LoginRegister

സാധ്യമാണ് ഇമ്പമുള്ള ദാമ്പത്യം

Feed Back


വിവാഹജീവിതം സന്തോഷപ്രദമാവാനും ഉത്തമ ദമ്പതികളാവാനും ഏതാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ദമ്പതിമാര്‍ പരസ്പരം പ്രീതിപ്പെടുത്താന്‍ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ ജീവിതം മുന്നോട്ടുപോകുമ്പോള്‍ ദാമ്പത്യബന്ധം മനോഹരമാക്കേണ്ട ലളിതമായ പലതും നാം വിസ്മരിക്കുന്നു. താഴെ പറയുന്നവ പ്രയോഗവത്കരിക്കുന്നതിലൂടെ ഇമ്പമുള്ള ദാമ്പത്യവും മനോഹരമായ കുടുംബജീവിതവും സാധ്യമാവും.
തുറന്ന ആശയവിനിമയം
കുടുംബബന്ധങ്ങളുടെ നെടുംതൂണാണ് ഫലപ്രദമായ ആശയവിനിമയം. പരസ്പരം കേട്ടും മനസ്സിലാക്കിയും അറിഞ്ഞുമാണ് ഇണകള്‍ക്കിടയില്‍ സ്‌നേഹവും വിശ്വാസവും ദൃഢപ്പെടുന്നത്. ഹൃദയം തുറന്നുള്ള സംസാരം ഇല്ലാതെപോയതാണ് ഇന്ന് കുടുംബ ശൈഥില്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്.
പങ്കാളിയെ സുഹൃത്തായി
കാണുക

നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഉത്തമ സുഹൃത്ത് എന്നാണ് ഖലീല്‍ ജിബ്രാന്‍ സുഹൃത്തിനെ നിര്‍വചിക്കുന്നത്. വാക്കുകള്‍ക്കപ്പുറത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഇഷ്ടാനിഷ്ടങ്ങളും മനോനിലകളും മനസ്സിലാക്കാനായാല്‍ ആ ബന്ധം ഹൃദ്യമായിരിക്കും. ഭരിക്കുന്നിടത്തല്ല, പങ്കുവെക്കുന്നിടത്താണ് യഥാര്‍ഥ സ്‌നേഹമുണ്ടാവുക.
ചര്‍ച്ചയും കൂടിയാലോചനയും
തുറന്ന സംസാരവും ചര്‍ച്ചയും ഉണ്ടാവുമ്പോഴാണ് കുടുംബത്തില്‍ സ്‌നേഹം വളരുന്നത്. ചെറുതും വലുതുമായ കാര്യങ്ങളെല്ലാം ഭര്‍ത്താവ് തന്നോട് പങ്കുവെക്കണമെന്നാണ് സാധാരണ സ്ത്രീകള്‍ ആഗ്രഹിക്കാറുള്ളത്. വീട്ടുകാര്യങ്ങള്‍ മാത്രമല്ല സാമൂഹിക പ്രശ്‌നങ്ങള്‍ പോലും തന്റെ ഭാര്യമാരോട് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിരുന്ന റസൂല്‍ (സ) നമുക്ക് മാതൃകയാവട്ടെ.
മുഖപ്രസന്നത
കുടുംബത്തിന്റെ സന്തോഷത്തിനും സുരക്ഷയ്ക്കും വേണ്ടി പുറത്തു പോയി പണിയെടുക്കുന്നവരാണ് പുരുഷന്മാര്‍. സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീക്ഷയുമായാണ് അവര്‍ വീടണയുന്നത്. പ്രിയതമയുടെ പുഞ്ചിരിയും മുഖപ്രസന്നതയും ഭര്‍ത്താവിന്റെ ക്ഷീണമകറ്റാനും ഉന്മേഷം പകരാനും സഹായകമാകും. വീടും കുടുംബവും മനോഹരമാക്കാന്‍ കഷ്ടപ്പെടുന്ന ഭാര്യക്ക് ഭര്‍ത്താവേകുന്ന പുഞ്ചിരി അവര്‍ക്ക് സംതൃപ്തിയും സന്തോഷവും പകര്‍ന്നുനല്‍കും.
നല്ല കേള്‍വിക്കാരനാവുക
സ്ത്രീകള്‍ക്ക് പ്രാണവായു പോലെ പ്രധാനമാണ് സംസാരം. തന്റെ സംസാരത്തിന് കാതോര്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ സ്ത്രീ അളവറ്റ് സ്‌നേഹിക്കും. ഭാര്യയുടെ കൊച്ചു വര്‍ത്തമാനത്തിന് ചെവി കൊടുക്കല്‍ അവളെ പരിഗണിക്കലാണ്. അവളുടെ ആഗ്രഹങ്ങളെ മാനിക്കലും.
ബന്ധം സുതാര്യമാവണം
ദാമ്പത്യ ജീവിതത്തില്‍ പൊയ്മുഖങ്ങള്‍ ഉണ്ടാവരുത്. ജീവിതപങ്കാളിയുടെ മുമ്പില്‍ അഭിനയത്തിന് ഒട്ടും സ്ഥാനമില്ല. അതിനാല്‍ ദാമ്പത്യ ബന്ധത്തില്‍ പൂര്‍ണ വിശ്വസ്തതയും സത്യസന്ധതയും പുലര്‍ത്തണം.
പ്രശ്‌നങ്ങള്‍
ഉടനെ പരിഹരിക്കുക

അഭിപ്രായ വ്യത്യാസങ്ങളും അസംതൃപ്തിയും കുടുംബജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അരിശവും വെറുപ്പും മനസ്സില്‍ മൂടിവെക്കരുത്. പൊരുത്തക്കേടുകള്‍ തുറന്നു പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കണം.
പ്രാര്‍ഥന നിലനിര്‍ത്തുക
ദാമ്പത്യം ഇമ്പമുള്ളതാകാനും കുടുംബം കുളിര്‍മയുടെ കേന്ദ്രമാവാനും സ്രഷ്ടാവിന്റെ അനുഗ്രഹം കൂടിയേ തീരൂ. അതിനാല്‍ സന്തോഷഭരിതമായ കുടുംബജീവിതത്തിനായി നിരന്തരം പ്രാര്‍ഥിക്കുക.
”അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും, ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും നീ ഞങ്ങള്‍ക്ക് കണ്‍കുളിര്‍മ നല്‍കേണമേ” (വിശുദ്ധ ഖുര്‍ആന്‍ 25:74).

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top