LoginRegister

സ്‌കൂള്‍ നല്‍കുന്ന സാമൂഹിക പാഠങ്ങള്‍

ശറഫുദ്ദീന്‍ കാളികാവ്‌

Feed Back


പുതിയൊരു അധ്യയന വര്‍ഷം കൂടി തുടങ്ങുകയാണ്. രക്ഷിതാക്കളും കുട്ടികളും പ്രതീക്ഷയിലും ആശങ്കയിലുമാണ്. പുതിയ കാലോചിതമായ സാധ്യതകള്‍ നല്‍കുന്ന ഉണര്‍വിനൊപ്പം സമകാലികമായ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും.
പുതിയ സ്‌കൂളില്‍
എത്തുന്ന കുട്ടികള്‍

എല്‍പി ക്ലാസുകളില്‍ നിന്ന് യുപിയിലും യുപിയില്‍ നിന്ന് ഹൈസ്‌കൂള്‍ ക്ലാസുകളിലും എത്തുന്ന കുട്ടികള്‍ നിലവിലുള്ള സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തിലേക്കാണ് പറിച്ചുനടാന്‍ ഒരുക്കപ്പെട്ടിരിക്കുന്നത്. അവരുടെ പഴയ സ്‌കൂളില്‍ അവര്‍ക്ക് കൂട്ടുകാരുണ്ട്, സ്‌നേഹിക്കാനും കളിക്കാനും കൂട്ടുകാരുണ്ട്. പക്ഷേ, മുമ്പ് പഠിച്ച സഹപാഠികള്‍ പല സ്‌കൂളില്‍ പ്രവേശനം നേടിയിട്ടുണ്ടാവും. പുതിയ സാഹചര്യങ്ങളെ അനുകൂലമാക്കാനും നല്ല സുഹൃത്തുക്കളെ നേടാനും ഇതൊരു അവസരമായിട്ടാണ് കുട്ടികള്‍ക്ക് തോന്നേണ്ടത്, അല്ലെങ്കില്‍ തോന്നിപ്പിക്കേണ്ടത്. ആദ്യ സ്‌കൂളില്‍നിന്ന് ലഭിച്ച പരിഗണന ഒരുപക്ഷേ പുതിയ സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന സാഹചര്യം ഉണ്ടായെന്ന് വരില്ല. പല കുട്ടികളും ഇക്കാരണത്താല്‍ സ്‌കൂളില്‍ അതികഠിനമായ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ്. ചിലര്‍ പഠനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു, ചിലര്‍ ആരോരുമില്ലാതെ ഒറ്റപ്പെടുന്നു, ചിലരെങ്കിലും വളരെ മോശം കൂട്ടുകെട്ടില്‍ അകപ്പെടുന്നു. ഏറ്റവും ചുരുങ്ങിയത് ആദ്യത്തെ ഒരാഴ്ചയെങ്കിലും കുട്ടികളോട് അന്നത്തെ വിഷയങ്ങള്‍, കാര്യങ്ങള്‍ ചോദിച്ചറിയണം. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായം തേടുകയും വേണം.
അധ്യാപകരോടുള്ള
ബന്ധങ്ങളും സമീപനവും

അധ്യാപകരോടുള്ള സമീപനത്തില്‍ പഴയ വാര്‍പ്പുരീതികളില്‍ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. ഒരുപക്ഷേ കുട്ടികള്‍ക്ക് പണ്ടുകാലത്തേക്കാള്‍ അധ്യാപകരോട് കൂടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ ഇന്നത്തെ കാലത്ത് ആവുന്നുണ്ട്. അതോടൊപ്പം കുട്ടികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെക്കാന്‍ ഒരു അധ്യാപകന്‍, ഒരു അധ്യാപിക ഉണ്ടായിരിക്കണം. ഓരോ കുട്ടികള്‍ക്കും വ്യത്യസ്ത അധ്യാപകരെയായിരിക്കാം താല്‍പര്യം. രക്ഷിതാക്കളും അധ്യാപകരും നല്ലൊരു ആത്മബന്ധം സ്ഥാപിച്ചെടുക്കണം. ആരോഗ്യകരമായ ഒരു ഫോണ്‍ ബന്ധം നിലനിര്‍ത്തല്‍ ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണല്ലോ. എങ്കിലും അധ്യാപകരോടുള്ള മനോഭാവത്തില്‍, അവരെ വേണ്ട രീതിയില്‍ ആദരിക്കുന്ന കാര്യത്തില്‍ വിള്ളലുകള്‍ വന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. അധ്യാപകരുടെ പെരുമാറ്റവും കുട്ടികളുടെ പെരുമാറ്റവും എല്ലാം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. രക്ഷിതാവ് കുട്ടികളോട് ഒരു ആത്മബന്ധം പുലര്‍ത്തിയെങ്കില്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
രക്ഷിതാക്കളുടെയും കുട്ടികളുടെയും മുമ്പില്‍ പല വെല്ലുവിളികളും അനുകൂല സാഹചര്യങ്ങളും പ്രകടമായിത്തന്നെ ഉണ്ട്. രക്ഷിതാവ് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ മാത്രമാണ് വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തിയാവുന്നത്. എന്താണ് സ്‌കൂളില്‍ നടക്കുന്നത്, എന്താണ് സ്‌കൂളില്‍ നടക്കേണ്ടത് എന്ന ഒരു പൊതുബോധ്യം എല്ലാ രക്ഷിതാക്കളും ആര്‍ജിച്ചെടുക്കല്‍ നിര്‍ബന്ധമാണ്.
കലാ കായിക വിദ്യാഭ്യാസം
ഓരോ കുട്ടിയും വ്യത്യസ്തനാണ്. ഓരോരുത്തരുടെയും കഴിവുകള്‍ വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള ഒരു വിദ്യാഭ്യാസം നമ്മുടെ സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്നുണ്ടോ? അല്ലെങ്കില്‍ പാഠഭാഗത്തിനപ്പുറം ഒരു ജീവിതപാഠം ക്ലാസ്‌റൂമുകളില്‍ നടക്കുന്നുണ്ടോ? ഓരോ മനുഷ്യരും തമ്മിലുള്ള കാര്യമായ വ്യത്യാസം അവര്‍ ആസ്വാദന മേഖലകള്‍, തല്‍പര മേഖലകള്‍ കണ്ടെത്തുന്നതില്‍ വ്യത്യസ്തരാണ് എന്നതാണ്. പാടാനും വരയ്ക്കാനും കളിക്കാനും… അങ്ങനെ എല്ലാ കഴിവുകളിലും ഓരോരുത്തരും പരിപൂര്‍ണരായി വേറിട്ടുനില്‍ക്കുന്നു. കലാ-കായിക വിദ്യാഭ്യാസത്തിന് പ്രത്യേകം പീരിയഡുകളും അധ്യാപകരും സ്‌കൂളുകളിലുണ്ട്. പക്ഷേ അതിനു വേണ്ട പ്രാധാന്യം, അതിന്റെ ആവശ്യകത എന്താണെന്ന് സമൂഹത്തിന് ബോധ്യമായിട്ടില്ല. കലാ-കായിക വിദ്യാഭ്യാസം കൃത്യമായും തല്‍പര മേഖലകള്‍ക്ക് അനുസരിച്ച് കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. പാഠഭാഗം തീര്‍ക്കുന്ന തിരക്കിനിടയില്‍ ഇതിനുള്ള അവസരം വ്യക്തമായി കിട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ അല്‍പം സന്ദേഹമുണ്ട്. പഠനമേഖല പരിപോഷിപ്പിക്കുന്നതിനും കലാ-കായിക മേഖലകള്‍ വളരെയധികം സഹായകമാകുന്നു എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. ക്ലാസ് പിടിഎകളിലും രക്ഷിതാവ് ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ മാറ്റങ്ങള്‍ ഉണ്ടാവും. കലാ-കായിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോടായിരിക്കും കുട്ടികള്‍ക്ക് ഏറെ പ്രിയം. അടുപ്പത്തോടൊപ്പമുള്ള ഒരു ‘അകല്‍ച്ചയും’ കുട്ടികളില്‍ ഉണ്ടാവേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പല പ്രശ്‌നങ്ങളും നാം മുഖവിലക്കെടുക്കണം.

ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം
വ്യത്യസ്തരായ കുട്ടികളും പ്രത്യേകിച്ചും ഭിന്നശേഷിക്കാര്‍ ഇഴുകിച്ചേര്‍ന്ന വിദ്യാഭ്യാസമാണ് ഇന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. എല്ലാവരും അംഗീകരിക്കപ്പെടുന്ന, എല്ലാവര്‍ക്കും അവസരങ്ങള്‍ ഒരുക്കപ്പെടുന്ന ഒരു വിദ്യാഭ്യാസ രീതിയാണ് പൊതുവേ തുടരുന്നത്. ‘സഹാനുഭൂതിയും പരസ്പര സഹകരണവും’ വളര്‍ത്തിയെടുക്കാന്‍ ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസമാണ് കൂടുതല്‍ നല്ലത്, ചില പരിമിതികള്‍ ഉണ്ടെങ്കിലും. അല്ലാത്തപക്ഷം ഭിന്നശേഷിക്കാര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും അവര്‍ സമൂഹത്തിന്റെ സുഖകരമായ ഒഴുക്കില്‍ നിന്ന് സ്വയം മാറിനില്‍ക്കുകയും ചെയ്യും. പൊതുവിദ്യാഭ്യാസത്തില്‍ ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന കാര്യത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ട് എന്നത് ആശ്വാസകരമായ വസ്തുതയാണ്. കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ സഹാനുഭൂതിയും സഹകരണ മനോഭാവവും ഉണ്ടാക്കിയെടുക്കുന്നതില്‍ രക്ഷിതാക്കള്‍ ഉപദേശത്തിനപ്പുറമുള്ള മാതൃകകള്‍ സ്വീകരിക്കുകയാണെങ്കില്‍ അതിന്റെ ഫലം സുനിശ്ചിതമായും അനുഭവിക്കുക തന്നെ ചെയ്യും.
സ്‌കൂള്‍ നല്‍കുന്ന
സാമൂഹിക പാഠങ്ങള്‍

കേവലം അക്ഷരാഭ്യാസം നേടാനല്ല സ്‌കൂളുകളില്‍ പോകേണ്ടത്. ഇന്നത്തെ കാലത്ത് അക്ഷരാഭ്യാസം നേടാന്‍ സ്‌കൂളുകളില്‍ പോകേണ്ട ആവശ്യമില്ല എന്നതാണ് വാസ്തവം. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. ആ സങ്കല്‍പങ്ങള്‍ ഏറക്കുറേ ഉറക്കുന്നത് സ്‌കൂളുകളില്‍ നിന്നാണ്. ഇന്നത്തെ കാലത്തെ കുട്ടികള്‍ തന്റെ കൂട്ടുകാരനെ/കൂട്ടുകാരിയെ സാമ്പത്തികമായും മാനസികമായും സഹായിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് എന്നതാണ് വാസ്തവം. ചികിത്സാച്ചെലവ്, വീടുനിര്‍മാണം എന്നിവയൊക്കെ സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യം തന്നെയല്ലേ? ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടികളില്‍ ഉണ്ടാവുന്ന സാന്ത്വന മനോഭാവം വളരെ പ്രതീക്ഷ നല്‍കുന്നു. കുട്ടികളെ വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ഒരു ചിന്താഗതി കുട്ടികളില്‍ വളര്‍ന്നുവരാന്‍ ഇത് അത്യന്താപേക്ഷിതമാണ്.
സ്‌കൂള്‍ തുറക്കുന്നതും കാത്ത് വെമ്പുന്ന കുട്ടികള്‍
കുട്ടികള്‍ സ്‌കൂള്‍ തുറക്കുന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണോ? കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്നുള്ളത്. അവധിക്കാലത്ത് നാട്ടില്‍ കുട്ടികളോടൊപ്പം കളിച്ച് തിമിര്‍ത്തു വീണ്ടും സ്‌കൂളിലെ കുട്ടികളോടൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തലമുറയാണോ ഇന്നുള്ളത്? ഏറക്കുറേ കുട്ടികളുടെ കളികളും വിനോദങ്ങളും മൊബൈല്‍ ഫോണിലായിരിക്കും. കുട്ടികള്‍ ഏറക്കുറേ ഫോണ്‍ അഡിക്ഷന്‍ അവസ്ഥയിലുള്ള സമയമായിരിക്കും ഇപ്പോള്‍. അവര്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് ശുഭകരമായ ഒരു കാര്യമായിരിക്കില്ല. തങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കവര്‍ന്നെടുക്കുന്ന ഒരു അവസ്ഥയായിരിക്കും സ്‌കൂള്‍ കാലം.
കൊറോണ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസം വലിയ പരിക്കുകള്‍ ഒന്നുമില്ലാതെ നടന്നുപോയിട്ടുണ്ട്. പക്ഷേ, രക്ഷിതാക്കളുടെ വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാത്തത് കുട്ടികളെ മൊബൈല്‍ ഫോണ്‍ അഡിക്ഷനിലേക്ക് നയിച്ചു എന്നത് സത്യമാണ്. അതിനെ മറികടക്കാന്‍ പല രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സാധിച്ചിട്ടില്ല എന്നതുതന്നെയാണ് വാസ്തവം. ഫോണിന്റെ അമിതോപയോഗം അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയുന്നതില്‍ കുട്ടികളെ പിന്നിലാക്കിയിരിക്കുന്നു. മാതാപിതാക്കളുമായും സഹോദരങ്ങളുമായും ആത്മബന്ധങ്ങളും വളരെയധികം കുറച്ചിട്ടുണ്ട്. വിചിത്രമെന്നു പറയട്ടെ, അകലെയുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും അടുത്ത ബന്ധങ്ങള്‍ മുറിക്കപ്പെടാനും മൊബൈല്‍ ഫോണ്‍ കാരണമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ പഠനം പോലും അസാധ്യമായ ഒരു അവസ്ഥയിലാണ്. അതിനാല്‍ ഒരു ഫോണ്‍ വിരോധിയാവുകയല്ല വേണ്ടത്. മറിച്ച് കൃത്യമായ സമയവും ഇടവേളയും ഫോണ്‍ ഉപയോഗത്തിന് രക്ഷിതാക്കളിലും കുട്ടികളിലും ഉണ്ടാകുന്ന ഒരു സംസ്‌കാരം വളര്‍ന്നുവരുകയാണ് വേണ്ടത്. ‘എല്ലാം സ്വയം ശരിയായിക്കൊള്ളും’ എന്ന ചിന്താഗതിയും മാറ്റേണ്ടതുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകളുണ്ടാവണം. അല്ലെങ്കില്‍ വിദഗ്ധ സഹായങ്ങള്‍ തേടുന്നതില്‍ ഒട്ടും അമാന്തിക്കരുത്.

ഫോണ്‍ അഡിക്ഷനുള്ള
തലമുറയുടെ ക്ലാസ്‌റൂം

ആരോഗ്യകരമായ ബന്ധങ്ങളും ക്ലാസ്‌റൂം അനുഭവങ്ങളും നല്ല സൗഹൃദങ്ങളും നേടിയെടുക്കുന്നതില്‍ ഫോണിനോട് അമിതാസക്തിയുള്ള കുട്ടികള്‍ വളരെ പിന്നിലാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ രക്ഷിതാക്കള്‍ കാലഘട്ടത്തിനൊപ്പം സഞ്ചരിച്ച് പരിചയിക്കണം. ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഓരോരുത്തരും പ്രാപ്തരായേ മതിയാവൂ. എല്ലാം കൈവിട്ടുപോയി എന്ന ചിന്ത ഒഴിവാക്കി പ്രതീക്ഷയോടെ ആവശ്യമായ ചര്‍ച്ചകളിലൂടെ പരസ്പര ബന്ധങ്ങള്‍ ഊഷ്മളമാക്കി അനുകൂലമായ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് കഴിയണം. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തരാവണം.
മറയ്ക്കുള്ളിലെ ലഹരി മാഫിയ
ലഹരിവസ്തുക്കളുടെ ഉപയോഗവും അത് കുട്ടികളിലേക്ക് എത്താനുള്ള സാഹചര്യവും വര്‍ധിച്ച ഒരു അവസ്ഥയിലാണ് നാം ഇപ്പോഴുള്ളത്. ലഹരി ഉപയോഗത്തിന്റെ പ്രധാന കാരണം ബന്ധങ്ങളിലുള്ള വിള്ളലുകളാണ്. സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗവും ലഹരി ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുന്നു. പരസ്പര സ്‌നേഹം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട രീതിയില്‍ കിട്ടാത്തതും കാരണം തന്നെ. തിരിച്ചു ചെല്ലുമ്പോള്‍ തന്നെ സ്‌നേഹിക്കുന്ന, തന്നെ കാത്തിരിക്കുന്ന മാതാപിതാക്കള്‍ വീട്ടിലുണ്ട് എന്ന ചിന്ത വളര്‍ന്നുവന്നാല്‍ ലഹരി ഉപയോഗിക്കാനുള്ള താല്‍പര്യം ഇല്ലാതാവും. കുടുംബകാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും എല്ലാ കാര്യത്തിലും കുട്ടികളോട് അഭിപ്രായം തേടുകയും അവരെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. വെറും പഠനം പഠനം എന്ന ചിന്താഗതി വളര്‍ന്നുവന്ന്, ഉത്തരവാദിത്തമില്ലാത്ത ഒരു സമൂഹമായി കുട്ടികള്‍ മാറാന്‍ പാടില്ല. ജീവിതമാണ് ലഹരി, സ്‌നേഹമാണ് ലഹരി, അനുകമ്പയാണ് ലഹരി, പങ്കുവെക്കലുകലാണ് ലഹരി…
രക്ഷിതാക്കളും കുട്ടികളും മൊബൈല്‍ ഫോണ്‍ മാറ്റിവെച്ചുകൊണ്ട് ദിവസവും അല്‍പസമയം ഇരിക്കാന്‍, സംസാരിക്കാന്‍ സമയം കണ്ടെത്തണം.
സ്‌കൂളിലേക്ക്
സ്‌കൂള്‍ കൊണ്ട് എന്താണോ നാം ഉദ്ദേശിക്കുന്നത് ആ നേട്ടങ്ങളെല്ലാം കൈവരിക്കാന്‍ ശുഭാപ്തിവിശ്വാസത്തോടെ നാം മുന്നേറുക. മാനസികാരോഗ്യമുള്ള, ശാരീരികാരോഗ്യമുള്ള, സാമൂഹികാരോഗ്യമുള്ള, ആത്മീയാരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍, അതില്‍ പങ്കാളിയാകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ