LoginRegister

സ്വന്തമെന്നു പറയാന്‍ എന്തുണ്ട്?

Feed Back

ഈ ലോകത്ത് സ്വന്തമായെന്താണുള്ളത്/പറയുമ്പോള്‍ എല്ലാം സ്വന്തമാണെന്നാകിലും.
-നാസിര്‍ കസ്മി

അടങ്ങാത്ത ആഗ്രഹങ്ങളും പേറിയാണ് മനുഷ്യന്റെ യാത്രകള്‍. ആഗ്രഹിച്ച ഓരോന്നും നേടിയെടുക്കുമ്പോഴും ഇനിയും കൈപ്പിടിയിലൊതുങ്ങാത്ത ആഗ്രഹങ്ങളെത്തേടി സഞ്ചരിക്കുകയാവും അവന്റെ മനസ്സ്. എത്ര കൈപ്പിടിയിലൊതുക്കിയാലും അവയുടെ ആയുസ്സ് നമ്മുടെ മരണം വരെ മാത്രമാണല്ലോ എന്ന ചിന്തയാണ് യഥാര്‍ഥത്തില്‍ നമ്മിലേക്ക് കയറിവരേണ്ടത്.
മുകളിലെ കവിവാക്യം പോലെ എല്ലാം നമ്മുടേതെന്നു പറയുമ്പോഴും ഒന്നും സ്വന്തമായില്ലാത്തവരാണ് നമ്മള്‍ എന്നതാണ് യാഥാര്‍ഥ്യം. എല്ലാ അനുഗ്രഹങ്ങളും നാഥനില്‍ നിന്നാണെന്ന ചിന്തയാണ് നമ്മെ നയിക്കേണ്ടത്.
ആ പ്രാപഞ്ചിക സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു കവിതാശകലമുണ്ട്. അതിങ്ങനെയാണ് :
ആദ്മി ആദ്മി കൊ ക്യാ ദേഗാ
ജോ ഭി ദേഗാ വഹീ ഖുദാ ദേഗാ

(ഒരു മനുഷ്യന്‍ മറ്റൊരുവന് എന്തു നല്‍കാനാണ്! / വല്ലതും നല്‍കിയാല്‍ തന്നെ അത് നല്‍കുന്നവന്‍ ദൈവമത്രേ- സുദര്‍ശന്‍ ഫാകിര്‍)
ഈ ലോകത്തിന്റെ ആധിപത്യം ദൈവത്തിനാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നവര്‍ക്ക് വെട്ടിപ്പിടിച്ചു കൊണ്ടുപോകാം എന്ന വ്യാമോഹം മനസ്സിലേക്കു വരില്ല. അവന്‍ വിനയാന്വിതനാവും, അവന്റെ കൈകളില്‍ നിന്ന് കാരുണ്യത്തിന്റെ പ്രവാഹമുണ്ടാകും. മയ്യിത്ത് കട്ടിലിലേറിയുള്ള തന്റെ യാത്ര കൈയിലൊന്നുമില്ലാതെയാവുമല്ലോ എന്ന ചിന്ത ഖബറിലും കൂട്ടിരിക്കാനുള്ള കര്‍മങ്ങള്‍ കൊയ്‌തെടുക്കാന്‍ പ്രേരിപ്പിക്കും.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കഥ നമുക്ക് അറിയാവുന്നതാണല്ലോ. തന്റെ അന്ത്യഘട്ടത്തില്‍ അദ്ദേഹം നല്‍കിയ നിര്‍ദേശം, തന്റെ ശവമഞ്ചത്തില്‍ നിന്ന് കൈകള്‍ പുറത്തേക്ക് ആളുകള്‍ കാണും വിധം പ്രദര്‍ശിപ്പിക്കണമെന്നതായിരുന്നു. ഇത്രയൊക്കെ വെട്ടിപ്പിടിച്ചിട്ടും താന്‍ ഒന്നും കൊണ്ടുപോകുന്നില്ലെന്ന് ആള്‍ക്കാര്‍ കാണട്ടെ എന്നതായിരുന്നു ആ ചിന്തയുടെ കാതല്‍.
വെട്ടിപ്പിടിക്കാനുള്ള മനസ്സിന്റെ ആഗ്രഹത്തിന് കീഴൊതുങ്ങാതെ നിന്നുനോക്കൂ. മനോമുകുരങ്ങളില്‍ ആത്മസായൂജ്യത്തിന്റെ പൊന്‍പ്രവാഹമുയിര്‍ക്കൊള്ളുന്നത് നമുക്ക് കാണാനാവും.
‘തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു” (വി.ഖു 91: 10,11).
എഡിറ്റര്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top