ഒത്തൊരുമിച്ചാല്‍ മലയും പോരും. ഇതൊരു പഴഞ്ചൊല്ലാണ്. പഴഞ്ചൊച്ച് മാത്രമല്ല ജീവിത യാഥാര്‍ഥ്യം കൂടിയാണ്. ഒറ്റക്ക് ഒരാള്‍ക്ക് ചെയ്യാനാവാത്ത കാര്യങ്ങള്‍ പലരുംകൂടി ഒന്നിച്ചു ചെയ്യുമ്പോള്‍ അത് പൂര്‍ത്തിയാക്കാനാവുന്നു. നിസ്സാര ജീവിയായ ഉറുമ്പുകളില്‍ നിന്ന് മനുഷ്യര്‍ക്ക് ഇതില്‍ ഒരുപാട് ഗുണപാഠങ്ങളുണ്ട്. സ്വന്തത്തേക്കാള്‍ വലുപ്പവും ഭാരവുമുള്ള വസ്തുക്കളെ ഉറുമ്പുകള്‍ ഒന്നിച്ചുകൂടി വലിച്ചു കൊണ്ടുപോകുന്നത് കണ്ടിട്ടില്ലേ. സംഘടിത സ്വഭാവത്തിന്റെ മാതൃകയാണവ കാണിച്ചുതരുന്നത്. ഈ കൂട്ടായ്മക്ക് ഒരു നിയമവും വ്യവസ്ഥയുമൊക്കെയുണ്ടാവുമ്പോള്‍ അതിന് സംഘടന എന്ന് പറയുന്നു. സംഘബോധം പുരുഷന്മാര്‍ക്ക് മാത്രമേ പറ്റൂ എന്ന് ഇസ്ലാം പറയുന്നില്ല. നബി(സ)യുടെ കാലഘട്ടത്തില്‍ സ്ത്രീകള്‍ പല കാര്യത്തിലും സംഘടിച്ചു മുന്നേറിയത് ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ കാണാം.
ഒരിക്കല്‍ പ്രവാചക(സ) തിരുമേനി ഒരു ദീനി സദസ്സിലിരുന്ന് അനുചരന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ആ സദസ്സിലേക്ക് നമ്രശിരസ്‌കയയായ ഒരു സ്വഹാബി വനിത കയറി വന്നു. അസ്മ ബിന്‍ത് യസീദ്(റ). പ്രവേശനാനുമതി നേടിക്കൊണ്ട് അവര്‍ തന്റെ കാര്യങ്ങളവതരിപ്പിച്ചു.
”അല്ലാഹുവിന്റെ റസൂലേ.. ഞാന്‍ മുസ്ലിം സ്ത്രീകളുടെ ഒരു സംഘത്തിന്റെ ദൂതയായിക്കൊണ്ടാണ് അങ്ങയുടെ അരികില്‍ വന്നിട്ടുള്ളത്. എനിക്ക് അങ്ങയോട് ചില കാര്യങ്ങള്‍ ചോദിച്ചുപഠിക്കാനുണ്ട്. ഞാന്‍ മനസ്സിലാക്കിയവ എന്നെ അയച്ച സ്ത്രീകളോടു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ഞാന്‍ ചോദിക്കട്ടെയോ?”
അവര്‍ തിരുമേനി(സ)യുടെ അനുവാദം ചോദിച്ചു. തിരുമേനി(സ) അനുചരന്മാരെ നോക്കി ചിരിച്ചുകൊണ്ട് സന്തോഷത്തോടെ അവര്‍ക്ക് ചോദിക്കാനവസരം കൊടുത്തു. അവര്‍ തന്റെ സംശയങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
”അല്ലാഹുവിന്റെ റസൂലേ.. ഞങ്ങള്‍ സ്ത്രീകളാണ്. ഞങ്ങളുടെ പ്രധാനപ്പെട്ട ലോകം വീടാണ്. വീട്ടില്‍ ഞങ്ങള്‍ക്ക് ധാരാളം ജോലി ഭാരമുണ്ട്. നേരം പുലര്‍ന്നാല്‍ വീട് അടിച്ചുവാരി വൃത്തിയാക്കണം. ഭക്ഷണം പാകം ചെയ്യണം. ഭര്‍ത്താവിനെ ശുശ്രൂഷിക്കണം. മക്കളെ ഗര്‍ഭം ചുമന്ന് പ്രസവിച്ച് പോറ്റി വളര്‍ത്തണം. ഇങ്ങനെ ഒരുപാട് ജോലികള്‍. ഈ ജോലികളെല്ലാം ചെയ്തു പൂര്‍ത്തിയാക്കുന്നതിനിടക്ക് ഞങ്ങളുടെ വീട്ടിലെ പുരുഷന്മാരെപ്പോലെ എല്ലാ ആഴ്ചകളിലും ജുമുഅകളില്‍ പങ്കെടുക്കാനും മറ്റ് യുദ്ധാവസരങ്ങളില്‍ സേവനം ചെയ്യുവാനുമൊന്നും ഞങ്ങള്‍ക്ക് സാധിക്കാറില്ല. അക്കാരണത്താല്‍ നാളെ പരലോകത്ത് വെച്ച് മനുഷ്യന്റെ നന്മ തിന്മകള്‍ അളന്നുതൂക്കി കണക്കാക്കപ്പെടുമ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ പിറകിലായിപ്പോവുകയില്ലേ?”
ഇതായിരുന്നു അസ്മ(റ)യുടെ സംശയം.
അതുകേട്ട് പ്രവാചകന്(സ) വല്ലാത്ത സന്തോഷമായി. അദ്ദേഹം അനുചരന്മാരിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു.
”നിങ്ങള്‍ കണ്ടില്ലേ നമ്മുടെ സമൂഹത്തിലെ പെണ്‍കുട്ടി ദീന്‍ കാര്യം ചോദിച്ച് പഠിക്കാന്‍ താല്‍പര്യം കാണിക്കുന്നത്.” ശേഷം അല്ലാഹുവിന്റെ പ്രവാചകന്‍ അസ്മ(റ)യിലേക്ക് തിരിഞ്ഞു നിന്ന് പറഞ്ഞു. ”അസ്മേ നീ പൊയ്ക്കോളു. നിന്നെ അയച്ച സ്ത്രീകളോട് പറഞ്ഞേക്കുക: നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ടും ഭര്‍ത്താവിനെ സ്നേഹിച്ചുകൊണ്ടും നിങ്ങളുടെ വീടുകളില്‍ ചെയ്യുന്ന ഓരോ ജോലിക്കും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. പുരുഷന്മാര്‍ക്ക് ജുമുഅകളില്‍ നിന്നും യുദ്ധങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന പ്രതിഫലത്തിന് തുല്യമായിരിക്കുമത്.” ഇതു കേട്ട് അസ്മ(റ) സന്തോഷത്തോടെയും ഏറെ ചാരിതാര്‍ഥ്യത്തോടെയും നബി(സ) തിരുമേനിയോട് യാത്ര ചോദിച്ച് പിരിഞ്ഞുപോയി.
ഈ ചരിത്ര സംഭവം ഓര്‍മിപ്പിക്കുന്നത് നബി(സ) തിരുമേനിയുടെ കാലത്തും സ്ത്രീകള്‍ സംഘടിച്ച് മുന്നേറാറുണ്ടായിരുന്നു എന്നുള്ളതാണ്. ഏതൊരു നല്ല കാര്യത്തിനും സംഘടിച്ചുകൊണ്ടായിരുന്നു അവര്‍ മുന്നേറാറുണ്ടായിരുന്നത്. ഓരോ യുദ്ധാവസരങ്ങളിലും അവര്‍ കൂട്ടമായി ചേര്‍ന്ന് നബി(സ)യുടെ വീടിനു മുമ്പില്‍ വരിയായി നില്‍ക്കും. എന്നിട്ട് അല്ലാഹുവിന്റെ പ്രവാചകനോട് യുദ്ധത്തിന് വരാന്‍ അനുവാദം ചോദിക്കും. തിരുമേനി(സ) അവരോട് തിരികെ ചോദിക്കും. ”നിങ്ങള്‍ക്ക് എന്തൊക്കെയാണ് ചെയ്ത് തരാനാവുന്നത്.” അവര്‍ മറുപടി പറയും. ”അല്ലാഹുവിന്റെ റസൂലേ… യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെ ശുശ്രൂഷിക്കാനും വെള്ളം കൊണ്ടുപോയി കൊടുക്കാനും മറ്റും ഞങ്ങള്‍ക്ക് സാധിക്കുമല്ലോ.” ഇതുകേട്ട് പ്രവാചകന്‍ അവര്‍ക്ക് യുദ്ധത്തിന് പുറപ്പെടാന്‍ അനുവാദം കൊടുക്കും. ഇതനുസരിച്ച് തിരുമേനി(സ)യുടെ കൂടെ യുദ്ധത്തില്‍ പങ്കെടുത്ത ഒരു വനിതയായിരുന്നു ഉമ്മു അതീയ്യ(റ).
ഏതു നല്ല കാര്യവും കൂട്ടായ്മയിലൂടെ ചെയ്തുതീര്‍ക്കേണ്ടതിന് തന്നെയാണ് പരിശുദ്ധ ഖുര്‍ആന്റെയും കല്‍പന. പരിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് തൗബ 71-ാമത്തെ വചനത്തില്‍ പറയുന്നു.
”സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരം വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു.”
ഇവിടെയൊക്കെയും സത്യവിശ്വാസികളും സത്യവിശ്വാസിനികളും എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. നല്ല കാര്യങ്ങളില്‍ സഹകരിക്കേണ്ടതും കൂട്ടായ്മയായിട്ടു തന്നെ. സാമൂഹിക ജീവിയായ മനുഷ്യന് ഒറ്റപ്പെട്ടു ജീവിക്കുക പ്രയാസമാണ് എന്നതു തന്നെയാണ് ഇതില്‍ നിന്ന് മനസ്സിലേക്കേണ്ടത്.
സംഘടന പുതിയ കാലത്ത്
ലിബറലിസത്തിന്റെയും ഫെമിനിസത്തിന്റെയും മറ്റും ഭാഗമായ ജന്‍ഡര്‍ ന്യൂട്രാലിറ്റി പോലുള്ള അസംബന്ധങ്ങള്‍ സ്ത്രീയുടെ സ്വത്വത്തെ വരെ ചൂഷണം ചെയ്യുകയാണിന്ന്. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റും ഇതിന് വേണ്ടി ദുരുപയോഗം ചെയ്യുന്നു. കുഞ്ഞുന്നാളിലേ വിഡ്ഢി വേഷം കെട്ടാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഇസ്ലാമിക മുല്യങ്ങളില്‍ പിടിച്ചുനിന്ന് സംഘം ചേര്‍ന്ന് പ്രതികരിച്ചെങ്കിലേ പെണ്‍കുട്ടികള്‍ക്ക് ഇനിയുള്ള കാലം പെണ്ണായി ജീവിക്കാന്‍ അവസരമുണ്ടാകൂ. നീണ്ട വര്‍ഷങ്ങളോളം ഇന്ദിരാ ഗാന്ധി രാജ്യം ഭരിച്ചിരുന്നത് ആണ്‍വേഷം കെട്ടിയിട്ടായിരുന്നില്ലല്ലോ. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി കുതിരപ്പുറത്ത് വാളും പരിചയുമായി പടപൊരുതിയിരുന്നത് ആണ്‍വേഷം കെട്ടിയിട്ടായിരുന്നില്ല. സോണിയാ ഗാന്ധിയെപ്പോലെ രാഷ്ട്രീയത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന സ്ത്രീരത്നങ്ങള്‍ വേറെയുമുണ്ട്. എല്ലാവരും സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചവരാണ്. സ്ത്രീയായി തന്നെയാണ് അവരൊക്കെയും ജീവിച്ചതും. അതിനായി അസ്മ(റ)യെപ്പോലെ സംഘടിച്ചു മുന്നേറുക. .