LoginRegister

സ്രഷ്ടാവിനു മുന്നില്‍ സുജൂദ് ചെയ്യുക

ഡോ. പി അബ്ദു സലഫി

Feed Back

”കണങ്കാല്‍ വെളിവാക്കപ്പെടുന്ന ഭയാനക ദിനത്തില്‍ സുജൂദിനായി ആവര്‍ വിളിക്കപ്പെടും. അപ്പോള്‍ അവര്‍ക്ക് സുജൂദ് ചെയ്യാന്‍ കഴിയുന്നതല്ല. അവരുടെ കണ്ണുകള്‍ താണുപോയിരിക്കും. അവരെ അപമാനം മൂടിയിരിക്കും. അവര്‍ സുരക്ഷിതരായി കഴിഞ്ഞിരുന്ന കാലത്ത് അവരെ സുജൂദിന് വിളിച്ചിരുന്നുവല്ലോ?” (വി.ഖുര്‍ആന്‍ 68: 42, 43).
സ്രഷ്ടാവിനെ അനുസരിക്കുക എന്നതും അവന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവനു മുന്നില്‍ പ്രണമിക്കുക എന്നതും സൃഷ്ടികളുടെ പ്രാഥമിക ചുമതലയാണ്. സുജൂദ് എന്നത് ഒരടിമ സ്രഷ്ടാവിനു മുന്നില്‍ പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ അനുസരണമാണ്. തന്റെ പ്രിയപ്പെട്ട മുഖവും കൈപ്പത്തിയുമെല്ലാം നിലത്തു വെച്ച് തന്റെ സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കുന്ന രൂപമാണത്. വിനയത്തിന്റെ പ്രകടരൂപവും കൂടിയാണിത്.
ആകാശഭൂമികളിലുള്ള മുഴുവന്‍ ചരാചരങ്ങളും സ്രഷ്ടാവിന് സുജൂദ് ചെയ്യുന്നുണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ കുറേ മനുഷ്യരും എന്നാണ് കൂട്ടിച്ചേര്‍ത്തത്. മനുഷ്യരില്‍ കുറേ പേര്‍ സ്രഷ്ടാവിനു മുന്നില്‍ വണങ്ങാന്‍ കൂട്ടാക്കാതെ അഹങ്കാരികളും താന്‍പോരിമക്കാരുമായി നടക്കുന്നു.
പരലോകത്ത് മഹ്ശറയില്‍ റബ്ബിന്റെ വിചാരണക്കായി നില്‍ക്കുന്ന രംഗം ഭയാനകവും പ്രയാസകരവുമാണ്. കണങ്കാല്‍ വെളിപ്പെടുന്ന ദിവസം എന്നത് ഭയാനക സാഹചര്യത്തിന് അറബികള്‍ ഉപയോഗിക്കുന്ന ഒരു ശൈലിയാണ്. യുദ്ധത്തില്‍ നിന്ന് തോറ്റോടുമ്പോള്‍ വസ്ത്രം കയറ്റിപ്പിടിച്ച് കണങ്കാല്‍ വെളിവാക്കിയായിരുന്നു അവര്‍ ഓടിയിരുന്നത്.
മഹ്ശറയില്‍ മുഴുവന്‍ മനുഷ്യരോടും അല്ലാഹുവിനു മുന്നില്‍ സുജൂദ് ചെയ്യാന്‍ ആവശ്യപ്പെടും. ഈ ലോകത്ത് റബ്ബിനു മുന്നില്‍ കുമ്പിട്ടവരെല്ലാം അവിടെയും സുജൂദ് ചെയ്യും. എന്നാല്‍ ചിലരുടെ നടു വളയുകയില്ല. ഈ ലോകത്ത് അല്ലാഹുവിനെ നമിക്കാന്‍ കൂട്ടാക്കാതിരുന്നവരാണവര്‍. അവിടെ കപടമായ രീതിയില്‍ അനുസരണം കാണിക്കാന്‍ ശ്രമിച്ചാലും നടക്കില്ല. അതിനാല്‍ കൂട്ടത്തില്‍ നിന്ദ്യരും നാണംകെട്ടവരുമായി നില്‍ക്കേണ്ടിവരുന്നു.
നമസ്‌കാരത്തിലെ പ്രധാന ഭാഗമാണ് സുജൂദ്. നബി(സ) തന്റെ റബ്ബിനോട് സുജൂദില്‍ കിടന്ന് പ്രാര്‍ഥിച്ച പല സന്ദര്‍ഭങ്ങളുമുണ്ട്. അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കിയത്, സ്രഷ്ടാവിനു മുമ്പില്‍ സുജൂദ് ചെയ്യുന്നതിനു കൂടിയാണ്. നമസ്‌കാരമാണ് ഒരാളുടെ ഇസ്ലാമിക ജീവിതത്തിന്റെ സുപ്രധാന കര്‍മങ്ങളിലൊന്ന്. അത് ഉപേക്ഷിച്ചവന്‍ കാഫിറാണെന്ന് നബി പറഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ബുദ്ധിയും ഓര്‍മയും നിലനില്‍ക്കുന്ന കാലത്തെല്ലാം അത് നിര്‍ബന്ധമാണ്. യുദ്ധവേളയില്‍ പോലും നമസ്‌കാരം ഒഴിവാക്കാന്‍ പാടുള്ളതല്ല. അസൗകര്യങ്ങളുണ്ടാവുമ്പോള്‍ ഇളവുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും നമസ്‌കാരം നിര്‍വഹിച്ചിരിക്കണം. എങ്കില്‍ നാളെ റബ്ബിനു മുമ്പിലും കുമ്പിടാന്‍ കഴിയുന്നതാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top