LoginRegister

സ്വയം വിചാരണ ചെയ്യുക

ഡോ. പി അബ്ദു സലഫി

Feed Back


”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കു വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മ ജ്ഞാനമുള്ളവനാകുന്നു” (ഖുര്‍ആന്‍ 59:18).
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കുറവുകള്‍ പരിഹരിച്ച് മുന്നോട്ടുപോകുമ്പോഴാണ് ഏത് പദ്ധതികളും പൂര്‍ണ വിജയത്തിലെത്തുക. ഇടയ്ക്കിടെ കണക്കെടുപ്പുകളും പരിശോധനകളും നടക്കണം. പോരായ്മകള്‍ നികത്തപ്പെടണം. അത്തരം സംരംഭങ്ങളാണ് മികച്ചതായി മാറുക.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചുമതലകളും കടപ്പാടുകളും താന്‍ എത്രമാത്രം നിര്‍വഹിച്ചിട്ടുണ്ട് എന്ന് ഇടക്കിടെ ആലോചിച്ചുകൊണ്ടിരിക്കണം. ഓരോ ദിവസവും മാസവും വര്‍ഷവും കടന്നുപോകുമ്പോഴും തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
മരണാനന്തര ജീവിതത്തിലെ വിജയത്തിന് ആവശ്യമായ എന്തെല്ലാം കര്‍മങ്ങളാണ് താന്‍ ചെയ്തുവെച്ചിട്ടുള്ളത് എന്ന് അവന്‍ ആലോചിക്കണം. ചെയ്തുകഴിഞ്ഞവ ആത്മാര്‍ഥമായി ചെയ്തതാണോ, റബ്ബ് അത് സ്വീകരിക്കുമോ തുടങ്ങിയ ചിന്തകളും അത്യാവശ്യമാണ്. സ്വര്‍ഗപ്രവേശനം സാധ്യമാവാന്‍ മാത്രം തന്റെ കര്‍മപുസ്തകം സമ്പന്നമാണോ? നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ പൂര്‍ണമായി നിര്‍വഹിച്ചിട്ടുണ്ടോ? വിലക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനിന്നിട്ടുണ്ടോ? സദാ സമയവും വിശ്വാസി ആലോചിക്കേണ്ട കാര്യങ്ങളാണിവ.
അല്ലാഹുവിനെ സൂക്ഷിച്ച്, അവന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ജീവിക്കുക എന്നതാണ് നാളത്തെ ജീവിതത്തിനു വേണ്ട പ്രധാന കാര്യം. ”നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് സ്വയം വിചാരണ നടത്തുക” എന്ന് ഉമര്‍(റ) പറയാറുണ്ടായിരുന്നു. ”നിങ്ങളുടെ കര്‍മഭാരങ്ങള്‍ തൂക്കപ്പെടുന്നതിനു മുമ്പ് നിങ്ങള്‍ സ്വയം അത് തൂക്കിനോക്കണം” എന്നതും അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണാം. നാം സത്യസന്ധമായും കൃത്യമായും വിലയിരുത്തേണ്ട കാര്യമാണത്. കാരണം നമ്മുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചെല്ലാം സൂക്ഷ്മമായ അറിവുള്ള റബ്ബാണ് അവ പരിശോധിക്കുന്നത്.
അതിനാല്‍ ഓരോ മണിക്കൂറും ദിനവും കടന്നുപോകുമ്പോള്‍ തന്റെ ഭാവിജീവിതത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ അവ ഉപയോഗപ്പെടുത്തിയോ എന്ന ചിന്ത വേണം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top