LoginRegister

സജ്‌നയുടെ സ്വപ്‌നത്തിന് ഇരട്ടി വെളിച്ചം

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

Feed Back


കാഴ്ചാപരിമിതിയെയും ജീവിതപ്രാരബ്ധങ്ങളിലെ വെല്ലുവിളികളെയും ഇച്ഛാശക്തി കൊണ്ട് മറികടന്ന സജ്‌ന ടീച്ചറുടെ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചം കൂടി. ജീവിതസ്വപ്‌നങ്ങളെ നെയ്‌തെടുത്ത് മലപ്പുറം വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി നൗഷാദാണ് തിരുവമ്പാടിക്കാരിയായ സജ്‌നയെ നികാഹ് ചെയ്ത് സ്വപ്‌നങ്ങള്‍ക്ക് നിറങ്ങളും വെളിച്ചവും നല്‍കിയത്.
കാഴ്ചാപരിമിതിയും ജീവിതപ്രാരബ്ധങ്ങളിലെ വെല്ലുവിളികളും പ്രതിസന്ധി തീര്‍ത്തപ്പോള്‍ മനക്കരുത്തു കൊണ്ട് സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ വാനമ്പാടിയാണ് സജ്‌ന ടീച്ചര്‍. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരിയാണ് സജ്‌ന. സജ്‌ന മലപ്പുറം വള്ളിക്കാപ്പറ്റയിലെ കാഴ്ചപരിമിതരുടെ വിദ്യാലയത്തിലെ ദീര്‍ഘകാല സംഗീത അധ്യാപികയായിരുന്നു. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ ആസ്വാദക ഹൃദയങ്ങളിലേക്ക് കോരിയിട്ട ഈ ഗായിക മലപ്പുറത്തെ നിരവധി മക്കളുടെ ഗുരുനാഥയാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൂടെ പാടാന്‍ വരെ അവസരം ലഭിച്ച ഗായിക.
തിരുവമ്പാടിയിലെ റബര്‍ ടാപ്പിങ് തൊഴിലാളിയായ കല്ലാരംകെട്ടില്‍ കുഞ്ഞിമൊയ്തീന്റെയും ഖദീജയുടെയും മൂന്നു മക്കളില്‍ ഇളയവളാണ്. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. പത്താം ക്ലാസ് വരെ വേളംകോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലാണ് പഠിച്ചത്. കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തില്‍ പ്ലസ്ടു പഠനം. അതിനു ശേഷം ചിറ്റൂര്‍ കോളജില്‍ സംഗീത പഠനം. ചെറുപ്പം തൊട്ടേ സംഗീതത്തോട് താല്‍പര്യം. ആദ്യ ഗുരു മാവൂര്‍ കിട്ടപ്പ ഭാഗവതര്‍. ഉപ്പയുടെ സുഹൃത്തും നല്ലൊരു ഗായകനുമായ ഉമ്മത്തൂര്‍ മുഹമ്മദ്, മാതൃവിദ്യാലയത്തിലെ സംഗീത അധ്യാപികയായിരുന്ന ലിസി റോക്കി എന്നിവരും ഏറെ പ്രോത്സാഹിപ്പിച്ചു. പഠന ശേഷം അധ്യാപന മേഖല ഇഷ്ടപ്പെട്ടതിനാല്‍ അഞ്ചു വര്‍ഷം മലപ്പുറം മങ്കടക്കടുത്ത വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തില്‍ സംഗീത അധ്യാപികയായി ജോലി ചെയ്തു. പിന്നീട് പി എസ് സി വഴി നിയമനം ലഭിച്ചു.
പത്തു വര്‍ഷം മുമ്പാണ് കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടത്. ഇപ്പോള്‍ കോഴിക്കോട് കിണാശ്ശേരി ഗവ. ഹൈസ്‌കൂളില്‍ സംഗീത അധ്യാപികയാണ്. നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയത് ഉള്‍പ്പെടെ സ്‌കൂള്‍-യൂനിവേഴ്സിറ്റി എ സോണ്‍, ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജയ് ഹിന്ദ് ടി.വി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആറാം സീസണില്‍ ഏഴ് റൗണ്ടുകളില്‍ പങ്കെടുത്തു. ആകാശവാണിയില്‍ ലളിതഗാന വിഭാഗത്തില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. കമുകറ ഫൗണ്ടേഷന്‍ അവാര്‍ഡ്, സംഘമിത്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡ്, മുട്ടത്ത് ഇബ്‌റാഹീം സ്മാരക സ്വര്‍ണ മെഡല്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടി. നിരവധി ഭക്തിഗാന ആല്‍ബങ്ങളിലും ചാനല്‍ പരിപാടികളിലും പാടിയിട്ടുണ്ട് സജ്‌ന.
ആകാശവാണിയില്‍ ലളിതഗാന വിഭാഗത്തില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായ സജ്‌നയുടെ ജീവിതത്തിലേക്ക് നൗഷാദ് കടന്നുവന്നതോടെ സ്വപ്‌നങ്ങള്‍ക്ക് ഇപ്പോള്‍ ഇരട്ട വെളിച്ചമാണ്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നഷ്ടപ്പെട്ടതാണ് നിറമുള്ള ലോകത്തിന്റെ ഈ കാഴ്ചകള്‍. അക്കാലത്ത് ജീവിതം തന്നെ മതിയാക്കാന്‍ തീരുമാനിച്ചതാണ് സജ്‌ന. ദൈവം നല്‍കിയ വിധിയില്‍ തനിക്ക് ഹിതമായൊരു രഹസ്യമുണ്ടാകുമെന്ന തത്വം തിരിച്ചറിഞ്ഞതോടെ ജീവിതത്തെ ജീവിച്ചു തന്നെ നേരിടാന്‍ ഉറച്ചു. ഇരുട്ടിനെ വെളിച്ചമാക്കി സങ്കല്‍പിച്ച് നവലോകം തീര്‍ത്തു. ജീവിത പ്രതിസന്ധികളെ സംഗീതം കൊണ്ട് തോല്‍പിച്ച് ജീവിതത്തെ തിരിച്ചുപിടിക്കാന്‍ സജ്‌നക്ക് കഴിഞ്ഞു.
തനിക്ക് നഷ്ടപ്പെട്ട നിറങ്ങളിലും കാഴ്ചകളിലും തെല്ലും പരിഭവമില്ലാതെ, ഇപ്പോള്‍ നൗഷാദിന്റെ കണ്ണിലൂടെ പുതുലോകം കാണുകയാണ് ഈ ഗായിക. ഇനി ജീവിതം ഒരുമിച്ചു പാടുകയാണ് ഈ ടീച്ചര്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top