LoginRegister

ശല്യമാവരുത് രോഗീസന്ദര്‍ശനം

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍

Feed Back


ഏതു രോഗമാണെങ്കിലും അത് അനുഭവിക്കുന്നവരെ സംബന്ധിച്ച് മാനസികവും ശാരീരികവുമായ വെല്ലുവിളിയാണ്. മരുന്നു കൊണ്ടുള്ള ചികിത്സയോടൊപ്പം സാന്ത്വന പരിചരണവും കൂടിച്ചേരുമ്പോള്‍ മാത്രമേ രോഗശമനം എളുപ്പത്തില്‍ ലഭിക്കുകയുള്ളൂ. മരുന്ന് നിര്‍ദേശിക്കാന്‍ ഡോക്ടര്‍ മതി. എന്നാല്‍ സാന്ത്വന പരിചരണത്തിന് സാമൂഹിക പങ്കാളിത്തം അനിവാര്യമാണ്. അതുകൊണ്ടാണ് അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ പ്രാകൃത ചികിത്സകള്‍ കൈവെടിഞ്ഞ് മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ നിര്‍ദേശിച്ച ഇസ്‌ലാം രോഗീസന്ദര്‍ശനത്തിന് വളരെയധികം പ്രാധാന്യം കല്‍പിച്ചത്.
പ്രവാചകന്‍(സ) പറഞ്ഞു: ”ഒരു മുസ്‌ലിം രോഗിയായ മറ്റൊരു മുസ്‌ലിമിനെ പ്രഭാതത്തില്‍ സന്ദര്‍ശിച്ചാല്‍ എഴുപതിനായിരം മാലാഖമാര്‍ അദ്ദേഹത്തിനു വേണ്ടി പ്രദോഷം വരെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അവനെ സന്ദര്‍ശിച്ചത് പ്രദോഷത്തിലാണെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അവന് സ്വര്‍ഗത്തില്‍ ഒരിടവും ഉണ്ടായിരിക്കും” (തിര്‍മിദി).
മലക്കുകളുടെ പ്രാര്‍ഥനയ്ക്ക് അര്‍ഹനാവുകയും സ്വര്‍ഗത്തിലൊരിടം ലഭിക്കുകയും ചെയ്യുന്ന അത്യുത്തമ പുണ്യകര്‍മമായിട്ടാണ് രോഗിയെ സന്ദര്‍ശിക്കുന്നതിനെ പ്രവാചകന്‍(സ) എണ്ണിയിട്ടുള്ളത്.
സന്ദര്‍ശനവും പരിചരണവും
ചടങ്ങു തീര്‍ക്കാന്‍ വേണ്ടി രോഗികളെ സന്ദര്‍ശിക്കുന്ന ഒരു ശീലമുണ്ട്. ഇസ്‌ലാം വിഭാവന ചെയ്യുന്ന രോഗീസന്ദര്‍ശനം ഈ ശീലത്തിന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല. സന്ദര്‍ശനത്തിന് രണ്ടു സാങ്കേതിക വാക്കുകളാണ് പ്രവാചക വചനങ്ങളില്‍ കാണുന്നത്. സിയാറത്തും ഇയാദത്തും. ഖബര്‍ സന്ദര്‍ശനം, സൗഹൃദ സന്ദര്‍ശനം എന്നീ അവസരങ്ങളിലാണ് സിയാറത്ത് എന്ന് പ്രയോഗിച്ചത്. സിയാറത്തുല്‍ ഖുബൂര്‍ എന്നാണ് ഖബര്‍ സന്ദര്‍ശനത്തിന് പറയുന്നത്. എന്നാല്‍ രോഗീസന്ദര്‍ശനത്തിന് ഇയാദത്തുല്‍ മരീദ് എന്നാണ് പ്രവാചകന്‍ പ്രയോഗിച്ചത്. ക്ലിനിക്കുകള്‍ക്കും അറബി ഭാഷയില്‍ ഇയാദത്ത് എന്നാണ് ഉപയോഗിക്കാറുള്ളത്. ക്ലിനിക്കുകളില്‍ രോഗിയെ പരിചരിക്കുന്നതുപോലെ ആവശ്യമെങ്കില്‍ രോഗിക്ക് എല്ലാ സഹായവും എത്തിക്കാന്‍ സന്ദര്‍ശകന്‍ ശ്രദ്ധിക്കണമെന്നാണ് പ്രവാചക വചനങ്ങളിലെ ഇയാദത്ത് എന്ന പദപ്രയോഗം വ്യക്തമാക്കുന്നത്.
ഖബര്‍ സന്ദര്‍ശിക്കുന്ന ആള്‍ക്ക് ശാരീരിക അധ്വാനമോ സാമ്പത്തിക ചെലവുകളോ ഉണ്ടാവാറില്ല. ഖബറിന്നടുത്തു ചെന്ന് അല്ലാഹുവിലേക്ക് കൈകള്‍ ഉയര്‍ത്തി നെഞ്ചുരുകി പ്രാര്‍ഥിച്ചാല്‍ മാത്രം മതി. എന്നാല്‍ രോഗീസന്ദര്‍ശനം നടത്തുന്ന ആളുകള്‍ രോഗിയെ ഏതൊക്കെ തരത്തില്‍ പരിചരിക്കേണ്ടതുണ്ടോ ആ രീതിയിലെല്ലാം ശാരീരികമായും സാമ്പത്തികമായും ശാക്തീകരിക്കേണ്ടിവരും. സിയാറത്തും ഇയാദത്തും തമ്മിലുള്ള അന്തരവും അതുതന്നെയാണ്. രോഗിക്ക് വീല്‍ചെയര്‍ വാങ്ങിക്കൊടുക്കലാണ് ഇയാദതുല്‍ മരീദ്. വാട്ടര്‍ബെഡും ഓക്‌സിജന്‍ സിലിണ്ടറും എത്തിക്കലാണത്. മരുന്നും ഗുളികയും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണത്. രോഗിയുടെ കുടുംബത്തിന് റേഷന്‍ എത്തിക്കലും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിക്കലുമാണത്. സാഹചര്യങ്ങളും ആവശ്യങ്ങളുമറിഞ്ഞ് പ്രവര്‍ത്തിച്ചുകൊണ്ട് രോഗിക്ക് സാന്ത്വന പരിചരണം നല്‍കാന്‍ വേണ്ടിയാണ് ഇസ്‌ലാം രോഗീസന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത് എന്ന് ഈ സാങ്കേതിക പദം തന്നെ വ്യക്തമാക്കുന്നുണ്ട്.
സന്ദര്‍ശനം സാഹചര്യമറിഞ്ഞ്
രോഗികളെ സന്ദര്‍ശിക്കുന്നവര്‍ പാലിക്കേണ്ട മര്യാദകളില്‍ അതിപ്രധാനമായതാണ് രോഗിയുടെ ഇഷ്ടം എന്താണെന്ന് അറിയല്‍. ചില രോഗികള്‍ തങ്ങളുടെ അസുഖം മറ്റുള്ളവര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. അത്തരക്കാരെ സന്ദര്‍ശിക്കരുത്. കാരണം രോഗിയാവുന്ന ആള്‍ ഒരേസമയം ശാരീരിക പ്രയാസവും മാനസിക സംഘര്‍ഷവും അഭിമുഖീകരിക്കുകയാണല്ലോ. മാനസിക സംഘര്‍ഷം ലഘൂകരിക്കാനാണ് അവരെ സന്ദര്‍ശിക്കേണ്ടത്. സന്ദര്‍ശനം തന്നെ രോഗിക്ക് മനഃപ്രയാസം ഉണ്ടാക്കുന്നുവെങ്കില്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.
ഇത്തരം രോഗികള്‍ക്കു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയാണ് വേണ്ടത്. സന്ദര്‍ശനം വിലക്കുന്നവരെ ശപിക്കുന്നതും പഴിക്കുന്നതും ഗുണകരമായ സമീപനമല്ല. എന്നു മാത്രമല്ല, പ്രവാചകന്‍ പൊതുതത്വമായി വിശ്വാസികളെ പഠിപ്പിക്കുന്ന ”ഇസ്‌ലാമില്‍ തന്റെ സഹോദരനെ ദ്രോഹിക്കലില്ല, പരസ്പരം ഉപദ്രവിക്കലുമില്ല” (ഹാകിം) എന്ന മൗലിക പാഠത്തിന് എതിരുമാണ്.
രോഗിയുടെ പക്ഷത്തുനിന്ന് ആലോചിച്ചുകൊണ്ടു വേണം രോഗീസന്ദര്‍ശനം തീരുമാനിക്കാന്‍. നമ്മുടെ ഒഴിവുസമയത്തിനനുസരിച്ചല്ല, രോഗിക്ക് സൗകര്യപ്രദമായ സമയം പരിഗണിച്ചുകൊണ്ടാവണം സന്ദര്‍ശന സമയം തിരഞ്ഞെടുക്കേണ്ടത്. രോഗിക്ക് ആവശ്യമുള്ള ഭക്ഷണമേ നല്‍കാന്‍ പാടുള്ളൂ. പൂര്‍ണവിശ്രമം ആവശ്യമുള്ളവരുടെ അടുത്തുനിന്ന് അവരെ കൂടുതല്‍ സംസാരിപ്പിക്കരുത്. ദയനീയ പരാമര്‍ശങ്ങള്‍ നടത്തി രോഗികളെ തളര്‍ത്തരുത്. അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന, ആശ്വാസം നല്‍കുന്ന വാക്കുകളും സംസാരങ്ങളും മാത്രമേ പാടുള്ളൂ. ഇത്തരം കാര്യങ്ങളെല്ലാം സന്ദര്‍ശനവേളയില്‍ പാലിക്കേണ്ട മര്യാദകളാണ്.
എന്നാല്‍ നമുക്കിടയിലെ ജാഡസംസ്‌കാരം ഇതിനൊന്നും അനുവദിക്കുന്നില്ല. സന്ദര്‍ശനം തന്നെ അഭിമാനപ്രശ്‌നമാണ്. പോയിട്ടില്ലെങ്കില്‍ അവര്‍ എന്താണ് വിചാരിക്കുക എന്ന അടിസ്ഥാന ചിന്തയില്‍ നിന്ന് ഉടലെടുക്കുന്നതാണെല്ലാം. ജാഡയുടെ ഭാഗമായി എല്ലാവരും ആശുപത്രിയിലേക്ക് കൂട്ടംകൂട്ടമായി ഒഴുകുന്നു. വിവിധ തരം ഭക്ഷണങ്ങള്‍ കൊണ്ടുവരുന്നു. കൂട്ടിരിപ്പിനുള്ളവര്‍ കഴിച്ചാലും ബാക്കി വരുകയും അവസാനം വലിച്ചെറിയുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി ശിക്ഷയാണ് ലഭിക്കുകയെന്ന് മുസ്‌ലിം തിരിച്ചറിയേണ്ടതുണ്ട്. നരകം വില കൊടുത്തു വാങ്ങുന്ന പ്രവണതകള്‍ രോഗീസന്ദര്‍ശനവേളയില്‍ ഉണ്ടാവരുത്.
പ്രാര്‍ഥനയാണ് അമൃതം
ഒരാള്‍ക്ക് രോഗമുണ്ടാവണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അയാളല്ല. ആരോഗ്യവാനായി ഓടിനടക്കുന്ന ആള്‍ പെട്ടെന്ന് രോഗിയായി മാറുന്നു. തലയില്‍ ചുമടുമായി നീങ്ങുന്ന തൊഴിലാളി പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. രോഗിയായി മാറുന്നു. കാന്‍സര്‍ രോഗികളെ ചികിത്സിക്കുന്ന വിദഗ്ധനായ ഡോക്ടര്‍ കാന്‍സര്‍ ബാധിതനായി മാറുന്നു. കിഡ്‌നികള്‍ പണിമുടക്കിയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തുകൊണ്ട് നിമിഷങ്ങള്‍ക്കകം ആളുകള്‍ രോഗികളായി മാറുന്നു. ആരും ആഗ്രഹിച്ചിട്ടല്ല രോഗിയായി മാറിയത്. അല്ലാഹുവിന്റെ തീരുമാനമാണതെന്ന് വിശ്വാസി ഉറച്ചു വിശ്വസിക്കേണ്ടതാണ്. രോഗം എന്നു മാറണമെന്നും എങ്ങനെ മാറണമെന്നുമൊക്കെ അവന്‍ നിശ്ചയിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ രോഗം മാറ്റിത്തരാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍(സ) പഠിപ്പിക്കുന്നുമുണ്ട്. രോഗിയെ സന്ദര്‍ശിക്കുന്ന വേളയില്‍ പ്രവാചകന്‍ രോഗികള്‍ക്കുവേണ്ടി അവരെ തലോടിയും ശരീരത്തില്‍ തൊട്ടുതടവിയുമൊക്കെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകളില്‍ ഒന്ന് ഇങ്ങനെ: ”ജനങ്ങളുടെ തമ്പുരാനായ അല്ലാഹുവേ, പ്രയാസം നീ അകറ്റേണമേ. രോഗത്തിനു ശമനം നല്‍കേണമേ. നീയാണ് രോഗം ശമിപ്പിക്കുന്നവന്‍. ഒട്ടും വേദന അവശേഷിക്കാത്ത ശമനം പ്രദാനം ചെയ്യേണമേ” (ബുഖാരി).
മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാതെ പ്രാര്‍ഥന മാത്രം നടത്തി രോഗശമനം പ്രതീക്ഷിച്ചിരിക്കുന്ന മൗഢ്യതയെ ഇസ്‌ലാം ചോദ്യം ചെയ്യുകയും ചികിത്സിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: ”നിശ്ചയമായും അല്ലാഹു രോഗവും മരുന്നും ഇറക്കിയിട്ടുണ്ട്. എല്ലാ രോഗങ്ങള്‍ക്കും മരുന്നും നിശ്ചയിച്ചിട്ടുണ്ട്. മരുന്നുകൊണ്ട് നിങ്ങള്‍ ചികിത്സിക്കുവിന്‍. നിഷിദ്ധമായ ചികിത്സാമുറകള്‍ നിങ്ങള്‍ അവലംബിക്കരുത്” (അബൂദാവൂദ്).
ചികിത്സയോടൊപ്പമുള്ള പ്രാര്‍ഥനയ്ക്ക് മാത്രമേ ഫലം ഉണ്ടാവുകയുള്ളൂ. വെള്ളം കുടിച്ചാല്‍ മാത്രമേ ദാഹം മാറുകയുള്ളൂ. ഭക്ഷണം കഴിച്ചാല്‍ മാത്രമേ വിശപ്പും മാറുകയുള്ളൂ. ദാഹവും വിശപ്പും നല്‍കിയ അല്ലാഹുവിന് വെള്ളവും ഭക്ഷണവുമില്ലാതെ അത് ശമിപ്പിച്ചുകൂടേ എന്ന് ചോദിക്കുന്നത് അല്‍പത്തമാണ്. കാരണം പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച പ്രാപഞ്ചിക സംവിധാനങ്ങളാണ് ഇതെല്ലാം. അതിനു മാറ്റമുണ്ടാവില്ല. രോഗത്തിന് അല്ലാഹു നിശ്ചയിച്ച രീതിയാണ് ചികിത്സിക്കുക എന്നതും. അതോടൊപ്പം പ്രാര്‍ഥന ഉണ്ടാവണമെന്ന് വിശ്വാസിയോട് അവന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top