പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം ചരിത്രത്തിലെ പ്രൗഢമായ നാഴികക്കല്ലായി മാറി. ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചായിരുന്നു കരിപ്പൂരില്‍ നടന്ന സമ്മേളനം. സമ്മേളനത്തിലെ പെണ്‍സാന്നിധ്യം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 17ാം തിയ്യതി ഉച്ചയോടെ പ്രധാന പന്തലില്‍ നടന്ന വനിതാ സമ്മേളനം ഉജ്ജ്വലമായി. പന്തല്‍ നിറഞ്ഞുകവിഞ്ഞ സ്ത്രീകളുടെ തിരക്ക് വനിതാ സമ്മേളനത്തെ അക്ഷരാര്‍ഥത്തില്‍ ഗംഭീരമാക്കി.
ഖുബ എജ്യൂ ഹോമിലെ വിദ്യാര്‍ഥികളുടെ ഖുര്‍ആന്‍ പാരായണത്തോടെയാണ് വനിതാ സമ്മേളനത്തിന് തുടക്കമായത്. കാസര്‍കോഡ് സേഫ് ക്യാമ്പസ് ഫോര്‍ ഗേള്‍സിലെ വിദ്യാര്‍ഥിനികളുടെ ഗാനാലാപനം ഹൃദ്യമായ അനുഭവമായി.
എംജിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിശ ആമുഖഭാഷണം നടത്തി. സ്ത്രീശാക്തീകരണം മനസ്സകങ്ങളിലാണ് നടക്കേണ്ടതെന്നും ശാക്തീകരണത്തിലൂടെ മാത്രമാണ് കുടുംബവും സമൂഹവും ഫലവത്താവുക എന്നും ഓര്‍മിപ്പിച്ചാണ് ആമുഖഭാഷണം തുടങ്ങിയത്.
വേദവെളിച്ചത്തില്‍ അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയപ്പെട്ടപ്പോള്‍ ജീവിതം ഏറ്റവും മനോഹരമായിത്തീര്‍ന്നത് സ്ത്രീകളുടേതാണെന്നും ആയിശ ടീച്ചര്‍ പറഞ്ഞു.
നവോത്ഥാന പ്രസ്ഥാനത്തിന്റെ വനിതാ വിഭാഗത്തിന് ദിശാബോധവും അഭിമാനവുമുള്ള ഒരു സംഘത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദം പങ്കുവെച്ചാണ് എംജിഎം സംസ്ഥാന വൈസ് പ്രസിഡന്റ് മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷപ്രസംഗം നിര്‍വഹിച്ചത്. 40 വര്‍ഷത്തോളമായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എംജിഎമ്മിന്റെ നാള്‍വഴികളും ദൗത്യവും അവര്‍ വ്യക്തമാക്കി.
സ്ത്രീശാക്തീകരണത്തില്‍ മുജാഹിദ് പ്രസ്ഥാനം വഹിച്ച പങ്കിനെ അഭിനന്ദിച്ചുകൊണ്ട്, പിന്നോട്ട് മാറിനില്‍ക്കാതെ ഓരോ സ്ത്രീയും അഭിമാനത്തോടെ മുന്നോട്ടു കുതിക്കണം എന്ന ഉപദേശത്തോടെ, പ്രൗഢമായ വനിതാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
മോട്ടിവേഷണല്‍ സ്പീക്കറും ഹൈദരാബാദില്‍ നിന്നുള്ള ചാര്‍േട്ടഡ് അക്കൗണ്ടന്റുമായ ഗുല്‍സാര്‍ കരിഷ്മ മാലിക് ആയിരുന്നു മുഖ്യാതിഥി. സമ്മേളനം ഒരു മഹാദ്ഭുതമാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. സ്ത്രീശാക്തീകരണത്തിന്റെ മികച്ച ഉദാഹരണം താന്‍ തന്നെയാണെന്ന് അടിവരയിട്ടുകൊണ്ട് തന്റെ കഥ ഇവിടെയിരിക്കുന്ന ഓരോരുത്തരുടെയും കഥയാണ് എന്നവര്‍ പറഞ്ഞുവെച്ചു. കൃത്യമായ ഉദ്ദേശ്യത്തോടെയാണ് അല്ലാഹുവിന്റെ സൃഷ്ടിപ്പ് എന്നതിനാല്‍ വെല്ലുവിളികള്‍ എന്നുമുണ്ടാകും. സി.എ പ്രൊഫഷന്‍ നേടിയെടുക്കുന്നതിനു പിന്നില്‍ അനുഭവിച്ച വെല്ലുവിളികളും വിജയകഥയും അവര്‍ സദസ്സിനോട് പങ്കുവെച്ചു.
ഇന്ത്യന്‍ ഇക്കോണമി ഇപ്പോള്‍ തുള വീണ ലൈഫ് ബോട്ട് പോലെയാണ്. ഒരു ശതമാനം ജനങ്ങളാണ് ഇന്ത്യയുടെ 40 ശതമാനം സമ്പത്തും കൈയടക്കിവെച്ചിരിക്കുന്നത്. കോവിഡിനു ശേഷം സമ്പന്നര്‍ വീണ്ടും സമ്പന്നരായി മാറി. ഇത് പൊളിറ്റിക്കല്‍ പോളറൈസേഷന് കാരണമാകുന്നു. ലോകത്ത് ഇക്കോണമിയില്‍ ഇന്ത്യന്‍ സ്ത്രീകളുടെ പങ്കാളിത്തവും സംഭാവനയും ഏറ്റവും കുറവാണ്. 42 ശതമാനം ബിരുദധാരികളില്‍ 24 ശതമാനം സ്ത്രീകള്‍ മാത്രമാണ് ജോലികളില്‍ പ്രവേശിക്കുന്നത്. ഇന്ത്യയില്‍ 5 മുസ്‌ലിം കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസം തുടരുന്നത്. വിവേചനങ്ങളും സംസ്‌കാരങ്ങളും ഇസ്‌ലാമോഫോബിയയുമെല്ലാം നമ്മെ പിന്നോട്ടുവലിക്കുമ്പോള്‍ ഉറച്ച വിശ്വാസവും പ്രാര്‍ഥനയുമാണ് പോംവഴി. യഥാര്‍ഥ വിദ്യാഭ്യാസവും കഴിവും കാലത്തിന്റെ അനിവാര്യതയാണ് എന്ന് ഓര്‍മിച്ചുകൊണ്ടാണ് ഗുല്‍സാര്‍ കരിഷ്മ മാലിക് പ്രസംഗം അവസാനിപ്പിച്ചത്. മുനീബ നജീബ് പ്രസംഗം പരിഭാഷപ്പെടുത്തി.
വിദ്യാഭ്യാസ-സാംസ്‌കാരിക-സേവന മേഖലകളില്‍ കേരളത്തിന് അഭിമാനമായ എംജിഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖമറുന്നീസ അന്‍വറിനെ പരിപാടിയില്‍ ആദരിച്ചു. എംജിഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ വികാരനിര്‍ഭരമായ വാക്കുകളില്‍ എംജിഎമ്മിന്റെ കഴിഞ്ഞ കാലങ്ങളും തന്റെ സേവന നാള്‍വഴികളും വിശദീകരിച്ചു. പൂമരം ബുക്‌സ് പുറത്തിറക്കിയ 10 ബാലസാഹിത്യകൃതികള്‍ ‘അമ്മമൊഴി’ ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ് പ്രകാശനം ചെയ്തു. എംജിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ടി നജീബ പുസ്തക പരിചയം നടത്തി.
യുഎഇ പ്രതിനിധി ജാസ്മിന്‍ ഷറഫുദ്ദീന്‍ എംജിഎം യുഎഇയുടെയും, ഖത്തര്‍ പ്രതിനിധി സൈനബ അന്‍വാരിയ്യ എംജിഎം ഖത്തറിന്റെയും, സുഊദി അറേബ്യ പ്രതിനിധി നസീം സലാഹ് എംജിഎം സുഊദി അറേബ്യയുടെയും ആശംസകളും പ്രാര്‍ഥനകളും അറിയിച്ച് സംസാരിച്ചു. ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെ അനുമോദിച്ചു.
കേരള സ്‌പോര്‍ട്‌സ് വഖഫ് ഹജ്ജ് കാര്യ മന്ത്രി വി അബ്ദുറഹ്മാന്‍, ദേശീയ പ്രസ്ഥാനങ്ങളില്‍ വനിതകള്‍ നടത്തിയ മുന്നേറ്റങ്ങളും മലബാറില്‍ വിദ്യാഭ്യാസ വിലക്കുകളെ മറികടന്ന മുസ്‌ലിം സ്ത്രീകളുടെ ചങ്കൂറ്റവും എടുത്തുപറഞ്ഞു.
‘അഭിമാനമാണ് സ്ത്രീത്വം’ എന്ന വിഷയത്തില്‍ സൈനബ ഷറഫിയ്യ പ്രഭാഷണം നടത്തി. ഇസ്‌ലാമിലെ ധീരവനിതകളുടെ ചരിത്രങ്ങള്‍ വിവരിച്ച്, മതം സ്ത്രീക്ക് നല്‍കുന്ന ആദരവും മഹത്വവും അവര്‍ ചൂണ്ടിക്കാട്ടി.
‘സ്ത്രീ: വേദം പകരുന്ന വെളിച്ചം’ എന്ന വിഷയം സല്‍മ അന്‍വാരിയ്യ അവതരിപ്പിച്ചു. വേദം പറഞ്ഞുവെക്കുന്നത്, നാഥന്റെ നിയമപരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അഭിമാനകരമായ വ്യക്തിത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന സ്ത്രീയെക്കുറിച്ചാണ്. മാന്യതയുടെയും അഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടയാളമായ മുസ്‌ലിം സ്ത്രീവേഷം ഒരിക്കലും അവളുടെ പുരോഗതിക്ക് തടസ്സമല്ല, മറിച്ച്, അവളെ മഹത്വപ്പെടുത്തുകയാണ്. ആധുനിക കാലത്തും പ്രസക്തമാകുന്ന നിയമങ്ങള്‍ തന്നെയാണ് വേദം അവള്‍ക്ക് നല്‍കിയത് എന്ന് സല്‍മ ടീച്ചര്‍ വിശദീകരിച്ചു.
‘മുസ്‌ലിം സ്ത്രീ: ധര്‍മം, ദൗത്യം’ എന്ന വിഷയം ബുഷ്റ നജാതിയ്യ അവതരിപ്പച്ചു. അല്ലാഹു ആദരിച്ചവളാണ് സ്ത്രീ. സമൂഹത്തിന്റെ പാതി എന്ന നിലയ്ക്കും ബാക്കി പാതിയെ വളര്‍ത്തിക്കൊണ്ടുവരേണ്ടവള്‍ എന്ന നിലക്കും അവളില്‍ ഏല്‍പ്പിക്കപ്പെട്ട ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഏറെയാണ്. എന്നാല്‍, അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്ന ഇന്നത്തെ സമൂഹം വ്യഭിചാരം, സ്വവര്‍ഗ ലൈംഗികത, വിവാഹത്തിന് വിസമ്മതിക്കല്‍ തുടങ്ങിയവയെ ആഘോഷമാക്കുകയാണ്. ദൗത്യവും ധര്‍മവും മറക്കാതെ ഉന്നതിയിലേക്ക് മുന്നേറാനുള്ള ഊര്‍ജം സദസ്സിന് പകര്‍ന്നുകൊണ്ട് ബുഷ്റ ടീച്ചര്‍ നിര്‍ത്തി.
‘ലിബറലിസത്തിനെതിരെ ധാര്‍മിക പ്രതിരോധം’ എന്ന വിഷയത്തില്‍ മുഹ്‌സിന പത്തനാപുരം പ്രസംഗിച്ചു. ബന്ധങ്ങള്‍ പവിത്രമായി കാണുക, ദൈവിക നിര്‍ദേശങ്ങള്‍ മനുഷ്യ വര്‍ഗത്തിന്റെ സന്തുലിതമായ ജീവിതത്തിനു വേണ്ടിയാണെന്ന് സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക, നന്മ കാണാനും വായിക്കാനും പ്രചരിപ്പിക്കാനും പുതുതലമുറയെ പ്രേരിപ്പിക്കുക തുടങ്ങിയവ ലിബറലിസത്തിനെതിരെയുള്ള ധാര്‍മിക പ്രതിരോധ മാര്‍ഗങ്ങളായി അവര്‍ ചൂണ്ടിക്കാണിച്ചു.
എംജിഎം സംസ്ഥാന ട്രഷറര്‍ റുക്‌സാന വാഴക്കാട് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം സനിയ അന്‍വാരിയ്യയുടെ നന്ദിയോടെ പ്രബുദ്ധമായ വനിതാ സമ്മേളനത്തിനു സമാപിച്ചു.