നമ്മുടെ ശരീരത്തിന്റെ ശരിയായ ആരോഗ്യത്തിന് വെള്ളവും ഭക്ഷണവും എത്രമാത്രം ആവശ്യമാണോ അതുപോലെത്തന്നെയാണ് കൃത്യമായ ഉറക്കവും. ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തിന് കൃത്യമായതും ചിട്ടയായതുമായ ഉറക്കം വളരെ അത്യാവശ്യമാണ്. ഇന്ത്യയില്‍ ഏകദേശം 28 ദശലക്ഷം ആളുകള്‍ ‘ഉറക്കമില്ലായ്മ’ എന്ന അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ അതില്‍ 80 ശതമാനം ആളുകളുടെയും ഉറക്കമില്ലായ്മയുടെ കാരണം വ്യക്തമല്ല. ഒരു പരിധിയിലപ്പുറം ഉറക്കം ശരിയായ രീതിയില്‍ നമുക്ക് ലഭിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഉറക്കക്കുറവു കൊണ്ട് പ്രയാസപ്പെടുന്നവര്‍ പ്രധാനമായും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.
ഉറക്കക്കുറവിന്റെ കാരണങ്ങള്‍
എന്തുകൊണ്ടാണ് നമുക്ക് ശരിയായ രീതിയില്‍ ഉറക്കം ലഭിക്കാത്തത്? തിരക്കേറിയ നമ്മുടെ ജീവിതശൈലിയാണ് പ്രധാന കാരണം. ദൈര്‍ഘ്യമേറിയ ജോലിയില്‍ ഏര്‍പ്പെടുന്നതും ഉറക്കത്തെ ബാധിക്കും. പ്രധാനമായി ഐ ടി മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ കമ്പ്യൂട്ടര്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നതിനാല്‍ ഉറക്കക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്. കമ്പ്യൂട്ടറില്‍ നിന്നും മൊബൈലുകളില്‍ നിന്നും വരുന്ന ലൈറ്റ്സുകള് നമ്മുടെ ഉറക്കത്തെ ഉത്തേജിപ്പിക്കുന്ന മെലാടോണിന്‍ ഹോര്‍മോണുകളെ മന്ദീഭവിപ്പിക്കുകയും അതുവഴി ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും.
ഉറക്കം സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുന്ന ആളുകള്‍ക്കും ശരിയായ രീതിയിലുള്ള വ്യായാമമില്ലാത്തവര്‍ക്കും ഉറക്കം ശരിയായിക്കൊള്ളണമെന്നില്ല. അമിതമായ ഫോണ്‍ ഉപയോഗം വഴി വരുന്ന റേഡിയേഷന് കാരണമായും ഉറക്കം നഷ്ടപ്പെടാം.
കോഫി, ചായ (കഫീന്‍) എന്നിവകളുടെ കൂടുതലായ ഉപയോഗമോ രാത്രികാലങ്ങളിലെ ഉപയോഗമോ ഉറക്കം നഷ്ടപ്പെടുത്താം.
ശരിയായ രീതിയില്‍ സൂര്യപ്രകാശം കിട്ടാതിരിക്കുക വഴി വൈറ്റമിന്‍ ഡി കുറയുന്നതും ഉറക്കക്കുറവിന് കാരണമാവും.
ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) എന്ന അസുഖത്തിന്റെ ഭാഗമായും ശരിയായിട്ടുള്ള ഉറക്കം നഷ്ടപ്പെടും. ഈ സമയം രോഗി ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികള്‍ മുറുകിപ്പോകുന്നതുവഴി ശ്വാസതടസ്സം അനുഭവപ്പെടും. ഇത് ചിലപ്പോള്‍ ഉറക്കത്തിനു ശേഷമോ ഇടയിലോ സംഭവിക്കാം.
മദ്യം, പുകവലി എന്നിവയുടെ ഉപയോഗം മൂലം നല്ല ഉറക്കം കിട്ടാതെ വരും. ചിലര്‍ രാത്രി മദ്യപിച്ച് കിടക്കുന്നത് ശരിയായ രീതിയില്‍ ഉറക്കം ലഭിക്കാന്‍ എന്ന ധാരണയിലാണ്. എന്നാല്‍ പലപ്പോഴും ആദ്യത്തെ തളര്‍ന്നുള്ള ഉറക്കത്തിനു ശേഷം ശരിയായ ഉറക്കം ലഭിക്കാതിരിക്കുകയാണ് ചെയ്യുന്നത്.
ഉറക്കക്കുറവും
ആരോഗ്യപ്രശ്നങ്ങളും
. ജീവിതത്തിലെ കൃത്യത നഷ്ടപ്പെടുക.
. കാര്‍ഡിയോ-മെറ്റബോളിക് അസുഖങ്ങള്‍ ഉണ്ടാവുക.
. പ്രതിരോധശേഷി നഷ്ടപ്പെടുക.
. തടി വെക്കുക.
. പൊണ്ണത്തടി മൂലം ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്കു പോവുക.
. ഹൃദയത്തിന്റെ വാല്‍വുകള്‍ക്ക് ക്ഷതം സംഭവിക്കുകയും അതുവഴി ഹൃദയമിടിപ്പുകള്‍ താളം തെറ്റുകയും ചെയ്യുക.
. സ്ട്രോക്ക് സംഭവിക്കുക.
. നമ്മുടെ ശരീരത്തില്‍ കോര്‍ട്ടിസോള്‍, മെലാടോണിന്‍ എന്നീ രണ്ടു ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍ട്ടിസോള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും മേലാടോണിന്‍ ട്യൂമര്‍ വളര്‍ച്ചകളെ നശിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഉറക്കം നഷ്ടപ്പെടുന്നതുമൂലം കോര്‍ട്ടിസോള്‍, മെലാടോണിന്‍ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും അതുവഴി കൂടുതല്‍ അപകടത്തിലേക്കു പോവുകയും ചെയ്യുന്നു.
. റോഡപകടങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാവുന്നത് ഏകാഗ്രതക്കുറവും ഉറക്കമില്ലായ്മയും തന്നെയാണ്. അതുവഴി ഉണ്ടാകുന്ന അശ്രദ്ധയാണ്.
സുഖകരമായ ഉറക്കത്തിന്
. ദിവസവും 7 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കത്തിനായി മാറ്റിവെക്കുക.
. എന്നും ഒരേ സമയത്ത് ഉറങ്ങുകയും ഒരേ സമയത്ത് എഴുന്നേല്ക്കുകയും ചെയ്യുക.
. വ്യായാമം പകല്‍സമയം ചെയ്യുന്നതോടൊപ്പം രാത്രിയും ചെയ്യുക.
. ശരിയായ രീതിയില്‍ വെയില് കൊള്ളുക. പ്രത്യേകിച്ച് രാവിലെയുള്ള വെയില്. അതുവഴി വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാം.
. കിടക്കുന്നതിനു മുമ്പായി ബോഡി ടെമ്പറേച്ചര്‍ കുറക്കുന്നതിന്റെ ഭാഗമായി കുളിച്ച ശേഷം കിടക്കുന്നത് നല്ല ഉറക്കം കൊണ്ടുവരാന്‍ സഹായിക്കും.
. കിടക്കാന്‍ നേരം ഒരു ഗ്ലാസ് ചെറു ചൂടുപാല് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
ചികിത്സ ആവശ്യമുണ്ടോ?
ഉറക്കം എഴുന്നേല്ക്കുമ്പോള് ഉണ്ടാവുന്ന തലവേദന, പകല്‍സമയത്ത് അധികസമയം ഉറങ്ങുക, കൂര്‍ക്കംവലി, കാരണമില്ലാത്ത ക്ഷീണം, ഉറക്കത്തില്‍ ശ്വാസം കിട്ടാതിരിക്കുക എന്നീ ബുദ്ധിമുട്ടുകള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ഹോമിയോപ്പതി ഉറക്കസംബന്ധമായിട്ടുള്ള പ്രയാസങ്ങള്‍ക്ക് വളരെ നല്ല രീതിയിലുള്ള ചികിത്സകള്‍ നല്‍കുന്നുണ്ട്. ഉറക്കത്തിന് പ്രയാസം കുറയുന്നതോടൊപ്പം തന്നെ മാനസികമായും ശാരീരികമായുമുള്ള പ്രയാസങ്ങള്‍ മാറിപ്പോകുന്നു എന്നുള്ളതാണ് ഹോമിയോപതിയുടെ പ്രത്യേകത. .
(പാണ്ടിക്കാട് ബാസില്‍സ് ഹോമിയോ ആശുപത്രിയിലെ ഡോക്ടറാണ് ലേഖിക.)