LoginRegister

വ്രതചൈതന്യം വീടുകളിലേക്ക് പരക്കട്ടെ

സി കെ റജീഷ്‌

Feed Back


അനുഗ്രഹങ്ങളുടെ ആയിരം വസന്തങ്ങളുമായി വിശുദ്ധ റമദാന്‍ സമാഗതമായിരിക്കുന്നു. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമദാനില്‍ പശ്ചാത്താപവിശുദ്ധിയിലൂടെ തെറ്റുകുറ്റങ്ങളെ കരിച്ചുകളഞ്ഞ് വിശ്വാസികളെ സ്ഫുടം ചെയ്‌തെടുക്കുന്ന ആത്മീയ അനുഭവത്തിന് നാം സാക്ഷികളാവുന്നു. ഉഗ്രതാപത്താല്‍ ഭൂമി വെന്തുരുകുമ്പോള്‍ ഇടമഴ ആശ്വാസദായകമാവുന്നപോലെ, തിന്മകള്‍ പെരുകുന്ന ജീവിത പരിസരങ്ങളില്‍ നിന്ന് വിടുതലാവാനുള്ള ഭക്തിയുടെ ഈ ഉത്സവ കാലം വിശ്വാസികളുടെ ഹൃദയത്തില്‍ സന്തോഷത്തിന്റെ കുളിര്‍മഴയായി വര്‍ഷിക്കുന്നു.
പ്രതിവര്‍ഷം വന്നുചേരുന്ന ഈ പുണ്യമാസത്തെ പ്രധാനമായും ചൈതന്യവത്താക്കുന്നത് നോമ്പ് എന്ന ആരാധനയാണ്. നോമ്പിനെ ശരീരത്തിന്റെ അനുഷ്ഠാനമെന്ന് പറയാമെങ്കിലും അതിന്റെ പ്രതിഫലനവും പ്രതികരണവും മനസ്സിനെ കേന്ദ്രീകരിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അന്തര്‍ദാഹങ്ങളെയും അന്തഃചോദനകളെയും പ്രതിരോധിച്ചുകൊണ്ടുള്ള ജീവിതവഴിയാണ് നോമ്പ് നമ്മെ ശീലിപ്പിക്കുന്നത്. നോമ്പിലൂടെ ശരീരത്തെ ദൈവഹിതത്തിന് വിട്ടുകൊടുക്കുന്ന വിശ്വാസി സമര്‍പ്പണത്തിന്റെ സമുന്നതമായ ആദര്‍ശമാണ് ജീവിതത്തോട് ചേര്‍ത്തുവെക്കുന്നത്. ആരാധനാനിരതമായ കര്‍മങ്ങളും സല്‍പ്രവൃത്തികളിലുള്ള ഉത്സാഹവും അധര്‍മങ്ങളോടുള്ള അകലം പാലിക്കലും വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുക്കുമ്പോള്‍, ഭക്തിയുടെ പുതുജീവിതവഴി തെരഞ്ഞെടുക്കാനാണ് മനസ്സ് പാകപ്പെടുന്നത്. നോമ്പ് ഒറ്റ ദിവസം കൊണ്ട് മനഃപരിവര്‍ത്തനമുണ്ടാക്കുന്ന ഒരു മാന്ത്രികവിദ്യയല്ല. സ്വാഭാവികമായും സാവധാനത്തിലും സംഭവിക്കുന്ന പരിവര്‍ത്തനത്തിന് മനസ്സിനെ പാകപ്പെടുത്തുന്ന പരിശീലന കളരിയാണ്. അനേകം മനുഷ്യായുസ്സുകള്‍ സമയമെടുത്ത് നേടാവുന്നത്ര പ്രതിഫലജന്യമായ സന്ദര്‍ഭങ്ങള്‍ കൂടി റമദാനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നത് വിശ്വാസികള്‍ക്ക് വലിയ ഹൃദയാനന്ദം നല്‍കുന്നു.
വ്രതത്തിന്റെ കാതല്‍
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട് സദാ ജാഗ്രത്താവുന്ന മനസ്സിന്റെ ഉടമകളായിരിക്കും വിശ്വാസികള്‍. ഈ ജാഗ്രത ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ അനിവാര്യമായ കരുത്തിന്റെ പേരാണ് ‘തഖ് വ.’ സ്വകാര്യവും രഹസ്യവുമാണ് നോമ്പ് നല്‍കുന്ന അനുഭവം. അല്ലാഹുവോട് മാത്രം വെളിപ്പെടുത്തുന്ന ആത്മരഹസ്യമെന്നോണമാണ് വ്രതമെന്ന ആരാധന വിശ്വാസികള്‍ പൂര്‍ത്തീകരിക്കുന്നത്. സ്വകാര്യതയിലും ദൈവപ്രീതി കാംക്ഷിച്ച് സംസ്‌കൃതചിത്തരാകാന്‍ വ്രതം അവസരമൊരുക്കുന്നു. ഈയൊരു മനഃപരിവര്‍ത്തനം ഉണ്ടാകുമ്പോഴാണ് നോമ്പിന്റെ കാതലായ തഖ്‌വയുള്ളവരായി നാം മാറുന്നത്. ഒരാള്‍ കള്ളവാക്കും കള്ളപ്രവൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണമെന്ന് അല്ലാഹുവിന് യാതൊരാവശ്യവുമില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. നിരാഹാരം മാത്രമല്ല നോമ്പ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. നിശ്ശബ്ദത കൂടി ശീലിക്കുമ്പോഴാണ് നോമ്പിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്. നിശ്ശബ്ദത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അരുതാത്തത് പറയാതെയും ചെയ്യാതെയും അനാവശ്യങ്ങളോട് അകലം പാലിച്ചും ജീവിതവഴി സംശുദ്ധമാക്കുക എന്നതാണ്.
ഭര്‍ത്താവില്ലാതെ ഗര്‍ഭവതിയായ മര്‍യം ബീവിയോട് അല്ലാഹു ഇങ്ങനെ കല്‍പിക്കുന്നത് കാണാം: ”അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്തുകൊള്ളുക. ഇനി നീ മനുഷ്യരില്‍ വല്ലവരെയും കാണുകയാണെങ്കില്‍ പരമകാരുണികന് വ്രതം അനുഷ്ഠിക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നുവെന്ന് പറയുക. ആകയാല്‍ ഞാന്‍ ഇന്ന് ഒരു മനുഷ്യരോടും സംസാരിക്കുകയില്ല തന്നെ എന്ന് നീ പറഞ്ഞേക്കുക” (19:26).
‘സൗം’ എന്ന പദത്തിന്റെ വിവക്ഷയില്‍ ദൈവപ്രീതി കാംക്ഷിച്ച് അരുതാത്തത് ഉപേക്ഷിക്കാനുള്ള സന്നദ്ധത കൂടി ഉള്‍പ്പെടുന്നുവെന്ന് ഈ ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കിത്തരുന്നു. നോമ്പിന്റെ പകലില്‍ അന്നപാനീയങ്ങളും ലൈംഗികബന്ധവും വെടിയുന്ന വിശ്വാസി സ്വന്തം ഇച്ഛകള്‍ക്ക് മീതെ ദൈവികമായ ഇച്ഛകളെ വളര്‍ത്താനും മനസ്സുകൊണ്ട് പാകപ്പെടുന്നു. സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ഉത്സാഹിക്കുന്നതുപോലെ ദുഷ്‌കൃത്യങ്ങളെ വെടിയാനും ദുര്‍വിചാരങ്ങളെ നിരാകരിക്കാനും മനസ്സ് പാകപ്പെടുമ്പോഴാണ് തഖ്‌വ പൂര്‍ണമാവുന്നത്. ജീവിതത്തില്‍ ക്രിയയേക്കാള്‍ ക്രിയാരാഹിത്യത്തിനും, വാക്കിനേക്കാള്‍ മൗനത്തിനും അര്‍ഥമുണ്ടാവുന്ന ചിലസന്ദര്‍ഭങ്ങളുണ്ട്. ദൈവഹിതം മാനിച്ച് ഉത്തമമായത് തിരഞ്ഞെടുക്കാനുള്ള പക്വതയാണ് വിശ്വാസികള്‍ വ്രതത്തിലൂടെ നേടിയെടുക്കുന്നത്. തിന്മകള്‍ പെരുകുന്ന സാമൂഹിക പരിസരങ്ങളില്‍ ‘അരുതെ’ന്നു പറയാനുള്ള ആര്‍ജവവും ‘അരുതാത്തതില്‍ നിന്ന് മനസ്സിനെ കാത്തുകൊള്ളേണേ’ എന്ന് പ്രാര്‍ഥിക്കാനുള്ള സാത്വികതയും കൈവരിക്കുമ്പോഴാണ് വ്രതം വിശ്വാസിയില്‍ പരിവര്‍ത്തനമുണ്ടാക്കുന്നത്.
വ്രതചൈതന്യം വീടുകളില്‍
അന്നപാനീയങ്ങള്‍ നമ്മുടെ കൈയെത്തും ദൂരത്തുണ്ട്. നമ്മുടെ ശരീരത്തിന് അത് ആവശ്യവുമുണ്ട്. മനസ്സ് അത് ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ, വ്രതനാളില്‍ ശരീരത്തെ മനസ്സ് പരുവപ്പെടുത്തുകയാണ് ചെയ്യുന്നത്. ക്ഷമയും സംയമനവും വീടുകളില്‍ നിന്ന് വിശ്വാസി ശീലിച്ചുതുടങ്ങുന്നു. മനുഷ്യന് ശരീരം വാഹനവും മനസ്സ് യാത്രികനുമാണെന്ന് ഇമാം ഗസ്സാലി പറഞ്ഞിട്ടുണ്ട്. ആ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നതിലൂടെ മാത്രമേ മനുഷ്യന്‍ ഉദാത്തനാകുന്നുള്ളൂ.
ആത്മനിയന്ത്രണത്തിന്റെ ആദ്യപാഠങ്ങള്‍ നോമ്പിലൂടെ വീടുകളില്‍ നിന്ന് ശീലിച്ചുതുടങ്ങുമ്പോള്‍ വ്രതചൈതന്യം കുടുംബത്തിലേക്ക് പരക്കുന്നു. ഉണ്ണാനും ഉറങ്ങാനും ഉല്ലസിക്കാനും മാത്രമുള്ള ഇടമല്ല നമ്മുടെ വീടുകള്‍. ബന്ധത്തിന്റെ സുഗന്ധവും സുരക്ഷിതത്വത്തിന്റെ ശീലങ്ങളും നന്മയുടെ പാഠങ്ങളും നുകരാനും പകരാനും അവസരമൊരുക്കുന്ന ഇടങ്ങളാണത്. ജീവിച്ചിരിക്കുന്നവരുടെ വാസസ്ഥലങ്ങളെയാണ് വീട് എന്ന് നാം വിളിക്കുന്നത്. എന്നാല്‍ മരിച്ചവര്‍ക്കുള്ള കല്ലറകള്‍ക്ക് തുല്യമായി വീടുകള്‍ മാറിപ്പോകുന്നുണ്ട്. കേവലം താമസവും ആളനക്കവും കൊണ്ട് വീട് ജീവസ്സുറ്റതായി മാറുന്നുണ്ടോ? പുകയില്ലാത്ത അടുപ്പുകളും കലഹിക്കാത്ത പാത്രങ്ങളും ശബ്ദശല്യമില്ലാത്ത ഉപകരണങ്ങളും വീടിനെ ശാന്തിജന്യമായ ഒരിടമായി മാറ്റുന്നുണ്ടോ? സൗകര്യങ്ങളുടെ സമൃദ്ധിയിലും സമാധാനം കിട്ടാക്കനിയായി മാറുന്നതിന്റെ കാരണമെന്താണ്? നന്മയുടെ ശിക്ഷണശാലകളാവേണ്ട വീടകങ്ങളില്‍ ദൈവസ്മരണയില്‍ അധിഷ്ഠിതമായ ജീവിതത്തിന്റെ അഭാവമുണ്ടാകുമ്പോഴാണ്. നബി(സ)യുടെ ഈ ഉപദേശം നാമെപ്പോഴും ഓര്‍ക്കേണ്ടതായിട്ടുണ്ട്.
”നിങ്ങളുടെ വീടുകളെ ശ്മശാനഭൂമിയാക്കരുത്. സൂറത്തുല്‍ ബഖറ പാരായണം ചെയ്യപ്പെടുന്ന വീടുകളില്‍ പിശാചിന് പ്രവേശനമുണ്ടായിരിക്കില്ല” (സ്വഹീഹ് 6:28). വീടിന്റെ വലുപ്പം കൂടും തോറും മനസ്സ് സങ്കുചിതവും ജീവിതം ഞെരുക്കമുള്ളതുമാവാതിരിക്കാന്‍ ഹൃദയങ്ങളിലേക്ക് സന്മാര്‍ഗത്തിന്റെ പ്രഭ പരത്തുകയാണ് വേണ്ടത്. പ്രാര്‍ഥന, ഖുര്‍ആന്‍ പാരായണം, ഇസ്‌ലാമിക വിഷയങ്ങളിലുള്ള പഠനം എന്നിവ കൊണ്ട് വ്രതനാളുകളെ വിശ്വാസികള്‍ ചൈതന്യവത്താക്കുന്നു. വീടകങ്ങളെ ദൈവിക വെളിച്ചം പ്രസരിക്കുന്ന ഇടങ്ങളാക്കി മാറ്റാനുള്ള ഗൗരവപൂര്‍ണമായ ശ്രമങ്ങളാണ് വിശുദ്ധ റമദാനില്‍ ഉണ്ടാകേണ്ടത്. ‘ഫര്‍ദ്’ ഒഴികെയുള്ള നമസ്‌കാരങ്ങള്‍ വീടുകളില്‍ നമസ്‌കരിക്കാന്‍ സഹാബികള്‍ ശ്രദ്ധിക്കുകയും നബി(സ) അതിന് അനുവാദം കൊടുക്കുകയും ചെയ്തിരുന്നു.

മഹ്മൂദ് ബ്‌നു റബീഅ്(റ) നിവേദനം: ഉസ്മാനുബ്‌നു മാലിക്(റ) പ്രവാചക സന്നിധിയില്‍ വന്നു പറഞ്ഞു: ”പ്രവാചകരേ, എനിക്ക് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ ജനത്തിന് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് ഞാനാണ്. മഴയാകുമ്പോള്‍ എനിക്കും അവര്‍ക്കുമിടയില്‍ താഴ്വരയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നു. ആ സമയത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ എനിക്ക് അവരുടെ പള്ളിയിലേക്ക് പോകാന്‍ കഴിയുന്നില്ല. അങ്ങ് എന്റെ വീട്ടില്‍ വന്ന് നമസ്‌കരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ എനിക്കത് പ്രാര്‍ഥനാകേന്ദ്രമാക്കാമല്ലോ.” ഉസ്മാന്‍(റ) പറഞ്ഞു: ”അടുത്ത പ്രഭാതത്തില്‍ പ്രവാചകനും അബൂബക്കറും വന്നു. പ്രവാചകന്‍ പ്രവേശനാനുമതി ചോദിച്ചു. പ്രവേശനം കൊടുത്തു വീട്ടില്‍ പ്രവേശിക്കുന്നതുവരെ അവിടന്ന് ഇരുന്നില്ല. താങ്കളുടെ വീട്ടില്‍ എവിടെയാണ് ഞാന്‍ നമസ്‌കരിക്കേണ്ടത്? വീടിന്റെ ഒരു മൂല കാണിച്ചുകൊടുത്തു. പ്രവാചകന്‍(സ) എഴുന്നേറ്റ് തക്ബീര്‍ ചൊല്ലി. ഞങ്ങള്‍ അവിടത്തെ പിറകില്‍ വരികെട്ടിനിന്നു. അവിടന്ന് രണ്ട് റക്അത്ത് നമസ്‌കരിച്ചു. എന്നിട്ട് സലാം ചൊല്ലി നമസ്‌കാരം പൂര്‍ത്തീകരിച്ചു” (ബുഖാരി).
പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും വീടകങ്ങളില്‍ ദൈവസ്മരണ നിലനിര്‍ത്തുന്ന ഘടകങ്ങളാണ്. അതേസമയം വ്രതനാളുകളിലുള്ള അത്താഴവും ഇഫ്താറും പരസ്പരമുള്ള പങ്കുവെക്കലുകളും സാമൂഹികതയുടെയും സഹകരണത്തിന്റെയും സമുന്നത പാഠങ്ങള്‍ പ്രയോഗവത്കരിക്കാനുള്ള പരിശീലനങ്ങള്‍ കൂടിയാകുന്നു. സമൂഹനിര്‍മാണത്തിന്റെ ആദ്യപടവായ വീടകങ്ങളില്‍ നിന്ന് ലഭിക്കുന്ന ശിക്ഷണം പാരസ്പര്യത്തിന്റെയും സ്‌നേഹവായ്പിന്റെയും ദൃഢമായ ബന്ധങ്ങള്‍ക്ക് ബീജാവാപം നല്‍കുകയും ചെയ്യുന്നു.
വ്രതശുദ്ധി കുടുംബങ്ങളില്‍
കുടുംബമാണ് ജീവിതത്തിന്റെ പ്രഥമ പാഠശാല. കുടുംബത്തിനുള്ളില്‍ നിന്നാണ് ഭാവിജീവിതത്തിന്റെ വിശാലവീഥികളിലേക്കുള്ള അറിവും അനുഭവവും മനുഷ്യന്‍ നേടിത്തുടങ്ങുന്നത്. നമ്മുടെ വീടുകള്‍ ആഡംബരങ്ങള്‍ നിറഞ്ഞ കെട്ടിടങ്ങളാകാതെ, നന്മയും സ്‌നേഹവും കാരുണ്യവും സമാധാനവും മനോഹരമായി പൂത്തുലയുന്ന ഇടങ്ങളാവണം. പുതിയ കാലത്ത് കുടുംബ സംവിധാനത്തെ തിരസ്‌കരിക്കുന്ന, കുടുംബബന്ധത്തെ ശിഥിലമാക്കുന്ന ചിന്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര ലൈംഗികത, സ്ത്രീവാദം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കുടുംബഘടനയുടെ ആവശ്യത്തെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യുന്നു. ഇവിടെ കുടുംബത്തിന്റെ വിശുദ്ധിയും സദാചാരാടിത്തറ കെട്ടിപ്പടുക്കുന്നതില്‍ കുടുംബത്തിന്റെ പങ്കും നാം വിസ്മരിക്കരുത്.
ഇവിടെ വ്രതകാലം ജീവിതത്തെത്തന്നെ മാറ്റിപ്പണിയുമ്പോള്‍ കുടുംബത്തിനകത്ത് വ്രതത്തിന്റെ സദ്ഫലങ്ങള്‍ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്. ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും ഉപഭോഗത്തിന്റെയും അരങ്ങായി വീടുകള്‍ മാറാതെ മിതത്വവും ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരവും ഉണ്ടാക്കാന്‍ കുടുംബിനികളാണ് മുന്‍കൈയെടുക്കേണ്ടത്.
റമദാനല്ലേ വരുന്നത്, ചെലവ് കൂടും എന്നു പറയുന്ന ധനതത്വശാസ്ത്രമാണ് നമ്മുടെ ബോധമണ്ഡലത്തെ സ്വാധീനിക്കുന്നത് എങ്കില്‍ നോമ്പ് നല്‍കുന്ന ആത്മീയതക്ക് ബലക്ഷയം സംഭവിക്കുന്നുണ്ടോ എന്ന് ആത്മവിചാരണ നടത്തണം. വിശിഷ്ട ഭക്ഷണങ്ങളുടെ റമദാന്‍ സ്‌പെഷ്യല്‍ മെനു തയ്യാറാക്കി തീന്മേശകളെ സമ്പന്നമാക്കുമ്പോള്‍ അമിതവ്യയത്തിന്റെയും അമിതഭോജനത്തിന്റെയും ജീവിതശൈലിയിലേക്കാണ് നീങ്ങിപ്പോകുന്നത്. വിശപ്പിന്റെ രുചിയറിഞ്ഞ് വിശുദ്ധി വീണ്ടെടുക്കാനുള്ള വ്രതനാളുകളില്‍ സമയവും സമ്പത്തും അല്ലാഹുവിന് അനിഷ്ടകരമാവുന്ന വിധം വിനിയോഗിക്കുന്നതാകട്ടെ ഇഫ്താര്‍ വിരുന്നുകളുടെ പേരിലാണ് താനും. നോമ്പ് എന്ന ആരാധനയില്‍ നിന്നുള്ള വിരമിക്കലാണ് ഇഫ്താര്‍. ആരാധനാപ്രധാനമായ രീതിയും ശൈലിയുമാണ് ഇഫ്താറിലെ ഭക്ഷണത്തിലും വിശ്വാസികള്‍ പാലിക്കേണ്ടത്.
‘അല്ലാഹുവേ, നിനക്കായി ഞാന്‍ വ്രതമനുഷ്ഠിച്ചു. നിന്റെ ഭക്ഷണം കഴിച്ച് ഞാനത് അവസാനിപ്പിക്കുകയും ചെയ്യുന്നു’ എന്ന പ്രാര്‍ഥനയാണ് നോമ്പ് തുറക്കുമ്പോള്‍ വിശ്വാസി ഉരുവിടുന്നത്. പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ നോമ്പ് തുറക്കുന്ന വിശ്വാസിയില്‍ നന്ദിബോധവും ദൈവസ്മരണയുമാണ് പച്ചപിടിച്ചുനില്‍ക്കുന്നത്.
ആരാധനയും പ്രാര്‍ഥനയും ഗുണകാംക്ഷയും സാമൂഹികതയും മിതത്വവും എല്ലാം ഉള്‍ച്ചേരുന്ന നോമ്പിന്റെ സദ്ഫലങ്ങള്‍ കളഞ്ഞുകുളിക്കുന്ന വിധം ഇഫ്താര്‍ വിരുന്നുകള്‍ ആഡംബരത്തിനും പൊങ്ങച്ചത്തിനും വഴിമാറരുത്. വ്രതത്തിന്റെ വിശുദ്ധി നിലനിര്‍ത്താനുള്ള കരുതല്‍ നമ്മുടെ കുടുംബബജറ്റിലും ഭക്ഷണരീതിയിലും അതിഥി സല്‍ക്കാരങ്ങളിലും സാമ്പത്തിക ആസൂത്രണത്തിലും നിഴലിച്ചുകാണണം. പുരുഷനും സ്ത്രീക്കും ഒക്കെ ഗൃഹഭരണത്തില്‍ ഉത്തരവാദിത്തമുള്ളതിനാല്‍ പരസ്പരം സഹകരണത്തിലൂടെ വ്രതനാളുകളെ ആത്മാവിന്റെ ആഹ്ലാദവേളയാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ നമുക്കത് പ്രാപ്തി നേടിത്തരികയും ചെയ്യും. വീടകങ്ങളില്‍ തന്നെ ഒന്നിച്ചിരിക്കാനുള്ള സമയവും സാഹചര്യവും നഷ്ടപ്പെടുത്തിക്കളയുന്ന വിധം ജീവിതത്തിലെ തിരക്ക് പുതിയ കാലത്ത് നമുക്ക് കൂടുന്നു. എന്നാല്‍ റമദാനിലെ പകലിരവുകള്‍ക്ക് ഇഫ്താറിലൂടെ സായൂജ്യം കണ്ടെത്തുന്ന നമ്മുടെ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന രീതി കൂടി സ്വീകരിച്ചാല്‍ അത് ഹൃദയബന്ധത്തെ ഊട്ടിയുറപ്പിക്കും.
ഒരാള്‍ വന്ന് നബിയോട് ഇങ്ങനെ പരിഭവം പറഞ്ഞു: ”ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് വയറ് നിറയുന്നില്ല.” തിരുമേനി പറഞ്ഞു: ”നിങ്ങള്‍ വേറിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും അല്ലാഹുവിന്റെ നാമം (ബിസ്മി) പറയുകയും ചെയ്യുവിന്‍. എന്നാല്‍ നിങ്ങള്‍ക്ക് ബര്‍കത്ത് (അനുഗ്രഹമുണ്ടാവും)” (അബീദാവൂദ് 5:588).
കുടുംബത്തിനകത്ത് വ്രതത്തിന്റെ വിശുദ്ധി നിലനിര്‍ത്തുമ്പോള്‍ മാത്രമാണ് റമദാന്‍ ചൈതന്യവത്തായിത്തീരുന്നത്.
ഹൃദയവസന്തമാകേണ്ട
ഖുര്‍ആന്‍

റമദാനിനെക്കുറിച്ചുള്ള ഖുര്‍ആനിന്റെ വിവരണം ആരംഭിക്കുന്നതുതന്നെ ഖുര്‍ആന്റെ അവതരണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് (2:185). ഖുര്‍ആന്റെ ആശയങ്ങള്‍ക്ക് മാത്രമല്ല, അതിന്റെ സ്വരവീചികള്‍ക്കു പോലും മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള മാസ്മരിക ശക്തിയുണ്ട്. ഖുര്‍ആന്‍ വചനങ്ങള്‍ കേട്ട മാത്രയില്‍ തന്നെ നബിയുടെ അനുചരര്‍ അത് ഹൃദിസ്ഥമാക്കി. ശത്രുക്കള്‍ ഖുര്‍ആനിന്റെ വശ്യത ഏറെ ഭയത്തോടെ നോക്കിക്കണ്ടു. ഇസ്‌ലാമിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഈ വശ്യസുന്ദര ഗ്രന്ഥത്തെ ആരും കേള്‍ക്കാതിരിക്കാന്‍ പരമാവധി അവര്‍ ശ്രമിച്ചു. ഭാഷാ-സാഹിത്യ-വൈജ്ഞാനിക രംഗത്തൊക്കെ അമാനുഷിക ഗ്രന്ഥമായി കാലദേശാതിര്‍ത്തികളെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ അവതരണ മാസമാണ് റമദാന്‍. പുണ്യ റമദാനിനെ നാം കൂടുതല്‍ ചൈതന്യവത്താക്കേണ്ടത് ഖുര്‍ആനുമായുള്ള ഹൃദയബന്ധം നിലനിര്‍ത്തിക്കൊണ്ടാണ്. റമദാന്‍ മാസത്തിലെ ഓരോ രാത്രിയിലും ജിബ്‌രീല്‍(അ) നബി(സ)യെ അഭിമുഖീകരിക്കുകയും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു (സ്വഹീഹുല്‍ ബുഖാരി 3554) എന്ന് പ്രവാചക വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. ജീവിതത്തിന്റെ അതിവേഗത്തില്‍ ഓര്‍മകള്‍ക്കു മീതെ മറവി വന്നുമൂടുമ്പോള്‍ ദൈവിക വചനങ്ങളുടെ സാരാംശം ഹൃദയത്തില്‍ സൂക്ഷിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാവുന്ന സന്ദര്‍ഭം കൂടിയാണ് റമദാന്‍. നന്മയുടെ വസന്തം തീര്‍ക്കുന്ന പുണ്യ റമദാനില്‍ ഖുര്‍ആനുമായുള്ള വിശ്വാസിയുടെ ഇഴപിരിയാത്ത ബന്ധത്തില്‍ അഞ്ച് ഊന്നലുകള്‍ വേണമെന്ന് ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നു. അവ പാലിച്ച് ഖുര്‍ആനുമായുള്ള ബന്ധം നിലനിര്‍ത്തിയാല്‍ മാത്രമാണ് വിശ്വാസിയുടെ ജീവിതത്തില്‍ ഖുര്‍ആന്‍ സ്വാധീനിക്കുന്നത്:
1. ദൈവിക വചനങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കല്‍ (ഇസ്തിമാഅ് 7: 204).
2. അവധാനതയോടെ, നിയമപ്രകാരം പാരായണം ചെയ്യല്‍ (തിലാവത്ത് 35:29).
3. ദൈവിക സൂക്തങ്ങളെ ഹൃദയത്തില്‍ സൂക്ഷിക്കല്‍ (ഹിഫ്‌ള് 15:9).
4. ദൈവിക വചനങ്ങളിലെ ഓരോന്നിനെക്കുറിച്ചുമുള്ള അഗാധ ചിന്ത (തദബ്ബുര്‍ 4: 82).
5. മനുഷ്യന്റെ ഇഹപര നേട്ടങ്ങള്‍ക്കുള്ള നിദാനം എന്ന നിലയ്ക്ക് ദൈവിക വചനങ്ങളെ അനുസരിക്കുകയും അതു പ്രകാരം പ്രവര്‍ത്തിക്കലും (അമല്‍ 3:32).
ഇത്രമേല്‍ ഹൃദ്യമായ ബന്ധം വിശുദ്ധ ഖുര്‍ആനുമായി വിശ്വാസികള്‍ക്ക് നിലനിര്‍ത്താന്‍ ഏറ്റവും അനുഗുണമായ അവസരമാണ് വിശുദ്ധ റമദാന്‍. കൈയിലുള്ള മൊബൈലിലെ വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തി പിഞ്ചുകുട്ടികള്‍ക്കു വരെ ഖുര്‍ആന്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഇന്ന് സുലഭമാണ്. അത് യഥാവിധി പ്രയോജനപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടുന്നുവെന്നതാണ് ഖേദകരം.
പാപവിമുക്തിക്കുള്ള
സുവര്‍ണാവസരം

വിശുദ്ധ റമദാനിലെ രാപകലുകള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രാര്‍ഥനകള്‍ കൊണ്ട് ഏറെ ധന്യത ലഭിക്കുന്ന വേളകളാണ്. പ്രാര്‍ഥനകള്‍ മുഴുക്കെ പാപപരിഹാരത്തിനുള്ള അര്‍ഥനകളാണ്. സ്വര്‍ഗപ്രവേശനത്തിനായി റബ്ബിനോട് തേടുകയും സത്കര്‍മങ്ങള്‍ക്ക് അത്യുത്സാഹം കാണിക്കുകയും ചെയ്യുന്ന വിശ്വാസിയുടെ മുമ്പില്‍ പ്രതീക്ഷയായി തൗബയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന റമദാനിലെ രാപകലുകളെ പ്രയോജനപ്പെടുത്താത്തവര്‍ ഹതഭാഗ്യരും ശിക്ഷാര്‍ഹരുമായിരിക്കുമെന്ന് റസൂല്‍(സ) ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
പാപമോചനത്തിനായി വിശ്വാസികള്‍ പതിവാക്കേണ്ട അനുഷ്ഠാന മാതൃകയാണ് തൗബ. തെറ്റുകുറ്റങ്ങള്‍ ആവര്‍ത്തിക്കാനുള്ള അവസരമോ സ്വാതന്ത്ര്യമോ അല്ല തൗബ നല്‍കുന്നത്. തെറ്റുകളില്‍ ഉറച്ചുനില്‍ക്കാതെ, ഖേദിക്കുന്ന മനസ്സോടെ ആദിമ വിശുദ്ധി വീണ്ടെടുക്കാനുള്ള പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനവും പ്രാര്‍ഥനയും ഉള്‍ച്ചേര്‍ന്നതാണ് തൗബ. പശ്ചാത്താപമനസ്സോടെ റബ്ബിലേക്കുള്ള മടക്കം പുണ്യകരമായ സല്‍പ്രവൃത്തി മാത്രമല്ല, അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടതുമാണത്. വിശുദ്ധ റമദാനില്‍ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും കൂടി രാത്രിനമസ്‌കാരം നിര്‍വഹിക്കുന്നതായാല്‍ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) വിശ്വാസികള്‍ക്ക് സുവാര്‍ത്ത അറിയിക്കുന്നുണ്ട് (ബുഖാരി).
നമസ്‌കാരം എന്ന ആരാധനയിലെ പ്രാര്‍ഥനകള്‍ തന്നെ പാപമോചനത്തിനായുള്ള അര്‍ഥനയാണ്. അതിന് പ്രതിഫലമായി റബ്ബ് വാഗ്ദാനം ചെയ്യുന്നതാകട്ടെ പാപമുക്തി നല്‍കി വിജയികളില്‍ ഉള്‍പ്പെടുത്താമെന്നതാണ്. റബ്ബിന്റെ അതിരറ്റ കാരുണ്യത്തിന്റെ ഏറ്റവും വലിയ നിദര്‍ശനം തന്നെയാണ് ‘മാപ്പിരക്കുന്നവര്‍ക്ക് പാപങ്ങള്‍ പൊറുത്തുതരാം’ എന്ന വാഗ്ദാനം. പരമകാരുണികനായ പ്രപഞ്ച സ്രഷ്ട്രാവ് ഒരിക്കലും അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല. സ്രഷ്ടാവിന്റെ അതിമഹത്തായ കാരുണ്യത്തിന്റെ കരവലയത്തില്‍ നാം ഉള്‍പ്പെടാന്‍ സൃഷ്ടികളോട് കരുണ കാണിക്കുകയും അവര്‍ക്ക് മാപ്പും വിട്ടുവീഴ്ചയും ചെയ്തുകൊടുക്കുകയും വേണമെന്ന് ഖുര്‍ആന്‍ (24: 22) തന്നെ നമ്മെ പഠിപ്പിക്കുന്നു. പാപങ്ങള്‍ കഴുകിക്കളഞ്ഞ് ഹൃദയവിശുദ്ധി വീണ്ടെടുക്കാനുള്ള റമദാനിലെ സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ നാം ജാഗ്രത്താവുക. വിശേഷിച്ചും നിര്‍ണയത്തിന്റെ രാത്രി ഉള്‍പ്പെട്ട അവസാനത്തെ പത്ത് .
പള്ളികളില്‍ ഉപാസന
സ്രഷ്ടാവിനും സൃഷ്ടികള്‍ക്കും ഇടയില്‍ പങ്കുവെക്കപ്പെടുന്ന സ്വകാര്യ അനുഭൂതിയുടെ വിശേഷങ്ങളുള്ള ആരാധനയാണ് വ്രതം. റമദാനിലെ ആഹ്ലാദാരവങ്ങള്‍ മുഴങ്ങുന്നത് ഹൃദയത്തിലാണ്. റബ്ബിനോട് മാത്രം വെളിപ്പെടുത്താവുന്ന ആത്മരഹസ്യങ്ങള്‍ പ്രാര്‍ഥനയിലൂടെ തുറന്നുവെക്കാന്‍ ദൈവിക ഭവനങ്ങളുമായി നിരന്തര ബന്ധം വിശ്വാസികള്‍ക്കുണ്ടാവുന്നത് റമദാനിലാണ്. വിശേഷിച്ചും റമദാനിലെ അവസാനത്തെ പത്തില്‍ ദൈവിക ഭവനങ്ങളില്‍ വിരുന്ന് പാര്‍ക്കുന്നവരായി (ഭജനമിരിക്കുന്നവരായി) വിശ്വാസികള്‍ ഐഹിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് വിട്ടകന്നുനില്‍ക്കുമ്പോള്‍ ആത്മീയാനുഭവ തീവ്രതയിലേക്ക് ആനയിക്കപ്പെടുന്നു.
റമദാനില്‍ വിശ്വാസികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറെ പ്രബലമായ സുന്നത്താണ് ഇഅ്തികാഫ്. പ്രവാചക പത്‌നി ആയിശ(റ)യില്‍ നിന്നു നിവേദനം: ”ഇഹലോകവാസം വെടിയും വരെ അവസാനത്തെ പത്തില്‍ നബി(സ) ഇഅ്തികാഫ് ഇരിക്കുമായിരുന്നു. പിന്നീട് അവിടത്തെ കാലശേഷം അവിടത്തെ പത്‌നിമാരും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു” ( മുസ്‌ലിം 1172). ഏകാന്തനായി ആരാധനയോടുകൂടി അല്ലാഹുവിലേക്ക് മടങ്ങാന്‍ മനസ്സിനെ കേന്ദ്രീകരിക്കുകയും സൃഷ്ടികളുമായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞിരിക്കുകയും ചെയ്യുക എന്നതാണ് ഇഅ്തികാഫിന്റെ പൊരുള്‍. വിശുദ്ധ റമദാനിലെ അവസാന പത്തിലേക്ക് പ്രവേശിച്ചാല്‍ ആരാധനയുടെ കാര്യത്തില്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആവേശവും ജാഗ്രതയും ഉത്സാഹവും നബി(സ) കാണിച്ചിരുന്നുവെന്ന് പത്‌നി ആയിശ(റ) പറഞ്ഞുതരുന്നുണ്ട്.
രാത്രി നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പള്ളികളില്‍ ഭജനമിരിക്കല്‍, പശ്ചാത്താപം തുടങ്ങിയ ആരാധനാപ്രധാനമായ കാര്യങ്ങളിലെല്ലാം വീട്ടുകാര്‍ കൂടി പങ്കാളികളാവുമ്പോള്‍ മാത്രമേ കുടുംബജീവിതത്തില്‍ കൂടി റമദാനിന്റെ ചൈതന്യം നിലനിര്‍ത്താനാവുകയുള്ളൂ. പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ പ്രവാചകന്റെ കൂടെ പത്‌നിമാരുടെ സാന്നിധ്യവും ഉണ്ടാകാറുണ്ടായിരുന്നു.
പ്രതീക്ഷയോടെ നിര്‍ണയ രാവില്‍
അല്ലാഹുവിന്റെ അനുഗ്രഹ വചസ്സുകള്‍ മനുഷ്യരിലേക്കിറങ്ങിത്തുടങ്ങിയ പുണ്യ രാവ്. വിശുദ്ധ ഖുര്‍ആനില്‍ ‘നിര്‍ണയ രാവ്’ (ലൈലത്തുല്‍ ഖദ്ര്‍) എന്ന് വിശേഷിപ്പിച്ച ഈ പുണ്യരാത്രിയുടെ പവിത്രത വ്യക്തമാക്കിത്തരാന്‍ പടച്ച റബ്ബ് 97-ാം അധ്യായം പൂര്‍ണമായും വിനിയോഗിച്ചു. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ആ പുണ്യരാത്രി റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ പ്രതീക്ഷിക്കാനാണ് നബി(സ) നമ്മെ പഠിപ്പിച്ചത്. വിശ്വാസികളുടെ നിതാന്ത ജാഗ്രതയും നന്മകളിലുള്ള അത്യുത്സാഹവും പ്രതീക്ഷയോടെയുള്ള പ്രാര്‍ഥനകളും നിറഞ്ഞുനില്‍ക്കുന്ന ധന്യവേളകളാണ് റമദാനിലെ അവസാന പത്ത്. ജീവിതനന്മയ്ക്കായി വിശ്വാസികള്‍ രാത്രി ഉണര്‍ന്നിരുന്ന് റബ്ബിനോട് തേടുകയും ആരാധനകളില്‍ മുഴുകുകയും ചെയ്യേണ്ടതുണ്ട്.
‘പാപമോചനത്തിനു ചോദിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ, പൊറുത്തുകൊടുക്കാം’ എന്ന കരുണാവാരിധിയായ റബ്ബിന്റെ വാഗ്ദാനമാണ് നിര്‍ണയരാവില്‍ പ്രതീക്ഷാപൂര്‍വമായ അന്ത്യയാമങ്ങള്‍ വരെ ആരാധനാനിരതരാവാന്‍ വിശ്വാസികള്‍ക്ക് പ്രേരണ.
”അല്ലാഹുവേ, നീ മാപ്പ് നല്‍കുന്നവനാണ്. നീ മാപ്പിനെ ഇഷ്ടപ്പെടുന്നു. നീ എനിക്ക് മാപ്പ് നല്‍കേണമേ” എന്ന് മനമുരുകി പ്രാര്‍ഥിക്കുന്ന വിശ്വാസി ഈ പുണ്യരാവിന്റെ പവിത്രത കൊണ്ട് പാപക്കറകള്‍ കഴുകി പുതിയ ജീവിതവഴിയിലേക്ക് വരികയാണ്. നന്മകള്‍ വിളയുന്ന, പുണ്യങ്ങള്‍ പൂക്കുന്ന, സുകൃതങ്ങളുടെ വസന്തം വിരിയുന്ന വിശുദ്ധ റമദാനിലെ അവസാനത്തെ പത്തില്‍ നിര്‍ണയ രാവിന്റെ മഹത്വം നേടാന്‍ നമുക്ക് കഴിയാതെ പോയാല്‍ ഒരായുസ്സിലെ വലിയ നഷ്ടമായിത്തീരും, തീര്‍ച്ച. അതുകൊണ്ട് ആ പുണ്യം നേടിയെടുക്കാന്‍ നാം ജാഗ്രത്താവുക.
സാഹോദര്യത്തിന്റെ
ജീവിതസൗന്ദര്യം

ഇസ്‌ലാമിലെ ആരാധനകളുടെയെല്ലാം അകക്കാമ്പ് തഖ്‌വ നേടുക എന്നതാണ്. ആരാധനകളിലൂടെ വ്യക്തി നേടുന്ന ജീവിതവിശുദ്ധി സമൂഹത്തിലെ ഓരോ അംഗങ്ങളുമായുള്ള ബന്ധത്തിലും അഴകാര്‍ന്ന അടുപ്പമായി പ്രതിഫലിക്കുന്നു. സമൂഹസംവിധാനത്തിന്റെ ഇസ്‌ലാമിക മാതൃകയില്‍ പരസ്പര ബന്ധത്തിന്റെ ശക്തിക്കും സൗന്ദര്യത്തിനും ഉതകുന്ന ഘടകങ്ങളാണ് നിര്‍ബന്ധ ദാനമായ സകാത്തും മറ്റ് ദാനധര്‍മങ്ങളും. റമദാനിലെ പുണ്യപ്രവൃത്തികളില്‍ പ്രധാനമായി പ്രവാചകന്‍(സ) ഇത് പഠിപ്പിച്ചിരിക്കുന്നു. വിശപ്പ്, ദാരിദ്ര്യം, രോഗം, പാര്‍പ്പിടമില്ലായ്മ, മര്‍ദനം, തൊഴിലില്ലായ്മ തുടങ്ങി അസംഖ്യം വിഷമതകള്‍ക്ക് കീഴില്‍ ജീവിക്കുന്ന സാധുമനുഷ്യരുടെ പ്രശ്‌നപരിഹാരത്തിന് വ്യവസ്ഥ ചെയ്യുന്ന കര്‍മ പദ്ധതിയാണ് ദാനധര്‍മങ്ങള്‍. നിര്‍ബന്ധിത ദാനം (സകാത്ത്) എന്നത് നിര്‍ണിത വരുമാനപരിധി എത്തിയാല്‍ സമയനിഷ്ഠയോടെ വിശ്വാസികള്‍ അവകാശികള്‍ക്ക് നല്‍കുന്ന സമ്പത്തിന്റെ വിഹിതമാണ്. നമസ്‌കാരവും നോമ്പും പോലെ വിശ്വാസികള്‍ നിര്‍വഹിക്കേണ്ട നിര്‍ബന്ധ ആരാധനയായ സകാത്ത് ധനമുള്ളവന്റെ ഔദാര്യമല്ല, ദരിദ്രന്റെ അവകാശമാണ്. വ്രതാനുഷ്ഠാനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന വിശ്വാസികള്‍ പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹപാഠങ്ങളാണ് റമദാനില്‍ പ്രയോഗവത്കരിക്കാന്‍ ശ്രമിക്കുന്നത്. നന്മകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട ഈ പുണ്യമാസത്തില്‍ റസൂല്‍(സ) ആഞ്ഞുവീശുന്ന കാറ്റിനേക്കാള്‍ നന്മയുടെ കാര്യത്തില്‍ ഔദാര്യം കാണിക്കുമായിരുന്നു. ഉദാരത എന്നാല്‍ ഹൃദയവിശാലത കൊണ്ട് പങ്കുവെക്കലിന്റെ വലിയ സാമൂഹികതയുടെ പാഠമാണ് നോമ്പ് നമ്മെ ശീലിപ്പിക്കുന്നത്. അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുക എന്ന ഖുര്‍ആനിന്റെ കല്‍പന ദാനധര്‍മങ്ങളിലൂടെ സാഹോദര്യത്തിന്റെ ജീവിതസൗന്ദര്യം ഇവിടെ പുലരണമെന്ന് പഠിപ്പിക്കുന്നുണ്ട്. നന്മകളില്‍ നിന്ന് യാതൊന്നിനെയും നിസ്സാരമായി കാണരുത്. സഹോദരനെ പുഞ്ചിരിക്കുന്ന മുഖവുമായി കണ്ടുമുട്ടുന്നതു പോലും ധര്‍മമാണെന്ന് നബി പഠിപ്പിച്ചു. ഈ വചനത്തിലൂടെ വിശ്വാസിജീവിതം മുഴുക്കെ കാത്തുസൂക്ഷിക്കേണ്ട ഉദാര സമീപനമാണ് വരച്ചുകാണിക്കുന്നത്. മനസ്സിനെ ലുബ്ധതയില്‍ നിന്ന് മോചിപ്പിച്ച് എല്ലാ നന്മകളും പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള ജീവിതരീതിയാണ് ദാനധര്‍മങ്ങളിലൂടെ വിശ്വാസികള്‍ ജീവിതത്തിന്റെ ഭാഗമായി നിലനിര്‍ത്തുന്നത്. പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന റമദാന്‍ ഇത്തരം സുകൃതങ്ങള്‍ക്ക് സുവര്‍ണാവസരം നല്‍കുന്നു.
റമദാന്‍ വിടവാങ്ങുമ്പോള്‍
വിശ്വാസികള്‍ക്ക് ആത്മീയ ഹര്‍ഷം പ്രദാനം ചെയ്ത വിശുദ്ധ റമദാന്‍ പുണ്യദിനങ്ങള്‍ വിടപറയുമ്പോള്‍ ഉണ്ടാവുന്ന ഹൃദയവികാരം വിവരണാതീതമാണ്. നന്മകളുടെ വാതായനങ്ങള്‍ തുറന്നിട്ട്, പശ്ചാത്താപവിശുദ്ധിയോടെ പുതുജീവിതവഴിയിലേക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കിത്തന്ന, പുണ്യങ്ങള്‍ പൂത്തുലയുന്ന രാപകലുകളിലൂടെ കര്‍മനൈരന്തര്യത്തിന്റെ ജീവിതരീതി ശീലിപ്പിച്ച റമദാന്‍ നമുക്ക് റയ്യാനിലൂടെയുള്ള സ്വര്‍ഗപ്രവേശനം സാധ്യമാക്കട്ടെ. റമദാന്‍ നമ്മെ നന്മയുടെ പാഠങ്ങള്‍ ശീലിപ്പിക്കുകയും തഖ്‌വ പരിശീലിപ്പിക്കുകയും ചെയ്ത് മനസ്സിനെ പാകപ്പെടുത്തിയെങ്കില്‍ ആത്മീയ ചൈതന്യം അടുത്ത റമദാന്‍ വരെ നിലനിര്‍ത്താനുള്ളകരുതലും ജാഗ്രതയുമാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ആണ്ടുതോറും ആവര്‍ത്തിക്കുന്ന ചടങ്ങിന്റെ യാന്ത്രികതയില്‍ ചെയ്തുകൂട്ടുന്നതാവരുത് റമദാനിലെ ആരാധനകള്‍ അടക്കമുള്ള നന്മകള്‍. ശീലിച്ച ആരാധനകള്‍ക്കും നിഷ്ഠകള്‍ക്കും തുടര്‍ച്ചകളുണ്ടാവുമ്പോള്‍ മാത്രമേ റമദാന്‍ തിരിച്ചറിയാനും തിരുത്താനുമുള്ള അവസരം നല്‍കിയെന്ന് പറയാനാവൂ. വിശുദ്ധ ഖുര്‍ആനും നോമ്പും വിശ്വാസികള്‍ക്കു വേണ്ടി അന്ത്യനാളില്‍ ശുപാര്‍ശ പറയുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. റമദാനിലുള്ള വ്രതവും അത് നിര്‍ബന്ധമാക്കാന്‍ കാരണമായിട്ടുള്ള ഖുര്‍ആനിന്റെ അവതരണവും അനന്യമായ ദൈവിക കാരുണ്യത്തിന്റെ അടയാളമാണ്. ജീവിതാന്ത്യം വരെ ആ ദൈവിക കാരുണ്യത്തിന്റെ തണലില്‍ ജീവിക്കാന്‍ നാം പ്രതിജ്ഞ പുതുക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top