സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി അവളുടെ മാതാപിതാക്കള്‍ കൗണ്‍സിലിങിന് വന്നു. കുട്ടിയെ മാറ്റിനിര്‍ത്തി അവളുടെ പിതാവ്, മകളുടെ പ്രണയ ബന്ധത്തെക്കുറിച്ചും ഒരു രീതിയിലും വിവാഹം നടത്തികൊടുക്കാന്‍ നമുക്കു സാധിക്കില്ലെന്നും എങ്ങനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കി ഈ ബന്ധത്തില്‍ നിന്നു പിന്തിരിപ്പിക്കണമെന്നും പറഞ്ഞു.
ഈ ബന്ധത്തില്‍ എന്താണ് പ്രശ്നം എന്ന് ഞാന്‍ അവരോടു ചോദിച്ചു.
ജാതി മത വ്യത്യാസമോ, ഒരിക്കലും പൊരുത്തപ്പെടാനാവാത്ത കുടുംബമോ… അങ്ങനെ എന്തെങ്കിലുമൊക്കെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവരുടെ മറുപടി മറ്റൊന്നായിരുന്നു.
”ഒരേ പ്രായമാണ്, ഒന്നിച്ചു പഠിച്ചതാണ് ചെറിയ ക്ലാസ് മുതല്‍!”
അപ്പോള്‍ അവര്‍ നല്ല സുഹൃത്തുക്കളുമായിരിക്കണമല്ലോ, നല്ല ഒരു സുഹൃത്ത് ഭര്‍ത്താവായി വരുന്നത് സത്യത്തില്‍ നല്ലതല്ലേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവരുടെ മുഖം അല്പം മങ്ങി.
”അതിനുള്ള പക്വത ഒന്നും അവള്‍ക്കു ഇല്ല മാഡം. മാഡം എങ്ങനെ എങ്കിലും ഇതില്‍ നിന്ന് അവളുടെ മനസിനെ മാറ്റി തരണം. ഇപ്പോള്‍ ഒരു ദുബായ് ആലോചന ഏകദേശം ഉറച്ച മട്ടാണ്. അതിന് എങ്കിലും അവളോട് സമ്മതിക്കാന്‍ പറയണം..”
എന്റെ മുമ്പില്‍ വന്നിരുന്ന ആ സുന്ദരിക്കുട്ടിയുടെ കണ്ണുകളില്‍ അത്ര അപക്വതയൊന്നും എനിക്ക് തോന്നിയില്ല. അവളോട് സംസാരിച്ചപ്പോള്‍ അവരുടെ അടുപ്പം നല്ല ആഴത്തിലാണ് എന്നും മനസ്സിലായി.
”മാഡം, എങ്ങനെയെങ്കിലും എന്റെ പാരന്റ്‌സിനെ ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുമോ?”
അവളുടെ നീണ്ട മിഴികളില്‍ കണ്ണുനീര്‍ ഉരുണ്ടു കൂടി കവിളിലൂടെ ഒലിച്ചിറങ്ങി.
”നാളെ ഒരു കൂട്ടര്‍ ഉറപ്പിക്കാന്‍ വരും എന്നാണല്ലോ വീട്ടുകാര്‍ പറയുന്നത്” എന്ന എന്റെ ചോദ്യത്തിന് അവള്‍ ചുണ്ടുകള്‍ കടിച്ചു ചിരിച്ചു; ”ആരും വരാന്‍ പോവുന്നില്ല മാഡം, ഇതുപോലെ കുറേപേര്‍ ഉറപ്പിക്കാന്‍ വരാന്‍ നിന്നതാ.. അതെല്ലാം ഞാന്‍ മുടക്കിയതാ…”
ഇവള്‍ കൊള്ളാമല്ലോ എന്ന് മനസ്സില്‍ കരുതുകയും ചെയ്തു.
നാട്ടുകാരും വീട്ടുകാരും എന്ത് പറയും? അയല്‍വാസിയെക്കൊണ്ട് എങ്ങനെ കെട്ടിക്കും? സമൂഹത്തില്‍ ഉയര്‍ന്ന പേരുള്ള കുടുംബമാണ്; എല്ലാവര്‍ക്കും ഉത്തമ മാതൃകയാണ്. ആ ആള് തന്നെ പ്രേമിക്കാന്‍ നടന്നു എന്നു മറ്റുള്ളവര്‍ പറയില്ലേ? എന്നൊക്കെയാണ് ചോദ്യങ്ങള്‍.
ദാമ്പത്യ ജീവിതത്തിലുള്ള ദൈനം ദിന പ്രശ്‌നങ്ങളും പിണക്കങ്ങളും അറേന്‍ജ്ഡ് /ലവ് മാര്യേജ് എന്ന ഭേദമില്ലാതെ തന്നെ ഉണ്ടാവാം. ഇണക്കങ്ങളും അങ്ങനെ തന്നെ.
വീട്ടുകാര്‍; വിവാഹക്കാര്യത്തില്‍ എങ്കിലും ഈഗോ മുന്‍നിര്‍ത്തിയും വ്യവസ്ഥാപിത ചട്ടക്കൂടില്‍ നിന്നു എങ്ങനെ മാറും എന്ന് ആശങ്കപ്പെട്ടും തീരുമാനം എടുക്കാതിരിക്കുക.
പ്രണയിക്കുന്നു എന്നതു കൊണ്ട് മാത്രം അംഗീകരിക്കില്ല എന്ന പിടിവാശിയില്‍ വീട്ടുകാര്‍ നില്‍ക്കുമ്പോള്‍, തങ്ങളുടെ മക്കള്‍ അവര്‍ക്കു ഇഷ്ടമില്ലാത്ത ഒരു വിവാഹത്തില്‍ ജീവിതം നരകമാക്കി വീട്ടുകാരുടെ ദുര്‍വാശിയുടെ ഇരകളാവണോ എന്നു കൂടി ചിന്തിക്കുക.
രണ്ടുപേര്‍ ഒന്നുചേരാന്‍ ആഗ്രഹിച്ചാല്‍ അതില്‍ വലിയ പൊരുത്തക്കേടുകള്‍ ഒന്നും കാണുന്നില്ലെങ്കില്‍ അത് മാന്യമായ രീതിയില്‍ നടത്തിക്കൊടുക്കുയാണ് നല്ലത്. ഒരു പരിചയവുമില്ലാത്ത ഒരാളെ ഇണയാക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ പരിചയമുള്ള ഒരാളെ ഇണയാക്കുന്നത്.
വിധിയെ പഴിച്ചു, ദൈവേഷ്ടം ഇതായിരുന്നിരിക്കാം എന്ന് സ്വയം ആശ്വസിച്ചു, വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതിക്കുന്ന പഴയ തലമുറയില്‍ നിന്ന് വ്യത്യസ്തരാണ് പുതുതലമുറ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിക്കരുത്. ഒളിച്ചോട്ടത്തിലൊന്നും താല്പര്യം ആരും കാണിക്കുന്നില്ല; മറിച്ചു തങ്ങളുടെ സ്വപ്‌നസാക്ഷാല്‍ക്കാരത്തിനായി അവര്‍ ദൃഢ-ചിത്തരായി ഏതറ്റം വരെയും ക്ഷമയോടെ പൊരുതിയേക്കാം.
വിവാഹപ്പന്തലിലേക്കു കാലെടുത്തുവെക്കുമ്പോള്‍ മുഖത്തും മനസ്സിലും നിറഞ്ഞു തുളുമ്പുന്ന സന്തോഷം അനുഭവിക്കാന്‍ നമ്മുടെ മക്കള്‍ക്ക് ആവട്ടെ! .