LoginRegister

സ്വീകരിക്കലല്ല നിരാകരിക്കലും പ്രധാനമാണ്

ബാലന്‍ തളിയില്‍

Feed Back


ജനാധിപത്യം
ഫ്യൂഡലിസം ഒരു വികാരമെന്ന നിലയില്‍ മനുഷ്യനെ എല്ലാകാലത്തും പിന്തുടരുന്ന അധീശത്വബോധമാണ്. ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും അധികാരസ്ഥാനങ്ങളിലും അതുണ്ട്. ജനാധിപത്യമര്യാദകളെയും അത് സ്വാധീനിക്കുന്നുണ്ടല്ലോ എന്നതാണ് നിലവിലെ വേവലാതി. ഇതിനെ മറികടക്കുക അസാധ്യമാണ്. എല്ലാ ലോകക്രമങ്ങളിലും അത് നിലനില്‍ക്കുന്നുണ്ടല്ലോ. നിലവില്‍ നാം പ്രതീക്ഷയോടെ കാണുന്ന ചില കേഡര്‍ പാര്‍ട്ടികളില്‍പ്പോലും അത് നിന്ദയോടെ നിലനില്‍ക്കുന്നുണ്ട്. അതിനപ്പുറത്തൊരു ലോകമാണ് മനുഷ്യസ്‌നേഹികളുടെ സ്വപ്‌നം. അതിന്റെ സാധ്യതകളെ സ്വീകരിക്കലല്ല നിരാകരിക്കുക എന്നതാണ് മുഖ്യം.
കുട്ടികളിലെ
അധോലോകം

കുട്ടികളില്‍ അത്തരമൊരു ലോകമുണ്ടോ? ശ്രദ്ധിച്ചാല്‍ മനസ്സിലാവുക അതൊരു വിശുദ്ധകാലമാണ് എന്നല്ലേ? എന്നാല്‍ അവരിലെ ചിന്തകളില്‍ നിലനില്‍ക്കുന്ന സംശുദ്ധിയെ നാം മുതിര്‍ന്നവര്‍ മലിനമാക്കുകയാണ് ചെയ്യാറ്. ചില കുടുംബങ്ങളുടെ പശ്ചാത്തലം അതിദയനീയമായി ഇപ്പോഴും തുടരുന്നുണ്ട്. അവിടുന്ന് വരുന്ന കുഞ്ഞുങ്ങളെ ഏറ്റവും എളുപ്പത്തില്‍ സ്വാധീനിക്കാം എന്നതുകൊണ്ടാവാം അവരിലേക്ക് ‘അധോലോക(?)’ പ്രവണത കടന്നുവരുന്നത്.
സാഹിത്യം: മൂല്യവും
വിപണന സാധ്യതയും

നിലവില്‍ സാഹിത്യലോകം മറ്റൊരു അധോലോകമാണോ എന്ന് തോന്നാറുണ്ട്. അവാര്‍ഡുകള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധരായ എഴുത്തുകാരും അവരെ തുണക്കുന്ന കമ്മിറ്റികളും എത്രയോ ഉണ്ട്. വ്യക്തികളെയാണ് അവര്‍ ആദരിക്കാറ്, സാഹിത്യത്തെയല്ല. മൂല്യമുള്ളതിന്റെ വിപണന സാധ്യത അത്തരം അവസരങ്ങള്‍ കെടുത്തുന്നത് കാണാം. എന്നാല്‍ ഏത് പ്രതികൂല സാഹചര്യങ്ങളിലും മുളച്ചുപൊങ്ങുന്ന ചില വിത്തുകളുണ്ട്. പാറക്കെട്ടുകളില്‍ ശോഭയോടെ വളര്‍ന്നുനില്‍ക്കുന്ന ചെമ്പകമരം പോലെ. അതിനെ ആസ്വാദകര്‍ അത്ഭുതത്തോടെ കണ്ടുനില്‍ക്കാറുണ്ട്.
മഹത് വാക്യം
എതിരാളികളെപ്പോലും സ്‌നേഹംകൊണ്ട് കീഴടക്കുക എന്ന നബിവചനമാണ് ഇഷ്ടപ്പെട്ട മഹത് വാക്യം. നമുക്കെതിരെ വരുന്ന ഏത് പ്രത്യാഘാതങ്ങളെയും നിര്‍മമതയോടെ കണ്ടുനില്‍ക്കാന്‍ ആ വചനം ഉപകരിക്കും എന്നാണെന്റെ വിശ്വാസം. ഒരിക്കല്‍ പ്രതിയോഗികളായവര്‍ പില്‍ക്കാലം നമ്മെ സ്വീകരിക്കുന്നതിലും വലിയ ആനന്ദം മറ്റെന്തുണ്ട്?
തയ്യാറാക്കിയത്:
പ്രശോഭ് സാകല്യം

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top