LoginRegister

സന്തോഷം കെടുത്തുന്ന വസ്‌വാസുകള്‍

ഡോ. മന്‍സൂര്‍ ഒതായി

Feed Back


കുളിച്ചാലും കുളിച്ചാലും മതിവരാത്ത അവസ്ഥ. രാവിലെ ബാത്ത്‌റൂമില്‍ കയറിയാല്‍ മുക്കാല്‍ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കുളിയാണ് നാസറിന്. വുദുവെടുക്കുമ്പോള്‍ നിയ്യത്ത് ശരിയായോ എന്ന സംശയം കാരണം പലതവണ ആവര്‍ത്തിച്ച് വുദു എടുക്കേണ്ടിവരുന്നു. കൈകാലുകളും മുഖവും നനഞ്ഞോ എന്ന ആവര്‍ത്തിച്ചുള്ള തോന്നല്‍ കാരണം വീണ്ടും വീണ്ടും വുദു എടുക്കും. തന്റെ ഓരോ വസ്‌വാസ് കൊണ്ട് സമയത്തിന് ഓഫീസിലെത്താന്‍ സാധിക്കുന്നില്ല. ഫയലുകള്‍ കൃത്യസമയത്ത് നോക്കിത്തീര്‍ക്കാന്‍ പറ്റുന്നില്ല. മേലധികാരിയുടെ മുമ്പില്‍ പരിഹാസ്യനായി മാറുന്നു. പള്ളിയില്‍ സംഘടിത നമസ്‌കാരത്തിനു പോയാല്‍ ഇമാമിന്റെ കൂടെ നമസ്‌കാരം പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ല. ഒ സി ഡി (ഒബ്‌സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍) കാരണം കുറേ കാലമായി വളരെയേറെ വിഷമത്തിലാണ് നാസര്‍.
. . . . .
ഡിഗ്രി വിദ്യാര്‍ഥിയായ ഹനൂനക്ക് വൃത്തിയും പ്രാര്‍ഥനയുമൊന്നും അത്ര വലിയ പ്രശ്‌നമല്ല. അവളുടെ പ്രശ്നം നമ്പറുകളാണ്. ചെയ്യുന്ന പ്രവൃത്തികളെല്ലാം നിശ്ചിത എണ്ണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥത. വായിക്കുന്ന പാഠഭാഗങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന മെസേജുകള്‍, അയക്കുന്ന സന്ദേശങ്ങള്‍, കേള്‍ക്കുന്ന വീഡിയോകള്‍ എന്നിവയുടെ എണ്ണവും കണക്കും നോക്കി ടെന്‍ഷനടിക്കുകയാണ് അവള്‍. കൂട്ടിയും കിഴിച്ചും ഗുണിച്ചും നമ്പറും അക്കവും ഒത്തുകിട്ടാന്‍ തന്റെ പ്രവൃത്തികള്‍ ആവര്‍ത്തിക്കാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. അര്‍ഥശൂന്യമാണ് തന്റെ ഇത്തരം കാര്യങ്ങള്‍ എന്ന് അവള്‍ക്കു തന്നെ അറിയാം. പലപ്പോഴും മറ്റുള്ളവരുടെ മുമ്പില്‍ ചമ്മുന്നതിന്റെ ജാള്യതയും അവള്‍ പങ്കുവെക്കുന്നു. തന്റെ ഈ വസ്‌വാസ് കൊണ്ട് ഏറെ പ്രയാസപ്പെടുന്നെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നും അവള്‍ സങ്കടപ്പെടുന്നു.
. . . . .
ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അത് കൃത്യമായും വ്യക്തമായും ചെയ്യണമെന്നു നിര്‍ബന്ധമുള്ളവരുണ്ട്. അങ്ങനെ ആഗ്രഹിക്കുന്നതിനും കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുന്നതിനും യാതൊരു പ്രശ്‌നവുമില്ല. എന്തെങ്കിലും പ്രവൃത്തി പൂര്‍ണമായി വിജയകരമായാല്‍ മാത്രം തൃപ്തിപ്പെടുന്നവരെയും കാണാം. എല്ലാം പെര്‍ഫെക്റ്റായെങ്കില്‍ മാത്രമേ ഇവര്‍ക്ക് സന്തോഷവും തൃപ്തിയും ലഭിക്കൂ. ഇത്തരം പെര്‍ഫക്ഷനിസ്റ്റുകള്‍ക്ക് ഒരു കാര്യം ചെയ്യണമെങ്കില്‍ ധാരാളം സമയം വേണ്ടിവരും. ചെയ്തത് ശരിയായില്ലെങ്കില്‍ തൃപ്തിയായില്ലെങ്കില്‍ ഒന്നു മുതല്‍ വീണ്ടും ചെയ്യുകയാണ് ഇവരുടെ രീതി.
നൂറു ശതമാനം പെര്‍ഫെക്റ്റായി കാര്യങ്ങള്‍ ചെയ്യുക മനുഷ്യന് സാധ്യമല്ലല്ലോ. എല്ലാം റെഡിയാവാന്‍ കാത്തിരുന്നു കാത്തിരുന്ന് ഒടുവില്‍ ഒന്നും ചെയ്യാതെ പരാജയപ്പെടുന്ന അവസ്ഥയാണ് പെര്‍ഫെക്ഷനലിസ്റ്റുകള്‍ക്ക് അവസാനം ഉണ്ടാവുക. എല്ലാം ശരിയാവാന്‍ കാത്തിരിക്കാതെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ കഴിവും പരിമിതികളും വെച്ചു കാര്യങ്ങള്‍ ചെയ്യുക. അപ്പോള്‍ സംഭവിക്കുന്ന വീഴ്ചകള്‍ തിരിച്ചറിഞ്ഞു മുന്നേറുക. വിജയം പിറകെ വന്നോളും.
ചില ആളുകള്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലേ മനസ്സിന് ഒരു ഉറപ്പ് ലഭിക്കൂ. ഇവര്‍ രാവിലെ ജോലിസ്ഥലത്തേക്ക് പുറപ്പെടുമ്പോള്‍ ബാഗില്‍ സാധനങ്ങളെല്ലാം വെച്ചോ എന്നു വീണ്ടും വീണ്ടും പരിശോധിക്കും. ആരെയെങ്കിലും എന്തെങ്കിലും ഏല്‍പിക്കാനുണ്ടെങ്കില്‍ പല തവണ ആവര്‍ത്തിച്ചു പറയും. വാതിലോ അലമാരയോ പൂട്ടിയിട്ടുണ്ടോ എന്നു വീണ്ടും വീണ്ടും ചെക്ക് ചെയ്യും. ഇത്തരം വസ്‌വാസ് കൊണ്ട് കാര്യമായ അപകടമൊന്നുമില്ല. ഇതൊരു സ്വഭാവശീലമാണെന്ന് വേണമെങ്കില്‍ പറയാം. നിര്‍ബന്ധിത ബുദ്ധിയോടെ കാര്യങ്ങള്‍ ചെയ്യുന്നവര്‍, സ്ഥിരോത്സാഹികള്‍, കൃത്യനിഷ്ഠ പാലിക്കുന്നവര്‍, ചെയ്യുന്ന കാര്യങ്ങളില്‍ പരിപൂര്‍ണത വേണമെന്ന് ശഠിക്കുന്നവര്‍ എന്നിവരെല്ലാം ഒബ്‌സസീവ് വ്യക്തിത്വമുള്ളവരാണ്.
എന്നാല്‍ ഒരേ ചിന്ത തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുകയും പിന്നീടത് ചെയ്താല്‍ മാത്രമേ പൂര്‍ണത ലഭിക്കൂ എന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് ഇതൊരു വൈകല്യമായി മാറുന്നത്. ഒബ്‌സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ (ഒ സി ഡി) എന്നാണ് മനഃശാസ്ത്രം ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. ആവര്‍ത്തിച്ചുള്ള ചിന്തയും പ്രവൃത്തിയും അമിതമായി, മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുമ്പോഴാണ് ഇതൊരു രോഗാവസ്ഥയായി പരിണമിക്കുന്നത്. മറ്റു പ്രവര്‍ത്തനങ്ങളിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒ ഡി ഡിക്കാര്‍ക്ക് പ്രയാസമാണ്.
ഓരോ കാര്യത്തെയും കുറിച്ചുള്ള അമിതമായ ചിന്തയും പെര്‍ഫെക്ഷനിസവും വസ്‌വാസിനു കാരണമാവാറുണ്ട്. കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാടുകള്‍ എന്നിവയും ഒ സി ഡിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആരാധനകളും പ്രാര്‍ഥനകളുമായി ബന്ധപ്പെട്ട് ചെറുപ്പകാലത്ത് മനസ്സില്‍ കയറിയ പല അബദ്ധധാരണകളും ഈ വൈകല്യത്തിനു നിമിത്തമാവാന്‍ സാധ്യതയുണ്ട്. കടുത്ത നിരാശയും ജീവതത്തിലെ അസംതൃപ്തിയും ആവര്‍ത്തന വൈകല്യത്തിനു കാരണമാവാം. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരിക്കുമ്പോഴാണ് പല അനാവശ്യ ചിന്തകളുമുണ്ടാവുന്നത്. ജോലിയില്‍ വ്യാപൃതരായി മുന്നോട്ടുപോകുന്നവരെ അര്‍ഥശൂന്യമായ ചിന്തകള്‍ പിടികൂടുകയില്ല.
മേല്‍ വിവരിച്ച രണ്ടു കേസുകളിലും ആരാധനയുമായി ബന്ധപ്പെട്ട വസ്‌വാസുകളാണുള്ളത്. ഒരു പദമോ വാചകമോ കീര്‍ത്തനമോ ആവര്‍ത്തിച്ച് തൃപ്തി വരുന്ന അവസ്ഥയാണ് ഹനൂനയുടേത്. ‘ന്യൂമറോമാനിയ’ എന്നാണ് സൈക്കോളജിയില്‍ ഇതിനു പറയുന്ന പേര്. മതപരമായ അബദ്ധധാരണകളാണ് പലപ്പോഴും വിശ്വാസപരമായ വസ്‌വാസിന് അടിസ്ഥാനം. വുദു എടുക്കുമ്പോഴും നിയ്യത്ത് (മനസ്സില്‍ കരുതല്‍) ചെയ്യുമ്പോഴും പിഴവ് സംഭവിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷ ലഭിക്കില്ലേ എന്ന ചിന്തയാണ് ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാവുന്നത്. എന്നാല്‍ അല്ലാഹുവിന്റെ ഏറ്റവും വലിയ ഗുണമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് പരമ കാരുണ്യവാന്‍, കരുണ ചൊരിയുന്നവന്‍, ഏറെ പൊറുക്കുന്നവന്‍, മാപ്പു നല്‍കുന്നവന്‍ തുടങ്ങിയവയാണ്. ഖുര്‍ആനില്‍ നൂറുകണക്കിന് ആയത്തുകളില്‍ സ്രഷ്ടാവിന്റെ കരുണയും വാത്സല്യവും പരിചയപ്പെടുത്തുന്നു.
ആവര്‍ത്തിത സമ്മര്‍ദിത വൈകല്യം നിത്യജീവിതത്തില്‍ പ്രയാസമുള്ളതായി മാറുമ്പോള്‍ അതിന് ഫലപ്രദമായ മനഃശാസ്ത്ര ചികിത്സ ആവശ്യമാണ്. നിശ്ചിത കാലയളവില്‍ മരുന്നു ചികിത്സയും ആവശ്യമായി വരും. ഇതിലൊക്കെയുപരി ശാന്തവും സ്വസ്ഥവുമായ മാനസികാവസ്ഥയ്ക്കായി നാം നിരന്തരമായി പ്രാര്‍ഥിക്കുകയും വേണം. ”ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ” എന്ന് മുഹമ്മദ് നബി(സ) ധാരാളമായി പ്രാര്‍ഥിച്ചതായി ഹദീസില്‍ കാണാം.
മനുഷ്യ മനസ്സില്‍ ദുര്‍മന്ത്രണം നടത്തുന്ന പിശാചിനെക്കുറിച്ച് ഖുര്‍ആന്‍ താക്കീതു നല്‍കിയിട്ടുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സില്‍ ഇട്ടുതന്ന് പിന്‍വലിയുന്ന പിശാചില്‍ നിന്ന് നാം റബ്ബില്‍ ശരണം തേടണം.
”പറയുക: മനുഷ്യരുടെ രക്ഷിതാവും മനുഷ്യരുടെ രാജാവും മനുഷ്യരുടെ ദൈവവുമായിട്ടുള്ളവനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്ന, മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്” (ഖുര്‍ആന്‍ 114:1-6).
ചെറുതും വലുതുമായ ചിന്തകള്‍ മനസ്സില്‍ കുമിഞ്ഞുകൂടി അവ നമ്മെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കണം. നെഗറ്റീവ് ചിന്തകള്‍ മനസ്സില്‍ അടിഞ്ഞുകൂടുമ്പോഴാണ് നമുക്ക് അസംതൃപ്തിയും അസ്വസ്ഥതകളുമുണ്ടാവുക. പ്രശ്‌നങ്ങള്‍ അതത് സമയത്ത് പരിഹരിച്ച് മുന്നേറണം. നമ്മുടെ ചെറുതും വലുതുമായ പ്രയാസങ്ങള്‍ അറിയുക. ഉള്ളും പുറവും കാണുന്ന, നോവും നൊമ്പരവും മനസ്സിലാക്കുന്ന കാരുണ്യവാനില്‍ അഭയം തേടുക.
”വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നപക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്” (ഖുര്‍ആന്‍ 65:3).

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top