LoginRegister

വ്യക്തിയല്ല, കുടുംബമാണ് പ്രധാനം

മുഹ്‌സിന പത്തനാപുരം

Feed Back

എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച
കേരള വിമന്‍സ് സമ്മിറ്റില്‍ നടത്തിയ പ്രഭാഷണം


കരുതലാകണം കുടുംബം. കുടുംബമില്ലാതെ മനുഷ്യരില്ല. ലോക ചരിത്രത്തിന്റെ ആരംഭം തന്നെ കുടുംബത്തില്‍ നിന്നാണ്, അഥവാ ഇണകളായിട്ടാണ് മാനവരാശിയുടെ തുടക്കം. ആദം (അ) സൃഷ്ടിക്കപ്പെട്ടപ്പോള്‍ ‘നീയും നിന്റെ ഇണയും’ എന്നായിരുന്നു റബ്ബിന്റെ കല്‍പന. വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനമനുസരിച്ച് കുടുംബം എന്നത് ബന്ധങ്ങളുമായി ചേര്‍ന്നുകിടക്കുന്നതാണ്.
രണ്ടു തരത്തിലുള്ള ബന്ധങ്ങളെയാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഒന്ന്: രക്തബന്ധം അഥവാ ജന്മബന്ധം. രണ്ട്: സ്ഥാപിത ബന്ധം അഥവാ നിര്‍മിത ബന്ധം. ബന്ധങ്ങളുടെ ഈ രണ്ട് അതിരുകളാണ് മനുഷ്യനെ നിര്‍മിച്ചെടുക്കുന്നത്. കുടുംബം ആരംഭിക്കുന്നത് ജന്മബന്ധത്തിലൂടെയാണെങ്കില്‍ അത് സ്ഥാപിച്ചെടുക്കുന്നത് സ്ഥാപിത ബന്ധത്തിലൂടെയാണ്. മാതാവ്, പിതാവ്, വല്യുമ്മ, വല്യുപ്പ, സഹോദരി, സഹോദരന്‍ എന്നിങ്ങനെയാണ് രക്തബന്ധങ്ങള്‍ ഉണ്ടാകുന്നത്. അതാണ് ജന്മബന്ധം വഴി സ്ഥാപിച്ചെടുക്കുന്ന കുടുംബം.
വിശുദ്ധ ഖുര്‍ആന്‍ സൂറഃ നിസാഇല്‍ അനന്തരാവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ജന്മബന്ധവും സ്ഥാപിതബന്ധവുമായി ഇഴചേര്‍ന്നുനില്‍ക്കുന്നവരാണ് അനന്തരാവകാശത്തിന്റെ ഉടമകള്‍ എന്നാണവിടെ വ്യക്തമാക്കുന്നത്. രക്തബന്ധത്തിന്റെയും സ്ഥാപിതബന്ധത്തിന്റെയും ഞാണുകള്‍ എത്ര പരന്നാണുള്ളതെന്ന് വ്യക്തം. സൂറ നിസാഇലെ 23ാം സൂക്തത്തില്‍ വിവാഹം കഴിക്കാന്‍ പാടില്ലാത്ത ആളുകളെക്കുറിച്ച് പറയുന്നുണ്ട്. സ്ഥാപിതബന്ധത്തില്‍ എന്തൊക്ക ശ്രദ്ധിക്കണം, ആരെയൊക്കെ അനുവദനീയമാണ്, അനുവദനീയമല്ല എന്നെല്ലാം ഇവിടെ വ്യക്തമാക്കുന്നു.
മനുഷ്യന് ജീവിതത്തില്‍ ഔദാര്യമായി കിട്ടുന്നതാണ് ജന്മബന്ധം. ഇതിന്റെ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കുമ്പോഴാണ് യഥാര്‍ഥ കുടുംബബന്ധവും കരുതലും ഉണ്ടാകുന്നത്. മാതാവിന്റെ സ്‌നേഹവും കരുതലും പരിലാളനയും വേണ്ടത്ര കിട്ടാത്ത, ഉപ്പയുടെ വാത്സല്യമില്ലാത്ത ഒരു കുഞ്ഞിന് കുടുംബബന്ധങ്ങളുടെ കരുതലിനുള്ളില്‍ കഴിയാനാകില്ല. ബന്ധങ്ങളിലൂടെ മാത്രമേ ഒരു മനുഷ്യന് യഥാര്‍ഥ മനുഷ്യനാകാന്‍ സാധ്യമാകൂ എന്നതാണ് ജീവശാസ്ത്രപരമായി മനുഷ്യനുള്ള പ്രത്യേകത. മനുഷ്യന്റെ ആന്തരിക-ബാഹ്യ തലത്തിലുള്ള എല്ലാതരം മനോഗതികളുടെയും വികസനം പൂര്‍ണമാകുന്നത് കുടുംബബന്ധത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നാല്‍ മാത്രമാണ്. അമ്മയുടെ കരുതലും സ്‌നേഹവുമില്ലാതെ, കുടുംബത്തിന്റെ പരിലാളനകളും നോട്ടങ്ങളുമില്ലാതെ ഒരു വ്യക്തി പൂര്‍ണനാകുന്നില്ല.
കുടുംബത്തില്‍ നിന്നു കുഞ്ഞിന് കിട്ടേണ്ട കാര്യങ്ങള്‍ കിട്ടാതെ പോയാല്‍ പ്രയാസങ്ങളുണ്ടാകും. മനഃശാസ്ത്രപരമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരു കുഞ്ഞിന്റെ കുടുംബ പശ്ചാത്തലമാണ് നമ്മള്‍ ചികഞ്ഞന്വേഷിക്കുന്നത്. മാതാപിതാക്കളുടെ അലംഭാവമോ അഭാവമോ ആ വീട്ടിലെ അന്തരീക്ഷമോ ആയിരിക്കാം ആ കുഞ്ഞിനെ അത്തരത്തിലാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ, ബന്ധങ്ങളെ പാലിക്കാനും മാനിക്കാനും കഴിയുമ്പോഴാണ് മനുഷ്യന്‍ പ്രാപ്തനാകുന്നത്. ഉമ്മയെ ഉമ്മയായി കാണാനും ഉപ്പയെ ഉപ്പയായി കാണാനും ഭാര്യയെ ഭാര്യയായി കാണാനും ഭര്‍ത്താവിനെ ഭര്‍ത്താവായി കാണാനും മക്കളെ മക്കളായി കാണാനും മനുഷ്യന് സാധിക്കേണ്ടതുണ്ട്. ബന്ധങ്ങളെ പാലിക്കുക എന്നതിനപ്പുറം മാനിക്കുകയാണ് നാം ചെയ്യേണ്ടത്. അത്തരം മാനിക്കലുകളിലൂടെ മാത്രമാണ് മനുഷ്യന്റെ സാമൂഹികമായ എല്ലാ തലങ്ങളും പൂരിപ്പിക്കപ്പെടുന്നത്. ഇല്ലെങ്കില്‍, എവിടെയൊക്കെയോ എന്തൊക്കെയോ ഇല്ലാതായിക്കൊണ്ടിരിക്കും.
ഒരാള്‍ക്ക് അയാളുടെ സ്വബോധവും ഇംഗിതവും ഇല്ലാത്ത കാലഘട്ടത്തിലാണ് ജന്മബന്ധം അഥവാ രക്തബന്ധം ഉണ്ടാകുന്നത്. അവന്‍/ അവള്‍ ആരാണെന്നു പോലും അവന്/ അവള്‍ക്ക് നിര്‍വചിക്കാനോ അറിയാനോ വയ്യാത്ത കാലത്താണ് ഈ ഭൂമിയില്‍ അവന്റെ/ അവളുടെ പിറവി. എന്നാല്‍, അവന്റെ/ അവളുടെ സ്വബോധവും ഇംഗിതവും വേണ്ടത്ര പ്രാപ്തിയിലെത്തുമ്പോഴാണ് അവന്‍/ അവള്‍ സ്ഥാപിതമായ വൈവാഹിക ബന്ധത്തിലേക്ക് തിരിയുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ രക്തബന്ധത്തിന്റെ നിഴലില്‍ നിന്നുകൊണ്ടുതന്നെ അവന്/ അവള്‍ക്ക് തന്റേതായ ഒരു പ്രത്യേക ഇടം ഉണ്ടാക്കിയെടുക്കണം, ഗൗരവകരമായ ഒരു തലത്തിലേക്ക് ജീവിതം മാറേണ്ടതുണ്ട് എന്ന ചിന്ത വരികയാണ്. സ്വകാര്യ ജീവിതം ഉണ്ടാക്കിയെടുക്കണം എന്ന തോന്നല്‍ ഉടലെടുക്കുകയാണ്. ഈ പ്രത്യേക അവസ്ഥയില്‍ അവന് /അവള്‍ക്ക് തങ്ങളുടേതായ ഒരു ലോകം ഉണ്ടാക്കേണ്ടതുണ്ട്. ആ പശ്ചാത്തലത്തില്‍ അവനായാലും അവള്‍ക്കായാലും ഒരു കൂട്ട് വേണം. ആ കൂട്ടിനെയാണ് ‘സൗജ്’ (ഇണ) എന്നു പറയുന്നത്. കൂടെ നില്‍ക്കാന്‍ ഒരു ഇണയായിരിക്കുക എന്നതാണ് ഇതിന്റെ വിവക്ഷ. ഈ ഇണയാണ് സ്ഥാപിത ബന്ധത്തിന്റെ ആദ്യ അണു. ഈ കൂട്ട് തിരഞ്ഞെടുക്കേണ്ടത് ആള്‍ക്ക് സ്വബോധവും ഇംഗിതത്തിനും ചിന്തക്കും സമയവും പ്രാപ്തിയും എത്തുമ്പോഴാണ്. ഈ കൂട്ട് വേണമോ വേണ്ടയോ എന്നുള്ളതാണ് നവയുഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച.
ഈ സ്ഥാപിതബന്ധം വേണം എന്നു പറയുന്നവര്‍ക്കും വേണ്ട എന്ന് പറയുന്നവര്‍ക്കും അതിന്റേതായ ന്യായങ്ങളുണ്ട്. പക്ഷേ, ഇസ്‌ലാമില്‍ സ്ഥാപിതബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മനുഷ്യ ചരിത്രത്തെ പരിചയപ്പെടുത്തിയിട്ടുള്ളു. ആദം നബിയുടെ കാലം മുതല്‍ ഇങ്ങോട്ട് അറിയപ്പെടുന്ന മാനവ കുലങ്ങളുടെയെല്ലാം ചരിത്രവും ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ചരിത്രവും പരിശോധിച്ചാല്‍ ഈ രണ്ട് ബന്ധങ്ങളിലൂടെയാണ് മനുഷ്യനെ പരിചയപ്പെടുത്തുന്നത് എന്ന് കാണാം.
യഥാര്‍ഥത്തില്‍, ഒരാള്‍ ശാരീരികമായും മാനസികമായും വൈവാഹിക ബന്ധത്തിന് പ്രാപ്തി നേടുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. മുഹമ്മദ് നബി(സ) പറഞ്ഞു: ”ആര്‍ക്ക് ബാഅത്ത് സാധ്യമാകുന്നുവോ അപ്പോള്‍ അവര്‍ വിവാഹം കഴിച്ചുകൊള്ളട്ടെ.” വിവാഹം കഴിച്ച് ഒരു കുടുംബ സംവിധാനത്തിന്റെ അത്താണിയായി മാറാന്‍ പ്രാപ്തി നേടിയ ആള്‍ക്കേ ബാഅത്ത് സാധ്യമാകൂ. ഈ സ്ഥാപിതബന്ധം കൃത്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. ശാരീരിക ആവശ്യങ്ങള്‍ വന്നുകഴിഞ്ഞാല്‍ വിവാഹം കഴിക്കാം എന്നുള്ളതല്ല അതിന്റെ താല്‍പര്യം. ബോധപൂര്‍വവും വിവേകപൂര്‍വവും വിവേചനാധികാരത്തോടു കൂടിയുമായിരിക്കണം ഒരു മനുഷ്യന്‍ തന്റെ ‘സൗജി’നെ തിരഞ്ഞെടുക്കേണ്ടത്. അങ്ങേയറ്റം കരുതല്‍ ഇവിടെ ആവശ്യമാണ്.
നല്ല പ്ലാനിംഗോടെ തന്നെയായിരിക്കണം ബന്ധങ്ങളെ സ്ഥാപിച്ചെടുക്കേണ്ടത്. കാരണം മനുഷ്യമനസ്സിലെ ജീവിത സാഹചര്യങ്ങളുടെ, ജീവിതസാഫല്യങ്ങളുടെ സുഷുപ്തി തന്റെ ‘സൗജി’ലാണ്. ഏത് പ്രതിസന്ധികളിലും ഇഹ-പര വിജയങ്ങള്‍ക്കു വേണ്ടി മരണം വരെ ഒരുമിച്ചു ജീവിക്കും എന്ന അചഞ്ചലമായ വിശ്വാസമാണ് ഇണകള്‍ക്കു തമ്മില്‍ ഉണ്ടാകേണ്ടത്. അങ്ങനെയായാല്‍, എത്ര പ്രയാസങ്ങള്‍ വന്നാലും അങ്കലാപ്പില്ലാത്തൊരു ജീവിതം, സുഖസുഷുപ്തി ആ വൈവാഹിക ബന്ധത്തില്‍ ഉണ്ടാകുമെന്ന് തീര്‍ച്ച. ഈ കരുതല്‍ നിലനില്‍ക്കണമെങ്കില്‍ കുടുംബങ്ങള്‍, ഇണകള്‍ ജീവിതത്തില്‍ പരസ്പരം ഉള്‍ക്കൊള്ളുകയും ത്യജിക്കുകയും വേണം. അപ്പോഴാണ് ബന്ധം സുദൃഢമാകുന്നത്. അങ്ങോട്ടുമിങ്ങോട്ടും പരസ്പരം ത്യജിച്ച് വരുന്ന ഇഷ്ടത്തിലൂടെയാണ് യഥാര്‍ഥ കുടുംബം കരുതലാകുന്നത്. കരുതലുള്ള, ഇഷ്ടത്തോടെയുള്ള, കൂട്ടോടെയുള്ള ഈ ബന്ധത്തില്‍ സന്തോഷങ്ങളുണ്ടാകും, ആഘോഷങ്ങളുണ്ടാകും, നിരാശകളും സംശയങ്ങളും കുറയും. കൂടുതല്‍ കൂടുതല്‍ അടുപ്പമുണ്ടാകും. കുറവുകളും പോരായ്മകളും നികത്തപ്പെടും. കരുതലായി മാറുന്ന ഈ ‘സൗജി’ല്‍ നിന്നാണ് നല്ല മക്കളുണ്ടാകുന്നത്. ഇങ്ങനെയാണ് യഥാര്‍ഥ തലമുറകള്‍ ഉണ്ടാകേണ്ടത്.
ബന്ധത്തിന്റെ പവിത്രതയെ സമൂഹം കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. ഉമ്മയാരാണ്, ഉപ്പയാരാണ്, ഇണയാരാണ് എന്നെല്ലാം വേണ്ടത്ര പഠിപ്പിക്കപ്പെടാത്തിടത്തോളം കാലം ഈ കരുതല്‍ കുടുംബങ്ങളില്‍ ഉണ്ടാകില്ല.
പുതിയ കാലത്തെ ചിന്ത പോകുന്നത്, ഞാന്‍ ഞാനായത് എനിക്കൊരു അമ്മ ഉണ്ടായിട്ടാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞാനൊരു അമ്മയാകുന്നില്ല എന്നുള്ള പ്രസ്താവനയോടു കൂടിയാണ്. താന്‍ താനായത് തന്റെ ഉപ്പയും ഉമ്മയും കൂടിച്ചേര്‍ന്ന ഒരു കുടുംബസംവിധാനത്തിലൂടെയാണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെ അവര്‍ പറയുന്നു, ഞങ്ങള്‍ക്കൊരു കുടുംബം വേണ്ട എന്ന്. ലിബറല്‍ ചിന്തകളിലേക്ക് പുതിയ കാലം മാറിക്കൊണ്ടിരിക്കുകയാണ്. ബിരുദാനന്തര ബിരുദം നേടിയ ഒരു വിദ്യാര്‍ഥിക്കു പോലും താന്‍ സ്ഥാപിച്ചെടുക്കേണ്ട ബന്ധം കരുതലോടെയാകണം എന്നത് അറിയുന്നില്ല.
അമ്മക്കും കുഞ്ഞിനുമിടയില്‍ ആര്‍ദ്രമായൊരു ബന്ധം ഉണ്ടാകേണ്ടതുണ്ട്. അനിര്‍വചനീയമായ ആ ആര്‍ദ്രത ഇപ്പോള്‍ പലയിടങ്ങളിലും വറ്റിക്കൊണ്ടിരിക്കുകയാണ്. ഉമ്മയെയും ഉപ്പയെയും കുറിച്ചുള്ള സങ്കല്‍പങ്ങളെല്ലാം കുടുംബത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. പരസ്പരം അറിഞ്ഞും കണ്ടും കൊണ്ടും കേട്ടും അനുഭവിച്ചുമാണ് കുടുംബം മുന്നോട്ടുപോകേണ്ടത്.
കുടുംബ സംവിധാനം വേണ്ട എന്ന് മുറവിളി കൂട്ടുന്നവരുടെ അവസ്ഥ സൗരയൂഥത്തിന്റെ കാന്തികവലയത്തില്‍ നിന്നു പുറത്തുചാടിയ ഒരു ഗ്രഹത്തെപ്പോലെ ആയിരിക്കും. .
തയ്യാറാക്കിയത്: ദാനിയ പള്ളിയാലില്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top