അവര്‍ വിദ്യാസമ്പന്നയും അഞ്ചക്ക ശമ്പളം വാങ്ങുന്ന ഐ ടി ഉദ്യോഗസ്ഥയുമായിരുന്നു. എറണാകുളത്ത് ഇടക്കാല തെരഞ്ഞെടുപ്പ് വന്ന സമയത്താണ് കുറേ കാലങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കാണുന്നത്.
വിശേഷങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്ത കൂട്ടത്തില്‍ തെരഞ്ഞെടുപ്പും സ്ഥാനാര്‍ഥികളും ഞങ്ങളുടെ വിഷയമായി. സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും ചിട്ടയായ ജീവിതത്തെക്കുറിച്ചും മകളുടെ ടീനേജ് പ്രശ്നങ്ങളെക്കുറിച്ചും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകന്റെ ‘പ്രേത്യക’ ഭാവത്തെക്കുറിച്ചുപോലും വാചാലമായും വസ്തുനിഷ്ഠമായും സംസാരിച്ച അവര്‍, രാഷ്ട്രീയ വിഷയത്തില്‍ വലിയ താല്പര്യമൊന്നും കാണിച്ചില്ല.
”ഉമച്ചേച്ചിയെ അടുത്തറിയാവുന്നതാണ്. വ്യക്തിപരമായി എനിക്ക് അവരോട് വലിയ ഇഷ്ടവും മതിപ്പുമാണ്. പക്ഷേ വോട്ട് ചെയ്യുന്നത് ഡോ. ജോക്കാണ്.”
”അപ്പോള്‍ സഖാവ് ആണല്ലേ?”
എന്റെ ചോദ്യത്തിനു അവര്‍ നിസ്സംഗമായ ഒരു പുഞ്ചിരിയോടെ മറുപടി നല്കി: ”അങ്ങനെയൊന്നും ഇല്ലെന്നേ… അച്ചായന് പക്കാ കമ്മ്യൂണിസ്റ്റാ… പഠിക്കണ കാലത്ത് കോളജ് യൂണിയന് ചെയര്മാന് എല്ലാമായി ഷൈന്‍ ചെയ്ത ആളാ… പുള്ളീടെ താല്പര്യം എന്തോ അതിനു വോട്ട് ചെയ്യും. അത്രമാത്രം.”
നൂറു ശതമാനം സാക്ഷരതയിലൊന്നും ഒരു കാര്യവുമില്ല എന്നു തോന്നിയ നിമിഷങ്ങള്‍.
വിദ്യാഭ്യാസത്തിന്റെ ഗ്രാഫ് എടുത്തുനോക്കിയാല്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതില്‍ ഉയര്ന്നുനില്ക്കുന്നത് സ്ത്രീകളാണ് എന്നു കാണാം. ജീവിതം ഏതു രീതിയില്‍ മുന്നോട്ടുപോവണമെന്ന് പ്ലാന്‍ ചെയ്യുന്നതിലും മക്കളുടെ ദൈനംദിന കാര്യങ്ങളിലടക്കം ലോകത്ത് ഇറങ്ങുന്ന മുന്തിയ തരം വസ്ത്ര-ആഭരണങ്ങളുടെ വിവരം പോലും അവരുടെ കൈയില്‍ സ്റ്റോക്ക് കാണും. സിനിമാ നടീനടന്മാരുടെ ജീവിതങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരതി മനസ്സിലാക്കി വെച്ചിട്ടുണ്ടാകും.
എന്നാല്‍ ദിവസം ഒരു വാര്‍ത്താ ചാനല്‍ എങ്കിലും ഒന്നു കാണാനോ, ലോകത്ത് എന്തു നടക്കുന്നു, നമുക്കു ചുറ്റും എന്തു നടക്കുന്നുവെന്നു കണ്ണോടിക്കാനോ സ്ത്രീകള്‍ വേണ്ടത്ര താല്പര്യം കാണിക്കാത്തത് എന്തുകൊണ്ടെന്നത് ചിന്തിക്കേണ്ട ഗൗരവമുള്ള വിഷയം തന്നെ.
ഇപ്പോള്‍ മിക്ക സ്കൂളുകളിലും കുട്ടികളെക്കൊണ്ട് ന്യൂസ് പേപ്പര്‍ വായിപ്പിച്ച് അവരുടെ മനസ്സില്‍ തട്ടുന്ന വാര്‍ത്തകള്‍ അസംബ്ലിയില്‍ സംസാരിപ്പിക്കുന്ന ഒരു നല്ല രീതി അവലംബിക്കുന്നുണ്ട്. വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ സത്യങ്ങളോ യാഥാര്‍ഥ്യങ്ങളോ ആണെന്നല്ല; നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ മുഖം അതിലൂടെ നമുക്കു കാണാന്‍ സാധിക്കും.
ചരിത്രം പഠിക്കുന്നതിന്റെ വിരസത പല കുട്ടികളും പ്രകടിപ്പിക്കാറുണ്ട്. കഴിഞ്ഞ കാലം കൊണ്ട് ഇന്ന് നമുക്ക് എന്ത് പ്രയോജനം എന്നാണ് ചോദ്യം. കഴിഞ്ഞ കാലത്തിന്റെ തുടര്‍ച്ചയാണ് നാം ഓരോരുത്തരുടെയും ജന്മവും തുടര്‍ജീവിതവും എന്നറിയുക.
വര്‍ത്തമാനകാലത്തെ ജീവസ്സുറ്റതാക്കാന്‍ ഭൂതകാലത്തെ അവഗണിക്കുകയല്ല; മറിച്ച് അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും കൂടുതല്‍ മികവോടെ ഇന്നിനെ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. രാഷ്ട്രീയം (പൊളിറ്റിക്സ്) നമ്മുടെ വിഷയമല്ല എന്നു വിമുഖത കാണിക്കുന്ന ഭൂരിഭാഗം സ്ത്രീകളും നമ്മുടെ ജീവിതത്തെ, ലോകത്തെത്തന്നെ മാറ്റിമറിക്കുന്ന വിഷയങ്ങളെ ബോധപൂര്‍വമല്ലാതെ കണ്ടില്ലെന്നു വെക്കുകയാണ്.
മനുഷ്യര്‍ എന്ന സമൂഹജീവി താന്താങ്ങളുടെ രാജ്യത്തെ, ലോകത്തെ കപട രാഷ്ട്രീയ തന്ത്രങ്ങള്‍ ഉപയോഗിച്ച് കശാപ്പു ചെയ്യാന്‍ മൗനമായി അനുവദിക്കുന്നത് മിക്കപ്പോഴും അറിവില്ലായ്മ കൊണ്ടാണ്; സ്ത്രീകള്‍ പ്രേത്യകിച്ചും. ചുരുങ്ങിയപക്ഷം നമ്മുടെ നാടിനെ നയിക്കുന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്താണെന്നുമെങ്കിലും അറിഞ്ഞിരിക്കണം.
നിങ്ങള്‍ രാഷ്ട്രീയ പ്രവര്ത്തകരാവുകയോ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ഒന്നും വേണമെന്നല്ല; വ്യക്തമായ രാഷ്ട്രീയ അനുഭാവവും വിശ്വസിക്കുന്ന പാര്‍ട്ടിയും ഉണ്ടായിരിക്കെത്തന്നെ ജനപക്ഷത്തു നിന്ന് ജനങ്ങള്‍ക്ക് നന്മ ചെയ്യുമെന്ന് ഉറപ്പുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നവരെ എനിക്ക് അറിയാം.
അങ്ങനെ ചെയ്യാനുള്ള വ്യക്തമായ രാഷ്ട്രീയാവബോധമെങ്കിലും നമുക്ക് ഉണ്ടാവണമെങ്കില്‍ അതേക്കുറിച്ച് അറിയണം. നമ്മുടെ മക്കള്‍ക്കും ആ ബോധം നല്‍കണം. എങ്കില്‍ അച്ഛന് അല്ലെങ്കില്‍ ഭര്‍ത്താവ് പറയുന്ന അര്‍ഹതയില്ലാത്തവരെ വോട്ടു നല്കി, നമ്മുടെ നാടിനെ ഭരിക്കാനായി ജയിപ്പിച്ചുവിടില്ല. വ്യക്തമായ രാഷ്ട്രീയാവബോധം നമ്മുടെ വ്യക്തിത്വത്തിന് കൂടുതല്‍ ആഴവും ആത്മവിശ്വാസവും നല്‍കും.