LoginRegister

സദസ്സ് വിട്ട സംഗീതജ്ഞന്‍

സി കെ റജീഷ്‌

Feed Back

കേള്‍വിക്കാരെ കോരിത്തരിപ്പിക്കുന്ന സംഗീതപ്രതിഭയായിരുന്നു ഹംഗേറിയന്‍ പിയാനിസ്റ്റ് ഫ്രാന്‍സ് ലിസ്റ്റ് (1811-1886). ഒരിക്കല്‍ അദ്ദേഹം റഷ്യന്‍ ചക്രവര്‍ത്തി നിക്കോളാസ് ഒന്നാമന്റെ സദസ്സില്‍ സംഗീത കച്ചേരി നടത്തുകയാണ്. ചക്രവര്‍ത്തി ഫ്രാന്‍സ് ലിസ്റ്റിനെ ഒട്ടും പരിഗണിക്കാതെ ആ സദസ്സിലിരുന്ന് വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു. ആ അപമര്യാദ പിയാനിസ്റ്റ് കുറേ നേരം ക്ഷമിച്ചു. ഒടുവില്‍ സഹികെട്ട് അദ്ദേഹം പിയാനോ വായന നിര്‍ത്തി ആ സദസ്സ് വിട്ടു. ഇതില്‍ അപാകത തോന്നിയ ചക്രവര്‍ത്തി ഒരു ദൂതനെ അയച്ച് ഇതിന്റെ കാരണം അന്വേഷിച്ചു. ഫ്രാന്‍സ് ലിസ്റ്റ് വിനയത്തോടെ ചോദിച്ചു: ”ചക്രവര്‍ത്തി സംസാരിക്കുമ്പോള്‍ ഏവരും നിശ്ശബ്ദരായിരിക്കേണ്ടേ?”
ചക്രവര്‍ത്തിക്ക് ആ സംഗീതജ്ഞന്‍ നല്‍കിയത് വായടപ്പന്‍ മറുപടി തന്നെയായിരുന്നു. ഫലപ്രദമായ ആശയവിനിമയത്തിന്റെ മുഖ്യഭാഗമാണ് മറ്റൊരാളെ ശ്രദ്ധിച്ചുകേള്‍ക്കുക എന്നത്. നാം കേള്‍ക്കുന്നുണ്ട് എന്ന് സംസാരിക്കുന്ന ആള്‍ക്ക് ബോധ്യപ്പെടുക കൂടി ചെയ്യുമ്പോഴാണ് ആശയവിനിമയത്തിന്റെ ഹൃദ്യമായ ബന്ധം നിലനില്‍ക്കുന്നത്.
ഒരു സദസ്സില്‍ നാം ഇരിക്കുമ്പോള്‍ സംസാരിക്കുന്നവരെ കേള്‍ക്കാന്‍ നാം ക്ഷമ കാണിച്ചേ പറ്റൂ. ഏതൊരാളെയും കേള്‍ക്കാന്‍ നാം കാണിക്കുന്ന ക്ഷമ ആ സദസ്സിനോടുള്ള മര്യാദ കൂടിയാണ്. ഒരു സദസ്സ് മുഴുവന്‍ ഒരാളെ കാതോര്‍ക്കുമ്പോള്‍ സദസ്സിലുള്ള ഒരാള്‍ പോലും കാണിക്കുന്ന അക്ഷമ ആ സദസ്സിന്റെ മുഴുവന്‍ അച്ചടക്കം നഷ്ടപ്പെടുത്തും.
മറ്റുള്ളവരെ കാതോര്‍ക്കാന്‍ ക്ഷമ പോലെ അനിവാര്യമാണ് വിനയവും. എന്നോളം അറിവില്ലാത്തവരുടെ വാക്കുകള്‍ കേള്‍ക്കുന്നതെന്തിന് എന്ന അഹങ്കാര ചിന്തയുള്ളവര്‍ക്ക് ഒന്നിനും കാതു കൊടുക്കാനാവില്ല. വിജ്ഞാനം വിനിമയം ചെയ്യുന്ന സദസ്സിലും ഇക്കൂട്ടര്‍ വിവേകമില്ലാതെ പെരുമാറും.
നല്ല കേള്‍വിക്കാരാവുന്നവര്‍ക്ക് മറ്റുള്ളവരുമായി നല്ല ഹൃദയബന്ധം കാത്തുസൂക്ഷിക്കാനാവും. മറ്റൊരാളെ കേള്‍ക്കാനുള്ള കാതും കരുണാര്‍ദ്രമായ വാക്ക് മൊഴിയാനുള്ള നല്ല മനസ്സുമുണ്ടെങ്കില്‍ ജീവിതത്തില്‍ പ്രതീക്ഷയുടെ പ്രഭ പരത്താനാവും. എനിക്ക് അറിയാവുന്ന വിജയികളെല്ലാം പറയുന്നതിലേറെ ശ്രദ്ധിച്ചു കേള്‍ക്കുന്നവരായിരുന്നുവെന്ന് ബഹുമുഖ പ്രതിഭയായിരുന്ന ബര്‍ണാര്‍ഡ് ബറൂഖ്. വിയോജിപ്പുള്ളവര്‍ പോലും പറയുന്നത് കേള്‍ക്കാന്‍ നാം കാതു കൊടുക്കുമ്പോള്‍ അത് വലിയ സ്വാധീനമാണുണ്ടാക്കുന്നത്.
പ്രവാചകന്‍ ഭ്രാന്തനാണെന്ന് പ്രചരിപ്പിച്ച സത്യനിഷേധികളുടെ വാക്ക് കേട്ട് നബിയെ ചികിത്സിക്കാന്‍ ഭിഷഗ്വരനായ ഉമാദ് വന്നു. തന്റെ ചികിത്സാവൈഭവത്തെക്കുറിച്ച് അവിശ്വാസിയായ അദ്ദേഹം വാതോരാതെ സംസാരിച്ചു. നബി(സ) അതെല്ലാം ശാന്തമായി ഇരുന്നു കേട്ടു. അദ്ദേഹം സംസാരം നിര്‍ത്തിയപ്പോള്‍ നബി(സ) സത്യസാക്ഷ്യം അയാളെ കേള്‍പ്പിച്ചു. ആവര്‍ത്തിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഇത് സത്യമാണെന്ന് മനസ്സിലുറച്ച് ഉമാദ് അത് ഉരുവിട്ട് മുസ്‌ലിമായി. ഒരു നല്ല ശ്രോതാവാകുന്നതിലൂടെ ഉണ്ടാവുന്ന ഗുണഫലത്തെ കുറിച്ച് മാതൃക കാണിച്ചുതരുകയായിരുന്നു പ്രവാചകന്‍(സ).

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top