LoginRegister

സത്യത്തില്‍ നിന്ന് വ്യതിചലിച്ചവര്‍

ഡോ. പി അബ്ദു സലഫി

Feed Back


”സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതനില്‍ അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും ദൂതന്മാരിലും ആരെങ്കിലും അവിശ്വസിച്ചാല്‍ തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു” (ഖുര്‍ആന്‍ 4:136).

ഇസ്ലാം ദൈവിക മതമാണ്. മുസ്ലിമിന്റെ വിശ്വാസങ്ങളും ആചാരങ്ങളും സ്രഷ്ടാവ് പഠിപ്പിച്ച രൂപത്തിലായിരിക്കേണ്ടതുണ്ട്. മനുഷ്യന്‍ വിശ്വസിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എന്തെല്ലാമാണെന്ന് അല്ലാഹു തന്നെ ദൈവദൂതന്മാരിലൂടെ അവനെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന വഹ്യിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് എല്ലാം വിശദീകരിച്ചു കൊടുത്തത്. ദൈവിക വചനങ്ങള്‍ ഗ്രന്ഥരൂപത്തില്‍ തന്നെ പ്രവാചകന്മാര്‍ മാനവരാശിക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു. അല്ലാഹുവും അവസാന പ്രവാചകനായ മുഹമ്മദ് നബി(സ)യും പഠിപ്പിച്ച കാര്യങ്ങള്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസകാര്യങ്ങളായി നാം പരിഗണിക്കേണ്ടത്. അതിനു പുറത്തുള്ളതെല്ലാം അന്ധവിശ്വാസങ്ങളും തെറ്റുമായിരിക്കും.
ഇന്ന് ധാരാളം അന്ധവിശ്വാസങ്ങള്‍ ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇതര മതവിശ്വാസികളുടെ തെറ്റായ വിശ്വാസങ്ങള്‍ കടമെടുത്താണ് അവയില്‍ മിക്കതും. യാതൊരു മതത്തിന്റെയും പിന്‍ബലമില്ലാത്തതും തീര്‍ത്തും യുക്തിരഹിതവുമായ ഒട്ടേറെ വിശ്വാസങ്ങള്‍ പലരും വെച്ചുപുലര്‍ത്തുന്നു. പല തെറ്റായ വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നവര്‍ ചില സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ കണ്ടാണ് അത് ചെയ്യുന്നത്.
കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. പ്രവാചകന്മാര്‍ക്കുപോലും അല്ലാഹു അറിയിച്ചുകൊടുക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമേ അദൃശ്യമായ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നിരിക്കെ മഹാന്മാര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് കറാമത്ത് മുഖേന എല്ലാ മറഞ്ഞ കാര്യങ്ങളും അറിയാമെന്നും അവര്‍ മനുഷ്യരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുതരുമെന്നും ചിലര്‍ വിശ്വസിക്കുന്നത് തികച്ചും തെറ്റും അന്ധവിശ്വാസവുമാണ്.
ഇത്തരം വിശ്വാസങ്ങള്‍ ഫലത്തില്‍ അല്ലാഹുവിനെയും ദൂതനെയും വേദഗ്രന്ഥത്തെയും മലക്കുകളെയും നിഷേധിക്കുന്നതിന് തുല്യമാണ്. അവര്‍ സത്യത്തില്‍ നിന്ന് ഏറെ വ്യതിചലിച്ചവരും വഴിപിഴച്ചവരുമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top