മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍, ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്ത ആദ്യ മുസ്‌ലിം വനിതയായാണ് അബാദി ബാനു ബീഗം എന്ന ബി അമ്മാ അറിയപ്പെടുന്നത്. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറക്കുറെ ഒറ്റയ്ക്കു തോളിലേറ്റിയാണ് അവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടഭൂമിയുടെ നടുത്തളത്തിൽ ഇറങ്ങിയത്. നീതി, സമത്വം, സ്വയംനിർണയാവകാശം എന്നിവ ആവശ്യപ്പെട്ട് അവര്‍ പുരുഷ സഹകാരികളോട് തോളോടുതോള്‍ ചേര്‍ന്നു പൊരുതി.
ഉത്തര്‍പ്രദേശിലെ അംരോഹ ഗ്രാമത്തില്‍ 1850ലാണ് ജനനം. അവരുടെ പ്രവര്‍ത്തന കേന്ദ്രം പഞ്ചാബിലെ അമൃത്‌സറും ലാഹോറും ആയിരുന്നു. രാംപൂര്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അബ്ദുല്‍ അലി ഖാനെയാണ് വിവാഹം ചെയ്തത്. ഭര്‍ത്താവ് കോളറ ബാധിച്ച് മുപ്പതാമത്തെ വയസ്സില്‍ മരിച്ചതോടെ കുടുംബത്തിന്റെ വലിയ ഉത്തരവാദിത്തം യൗവനത്തിലേ അവരുടെ തോളിലായി.
വലിയ വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലാത്ത അബാദി ബാനു പക്ഷേ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തില്‍ കര്‍ക്കശക്കാരിയായിരുന്നു. കുട്ടികള്‍ക്ക് മതപഠനത്തോടൊപ്പം മികച്ച ഭൗതിക വിദ്യാഭ്യാസം നല്‍കാന്‍ ബറേലിയിലെ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. പ്രശസ്ത കുടുംബത്തിൽ അംഗമായിരുന്നെങ്കിലും അവര്‍ സാമ്പത്തികമായി മികച്ച അവസ്ഥയിലായിരുന്നില്ല. ആഭരണങ്ങള്‍ പണയം വെച്ചാണ് അവര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വഴി കണ്ടെത്തിയത്. രാജ്യം കണ്ട ഏറ്റവും കരുത്തരായ രണ്ടു സ്വാതന്ത്ര്യസമര പോരാളികളായ മൗലാനാ മുഹമ്മദലി ജൗഹര്‍, മൗലാനാ ശൗക്കത്തലി എന്നിവര്‍ക്കു ജന്മം നല്‍കിയ ബി അമ്മ, മക്കളെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെയും നീതിബോധത്തിന്റെയും ഉജ്ജ്വലമായ കഥകള്‍ പറഞ്ഞു കൊടുത്താണ് വളര്‍ത്തിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മറ്റു നാലു മക്കള്‍ക്കു കൂടി അവര്‍ ജന്മം നല്‍കി.
സ്വാതന്ത്ര്യ സമരത്തിന്റെ പോര്‍മുഖത്ത് സജീവമായിരുന്ന മകന്‍ മുഹമ്മദ് അലി ജൗഹര്‍ ഖാനും ഖിലാഫത്ത് മൂവ്‌മെന്റിന്റെയും അലിഗഡ് മൂവ്‌മെന്റിന്റെയും നേതാവായിരുന്നു. കവിയും എഴുത്തുകാരനും പ്രഭാഷകനുമായ അദ്ദേഹം ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശില്പികളിലൊരാളാണ്. 1923ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും ദേശീയ സമരത്തില്‍ മുന്നില്‍ നിലയുറപ്പിച്ചു. ഓള്‍ ഇന്ത്യ മുസ്‌ലിം ലീഗ് സ്ഥാപകരിലൊരാളാണ് മൗലാനാ മുഹമ്മദലി.
ദേശീയ സമരത്തിലും ഖിലാഫത്ത് മുന്നേറ്റത്തിലും ആകൃഷ്ടനായ മൂത്ത മകന്‍ ശൗക്കത്ത് അലി ഖാനും സഹോദരനുമൊന്നിച്ച് ഹംദര്‍ദ് ഉര്‍ദു ദിനപത്രത്തിന്റെയും കൊമ്രേഡ് ഇംഗ്ലീഷ് വാരികയുടെയും പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കി. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ദിശ നിര്‍ണയിക്കുന്നതില്‍ ഈ രണ്ടു പത്രങ്ങളും മുന്നില്‍ നടന്നു. ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങള്‍ നിരന്തരം അച്ചടിച്ചു വന്നു. കലാപാഹ്വാനം നടത്തി എന്ന പേരില്‍ 1919ല്‍ ബ്രിട്ടീഷ് പൊലീസ് പിടികൂടി ജയിലിൽ അടച്ചു. കോണ്‍ഗ്രസിനെയും നിസ്സഹകരണ പ്രസ്ഥാനത്തെയും പിന്തുണച്ചു എന്ന പേരില്‍ 1921ല്‍ വീണ്ടും ജയിലിൽ അടയ്‌ക്കപ്പെട്ടു. ഖിലാഫത്ത് കോണ്‍ഫറന്‍സിന്റെ അവസാന പ്രസിഡന്റായിരുന്നു. 1931ല്‍ ജറൂസലമില്‍ ലോക മുസ്‌ലിം സമ്മേളനം സംഘടിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് പിന്തുണ തേടുകയും ചെയ്തു.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ ജ്വലിക്കുന്ന താരകങ്ങളായ അബാദി ബാനു ബീഗത്തിന്റെ രണ്ടു മക്കളെയും ജനങ്ങള്‍ ബഹുമാനാദരവോടെ മൗലാനാ എന്നു വിളിച്ചു. ഖിലാഫത്ത് കമ്മിറ്റിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും മുന്നണിയില്‍ സജീവമായിരുന്നു ബി അമ്മയും.
പോരാട്ടവഴിയിൽ
സധൈര്യം
സ്ത്രീകളെ സ്വാതന്ത്ര്യ സമരമുഖത്തേക്ക് ആകര്‍ഷിക്കാനായി, ബി അമ്മയുടെ പൊതുപ്രവര്‍ത്തനത്തെ ഗാന്ധിജി ഏറെ പിന്തുണച്ചു. പൊതുപ്രസംഗം നടത്താന്‍ പ്രോത്സാഹിപ്പിച്ചു. ലാഹോറിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അവര്‍ മാതൃരാജ്യത്തെ ഇംഗ്ലീഷ് ഭരണത്തെ പിന്തുണയ്ക്കുന്നവരുടെ അടിമത്ത മനോഭാവത്തെ നിശിതമായി വിമര്‍ശിച്ചു.
ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ആനി ബസന്റിന്റെയും മുഹമ്മദ് അലിയുടെയും ഷൗക്കത്ത് അലിയുടെയും മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിരതയായി. പ്രകടനങ്ങളില്‍ പങ്കെടുത്തു. ദേശീയ പ്രസ്ഥാനത്തിനു വേണ്ടി പണം സ്വരൂപിച്ചു.
ദേശീയ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുമായി അടുത്തു പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ നിര്‍മിത ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്വന്തം ആവശ്യങ്ങള്‍ക്കുള്ള വസ്ത്രം സ്വയം നെയ്‌തെടുക്കുകയായിരുന്നു അവര്‍. ഇത് ഗാന്ധിജിയെ പോലും ഏറെ ആവേശഭരിതനാക്കി.
സ്ത്രീകളെ സമരരംഗത്ത് ഇറക്കാനും ഒപ്പം ഖിലാഫത്ത് മുന്നേറ്റങ്ങള്‍ക്കു പിന്തുണ തേടിയും അവര്‍ പ്രായം മറന്ന് പല സ്ഥലങ്ങളിലും യാത്ര ചെയ്തു. റാവല്‍പിണ്ടി, ഗുജ്‌റന്‍വാല, കസൂര്‍ തുടങ്ങി രാജ്യത്തെ പല സ്ഥലങ്ങളിലും അവര്‍ പര്യടനം നടത്തുകയും ഖാദി ഉപയോഗിക്കാന്‍ സ്ത്രീകളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. സ്വരാജ് (സ്വയംഭരണം) നേടിയെടുക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും, സ്വത്തിനും സമ്പത്തിനും പകരം വരുംതലമുറകള്‍ക്ക് സ്വരാജ് സമ്മാനിക്കണമെന്നും പഞ്ചാബിലെ പൊതുയോഗത്തില്‍ അവര്‍ ജനങ്ങളോട് അഭ്യർഥിച്ചു. ബോംബെയില്‍ നടന്ന ഒരു വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ ചേരാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചു.
ബ്രിട്ടീഷ് രാജിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി മുഹമ്മദലി ജൗഹറിനെയും ശൗക്കത്ത് അലിയെയും ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്ത സംഭവം അവരെ വേദനിപ്പിച്ചതേയില്ല. എന്നു മാത്രമല്ല, ഏറെ അഭിമാനത്തോടെയാണ് അവര്‍ അതിനോടു പ്രതികരിച്ചത്. മാപ്പ് എഴുതിക്കൊടുത്താല്‍ മുഹമ്മദലി ജയില്‍ മോചിതനാകുമെന്നൊരു അഭ്യൂഹം പരന്നു. ഈ വാര്‍ത്ത കാതിലെത്തിയപ്പോള്‍ ആ വൃദ്ധമാതാവ് പറഞ്ഞ വാക്കുകള്‍ ഏത് അധികാരക്കോട്ടകളെയാണ് വിറപ്പിക്കാതിരിക്കുക:
”മുഹമ്മദലി ഒരു മുസല്‍മാനാണ്. ബ്രിട്ടീഷുകാരോട് മാപ്പിനു വേണ്ടി യാചിക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ പോലും അവനു കഴിയില്ല. ഇനി അങ്ങനെ ചെയ്ത് പുറത്തുവന്നാല്‍ അവന്റെ കഴുത്തു ഞെരിച്ചു കൊല്ലാനുള്ള ശേഷി പ്രായാധിക്യത്താല്‍ ശോഷിച്ചു പോയ എന്റെ കൈകള്‍ക്കുണ്ട്.”
പ്രായമായെങ്കിലും ചെറുപ്പക്കാരുടെ ആവേശം തുടിക്കുന്ന വനിതയാണ് അബാദി ബീഗം എന്നാണ് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത്.
ഉറച്ച മതവിശ്വാസിനിയായ അവര്‍, ഹിന്ദു-മുസ്‌ലിം ഐക്യത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു. ബീഗം ഹസ്രത്ത് മൊഹാനി, ബാസന്തി ദേവി, സരളാ ദേവി ചൗദുരാനി, സരോജിനി നായിഡു എന്നിവര്‍ക്കൊപ്പം നിരവധി വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. പൊതുസമ്മേളനങ്ങളില്‍ പ്രസംഗിച്ചു.
1924 നവംബര്‍ 13ന് 73-ാം വയസ്സിലാണ് ജീവിതം നാടിനു സമര്‍പ്പിച്ച സമരോജ്വലയായ ആ നക്ഷത്രം പൊലിഞ്ഞത്.
ചരിത്രത്തോട് നീതി
പുലര്‍ത്തുക
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള വ്യക്തികളുടെ ഐക്യവും സമര്‍പ്പണവും അടയാളപ്പെടുത്തിയ കനമേറിയൊരു യാത്ര. സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്ത് ജീവന്‍ പകുത്തു നല്‍കിയ അനേകം സമുദായങ്ങളില്‍ മുസ്‌ലിംകളും മുന്നണിയിൽ ഉണ്ടായിരുന്നു. സമരത്തിലെ അവരുടെ പങ്ക് ചിലപ്പോള്‍ അവഗണിക്കപ്പെടുകയോ മറ്റു ചിലപ്പോള്‍ നിസ്സാരവത്കരിക്കപ്പെടുകയോ ചെയ്തു. ചരിത്രത്തില്‍ നിന്നു മായ്‌ക്കാനുള്ള ശ്രമങ്ങളും നടന്നു.
നിഷ്‌ഠുരമായ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തില്‍ മുസ്‌ലിംകള്‍ നല്‍കിയ നിര്‍ണായക സംഭാവനകളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ അവരുടെ പങ്കാളിത്തവും ഇന്ത്യയുടെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച സാരമായ പങ്കും വിസ്‌മരിക്കുന്നത് ചരിത്രത്തോടുള്ള, വിലമതിക്കാനാകാത്ത ആയിരങ്ങളുടെ പോരാട്ടത്തോടുള്ള വഞ്ചനയാകും.
സ്വാതന്ത്ര്യ സമരത്തില്‍ എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്കൊപ്പം ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ സംഭാവനകളും ബഹുമുഖമായിരുന്നു. നേതൃപരമായ റോള്‍ മുതല്‍ ബഹുജന കൂട്ടായ്‌മകള്‍ രൂപപ്പെടുത്തല്‍ വരെ. കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് പുരുഷന്‍മാരെ സമരവീഥിയിലേക്ക് പറഞ്ഞയക്കുക മാത്രമായിരുന്നില്ല അവര്‍. ആണുങ്ങളെ സ്വാതന്ത്ര്യ പോരാട്ടത്തിന് മാനസികമായി സജ്ജരാക്കിയതിനൊപ്പം സാധ്യമായ പ്രത്യക്ഷ പോരാട്ടങ്ങളില്‍ ശരീരം കൊണ്ടും സമ്പത്തുകൊണ്ടും അവര്‍ ശക്തമായ സാന്നിധ്യമായി.
ആയിരക്കണക്കിന് മഹിളകള്‍ പ്രതിഷേധ സമരങ്ങളിലും മാര്‍ച്ചുകളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത് അനുപമമായ ധൈര്യവും അര്‍പ്പണബോധവും പ്രകടിപ്പിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരഘട്ടം മുതല്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനു സായുധ-ഗറില്ലാ യുദ്ധമുറകളിലൂടെ നേതൃത്വം നല്‍കിയ ബീഗം ഹസ്രത്ത് മഹല്‍ മുതല്‍ കേരളത്തില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ഐതിഹാസികമായ ഏടു രചിച്ച അസാമാന്യ പോരാളിയായ, പറവെട്ടി കോയാമു ഹാജിയുടെ മകളും മലയാളരാജ്യത്തലവന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രിയതമയുമായ ഫാത്തിമ എന്ന മാളു ഹജ്ജുമ്മ വരെ അതിലുണ്ട്.
സുബൈദ ദാവൂദി, അസീസാന്‍ ബീഗം, സീനത്ത് മഹല്‍, സൈറാ ബീഗം, അംജദി ബീഗം, സാദത്ത് ബാനു കിച്‌ലു, സുബൈദ ബീഗം, ബീഗം ഹസ്രത്ത് മൊഹാനി (നിശാത്തുന്നിസ ബീഗം), ബീഗം ഖുര്‍ഷിദ ഖ്വാജ (ഖുര്‍ഷിദ ബീഗം), റഈസ ഖാത്തൂന്‍, സുരയ്യ ബദ്‌റുദ്ദീന്‍ ത്വയ്യിബ്‌ജി, അസ്ഗരി ബീഗം, ഹബീബ, റഹീമി, സഹീദ ഖാത്തൂന്‍ ഷര്‍വാനി, ഖദീജ ബീഗം, മുനീറ ബീഗം, ആമിന ഖുറൈശി, ഫാത്തിമ ഖുറൈശി, അമീന ത്വയ്യിബ്‌ജി, രഹ്‌ന ത്വയ്യിബ്‌ജി, ബീഗം സകീന ലുഖ്മാനി, ഫാത്തിമ ത്വയ്യിബ് അലി, ശഫാഅത്തുന്നിസ ബീവി, സഫിയ സഅ്ദ്, ബീഗം കുല്‍സൂം സിയാനി, അസ്‌മത്ത് ആരാ ഖാത്തൂൻ, അരുണ ആസഫലി, സുഹ്റ ഖാത്തൂന്‍, ബീബി അമതുല്‍ ഇസ്‌ലാം, ഫത്തിമ ഇസ്‌മാഈല്‍, സുല്‍ത്താന ഹയാത്ത് അന്‍സാരി, ഹസ്റ ബീഗം, സുഹ്റ അന്‍സാരി, അറക്കല്‍ ബീവിമാര്‍, കട്ടിലശ്ശേരി ആയിശക്കുട്ടി, മാതാംകുന്നത്ത് മമ്മാദി ഉമ്മ, ശീലംതൊടി ഫാത്തിമ തുടങ്ങി നിരവധി പേര്‍ ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നുള്ള വിമോചന സമരത്തില്‍ വിവിധ ഘട്ടങ്ങളില്‍ ധീരമായ പങ്കാളിത്തം വഹിച്ച മുസ്‌ലിം വനിതകളാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ഥ ചൈതന്യം മനസ്സിലാക്കുന്നതിനും പൗരന്മാര്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും വളര്‍ത്തുന്നതിനും ഈ പൈതൃകം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ട്. മഹത്തായ പൊതുലക്ഷ്യം കൈവരിക്കുന്നതിലെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഐക്യത്തിന്റെയും ശക്തിയുടെയും ഓർമപ്പെടുത്തലാണത്.
താരതമ്യേന രക്തച്ചൊരിച്ചില്‍ കൂടാതെ ഇന്ത്യ കീഴടക്കി നൂറ്റാണ്ടുകള്‍ അടക്കിഭരിച്ച ബ്രിട്ടീഷുകാര്‍, സംഘര്‍ഷത്തിന്റെ അഗ്നിപര്‍വതം സമ്മാനിച്ചാണ് ഗത്യന്തരമില്ലാതെ ഇന്ത്യ വിട്ടുപോയത്. വിഭജിച്ചു ഭരിക്കല്‍ നയം മൂലം ഇന്നാട്ടില്‍ പരസ്പര വിരോധം ആളിപ്പടര്‍ത്തിയ ശേഷമാണ് ബ്രിട്ടന്‍ അരങ്ങൊഴിഞ്ഞത്.
എങ്കിലും, പുതിയ പ്രതീക്ഷയുമായാണ് അമ്പത് കോടിയോളം വരുന്ന ജനത സ്വാതന്ത്ര്യത്തെ കണ്ടത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ പ്രസ്താവിച്ചതുപോലെ, ”അര്‍ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍, ഇന്ത്യ ജീവിതത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കും. നാം പഴയതില്‍ നിന്നു പുതിയതിലേക്കു ചുവടുവെക്കുകയും ഒരു യുഗം അവസാനിക്കുകയും നെടുനാള്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്‌ട്രത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയും ചെയ്യുന്ന ഒരു മുഹൂര്‍ത്തം വന്നുചേര്‍ന്നിരിക്കുന്നു. ചരിത്രത്തില്‍ ഈ മുഹൂര്‍ത്തം ചുരുക്കമായേ വരാറുള്ളൂ.”
വിശ്വാസമോ പശ്ചാത്തലമോ ലിംഗമോ പരിഗണിക്കാതെ, സ്വാതന്ത്ര്യത്തിനും നീതിക്കും തുല്യതയ്ക്കും വേണ്ടി നടത്തിയ പോരാട്ടത്തെ കുറിച്ചുള്ള പ്രോജ്ജ്വലമായ ഓര്‍മകള്‍, മഹത്തായ നാളെകളിലേക്കുള്ള രാജ്യത്തിന്റെ യാത്രയില്‍ മനുഷ്യരെ ഒന്നിപ്പിക്കാതിരിക്കില്ല. .