LoginRegister

സ്വതന്ത്ര ഇന്ത്യയുടെ ഭാവി

ധന്യ ആർ കെ

Feed Back


ഇന്ത്യ സ്വതന്ത്രമായിട്ട് 76 വര്‍ഷമാകുന്നു. ഇതിനിടക്ക് പലവിധ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങൾ കണ്ടു. വെറുപ്പും വിദ്വേഷവും വർഗീയതയും വിതച്ച് മനുഷ്യർക്കിടയിൽ വിഭാഗീയതകളുണ്ടാക്കി ലാഭം കൊയ്യുന്നവർ ഭരണാധികാരികളായി. ജനാധിപത്യ ഇന്ത്യയുടെ മതേതര നിലപാട് ചോദ്യം ചെയ്യപ്പെട്ടു. ജാതിയും മതവും വേഷവും ഭാഷയുമെല്ലാം പരിഗണനക്കും അവഗണനക്കുമുള്ള ഉപാധികളായി. ദലിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെട്ടു. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും നാൾക്കുനാൾ കൂടിവന്നു.
അടുത്തിടെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ ഭരണത്തിൽ നിന്ന് ഇറക്കാനായില്ലെങ്കിലും വലിയ തിരിച്ചടി നൽകാൻ സാധിച്ചിട്ടുണ്ട്. അതൊരു വലിയ പ്രതീക്ഷയാണ്. സമകാലിക രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി എഴുത്തുകാരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആലോചനകൾ പങ്കുവെക്കുന്നു.

ചരിത്രത്തെ തിരിച്ചുപിടിക്കുക
വിനോദ് കൃഷ്ണ
(നോവലിസ്റ്റ്, കഥാകൃത്ത്)


സ്വതന്ത്ര ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ്. കാരണം, ഇടകലർന്ന് ജീവിച്ചതിന്റെ സാമൂഹികമായ ഓർമയും ബഹുസ്വരതയും നിലനിൽക്കുന്ന ഒരു സാംസ്കാരിക ഭൂപടത്തിൽ ഫാസിസ്റ്റുകൾക്ക് താൽക്കാലിക വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ. ചരിത്രം അവരെ വേട്ടയാടുകയും ജനങ്ങൾ അവരെ തൂത്തെറിയുകയും ചെയ്യും. അവർ 240ൽ ഒതുങ്ങിയത് അതുകൊണ്ടാണ്.
ഹിന്ദുത്വ ഹിന്ദുക്കളെ രക്ഷിക്കാനുള്ള ഒരു പദ്ധതിയാണ് എന്നാണ് പലരും ധരിച്ചിരിക്കുന്നത്. സംഘ്പരിവാർ ഹിന്ദുക്കളുടെ രക്ഷകനല്ല. അവർ രാജ്യസ്നേഹികളുമല്ല. അവർ ഈ ഭരണകാലയളവിൽ ശത്രുരാജ്യത്തെയല്ല ആക്രമിച്ചത്. അവർ ആക്രമിച്ചത് മുഴുവൻ ഇന്ത്യക്കാരെയാണ്. കശ്‌മീരിൽ, മണിപ്പൂരിൽ, യുപിയിൽ, ബിഹാറിൽ ഒക്കെയുള്ള മനുഷ്യരെ അവർ ആക്രമിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി ആയിരുന്ന ലാൽ ദാസിനെ വെടിവെച്ചുകൊന്നു. പുതിയ ക്ഷേത്രനിർമാണത്തിനായി അവിടെ താമസിച്ചിരുന്ന പാവം ഹിന്ദുക്കളെ അടിച്ചോടിച്ച് കുടിയൊഴിപ്പിച്ചു. മിസ്ഡ് കോൾ അടിച്ച് പാർട്ടി അംഗത്വം നേടിയ ഒരാളല്ല തങ്ങളുടെ രാമൻ എന്ന് ജനങ്ങൾക്കറിയാം. അയോധ്യയിൽ അവർ തോറ്റത് അതുകൊണ്ടാണ്.
ഹിന്ദുക്കളുടെ സംരക്ഷകർ എന്നു നടിക്കുന്ന സംഘപരിവാറിനോട് ദൈവം പാർട്ടി മെമ്പറല്ല എന്ന്‌ ഹിന്ദുക്കൾ പറഞ്ഞു. ജനാധിപത്യത്തിൽ രാമൻ ഒരു തോറ്റ പ്രതിഷ്ഠയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. ബഹുസ്വരതയെ കീറിമുറിക്കുന്നതൊന്നും സ്വാതന്ത്ര്യബോധവും മാനവികബോധവുമുള്ള ജനത അധിക കാലം സഹിക്കില്ല. ഇതു മാത്രമല്ല, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത സംഘ്പരിവാർ ജീവിച്ചിരുന്ന ഗാന്ധിയെക്കാൾ പേടിക്കുന്നത് കൊല്ലപ്പെട്ട ഗാന്ധിയെയാണ്. അതുകൊണ്ടാണ് പുതിയ പാർലമെന്റ് നിർമിച്ചപ്പോൾ അതിന്റെ മുമ്പിൽ സവർക്കറുടെ പ്രതിമ സ്ഥാപിക്കാതെ, 16 അടിയുള്ള ഗാന്ധിജിയുടെ പ്രതിമ തന്നെ അവർക്ക് സ്ഥാപിക്കേണ്ടിവന്നത്.
ബോധമലിനീകരണത്തിൽ കുടുങ്ങിപ്പോയ ഒരു ജനതയുടെ കൺഫ്യൂഷനാണ് ഇക്കാലമത്രയും ഫാസിസ്റ്റുകളെ അധികാരത്തിൽ നിലനിർത്തിയത്.ഇന്ത്യയുടെ ചരിത്രത്തെ തിരിച്ചുപിടിക്കുന്നതോടുകൂടി ഇന്ത്യയിൽ ഫാസിസ്റ്റുകൾ നാമാവശേഷമാകും. ചരിത്രവത്കരിക്കുക എപ്പോഴും ചരിത്രവത്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ്
ഫ്രെഡറിക് ജയിംസൺ ‘രാഷ്ട്രീയ അബോധം’ (Political Unconscious: Narrative as a Socially Symbolic Act) എന്ന വിഖ്യാതമായ ഗ്രന്ഥം ആരംഭിക്കുന്നത്. ചരിത്രവത്കരിക്കുക എന്നത് വളരെ പ്രധാനമാണ്. സെക്കുലർ ഇന്ത്യയെ തിരിച്ചുപിടിക്കാനും നിലനിർത്താനും നാം ഈ പണി ഗൗരവപൂർവം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ ഉണരുന്ന ഒരു ജനത ചോർച്ച വീണ ഒരു രാഷ്‌ട്രീയ രാമന്റെ കെട്ടിടത്തെ ഗുജറാത്ത് കലാപ സ്മാരകമാക്കുന്ന കാലം വിദൂരമല്ല. യൂറോപ്പിലും മറ്റും ഹോളോകോസ്റ്റ് മ്യൂസിയങ്ങൾ ഉള്ളതുപോലെ ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ഓർമയും ചരിത്രപാഠവും ഇന്ത്യയെ കൂടുതൽ സെക്കുലർ ആക്കും. ബിഹാറിലെ മാരി ഗ്രാമം അതിനു തെളിവാണ്.ഇസ്‌ലാം മതവിശ്വാസികൾ ഗ്രാമം ഒഴിഞ്ഞുപോയിട്ടും 200 വർഷം പഴക്കമുള്ള പള്ളി അവിടത്തെ ജനങ്ങൾ സംരക്ഷിക്കുന്നു. തങ്ങളുമായി സ്നേഹപ്പെട്ടു കഴിഞ്ഞ ആളുകളുടെ സംസ്‌കാരത്തിന്റെ ഓർമയ്‌ക്കായി അഞ്ചു നേരവും റെക്കോർഡ് പ്ലെയർ വെച്ച് ബാങ്ക് വിളിക്കുന്നു. ഇത്തരം ജനകീയ ഇടപെടലാണ് ഇന്ത്യയുടെ ഭാവി.

പ്രതീക്ഷയുണ്ട്
തിരിച്ചുവരും

സഹീറാ തങ്ങൾ
(എഴുത്തുകാരി, സാമൂഹിക പ്രവർത്തക,
കൗൺസലർ)


കഴിഞ്ഞ ഒരു ദശാബ്ദക്കാലം ‘സ്വതന്ത്ര ഇന്ത്യ’ എന്നുറക്കെ പറയാനാകാത്ത എന്തോ ഒരു ഒതുക്കിവെക്കൽ, വിങ്ങൽ, ആധി ഇന്ത്യക്കാരുടെ ഉള്ളിലുണ്ടായിരുന്നുവെന്നാണ് തോന്നുന്നത്. 2024 ജൂൺ 4ന് ആ ഉൾഭയത്തിൽ നിന്നു വന്ന വിടുതൽ, ആശ്വാസം തീർച്ചയായും വളരെ വളരെ വലുതാണ്.
മതാധിഷ്ഠിത ഇന്ത്യയാക്കാൻ വേണ്ടിയുള്ള ഫാഷിസ്റ്റ് ചൂതിൽ നിന്നുമുള്ള സ്വാതന്ത്ര്യമായിരുന്നു അത്. എല്ലാ അർഥത്തിലും ഇന്ത്യൻ ജനതയെ ഭയപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ശ്രമങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത് നാം കണ്ടു. പശുവിനു നൽകിയ ബഹുമാനം പോലും മനുഷ്യന് ഇല്ലാതെപോയി. ദൈവത്തിന്റെ പേരിൽ തെരുവുകളിൽ രക്താഭിഷേകം നടന്നു. ന്യൂനപക്ഷങ്ങളെ സ്വന്തം രാജ്യത്തിൽ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കപ്പെട്ടു. ജോലിയില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക ഭദ്രതയും താഴോട്ടു കൂപ്പുകുത്തുന്ന ഭയാനകമായ കാഴ്ച.
രാജ്യത്ത് ഇത്രമേൽ അരക്ഷിതത്വം ഉണ്ടാക്കിയ ഒരു തിരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയിൽ ഇത് ആദ്യത്തേതാവുമോ എന്നു തോന്നിപ്പോവുന്നു. ഓരോ യഥാർഥ ദേശസ്നേഹിയും തന്റെ രാജ്യത്തിനു വേണ്ടി, സ്നേഹത്തിനും സാഹോദര്യത്തിനും വേണ്ടി ജാതി-മതഭേദമെന്യേ പ്രാർഥനയിൽ മുഴുകിയ ദിവസം.
അഹിംസയും സ്നേഹവും ചേർന്ന്, ജനമനസ്സിലേക്ക് ആഴത്തിലിറങ്ങാൻ തക്ക ശക്തനായ ഒരു പ്രതിപക്ഷ നേതാവിനെ നാം ഇന്ന് രാഹുൽ ഗാന്ധിയിൽ കാണുന്നു. വരുംനാളുകളിൽ നാം പൂർവാധികം ശക്തരാവും. നഷ്ടപ്പെട്ട എല്ലാറ്റിനെയും തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസമാണ് ഇക്കഴിഞ്ഞ ജൂൺ നാലാം തിയ്യതി നമ്മിലുണ്ടാക്കിയത്. ആകുലതകളും ആധിയുമില്ലാത്ത ഒരു ഇന്ത്യ അതിവിദൂരത്തല്ല.

പുറത്തുനിന്ന് നോക്കുമ്പോൾ
കേരളം പോലും മാറേണ്ടതുണ്ട്

അമൽ
(നോവലിസ്റ്റ്, കഥാകൃത്ത് )


ഉന്നതമായ രാഷ്ട്രീയ-സാമൂഹിക ബോധവും വർഗീയശക്തികളോട് ശക്തമായി പ്രതിരോധിച്ചു നിൽക്കുകയും ചെയ്യുന്ന കേരളം ഉൾപ്പെടുന്ന തെക്കേ ഇന്ത്യയാണ് തമ്മിൽ ഭേദം എന്ന വലിയ അഭിമാനം നമുക്ക് ഉണ്ടായിരുന്നു. അത് വടക്കേ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ- സാമൂഹിക അവസ്ഥകൾ താരതമ്യം ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു തമ്മിൽ ഭേദം തൊമ്മൻ ആത്മവിശ്വാസവും പ്രതീക്ഷകളും സ്വന്തം കേരളത്തോടുള്ള ഇഷ്ടവും കൊണ്ടുണ്ടായതാണ്. എന്നാൽ, കേരളത്തിൽ നടക്കുന്ന പല സമകാലിക പ്രശ്നങ്ങളും ഇനിയും എത്രയോ വർഷം കഠിനമായി പരിശ്രമിച്ചാൽ മാത്രമേ കേരളം പോലും സന്തോഷ-സമാധാന സമ്പൂർണമായ പല ചെറിയ യൂറോപ്യൻ-ഏഷ്യൻ രാജ്യങ്ങളുടെയും ഒപ്പമെത്തുകയുള്ളൂവെന്ന് പുറംരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും പഠനത്തിനായി ഇപ്പോൾ വ്യാപകമായി പുറത്തു പോകുന്ന വിദ്യാർഥി സമൂഹത്തിനും വ്യക്തമായി അറിയാം. ഇന്ത്യയെ സംബന്ധിച്ച് അതുകൊണ്ടുതന്നെ വ്യാപകമായ ആശങ്കകളാണ് പെരുകിപ്പെരുകി വരുന്നത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി പല പല സഖ്യകക്ഷികളുടെ സഹായത്തോടെ വലിയൊരു ചെറുത്തുനിൽപും പ്രതീക്ഷയും നൽകിയിട്ടുണ്ടെങ്കിൽ കൂടിയും ആശങ്കകൾക്ക് വളരെ വലിയൊരു സ്ഥാനം അവിടെയുമുണ്ട്. ഇത്രയും കൂടുതൽ ജനസംഖ്യയുള്ള ഒരു മഹാ രാജ്യത്തിന്റെ അടിത്തട്ടിൽ നിന്ന് ഓരോ കാര്യങ്ങളും ആരംഭിക്കേണ്ട ഗതികേടിലാണ് ഇന്ത്യയുള്ളത്.
അടിസ്ഥാനപരമായി, ദക്ഷിണേന്ത്യ ഒഴിച്ചുനിർത്തിയാൽ തന്നെ ഉത്തരേന്ത്യയിലുള്ള മുഴുവൻ ഗ്രാമീണർക്കും അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുക എന്നതുതന്നെയാണ് ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും. എല്ലാ മനുഷ്യർക്കും 100% സാക്ഷരതയും ശുദ്ധജലവും വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഉറപ്പാക്കുക. ആശുപത്രികളും പഞ്ചായത്ത്‌ ഓഫീസുകളും വിദ്യാഭ്യാസ സൗകര്യങ്ങളുമുള്ള കേരള മോഡൽ ഗ്രാമങ്ങളും അടങ്ങുന്ന വികസനത്തിന് പതിറ്റാണ്ടുകൾ തന്നെ എടുത്തേക്കുമെന്നത് ഇന്ത്യയുടെ മുന്നിലുള്ള പ്രശ്നമാണ്. അതുമൂലം കൈവരുന്ന ജനാധിപത്യ മതേതര സമൂഹത്തിന്റെ സൃഷ്ടിയിലൂടെ വരുന്ന രാഷ്ട്രീയബോധത്തിലൂടെ മാത്രമേ ഇന്ത്യയുടെ ഭാവി ശോഭനമായി മാറുകയുള്ളൂ. അന്ധമായ രാഷ്ട്രീയ നേതൃത്വം മുന്നോട്ടുവെക്കുന്ന ജാതി-മത ചിന്തകളിൽ കുടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ അടിസ്ഥാന വർഗം. വർഗീയതയും ജാതിയും എപ്പോഴും നൂറ്റാണ്ടുകൾ പിറകിലേക്ക് വലിക്കുന്ന സംഗതികളാണ്. യുവാക്കളുടെ പോലും വിദ്യാഭ്യാസവും ഭാവിയുമൊക്കെ അസ്ഥിരമാക്കിക്കൊണ്ട് ഇത്തരം പ്രതിലോമകരമായ ചിന്തകളിലേക്ക് നയിച്ചു രാഷ്ട്രീയപരമായി തന്നെ വളരെ ദുർബലമായിട്ടുള്ള മനസ്സിനും ജീവിതത്തിനും ഉടമകളാക്കി ഒരു രാഷ്ട്രത്തിന്റെ മൊത്തത്തിലുള്ള ഭാവിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. അത്‌ മാറണമെങ്കിൽ രാഹുൽ ഗാന്ധിയോ അദ്ദേഹത്തെ പോലുള്ള എത്രയോ രാഹുൽ ഗാന്ധിമാരോ വന്നാലും പര്യാപ്തമാകില്ല. ഇന്ത്യ അടിമുടി മാറിമറിയുന്നതിന് തലമുറമാറ്റങ്ങൾ തന്നെ വേണ്ടിവരുമെന്നതിനാൽ അതിന് പതിറ്റാണ്ടുകൾ തന്നെ സമയമെടുത്തേക്കാം.
വികസിത രാജ്യങ്ങളിലൊക്കെ ഉള്ളതുപോലെ സമ്പൂർണമായ അടിസ്ഥാന സൗകര്യ വികസനവും പ്രകൃതിസ്നേഹവും സംരക്ഷണവും പരസ്പര വിശ്വാസവും ബഹുമാനവും മികച്ച വിദ്യാഭ്യാസവുമാണ് സമ്പൂർണമായ വികസത്തിന് ആവശ്യം. അതുണ്ടായാൽ തന്നെ സമൂഹം വളരെ മനോഹരമായി മുന്നേറുകയും ഉന്നതമായ രാഷ്ട്രീയബോധവും സാമൂഹിക സുരക്ഷയുമുള്ള രാജ്യവുമായി മാറുകയും ചെയ്യും.

വെല്ലുവിളികൾ അവസാനിച്ചിട്ടില്ല

റിഹാൻ റാഷിദ്
(നോവലിസ്റ്റ്, കഥാകൃത്ത്)


പുതിയ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയില്‍ പ്രതിപക്ഷ നിരയില്‍ കുറേക്കൂടി പ്രതീക്ഷയുണ്ട്. അതേസമയം തകര്‍ന്നുകിടക്കുന്ന സാമ്പത്തിക-തൊഴില്‍ മേഖലയില്‍ കടുത്ത നിരാശയാണുള്ളത്. സാമ്പത്തിക സുരക്ഷയിലും ദാരിദ്ര്യ പട്ടികയിലും രാജ്യം ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണുള്ളത്. മതാടിസ്ഥാനത്തിലുള്ള ഭിന്നിപ്പുകളും മാറ്റമില്ലാതെ തുടരുന്നു. ഐപിസി മാറ്റി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം 2023 എന്നീ മൂന്നു പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്‌. ഹിന്ദുത്വ ആശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായതിനെ കാണേണ്ടതുണ്ട്.
രാജ്യസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം നഷ്ടപ്പെട്ടത് ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കിയെടുക്കുന്നതില്‍ നിന്നു തടയുമെന്നത് ഭാവിയെ സംബന്ധിച്ച പ്രതീക്ഷയാണ്.
പുതിയ ബജറ്റില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലയെക്കാളും തുക വകയിരുത്തിയത് പ്രതിരോധ മേഖലയ്ക്കാണ്. തങ്ങളുടെ ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ചിരിക്കുന്നു.
യുപിയില്‍ നിന്നു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു നടപ്പാക്കുന്നതാണ്. അടുത്ത വര്‍ഷം രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി രാജ്യം കൂടുതല്‍ ഹിന്ദുത്വവത്കരിക്കാനുള്ള കരുനീക്കങ്ങള്‍ നടക്കുന്നുണ്ട്. മതേതര സംവിധാനത്തെ പൂര്‍ണമായും ഇല്ലാതാക്കി മതരാഷ്ട്രത്തിലേക്ക് കൂടുതല്‍ അടുക്കാനുള്ള പദ്ധതികളെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ തടയേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും മുന്നിലെ വലിയ വെല്ലുവിളിയാണ്.

അഴിച്ചുപണി എളുപ്പമല്ല
ഡോ. ആബിദ ഫാറൂഖി
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ)


നമ്മുടെ രാജ്യം വർഗീയ ശക്തികൾക്ക് പൂർണമായും അടിയറവ് പറയുമോ എന്ന ഭീതിജനകമായ സാഹചര്യത്തിൽ നിന്ന് മതേതരത്വത്തിനു ശക്തി പകരുന്ന ഒരു തിരഞ്ഞെടുപ്പുഫലം നാം കാണുകയുണ്ടായി. ഭാരത് ജോഡോ യാത്ര നയിച്ച രാഹുൽ ഗാന്ധി കാൽനടയായി സാധാരണ പൗരന്മാരുടെ ഇടയിലേക്ക് കയറിച്ചെന്നപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാചകമുണ്ട്, സാധാരണക്കാർക്കിടയിൽ വെറുപ്പിന്റെ രാഷ്ട്രീയം അദ്ദേഹം കണ്ടില്ല എന്ന്. ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാവുക എന്നതുതന്നെ ആശ്വാസകരമാണ്. എന്നാലും ഇവിടെ നടപ്പാക്കപ്പെട്ട പല നയങ്ങളെയും അഴിച്ചുപണിയൽ അത്ര എളുപ്പമല്ല.
2020ൽ നടപ്പാക്കപ്പെട്ട എൻഇപി (നാഷണൽ എജ്യൂക്കേഷൻ പോളിസി) 34 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട ഒരു വിദ്യാഭ്യാസ നയമാണ്. ഇതിന്റെ ഒളിയമ്പുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നവയാണ്. നൈപുണി വികസനത്തിന് അമിതമായ ഊന്നൽ നൽകി വിദ്യാർഥികളെ യഥാർഥ ചരിത്രബോധത്തിൽ നിന്ന് അകറ്റിനിർത്തുക എന്ന അജണ്ട സുവ്യക്തമാണ്.
ഓരോ കുട്ടിയും 3 ഭാഷകൾ (തദ്ദേശീയം, ദേശീയം, അന്തർദേശീയം) പഠിക്കണമെന്ന് നിഷ്‌കർഷിക്കുേമ്പാൾ 22 രാജ്യങ്ങളിലെ ഒഫീഷ്യൽ ഭാഷയായ അറബി അന്താരാഷ്ട്ര ഭാഷകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ആശങ്കാജനകമാണ്. 1984ലെ നാഷണൽ പോളിസി ഓഫ് എജ്യൂക്കേഷനിൽ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക്- സ്ത്രീകൾ, ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ്, ഭിന്നശേഷിക്കാർ, മത-ഭാഷാ ന്യൂനപക്ഷങ്ങൾ- പ്രത്യേകം പ്രൊവിഷനുകൾ ഉണ്ടായിരുന്നെങ്കിൽ എൻഇപി 20ൽ എല്ലാ പാർശ്വവത്കരിക്കപ്പെട്ടവരെയും സോഷ്യലി ആന്റ് ഇകണോമിക്കലി ഡിസഡ് വാന്റെജ്ഡ് ഗ്രൂപ്പ് എന്ന ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുകയാണ് ചെയ്തത്. ന്യൂനപക്ഷങ്ങൾ എന്ന വാക്ക് ഒറ്റത്തവണ പോലും പരാമർശിക്കപ്പെട്ടില്ല.
ഒരു ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് സ്വന്തമായ വിദ്യാഭ്യാസ നയം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കെ പല സംസ്ഥാനങ്ങളും സമ്മർദം മൂലമോ കേന്ദ്ര ധനസഹായം തടയപ്പെടും എന്നതുകൊണ്ടോ എൻഇപി നടപ്പാക്കുകയാണ് ചെയ്തത്. വലിയ ഒരു അഴിച്ചുപണി തന്നെ ഇനി വേണ്ടി വരും. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന, ചരിത്രത്തെ നിഷ്‌പക്ഷതയോടെ കാണുന്ന ഒരു സമഗ്ര സമീകൃത ബദൽ വിദ്യാഭ്യാസ നയം കൊണ്ടുവരാൻ കാത്തിരിക്കേണ്ടതുണ്ട്.

ജനങ്ങളിൽ വിശ്വാസമുണ്ട്
സൽമ അൻവാരിയ്യ
(പ്രസിഡന്റ്, എംജിഎം)


മതപരമായും സാംസ്കാരികമായും ഭാഷാപരമായും ഒട്ടേറെ വൈവിധ്യങ്ങളും വൈജാത്യങ്ങളും ഉള്ള ഇന്ത്യാ മഹാരാജ്യം സ്വാതന്ത്ര്യലബ്ധിക്കു ശേഷം സാമൂഹികപരമായും ശാസ്ത്രപരമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഒട്ടേറെ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. ഇന്ത്യൻ ജനതക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ആശയങ്ങൾ അടിച്ചേൽപിക്കുക വഴി ജനാധിപത്യ മതേതര ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ശക്തമായ പോറൽ ഏൽപിക്കുന്ന നിയമങ്ങളും തന്ത്രങ്ങളും പ്രയോഗിച്ച് വീണ്ടും അധികാരക്കസേരയിൽ വാഴാമെന്ന് മാത്രമല്ല, ദൈവിക പരിവേഷം ചമഞ്ഞ് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റി ഹിന്ദുത്വ അജണ്ടകളെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാമെന്ന സംഘ്പരിവാർ താൽപര്യങ്ങൾക്ക് ശക്തമായ വിള്ളൽ വീഴ്‌ത്താൻ സാധിച്ചു എന്നതും ശക്തമായ പ്രതിപക്ഷം നിലവിൽ വന്നു എന്നതും ആശ്വാസം നൽകുന്ന കാര്യങ്ങളാണ്. ഇന്ത്യൻ ജനാധിപത്യത്തെ മതവത്കരിക്കാൻ ശ്രമിച്ചുവെന്നതു മാത്രമല്ല, മതവത്കരണത്തെ വിമർശിച്ചവരെയും മതന്യൂനപക്ഷങ്ങളെയും ഇല്ലായ്മ ചെയ്യുന്ന പ്രവണതയും നാം കണ്ടുകൊണ്ടിരിക്കുകയാണ്. മതപണ്ഡിതന്മാരെയും പുരോഹിതന്മാരെ പോലും വെറുതെ വിടുന്നില്ല എന്നതും സത്യം.
കോടതിയെയും മാധ്യമങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രലോഭിപ്പിച്ച് വശത്താക്കിയിരിക്കുന്നതുകൊണ്ട് ഇന്ത്യ മഹാരാജ്യത്തെ ഭൂരിപക്ഷം ആളുകളോടും കാണിക്കുന്ന അനീതിക്ക് ഭാവിയിൽ അറുതിവന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്.
ഉച്ചനീചത്വങ്ങൾ ഇല്ലാത്ത, മതപരമായ വേർതിരിവുകൾ സൃഷ്ടിക്കാത്ത, ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും വർഗത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും പേരിൽ വിഭാഗീയതകൾ സൃഷ്ടിക്കാത്ത ഒരുകൂട്ടം മനുഷ്യരാണ് സ്വതന്ത്ര ഇന്ത്യയുടെ കരുത്ത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top