൈറ്റുകള്‍ ഉപയോഗപ്പെടുത്തി ഈ രൂപത്തിലുള്ള കമ്പനികളെ കണ്ടെത്താന്‍ ഇന്ന് സൗകര്യമുണ്ട്.
5. പ്രൈവറ്റ് ഇക്വിറ്റി.
6. Venture Capital ഫണ്ടുകള്‍.
ഇവയില്‍ ഓരോന്നും ലളിതമാണ്. എന്നാല്‍ ഇവ ഓരോന്നും വളരെ വിശദമായി പഠിക്കാവുന്ന വിഷയങ്ങളാണു താനും. ഉദാഹരണമായി സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട ‘ശരീഅ’ സ്ക്രീനിംഗ് നോക്കാം. ഒന്നാമതായി ഒരു കമ്പനിയുടെ കോര്‍ ബിസിനസ് ശരീഅ വിരുദ്ധം ആണോ അല്ലേ എന്ന് നോക്കുന്നു. രണ്ടാമതായി ആ കമ്പനിയുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ശരീഅ പരിധികള്‍ക്ക് ഉള്ളിലാണോ എന്ന് പരിശോധിക്കുന്നു. ഇതിനു പുറമേ ചില വാല്യൂ സ്ക്രീനിംഗ് നടത്തുന്ന രീതിയും നിലവിലുണ്ട്. ഉദാഹരണമായി പ്രകൃതി സംരക്ഷണം എന്നതിനോട് ഒരു കമ്പനിയുടെ നിലപാട് എന്താണ്? തൊഴിലാളി ക്ഷേമം കമ്പനിയുടെ അജണ്ടയില്‍ ഉണ്ടോ? മാനേജ്മെന്റ് കമ്പനി ഭരണം നടത്തുന്നത് മൂല്യാധിഷ്ഠിതമാണോ? ഇങ്ങനെ ഓരോ വിഷയവും മറ്റു വിശാലമായ പഠനങ്ങള്‍ക്ക് വഴി തുറക്കുന്നവയാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഒരാള്‍ക്ക് എന്നും പുതിയ പഠനങ്ങള്‍ക്കു സാധ്യതകളുണ്ട്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ട്രാജക്ടറി മനസ്സിലാക്കാനും രാജ്യത്തിന്റെ പുരോഗതിയില്‍ ഭഗവാക്കാകാനും ഇതിലൂടെ സാധ്യമാവുന്നു.
അപ്പോള്‍ മൂല്യച്യുതി ചൂണ്ടിക്കാട്ടി മാറി നില്ക്കുക എന്ന എസ്കേപിസം ഒഴിവാക്കി ഈ വിഷയങ്ങളില്‍ മുന്നില്‍ നിന്നു സാമ്പത്തിക മേഖലകളിലെ അനന്ത സാധ്യതകള്‍ തനിക്കും സമൂഹത്തിനും എങ്ങനെ ഉപകാരപ്പെടുത്താം എന്നതായിരിക്കട്ടെ നമ്മുടെ ചിന്താപ്രമേയം.
കൂട്ടായ്മകളുടെ കാലം
ഇന്ന് കൂട്ടായ്മകളുടെ കാലമാണ്. കുടുംബ കൂട്ടായ്മകള്‍, സുഹൃത് കൂട്ടായ്മകള്‍, ആരോഗ്യ കൂട്ടായ്മകള്‍, ജോലി സംബന്ധമായ കൂട്ടായ്മകള്‍, സഹപാഠികളുടെ കൂട്ടായ്മകള്‍ അങ്ങനെ എന്തിനും ഇന്നു കൂട്ടായ്മകളാണ്. ഓരോ നാട്ടിലെയും വിവിധ കൂട്ടായ്മകള്‍ ആ കൂട്ടായ്മയിലെ മെമ്പര്‍മാരുടെ സാമ്പത്തിക സ്വാതന്ത്ര്യം അവരുടെ അജണ്ടയുടെ ഭാഗമാക്കട്ടെ. 15 മുതല്‍ 20 പേര് അടങ്ങുന്ന ഇന്‍വെസ്റ്റ്മെന്റ് ക്ലബ്ബുകള്‍ തുടങ്ങുന്നത് വിജയകരമായി കണ്ടിട്ടുള്ള മറ്റൊരു മാതൃകയാണ്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടു തുടങ്ങിയ ഇത്തരം ചില ക്ലബ്ബുകള്‍ ഇന്നു വളരെയധികം മുന്നേറി ക്കഴിഞ്ഞു. ക്ലബ്ബിലെ മെമ്പര്‍മാര്‍ പരസ്പരം ചര്‍ച്ചയിലൂടെയും പഠനത്തിലൂടെയും സാമ്പത്തിക മേഖലയില്‍ ആധികാരികമായി ഇടപെട്ടു തുടങ്ങുന്നത് നല്ല അനുഭവങ്ങളാണ്.
ആരോഗ്യമാണ് സമ്പത്ത്
വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തില്‍ വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് ആരോഗ്യ സംബന്ധമായ സാമ്പത്തിക ആസൂത്രണം. നാട്ടിലെ എല്ലാവരും ഉള്‍കൊള്ളുന്ന ഒരു ആരോഗ്യ പരിരക്ഷാ പദ്ധതി ഉണ്ടെന്നു ഉറപ്പുവരുത്താന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. ചില രോഗങ്ങള്‍ വരുമ്പോള്‍ പല കുടുംബങ്ങളും സാമ്പത്തികമായി തകര്‍ന്നു പോകുന്നത് നമ്മുടെയൊക്കെ മുന്നില്‍ വന്നിട്ടുള്ളതാണ്. വിശദമായ ചര്‍ച്ചകള്‍ ഈ വിഷയത്തിലും നടക്കേണ്ടതുണ്ട്.
വ്യക്തിഗത സാമ്പത്തിക ആസൂത്രണം
ഓരോ വ്യക്തിയുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും വ്യത്യാസപ്പെടും. സാധാരണ വരുന്ന ചെലവുകള്‍ താഴെ പറയുന്നവയാണ്.
. അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള നീക്കിയിരിപ്പ്.
. വാര്‍ധക്യ കാലത്തേക്കുള്ള നീക്കിയിരിപ്പ്.
. വീടു നിര്‍മാണം.
. വാഹനം.
. യാത്രകള്‍ (ഹജ്ജ് പോലുള്ളവ ഉള്‍പ്പടെ).
. കുട്ടികളുടെ വിദ്യാഭ്യാസം / സ്വന്തം ഉപരി പഠനം.
. കുട്ടികളുടെ വിവാഹം / സ്വന്തം വിവാഹം.
. ചികിത്സാ ചെലവുകള്‍.
. മറ്റു ചിലവുകള്‍.
ഇതുപോലെ നമ്മുടെ ഇപ്പോഴുള്ള നിക്ഷേപങ്ങള്‍, ആസ്തികള്‍, ബാധ്യതകള്‍ എല്ലാം കണക്കുകൂട്ടുക. നമ്മുടെ ആകെയുള്ള മാസ വരുമാനം തിട്ടപ്പെടുത്തുക.
ആകെയുള്ള മാസ വരുമാനത്തില്‍ നിന്ന് ചെലവുകള്‍ കുറച്ചാല്‍ നമുക്ക് കിട്ടുന്ന സംഖ്യ കണക്കാക്കുക.
നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളും അവയുടെ സമയവും ഉള്‍പ്പടെ ലിസ്റ്റു ചെയ്യുക. മുകളില്‍ സൂചിപ്പിച്ച പോലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ഓരോ ലക്ഷ്യങ്ങളെയും നേടാന്‍ വേണ്ട തുക ഇന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ചു കണക്കാക്കുക.
ഓരോ ലക്ഷ്യവും നേടാന്‍ വേണ്ട മാസ നിക്ഷേപം (SIP) കണക്കാക്കുക. SIP കാല്‍ക്കുലേറ്റര്‍ ഗൂഗിള്‍ ചെയ്താല്‍ ലഭിക്കും.
നമ്മുടെ ലക്ഷ്യങ്ങളുടെ മുന്‍ഗണന അനുസരിച്ചും ഭാവിയില്‍ ഉണ്ടാകാവുന്ന വരുമാന വര്‍ധനവും നോക്കിയ ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തുക. യൂട്യൂബില്‍ Financial planning with Sowmya Krishnan’ എന്നു സെര്‍ച്ചു ചെയ്താല്‍ നല്ല വീഡിയോ ഇതുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്. TOPUP SIP അടക്കം വളരെ ലളിതമായി വിവരിക്കുന്നുണ്ട് ഈ വീഡിയോ.
എല്ലാ വര്‍ഷവും ഈ പ്ലാനിങ് പ്രോസസ്സ് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തുടര്‍ന്നാല്‍ നിങ്ങളുടേത് മികച്ച ഒരു പ്ലാന്‍ ആയി മാറും എന്ന് ഉറപ്പാണ്.
സീനിയര്‍ എഞ്ചിനീയര്‍
സാമ്പത്തിക ആസൂത്രണ
മേഖലയിലേക്ക്
ഏതാണ്ട് രണ്ടര പതിറ്റാണ്ടില്‍ അധികം പ്രവാസി ആയിരുന്നു ഞാന്‍. 2016ല്‍ ജോലി രാജിവെച്ചു. റിയല്‍ എസ്റ്റേറ്റ് അത്ര ആകര്‍ഷകമല്ലാത്ത ഒരു സമയം ആയിരുന്നു അത്. അപ്പോള്‍ സ്ഥിരമായ വരുമാനം ലഭിക്കാവുന്ന ബാങ്ക് നിക്ഷേപം അല്ലാത്ത സാധ്യതകള്‍ പഠന വിധേയമാക്കി. ആ യാത്ര മറ്റു ഒരു പാട് കാര്യങ്ങള്‍ മനസിലാക്കി തന്നു.
പലിശ മുക്തമായ നിക്ഷേപ സാധ്യതകള്‍ ഉണ്ടെങ്കിലും എന്നെ പോലെ തന്നെ മലബാര്‍ ഭാഗത്തു നിന്നുമുള്ള പ്രവാസികളായ ഒട്ടു മിക്ക ആളുകളും അവരുടെ സമ്പാദ്യം വെറും കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഒരുക്കിയിരിക്കുകയാണ്.
ഭൂരിപക്ഷം പ്രവാസികളും നാട്ടിലേക്ക് തിരിച്ചു വരാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട് എങ്കിലും സ്ഥിര വരുമാനം ഇല്ലാത്തതിനാല്‍ ഗള്‍ഫിലേക്ക് തിരിച്ചു പോകാന്‍ നിര്‍ബന്ധിതരാണ്.
നാട്ടില്‍ ഒരുപാട് ആളുകള്‍ ഇസ്ലാമിക് ഫിനാന്‍സ് അക്കാഡമിക് തലത്തില്‍ നിലവിലുണ്ടെങ്കിലും പലപ്പോഴും അവര്‍ പ്രായോഗികമായി ഈ രംഗത്ത് അധികം കാണുന്നില്ല. നാം പലപ്പോഴും വിലക്കുകള്‍ തീര്‍ക്കുന്നവര്‍ മാത്രം ആയി മാറുന്നു. അതു പാടില്ല, ഇതു പാടില്ല എന്നു പറയുന്നു. എന്നാല്‍ എന്തൊക്കെയാണ് പാടുള്ളത് എന്നും അത് എവിടെയൊക്കെ ഉണ്ട് എന്നുള്ളതും പറഞ്ഞു കൊടുക്കാന്‍ ആളുകള്‍ പരിമിതമാണ്. ഈ വിടവ് ശരിക്കും ഒരു സമൂഹം എന്ന നിലക്ക് നമ്മെ വല്ലാതെ ബാധിക്കുന്നുണ്ട് എന്നാണ് എന്റെ വിലയിരുത്തല്‍. ഈ അവസ്ഥയില്‍ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കണം എന്ന ചിന്ത ഉണ്ടായി. ആ ചിന്ത എളിയ രൂപത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ വഴി തുറക്കുകയായിരുന്നു.
പ്രധാന അനുഭവങ്ങള്‍
2016ല്‍ കമ്പനിയില്‍ നിന്ന് വിരമിച്ച ശേഷം 2019 വരെ ഞാന്‍ ജിദ്ദയില്‍ ഉണ്ടായിരുന്നു. ഈ സമയത്തു കുറെ വേദികളില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ കഴിഞ്ഞു. പരിപാടികളില്‍ പങ്കെടുത്ത ഒരുപാട് ആളുകള്‍ പിന്നീട് അവര്‍ വിവിധ നിക്ഷേപങ്ങള്‍ തുടങ്ങിയതും വിജയിച്ചതുമായ അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്. അങ്ങനെ നിക്ഷേപ സാധ്യതകള്‍ പഠിച്ച ജിദ്ദയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ വന്നിരുന്നു. ഇപ്പോള്‍ 12 ലക്ഷം നിക്ഷേപം ഉണ്ടെന്നും 35 ലക്ഷം രൂപ നിക്ഷേപം കഴിയുന്നത്രയും പെട്ടെന്ന് നടത്തി തിരിച്ചു നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ കൃത്യമായി നടക്കുന്നു എന്നും പറഞ്ഞത് ഏറെ സന്തോഷം പകര്‍ന്ന അനുഭവമാണ്. കുറച്ചു വര്‍ഷങ്ങള്‍ മുമ്പേ ഈ കാര്യങ്ങളില്‍ ആരെങ്കിലും ഗൈഡന്‍സ് തന്നിരുന്നെങ്കില്‍ എന്ന് സൂചിപ്പിച്ച പലരും ഉണ്ട്.
തുടക്കം ആസൂത്രിതം അല്ല എങ്കിലും ഈ പാതയില്‍ എത്തിയ സ്ഥിതിക്ക് ഇസ്ലാമിക ഫിനാന്‍സ് പഠിക്കണം എന്നത് എന്റെ ഒരാഗ്രഹം ആയിരുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍ നടത്തുന്ന ഇസ്ലാമിക് ഫിനാന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയത് ചാരിതാര്ത്യം തന്ന അരനുഭവമാണ്.
കുടുംബ കൂട്ടായ്മകള്‍
വളരെ വിജയകരമായി ഈ സന്ദേശം ഏറ്റെടുത്ത കൂട്ടായ്മകള്‍ ഉണ്ട്. പലപ്പോഴും ഒറ്റക്ക് ആവുമ്പോള്‍ ഒരു സ്റ്റാര്‍ട്ടിങ് ട്രബ്ള് ഉള്ളത് പോലെയാണ്. ഒരു കൂട്ടായ്മ ആകുമ്പോള്‍ ഒരാളുടെ ഈ മേഖലയിലെ അറിവും എനര്‍ജിയും മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്പെടുന്നതാണ് അനുഭവം. ഉദാഹരണമായി ഈ കുറിപ്പ് വായിച്ചു ഒരാള്‍ ‘ടാറ്റ എത്തിക്കല്‍ ഫണ്ട് നിക്ഷേപം’ തുടങ്ങാന്‍ ഉള്ള സാധ്യതയേക്കാള്‍ എത്രയോ കൂടുതലാണ് ഒരു സുഹൃത്തു തന്റെ അനുഭവം പറയുമ്പോള്‍ ഉണ്ടാവുക. കഴിഞ്ഞ റമദാനില്‍ തുടങ്ങിയ ഒരു കുടുംബ കൂട്ടായ്മ ഇന്ന് വളരെ നല്ല നിലയില്‍ മുന്നോട്ടു പോകുന്നു. നാലു മാസം മുമ്പ് തുടങ്ങിയ മറ്റൊരു കൂട്ടായ്മ മാന്യമായ തുക സ്വരൂപിച്ചു കഴിഞ്ഞു. ഇങ്ങനെ ഏതൊരു കൂട്ടായ്മക്കും പരസ്പര സഹായം ചെയ്തുകൊണ്ട് ഇന്‍വെസ്റ്റ്മെന്റ് ക്ലബ്ബ് തുടങ്ങാവുന്നതാണ്. കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്ത ചില അധ്യാപകര്‍ റിയല്‍ എസ്റ്റേറ്റ് (ഭൂമി) വാങ്ങുന്നതില്‍ നിന്ന് മാറി ചിന്തിച്ചു നിക്ഷേപം തെരഞ്ഞെടുത്തതായി അറിയിച്ചതും സന്തോഷം നല്കിയ ഓര്മ.
ആശങ്കകള്‍, പ്രതിബന്ധങ്ങള്‍
ഒന്നാമതായി നമ്മുടെ സമൂഹത്തിലുള്ള പലിശപ്പേടിയാണ്. ആ പേടി സ്വാഭാവികവും അര്‍ഥവത്താണു താനും. പക്ഷെ പലിശ ഇല്ലാത്ത മോഡലുകള്‍ വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുലോം കുറവാണ് എന്നത് കാണാതിരുന്നു കൂടാ. ഉള്ള സാധ്യതകളെ കുറിച്ച് പഠിക്കാനും ഒരു സമൂഹം എന്ന നിലക്ക് മുസ്ലിംകള് വളരെ പുറകിലാണ്. അതാകട്ടെ വലിയ സാധ്യതകളാണ് ഇല്ലാതെയാക്കിയത്. ‘ആട് തേക്ക് മാഞ്ചിയം’, ‘ഓര്‍ക്കിഡ്’ പോലെയുള്ള കയ്പുള്ള ഓര്‍മകളാണ് പലരെയും പിന്നോട്ടടിപ്പിക്കുന്ന മറ്റൊരു വസ്തുത. ഒരു നിക്ഷേപവും ‘റിസ്ക് ഫ്രീ’ അല്ല. ചിലര്‍ കേട്ട പാതി കൂടുതല്‍ പഠനങ്ങള്‍ നടത്താതെ ചാടി ഇറങ്ങി കൈ പൊള്ളിക്കുന്നവരുണ്ട്. നമ്മുടെ റിസ്ക് പ്രൊഫൈല്‍ അറിഞ്ഞു നമുക്ക് യോജിച്ച നിക്ഷേപങ്ങളില്‍ മാത്രമേ ചേരാവൂ എന്നതും വളരെ പ്രധാനമാണ്.
നിങ്ങളുടെ എല്ലാ മുട്ടകളും ഒരു കുട്ടയില്‍ ഇടരുത് എന്ന ചൊല്ലു പോലെ, എത്ര വിശ്വസ്തമായ പ്രൊജക്റ്റ് ആയാലും ശരി, നമ്മുടെ എല്ലാ സമ്പാദ്യവും കൂടി ഒരു നിക്ഷേപ പദ്ധതിയില്‍ മാത്രം ഒരിക്കലും ഇടരുത്. ലീഗല്‍ ഡോക്യൂമെന്റസ് തരുന്ന നിക്ഷേപ പദ്ധതി ആണെന്ന് ഉറപ്പുവരുത്തുകയും വേണം.
മുമ്പെങ്ങുമില്ലാത്ത രൂപത്തില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അത്രമേല്‍ എളുപ്പമായ ഒരു കാലമാണിന്ന്. മുമ്പൊക്കെ ഷെയര്‍ മാര്‍ക്കറ്റില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ ഒരുപാട് പേപ്പര്‍ വര്‍ക്കും ഫോര്മാലിറ്റീസും ആവശ്യമായിരുന്നു. ഇന്ന് അതൊന്നും ആവശ്യമില്ല. നമ്മുടെ കയ്യിലുള്ള സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മുകളില്‍ സൂചിപ്പിച്ച എല്ലാ നിക്ഷേപ രൂപങ്ങളിലും നമുക്ക് പങ്കെടുക്കാന്‍ കഴിയും.
നിക്ഷേപം തെരഞ്ഞെടുക്കാന്‍ ഒരു പ്രൊഫഷണല്‍ ഉപദേശം തേടുകയാണ് എല്ലാവരും ചെയ്യേണ്ടത്. പ്രത്യേകിച്ച് കൂടുതല്‍ ഈ വിഷയത്തില്‍ പഠിക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് പ്രൊഫഷണല്‍ ഉപദേശം നിര്‍ബന്ധമാണ്.
പ്രവാസികളോട്
പ്രവാസി കുടുംബിനികളോടാണ് ആദ്യം പറയാനുള്ളത്. ഭര്‍ത്താവ് അയക്കുന്ന പണം മുഴുവന്‍ ചെലവ് ചെയ്താല്‍ നിങ്ങള്‍ക്ക് അടുത്തുതന്നെ ജീവിത നിലവാരം വല്ലാതെ താഴ്ത്തേണ്ടി വരും. അതു നിങ്ങള്‍ക്ക് ഗുണകരമാവില്ല. മറിച്ച്, കിട്ടുന്ന പണത്തില്‍ നിന്ന് 25% എങ്കിലും സേവ് ചെയ്തു നിക്ഷേപം നടത്തിയാല്‍ ഭര്‍ത്താവ് തിരിച്ചു വരുമ്പോള്‍ നിങ്ങള്‍ക്കു ജീവിത നിലവാരം പഴയപടി തുടരാന്‍ അവസരം ഒരുങ്ങിയേക്കും. ഭര്‍ത്താവ് പാന്‍ കാര്‍ഡ് എടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കുക. ഒരു മ്യൂച്ചല്‍ ഫണ്ട് എങ്കിലും ‘ഇന്ന് തന്നെ’ തുടങ്ങാന്‍ ശ്രമിക്കുക. പ്രവാസി സുഹൃത്തുക്കളോട് പറയാനുള്ളതും മറ്റൊന്നല്ല. മുഴുവന്‍ പണവും അയച്ചു കൊടുത്തു കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളും നിറവേറ്റന്നു എന്ന സന്തോഷത്തില്‍ ആയിരിക്കും നിങ്ങള്‍ ഇന്ന്. നിങ്ങളുടെ ജോലിയില്‍ വരുന്ന മാറ്റം അല്ലെങ്കില്‍ നാട്ടിലേക്കുള്ള പറിച്ചുനടല്‍, കൊറോണ പോലെയുള്ള അവിചാരിത സാഹചര്യങ്ങള്‍ എന്നിവ വന്നപ്പോള്‍ പലര്‍ക്കും പെട്ടെന്ന് ജീവിത നിലവാരം വല്ലാതെ താഴ്ത്തേണ്ടി വന്നു. അതുള്‍ക്കൊള്ളാന്‍ കുടുംബത്തിന് കഴിയാതെ വന്നതിനാല്‍ വീണ്ടും തിരിച്ചു കിട്ടിയ വിസക്ക് ഓടേണ്ടി വന്ന ഒരുപാട് പേരെ നേരിട്ടറിയാം. അല്പം മാറ്റിവെക്കുന്നത് തന്നെയാണ് പ്രവാസികള്‍ക്ക് നല്ലത്.
(ഇബ്റാഹീം ശംനാട് എഴുതിയ ‘പ്രവാസികളും സമ്പാദ്യശീലവും’ എന്ന ലേഖനം കാണുക. islamonlive.in/economy/expatriates-and-savings/)
യുവതീ യുവാക്കളോട്
ഇത് സംരംഭകരുടെ യുഗമാണ്. മുഹമ്മദ് നബി(സ) ഖദീജ(റ) എന്ന സംരംഭകയുടെ കൂടെയാണ് ജീവിതം കരുപ്പിടിപ്പിച്ചത്. നമ്മുടെ ഗവര്‍മെന്റുകള്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് തുടരുന്നത്. അത് തന്നെ അ ക, ക ഛ ഠ മുതലായ നൂതന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ ചെറുപ്പക്കാര്‍ നല്ല റിസ്ക് എടുക്കുന്നവരാണ്. പക്ഷെ പലപ്പോഴും നടക്കുന്നത് ഇതാണ്, ഗള്‍ഫില്‍ പോയി കുറച്ചു ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. തിരിച്ചു നാട്ടില്‍ വന്നു അധികം മാര്‍ക്കറ്റ് സ്റ്റഡി ഒന്നും നടത്താതെ കിട്ടുന്ന സ്ഥലത്തു ഒരു പീടിക റൂം എടുക്കുന്നു. പത്തോ പതിനഞ്ചോ ലക്ഷം അത് ഡെക്കറേറ്റ് ചെയ്യാന്‍ ചെലവ് ചെയ്യുന്നു. പിന്നെ അതില്‍ സാധനങ്ങള്‍ വാങ്ങി നിറച്ചു കച്ചവടം തുടങ്ങുകയായി. പക്ഷെ പുതിയ തലമുറ ഈ കടകളില്‍ കയറുന്നവര്‍ അല്ല. അവര്‍ വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുന്നു. ഓണ്‍ലൈന്‍ കമ്പനിയുടെ ഡെലിവെറി വണ്ടികള്‍ ഈ കടക്കു മുമ്പിലൂടെ ചീറിപ്പായുന്നത് കണ്ടു ഈ പാവം സംരംഭകന് എല്ലാവരെയും പഴിപറഞ്ഞു അല്പകാലം മാത്രം പിടിച്ചു നിന്ന് പരാജയം ഏറ്റുവാങ്ങി കട പൂട്ടുന്നു. അതിന്റെ പുറകില്‍ അടുത്ത പ്രവാസി മറ്റൊരു പരീക്ഷണവുമായി എത്തുന്നു. കാലത്തിനൊത്തു നമ്മുടെ ചെറുപ്പക്കാര്‍ പുതിയ ബിസിനസ് മോഡല്‍ രൂപപ്പെടുത്തണം എന്നത് വളരെ പ്രധാനമാണ്.
ബിസിനസ് എന്നാല്‍ വളരെ സിമ്പിള്‍ ആണ് / ആയിരിക്കണം. ആളുകളുടെ തലവേദന മാറ്റുന്ന പെനഡോള്‍ നിങ്ങളുടെ അടുത്ത് ഉണ്ടോ? ഉണ്ടെങ്കില്‍ (മ യൗൃിശിഴ റലശെൃല ീൃ ശറലമ) ഒട്ടും വൈകാതെ തുടങ്ങുക. തലവേദന ഉള്ളവര്‍ നിങ്ങളുടെ പെനഡോള്‍ തിരഞ്ഞു വരിക തന്നെ ചെയ്യും.
അതുപോലെ നിക്ഷേപകരും സംരംഭകരും ഒന്നിച്ചു വളര്‍ന്നു വരണം. പലിശ ഇല്ലാതെ ഒരാള്‍ക്ക് എങ്ങനെ ബിസിനസ് നടത്താം എന്ന് തെളിയിച്ച ഉദാഹരണങ്ങള്‍ എവിടെ? ഒരു പി സി മുസ്തഫ മാത്രം മതിയോ? നിക്ഷേപകരെയും സംരംഭകരെയും കണക്ട് ചെയ്യിപ്പിക്കുന്ന ബിസിനസ് കണ്‍സള്‍ട്ടന്‍സികള്‍ ഇന്ന് എമ്പാടും ഉണ്ട്. നല്ല കണ്‍സള്‍ട്ടന്‍സി കമ്പനികളെ കണ്ടെത്തി അവരെ ഉപയോഗിച്ചു ഒരു സ്മാര്‍ട്ട് സംരംഭകന് വളര്‍ച്ചക്കുള്ള ലിവറേജ് പെട്ടെന്ന് കണ്ടെത്തുന്നു.
സംരംഭക ത്വരയുള്ള യുവാക്കള്‍, നാട്ടിലെ പ്രവാസികള്‍ അടക്കം ഉള്ള നിക്ഷേപകര്‍ എന്നിവരുടെ കൂട്ടായ്മ വലിയ അളവില്‍ സംരഭകത്വവും തൊഴില്‍ ക്രീയേഷനും സാധ്യമാക്കും. നേരത്തെ പറഞ്ഞ ഇന്വെസ്റ്മെന്റ് ക്ലബ്ബുകള്‍ ഈ കൂട്ടായ്മക്ക് രാസത്വരകം ആവും എന്നതും അനുഭവമാണ്.
കേരള സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സ്റ്റാര്‍ട്ട്അപ്പുകള്‍ക്കു തുടക്കമിടാന്‍ വിശദമായ പ്ലാന്‍ നടപ്പില്‍ വരുത്തുകയാണ്. അണിചേര്‍ന്ന് മുന്നേറുക എന്നാണ് യുവാക്കളോടും യുവതികളോടും ഉള്ള സന്ദേശം.
പ്രധാന സന്ദേശം
. ആരോഗ്യം ഉള്ളപ്പോള്‍ എല്ലാവരും ജോലി ചെയ്തു സമ്പാദിക്കുക. മടിയന്മാരായി നാട്ടില്‍ ഒരാളും ഉണ്ടാവരുത്. ഏതു ജോലിയും മാന്യമാണ്. തന്റെ സ്വന്തം കൈ കൊണ്ട് അധ്വാനിച്ചു നേടിയ സമ്പത്താണ് ഏറ്റവും മാന്യമായ സമ്പത്ത് എന്നാണ് പ്രവാചക വചനം.
. കിട്ടുന്ന വരുമാനം കൃത്യമായി ആസൂത്രണം ചെയ്തു നിക്ഷേപിക്കുക. ഒരാള്‍ക്ക് വീട് വെക്കാനാണ് മുന്‍ഗണന എങ്കില്‍ മറ്റൊരാള്‍ക്ക് വിദേശ യൂണിവേഴ്സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം നേടലാവും മുന്‍ഗണന. മറ്റൊരാള്‍ക്ക് യാത്രകള്‍ ആയിരിക്കും താല്പര്യമുള്ള വിഷയം. സ്വപ്നം ഒരു ധര്‍മ സ്ഥാപനം അല്ലെങ്കില്‍ ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ നല്കാന് കഴിയുന്ന ഒരു ഫാക്ടറിയോ ബിസിനസോ കെട്ടിപ്പടുക്കണം എന്നതാവാം. എ പി ജെ അബ്ദുല്‍ കലാം പറഞ്ഞതു പോലെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങള്‍ നമുക്ക് ഉണ്ടാവട്ടെ.
. സ്വപ്നം എന്തുമാവട്ടെ. ഇന്നു തന്നെ ഒരു നിക്ഷേപം തുടക്കമിടുക. അതു നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു തരും. .
aboohaniya@gmail.com