LoginRegister

വ്യക്തിസ്വാതന്ത്ര്യവും മതനിരാസവും

മന്‍സൂര്‍ ഒതായി

Feed Back


ഒന്നാം വര്‍ഷ എം എ മലയാളം വിദ്യാര്‍ഥിയാണ് ഷാഹിന. ആറു മാസം മുമ്പ് അവളുടെ നിക്കാഹ് കഴിഞ്ഞു. ഭര്‍ത്താവ് ഷമീര്‍ വിദേശത്ത് ജോലി ചെയ്യുന്നു. ഡിഗ്രി തലം വരെ നല്ല പെരുമാറ്റവും അച്ചടക്കവുമായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. പി ജിക്ക് പുതിയ കോളജില്‍ പഠനം തുടങ്ങിയ ശേഷമാണത്രേ അവളുടെ സ്വഭാവവും പെരുമാറ്റവും ആകെ മാറിയത്. പൂര്‍ണ ഇസ്‌ലാമിക വേഷം ധരിച്ചിരുന്ന അവള്‍ ഇപ്പോള്‍ തലമുടി മറയ്ക്കാതെ നടക്കുന്നു. ആരാധനാകാര്യങ്ങളില്‍ ഒട്ടും താല്‍പര്യമില്ല. എന്തെങ്കിലും ചോദിച്ചാല്‍ എതിര്‍ക്കുകയും ദേഷ്യത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യും. കോളജില്‍ നിന്ന് വൈകിയാണ് വീട്ടിലെത്തുന്നത്. കലാസാഹിത്യ ക്യാമ്പുകള്‍ എന്ന പേരില്‍ ദിവസങ്ങളോളം വീട്ടില്‍ വരാതെ പല സ്ഥലത്തും പോവുന്നു. ഷാഹിനയുടെ ഈ രീതിയിലുള്ള പെരുമാറ്റത്തില്‍ അസംതൃപ്തരാണ് ഭര്‍തൃവീട്ടുകാര്‍.
ഇസ്‌ലാം സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു തടയിടുന്നു എന്നായിരുന്നു ഷാഹിനയുടെ മുഖ്യ വാദം. അതിന് തെളിവ് പറയുന്നത് നാട്ടിലെ പുരുഷകേന്ദ്രീകൃതമായ ചില സംഭവങ്ങളും. വീട്ടിലെ എല്ലാ കാര്യങ്ങളും പുരുഷന്മാര്‍ തീരുമാനിക്കുന്നു. സ്ത്രീകളോട് വളരെ പരുഷമായി പെരുമാറുന്നു. പെണ്‍കുട്ടികളെ ഇഷ്ടം പരിഗണിക്കാതെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍.
‘മുസ്‌ലിംകള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇസ്‌ലാമികമാണെന്നു പറയാമോ’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ‘ആളുകള്‍ അങ്ങനെ മനസ്സിലാക്കില്ല’ എന്നാണ് അവള്‍ മറുപടി പറഞ്ഞത്. മതമെന്നത് പൊതുവെ ആളുകള്‍ക്ക് ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. അതിനപ്പുറം മതവിശ്വാസങ്ങളുടെ ആത്മാവ് പലരും മനസ്സിലാക്കുന്നില്ല.
ഷാഹിന പറഞ്ഞ ഉദാഹരണം തന്നെ വിശകലനം ചെയ്യാം. വീട്ടിലെ കാര്യങ്ങള്‍ ഭാര്യയുമായി കൂടിയാലോചിച്ചും ചര്‍ച്ച ചെയ്തും ചെയ്യണമെന്നാണ് പ്രവാചകചര്യ. ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ മുതല്‍ ഗൗരവമായ പ്രബോധന കാര്യങ്ങള്‍ പോലും റസൂല്‍ (സ) പത്‌നിമാരുമായി കൂടിയാലോചിച്ച് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ചരിത്രപ്രസിദ്ധമായ ഹുദൈബിയാ സന്ധിയില്‍ നബി(സ) അനുചരന്മാരോട് സന്ധി അംഗീകരിച്ച് ഉംറ നിര്‍വഹിക്കാതെ തിരിച്ചുപോവാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസം തോന്നി. ഇക്കാര്യം കൂടെയുള്ള ഭാര്യ ഉമ്മുസലമയോട് പങ്കുവച്ചു. അവര്‍ പറഞ്ഞു: പ്രവാചകരേ, താങ്കള്‍ ആദ്യമായി ബലിമൃഗത്തെ അറുത്ത് തല മുണ്ഡനം ചെയ്യുക. തിരുമേനി അപ്രകാരം ചെയ്തപ്പോള്‍ കൂടെ വന്ന അനുചരന്മാരും അപ്രകാരം ചെയ്യുകയും തിരിച്ചുപോരുകയും ചെയ്തു.
സ്ത്രീകള്‍ക്ക് അസ്തിത്വബോധം നല്‍കി സ്വന്തവും സ്വതന്ത്രവുമായ വ്യക്തിത്വം നല്‍കുകയാണ് ഇസ്‌ലാം ചെയ്തത്. പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും സ്ത്രീകളോട് നല്ല രീതിയില്‍ വര്‍ത്തിക്കണമെന്ന് എടുത്തുപറഞ്ഞു. ”അറിയുക സ്ത്രീകളോട് നന്നായി വര്‍ത്തിക്കുക. അറിയുവിന്‍, സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കുക” (മുസ്‌ലിം).

ഇസ്‌ലാം കുടുംബത്തിന്റെ ഉത്തരവാദിത്വം പുരുഷനെ ഏല്‍പിച്ചത് സ്ത്രീയെ അടക്കിഭരിക്കാനല്ല. സ്‌നേഹവും കരുണയും സുരക്ഷയും സാന്ത്വനവും നല്‍കാനാണ്. സന്തോഷത്തിലും സന്താപത്തിലും കൂടെ നിര്‍ത്തി ജീവിതം മനോഹരമാക്കാനാണ്. വിവരമില്ലാത്ത ചില ആളുകള്‍ ചെയ്യുന്നതൊക്കെ മതത്തിന്റെ പേരില്‍ ചാര്‍ത്തുന്നത് എത്രമാത്രം ദുഃഖകരമാണ്. താങ്കള്‍ പറയുന്നതുപോലെയാണ് കാര്യങ്ങള്‍ എങ്കില്‍ ഞാന്‍ മാറി ചിന്തിക്കാം എന്ന രോഗിയുടെ മറുപടിയോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
തന്റെ സ്വാതന്ത്ര്യത്തില്‍ ആരും ഇടപെടുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അവള്‍ ഭര്‍ത്താവിനോട് തുറന്നുപറഞ്ഞത്രേ. സമ്മതമല്ലെങ്കില്‍ വിവാഹബന്ധം ഒഴിവാകാന്‍ അവള്‍ ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്. റമദാന്‍ മാസമായിട്ട് പോലും നമസ്‌കരിക്കുകയോ നോമ്പെടുക്കുകയോ അവള്‍ ചെയ്യാറില്ലെന്ന് ഉമ്മ സങ്കടപ്പെട്ടു. മകളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ് കുടുംബം.
മതവിശ്വാസവും ധാര്‍മിക ചിന്തയും മനുഷ്യന്റെ സ്വാതന്ത്ര്യം തകര്‍ക്കുന്നു എന്ന തെറ്റായ ധാരണ പണ്ടുമുതലേ പ്രചരിക്കുന്നതാണ്. ആധുനിക മനഃശാസ്ത്ര പ്രകാരം മനുഷ്യന്‍ കേവലം ശാരീരിക ചോദനകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവനല്ല. വിശുദ്ധവും ഉദാത്തവുമായ ഒരു ഭാഗം അവനിലുണ്ട്. ഒരു വ്യക്തി പൂര്‍ണ ആരോഗ്യവാനാകണമെങ്കില്‍ ശാരീരികവും മാനസികവുമായ നല്ല അവസ്ഥ മാത്രം പോരാ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സാമൂഹികവും ആത്മീയവുമായ വശം കൂടി സംതൃപ്തമാവുമ്പോഴാണ് ശരിയായ ആരോഗ്യം വ്യക്തിക്കുണ്ടെന്നു പറയാനാവുക. എന്നാല്‍ സമകാലത്തെ ചില പുരോഗമനക്കാര്‍ ഇച്ഛാനുസൃതം തോന്നിയതെല്ലാം ചെയ്തുകൂട്ടുന്നതാണ് സ്വാതന്ത്ര്യമെന്നാണ് ധരിച്ചിരിക്കുന്നത്.
മനുഷ്യന്റെ ജീവശാസ്ത്രപരമായ വശത്തെ മാത്രമാണ് നവലിബറലുകള്‍ കേന്ദ്രീകരിക്കുന്നത്. വ്യക്തിയുടെ കുടുംബ-സാമൂഹിക തലങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല. അവരുടെ വീക്ഷണത്തില്‍ മാതാപിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, ബന്ധുക്കള്‍, കുടുംബം എല്ലാം ബന്ധനവും ബാധ്യതയുമാണ്. കുടുംബബന്ധങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞ് ഇഷ്ടമുള്ളേടത്തെല്ലാം യാത്ര ചെയ്ത് ഇഷ്ടം തോന്നുന്നവരോടൊത്ത് ഒന്നിച്ചു ജീവിക്കുക, മടുക്കുമ്പോള്‍ വേര്‍പിരിയുക, പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുക. ഇവിടെ സന്തോഷവും ആസ്വാദനവും വ്യക്തിയില്‍ മാത്രം നിക്ഷിപ്തമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ മുമ്പ് പ്രചാരത്തില്‍ ഉണ്ടായിരുന്നതാണ് ഈ ചിന്താഗതി. അതിന്റെ അപകടങ്ങള്‍ നേരിട്ട് അനുഭവിച്ചപ്പോള്‍ ഈ ജീര്‍ണസംസ്‌കാരം വലിച്ചെറിഞ്ഞു അവര്‍. ഇത്തരം മലിനസംസ്‌കാരമാണ് പുരോഗമനത്തിന്റെയും ലിബറലിസത്തിന്റെയുമൊക്കെ വേഷത്തില്‍ നമ്മുടെ കലാലയങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യവും തുറന്ന സൗഹൃദവും കൊതിക്കുന്ന കൗമാര-യൗവനങ്ങളെ മതമൂല്യങ്ങളില്‍ നിന്നു പുറത്തുകൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ‘ഞങ്ങള്‍ ന്യൂജനറേഷന്‍, ഇതൊക്കെ ഞങ്ങളുടെ അവകാശം’ എന്ന കാഴ്ചപ്പാടോടെ എന്ത് അനാശാസ്യവും ലാഘവവത്കരിക്കുന്ന അവസ്ഥയാണുള്ളത്. മതം പറഞ്ഞും സദാചാരം എന്ന് ഓര്‍മിപ്പിച്ചും മാതാപിതാക്കളും സമൂഹവും നിങ്ങളെ തളച്ചിടുന്നു എന്നാണ് ഇവര്‍ മക്കളോട് പറയുന്നത്. ഈ പഴഞ്ചന്‍ വാദങ്ങള്‍ ഉപേക്ഷിച്ച് പുതുവഴികളിലൂടെ സഞ്ചരിക്കൂ എന്ന് യുവതീയുവാക്കളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. രക്ഷിതാക്കള്‍ നിലവിലെ അവസ്ഥ അറിയുകയും ജാഗ്രത പാലിക്കുകയും വേണം.
ജീവിതത്തെക്കുറിച്ചുള്ള വികലമായ വീക്ഷണമാണ് പലരെയും ദൈവനിഷേധികളാക്കി മാറ്റുന്നത്. സ്വന്തം സ്വാതന്ത്ര്യത്തിനും സൗഖ്യത്തിനും മാത്രം പ്രാധാന്യം നല്‍കല്‍ മാനവികതയല്ലല്ലോ. നമ്മുടെ സുഖവും സന്തോഷവും കൂടെയുള്ളവര്‍ക്കുകൂടി അനുഭവിക്കാനാവുമ്പോഴല്ലേ യഥാര്‍ഥ ആനന്ദമുള്ളത്.
സ്വന്തത്തെപ്പോലെ മറ്റുള്ളവര്‍ക്കും സുഖവും സന്തോഷവും ഇഷ്ടപ്പെടുന്നവനാണ് യഥാര്‍ഥ വിശ്വാസി എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്: ”തനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല” (ബുഖാരി).
കുടുംബ സാമൂഹിക വ്യവസ്ഥയിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. നമ്മുടെ സാതന്ത്ര്യവും സന്തോഷവും നന്നേ ചുരുങ്ങിയത് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാവുന്നത് ഒഴിവാക്കാവുന്നതല്ലേ?

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top