LoginRegister

സഫർ മാസം അവലക്ഷണമോ?

എ ജമീല ടീച്ചർ

Feed Back


ദിവസങ്ങളുടെയും മാസങ്ങളുടെയും പേരിൽ ശിര്‍ക്ക്പരമായ ഊഹാപോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ മുസ്‌ലിംകളില്‍ നിരവധിയുണ്ട്. മുസ്‌ലിം സ്ത്രീകളില്‍ നല്ലൊരു ശതമാനം അത്തരക്കാരായിരിക്കും. എന്തിനേറെ, ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന പുരുഷന്മാര്‍ വരെ ഇത്തരം മൗഢ്യവിശ്വാസങ്ങളുടെ ഇരകളാണ്. ചില പ്രത്യേക ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും അവര്‍ നഹ്സ് അഥവാ അവലക്ഷണം സങ്കൽപിക്കുന്നു. പക്ഷികളുടെ ശബ്ദങ്ങള്‍, മാസം മറഞ്ഞുകാണല്‍, ഒരു സംഗതിക്കു വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഉടനെ തിരിച്ച് വരാന്‍ കാരണം ഉണ്ടാവല്‍, ഏതെങ്കിലും ജീവികള്‍ എതിരെ സഞ്ചരിക്കല്‍, കുട്ടികളോ മറ്റോ വീണ് അപകടമുണ്ടാകല്‍ മുതലായവയെല്ലാം ശകുനവും അവലക്ഷണവുമായി കരുതുന്നവരുണ്ട്.
അല്ലാഹു പവിത്രമാസമെന്ന് വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ച മാസമാണ് മുഹർറം. അതിലെ 1 മുതല്‍ 10 ദിവസത്തില്‍ നഹ്‌സ് സങ്കല്‍പിക്കുന്നവരുണ്ട്. നബി(സ) സുന്നത്താണെന്ന് പ്രഖ്യാപിച്ച വിവാഹങ്ങളിലും മതം അനുവദിച്ച കച്ചവടത്തിലും മറ്റും പ്രവേശിക്കാന്‍ ഈ ദിവസങ്ങളില്‍ അവര്‍ ഭയപ്പെടുന്നു. പൗരോഹിത്യമാണെങ്കിലോ ഇത്തരം ശിര്‍ക്കുപരമായ വിശ്വാസങ്ങള്‍ക്കു നേരെ കണ്ണടക്കുന്നു.
സൂറഃ അഅ്‌റാഫ് 131-ാം വചനത്തില്‍ അല്ലാഹു പറയുന്നു: ”എന്നാല്‍ തങ്ങള്‍ക്ക് വല്ല നന്മയും കൈവന്നാല്‍ ഇത് നമുക്ക് അവകാശപ്പെട്ടതാണ് എന്ന് അവര്‍ പറയും. വല്ല തിന്മയും ബാധിച്ചാലോ അത് മൂസയുടെയും കൂട്ടുകാരുടെയും ദുശ്ശകുനമാണെന്ന് അവര്‍ പറയും. അറിയുക: അവരുടെ ദുശ്ശകുനം അല്ലാഹുവിങ്കല്‍ തന്നെയാണ്. പക്ഷെ അവരില്‍ അധികപേരും അതറിയുന്നില്ല.”
മനുഷ്യന് എന്തെങ്കിലും തിന്മ ബാധിക്കുന്നുണ്ടെങ്കില്‍ അത് കാലത്തിന്റെയോ മറ്റ് ഏതെങ്കിലും വ്യക്തികളുടെയോ ദുശ്ശകുനം കൊണ്ടോ നഹ്‌സ് കൊണ്ടോ ഭവിക്കുന്നതല്ല. പ്രത്യുത, അവന്റെ കര്‍മഫലമായി അല്ലാഹുവില്‍ നിന്ന് സംഭവിക്കുന്നതാണ്. ഈ യാഥാര്‍ഥ്യമാണ് അല്ലാഹു ഇവിടെ പറയുന്നത്.
അബൂഹുറൈറ(റ) നിവേദനം. തിരുമേനി(സ) അരുളി: “അല്ലാഹു പറഞ്ഞു: ആദമിന്റെ മക്കള്‍ എന്നെ ഉപദ്രവിക്കുന്നു. അവര്‍ കാലത്തെ ശകാരിക്കുന്നു. നാമാണ് കാലം. രാപകലുകള്‍ മാറ്റിമറിക്കുന്നത് നാമാണ്.”
മറ്റൊരു നിവേദനത്തില്‍ പറയുന്നു. തിരുമേനി പറഞ്ഞു: ”നിങ്ങള്‍ കാലത്തെ ശകാരിക്കരുത്. നിശ്ചയമായും കാലം അല്ലാഹുവാണ്” (ബുഖാരി, മുസ്‌ലിം).
”നിശ്ചയം, അവരുടെ മേല്‍ (ആദ് സമുദായം) മുറിഞ്ഞുപോകാത്ത നഹ്സ് ദിവസം നാം ഒരു കൊടുങ്കാറ്റ് അയച്ചു” (ഖമര്‍ 19). ദിവസങ്ങള്‍ക്കല്ല നഹ്‌സ്, മറിച്ച് മനുഷ്യന്റെ കര്‍മങ്ങള്‍ക്കാണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. കാരണം ഈ ദിവസം തന്നെയാണ് സത്യവിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുകയും സഹായിക്കുകയും ചെയ്തത്. അതിനാല്‍ ഈ ദിവസവും അവരെ സംബന്ധിച്ച് നന്മയായിരുന്നു.
”സത്യനിഷേധികളുടെ മേല്‍ ആ ദിവസം നഹ്സിന്റെ ദിവസവും സത്യവിശ്വാസികള്‍ക്ക് ബര്‍കത്തിന്റെ ദിവസവുമായിരുന്നു” (സ്വാവി, വാള്യം 7, 4:148).
ചില മുശ്‌രിക്കുകള്‍ മുഹർറ മാസത്തെ പവിത്രമായി കണക്കാക്കിയിരുന്നു. അതുകൊണ്ട് സഫര്‍ മാസത്തിലായിരുന്നു അവര്‍ നഹ്‌സ് കല്‍പിച്ചിരുന്നത്.
ഇബ്‌നു ഉമര്‍(റ) നിവേദനം. തിരുമേനി(സ) അരുളി: “രോഗം പിശാചുക്കളാല്‍ പകരലും ദുശ്ശകുനവും ഹാമത്തും സഫര്‍ മാസവും (അതില്‍ നഹ്‌സും) ഇല്ല” (ബുഖാരി).
പഴയ കാലത്ത് രോഗം പകരുന്നത് പിശാചുക്കളാണെന്ന പേരില്‍ പിശാചുക്കളെ ആട്ടിയോടിക്കാന്‍ കൂട്ടബാങ്ക് കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ പുരോഹിതന്മാര്‍ തന്നെ അതൊക്കെ തള്ളിപ്പറയുന്നുണ്ട്.
സഫര്‍ ഇല്ല എന്നതിന്റെ അര്‍ഥം വിവരിക്കുന്നത് ഇങ്ങനെയാണ്: മുഹമ്മദുബ്‌നു റാശിദ് (റ) ഉദ്ധരിക്കുന്നു: ”നിശ്ചയം ജാഹിലിയ്യാ കാലത്തെ മനുഷ്യന്മാര്‍ സഫര്‍ മാസത്തിന് നഹ്‌സ് കല്‍പിച്ചിരുന്നു. അവര്‍ പറയും, ഇത് നഹ്‌സിന്റെ അഥവാ ദുശ്ശകുനത്തിന്റെ മാസമാണ്” (അബൂദാവൂദ്). ഈ വ്യാഖ്യാനമാണ് ശരി എന്ന് ഇബ്‌നു റജബ്(റ) പറയുന്നു. അതായത് മുഹർറം മാസം പവിത്രമായി അറേബ്യന്‍ മുശ്‌രിക്കുകള്‍ അംഗീകരിച്ചിരുന്നു. അതിനാല്‍ ഈ മാസത്തിന് നഹ്‌സ് സങ്കല്‍പിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായില്ല. അതിനാല്‍ സഫര്‍ മാസത്തില്‍ അവര്‍ നഹ്‌സ് കല്‍പിച്ചിരുന്നു.
ഇത്തരം വിശ്വാസങ്ങളെല്ലാം മുശ്‌രിക്കുകളുടെ വിശ്വാസത്തില്‍ പെട്ടതാണ്. അല്ലാഹുവില്‍ വിശ്വസിക്കുകയും അവങ്കലേക്ക് എല്ലാം ഭരമേല്‍പിക്കുകയും ചെയ്യുന്ന മുസ്‌ലിംകള്‍ക്ക് ഇത്തരം വിശ്വാസങ്ങള്‍ പാടില്ല. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന വിശ്വാസിക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ടിയും വരില്ല.
സൂറഃ അന്‍ആം 82-ാം വചനത്തില്‍ അല്ലാഹു പറയുന്നു: ”വിശ്വസിക്കുകയും വിശ്വാസത്തിൽ ദ്രോഹം (ശിര്‍ക്ക്) കലര്‍ത്താതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് നിര്‍ഭയത്വം.”
ദ്രോഹം എന്നതിന്റെ അര്‍ഥം ശിര്‍ക്കാണെന്ന് നബി(സ) വിശദീകരിക്കുകയുണ്ടായി (ബുഖാരി, മുസ്‌ലിം).
ഉത്ബാല്‍(റ) നിവേദനം. തിരുമേനി (സ) അരുളി: ”നിശ്ചയം, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് വല്ലവനും ലാഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിച്ചാല്‍ നരകം അവന് നിഷിദ്ധമാക്കപ്പെടും.”
അവന് ഒരു സഫര്‍ മാസത്തെയും മുഹർറം മാസത്തെയും നഹ്‌സായി കണ്ട് ഭയപ്പെടേണ്ടി വരികയില്ല. നന്മയും തിന്മയും അല്ലാഹുവിന്റെ പക്കല്‍ നിന്ന് മാത്രമാണ് എന്നതായിരിക്കും അവന്റെ ഉറച്ച വിശ്വാസം. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top